TopTop
Begin typing your search above and press return to search.

comrade walks on thin ice;സമയദേശങ്ങള്‍ക്കപ്പുറം പ്രസക്തമാകുന്ന സിനിമ

comrade walks on thin ice;സമയദേശങ്ങള്‍ക്കപ്പുറം പ്രസക്തമാകുന്ന സിനിമ

അഴിമുഖം പ്രതിനിധി

എട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ കേരളയില്‍ ഷോട്ട് ഫിക്ഷന്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച comrade walks on thin ice നെ കുറിച്ച്.

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തോടും രാഷ്ട്രീയത്തോടും വൈകാരികമായൊരു അടുപ്പം പുലര്‍ത്തുന്നവരാണ് മലയാളികള്‍. പാശ്ചാത്യസാഹിത്യരചനകളിലും കൂടുതല്‍ വായന നടന്നിരുക്കുന്നതും കേരളത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നതും മറ്റുരാജ്യങ്ങളിലുള്ളതിനേക്കാള്‍ തെക്കേ അമേരിക്കന്‍ എഴുത്തുകാരും അവരുടെ കൃതികളും തന്നെയാണ്. എന്നാല്‍ ഈ കൂട്ടത്തില്‍ അധികം വായിക്കപ്പെടാതെ പോയൊരാളാണ് എഡ്വാര്‍ഡോ ഗലിയാനോ. ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയവൃത്തത്തിനുള്ളില്‍ തന്റെ പുസ്തകങ്ങളിലൂടെ നിരന്തരമായ സംവാദമുയര്‍ത്തുകയും സര്‍ഗാത്മക പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തൊരു പ്രോമിനന്റ് ഫിഗര്‍ ആയിരുന്നിട്ടും ഗലിയാനോയെ അറിയാന്‍ ശ്രമിച്ച മലയാളി വായനക്കാര്‍ വായനക്കാര്‍ മാര്‍ക്വേസ്, പൗലോ കൊയ്‌ലോ, മരിയോ വര്‍ഗാസ് യോസ മുതല്‍പേരുകാര്‍ക്കുള്ളതിനെക്കാള്‍ തുലോം കുറവായിരുന്നുവെന്നുവേണം അനുമാനിക്കാന്‍.

ഒരുപക്ഷേ ഗലിയാനോയെ വായിക്കാന്‍ കൂടതല്‍പേരും തുടങ്ങിയതു തന്നെ അദ്ദേഹത്തിന്റെ അടുത്തകാലത്തുണ്ടായ മരണത്തിനുശേഷമായിരിക്കണം. ഈയവസരത്തിലാണ് ഹരിശങ്കറിന്റെ സിനിമ കാലികപ്രസ്‌കതമാവുന്നതും. ഗലിയാനോയുടെ ഡെയ്‌സ് ആന്‍ഡ് നൈറ്റ്‌സ് ഓഫ് ലവ് ആന്‍ഡ് വാര്‍ എന്നപേരിലുള്ള സ്മരണകളുടെ സമാഹാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹരിശങ്കര്‍ ഈ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഈ കൃതി വായിക്കുമ്പോള്‍ തന്നെ അതിനുള്ളിലുള്ളൊരു വിഷ്വല്‍ ബ്യൂട്ടി എന്നെ ആകര്‍ഷിച്ചിരുന്നു.വളരെ സിനിമാറ്റിക് ആയൊരു വര്‍ക്കായിരുന്നു ഗലിയാനോയുടെത്. ഈ കൃതിയില്‍ അദ്ദേഹം എക്‌സ്പ്രസ് ചെയ്യുന്ന കാര്യങ്ങള്‍ക്കും അതിലുപയോഗിച്ചിരിക്കുന്ന വാക്കുകളിലുമെല്ലാം ഒരു കണ്ടന്റ് ഉണ്ട്. വായനയുടെ ഓരോ ഘട്ടത്തിലും ഞാനതൊക്കെ വിഷ്വലൈസ് ചെയ്യുകയുണ്ടായി. ആ വികാരമാണ് ഒരു ദൃശ്യമാധ്യമത്തിലൂടെ ഇതിലെ ഒരുഭാഗമെങ്കിലും അവതരിപ്പിക്കാന്‍ എന്നില്‍ താല്‍പര്യമുണര്‍ത്തിയത്, ഹരിശങ്കര്‍ പറയുന്നു. ഏഴുമിനിട്ടില്‍ ഒതുക്കാവുന്ന കണ്ടന്റല്ല യഥാര്‍ത്ഥത്തില്‍ ഡെയ്‌സ് ആന്‍ഡ് നൈറ്റ്‌സ് ഓഫ് ലൗവ് ആന്‍ഡ് വാറിലൂടെ ഗെലിയാനോ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇനിയുമതില്‍ ഏറെഭാഗമുണ്ട് ചിത്രീകരിക്കാനായിട്ടെന്ന് ഹരിശങ്കര്‍ പറയുന്നുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാനപ്രവര്‍ത്തകനായിരുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഒരേടുമാത്രമെ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ.

ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയം വിഷയമാകുമ്പോള്‍, അത് കേരളത്തിലെ/ ഇന്ത്യയിലെ സമകാലിക ഇന്ത്യന്‍ കമ്യൂണിസ്റ്റ് സാഹചര്യത്തില്‍ എത്രമാത്രം പ്രസക്തമാകുന്നൂ എന്നതിലേക്ക് ചുരുക്കേണ്ട ഒന്നായിരുന്നില്ല രവിശങ്കറിന്റെ സിനിമ. കാരണം അദ്ദേഹമിത് ഏതെങ്കിലും പ്രത്യേക സാഹചര്യത്തിലേക്ക് ഫോക്കസ് ചെയ്യാനോ, ചര്‍ച്ച ചെയ്യാനോ അല്ല ഉദ്ദേശിക്കുന്നത്. ഇതൊരു സാര്‍വ്വദേശീയ വിഷയമാണ്. ആയൊരു കാഴ്ച്ചപ്പാടിലാണ് ഞാന്‍ ഈ സിനിമ ചെയ്തിരിക്കുന്നത്. ഇതിലെ ഭാഷാമാധ്യമം ഇംഗ്ലീഷ് ആയതും ആ നിലയ്ക്കാണ്. ഹരിശങ്കര്‍ വ്യക്തമാക്കുന്നൂ. കേരളത്തിലെയോ, ഇന്ത്യയിലെയോ മാത്രം സാഹചര്യങ്ങളിലല്ല ഈ വിഷയം പ്രസക്തമാകുന്നതും സംവേദനമാകുന്നതും, മറിച്ച് ഇതിനൊരു സാര്‍വ്വലൗകീകതയുണ്ട്. ഈയൊരു തീം താന്‍ തെരഞ്ഞെടുക്കുന്നത് തന്നെ ഇതിന്റെ ആഗോളപ്രസക്തി മനസ്സിലാക്കുന്നതില്‍ നിന്നാണെന്നും ഹരിശങ്കര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഇന്ത്യന്‍ കോണ്ടസ്റ്റില്‍മാത്രം കാണുന്നതില്‍ അര്‍ത്ഥമില്ല.ഒരു പ്രത്യേക പ്രദേശം ഫോക്കസ് ചെയ്തില്ല എന്നതുപോലെതന്നെ നിശ്ചിതമായൊരു കാലമോ സമയമോ സിനിമയില്‍ കൊണ്ടുവരാതിരിക്കാനും ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകന് ഇന്നകാലത്ത് നടക്കുന്നൊരു കഥയാണിതെന്ന് തോന്നരുതെന്ന് ഉറപ്പിച്ചിരുന്നു. അതൊരു സ്വാതന്ത്ര്യമായിരുന്നു. സിനിമയുമായി വേഗം റിലേറ്റ്ഡ് ആകാന്‍ സഹായിക്കുന്ന സ്വാതന്ത്ര്യം. ഒരു പുസ്തകഷെല്‍ഫില്‍ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളില്‍ പുതിയാകാലപുസ്തകങ്ങള്‍ വച്ചതും ബോധപൂര്‍വമായിരുന്നു. പഴയകാലത്ത് ഉണ്ടാകാന്‍ പാടില്ലാത്ത പലവസ്തുക്കളും സിനിമയ്ക്കുള്ളില്‍ വന്നിട്ടുണ്ട്, ഹരിശങ്കര്‍ പറയുന്നു.

സിനിമയുടെ തീമില്‍ നിന്നും പുറത്തിറങ്ങി സഞ്ചരിക്കുന്നിടത്താണ്,അതിന്റെ സൃഷ്ടാവിന്റെ പരീക്ഷണത്വരത ആകെയനുഭവപ്പെടുന്നത്. തന്റെ ആദ്യ സംരംഭത്തില്‍ തന്നെ ഫിലിം മേക്കിംഗിന്റെ മനോഹരമായൊരു ക്രാഫ്റ്റ് അടയാളപ്പെടുത്തിയിട്ടുണ്ട് ഹരരിശങ്കര്‍. യഥാര്‍ത്ഥത്തില്‍ ഇതെന്റെയൊരു എക്‌സ്പിരിമെന്റാണ്. സിനിമയുടെ ഓരോ വിഭാഗത്തിലും ബോധപൂര്‍വം നടത്തിയ ഇടപെടലുകളും അതിന്റെ ഭാഗമായിരുന്നു. എനിക്ക് എല്ലാം അറിയാനായി ഉണ്ടായ ആവേശം. സംവിധാനവും തിരക്കഥാ രചനയിലെ പങ്കാളിത്വവും ക്യാമറയും ഞാന്‍ തന്നെയായിരുന്നു. സിനിമയില്‍ ആകെവരുന്ന രണ്ടുകഥാപാത്രങ്ങളില്‍ ഒരാള്‍ക്ക് ശബ്ദം നല്‍കിയതും ഞാനാണ്. അതോടൊപ്പം എഡിറ്റിംഗിലും സഹകരിച്ചു. എല്ലാം എനിക്ക് അറിയണം എന്നതായിരുന്നു ഈ ഇടപെടലുകളുടെയെല്ലാം പിന്നില്‍. ഇനിയൊരു സിനിമ ഞാന്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും അതിന്റെ വിഭാഗവും അതാത് മേഖലകളിലെ പ്രഗത്ഭരെ കൊണ്ടുമാത്രമായിരിക്കും ചെയ്യിക്കുക.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേവലം ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ത്തൊരു ചിത്രമാണെങ്കിലും ഇതിന്റെയൊരു ഫൈനല്‍ ഔട്ട്പുട്ട് കിട്ടാന്‍ മാസങ്ങള്‍ വൈകി. ഇത് വേണമോ എന്നൊരു അലസത മനസ്സിനെ മൂടിയതോടെയാണ് ആവേശം അണഞ്ഞുപോയത്. പിന്നീട് ആ തണുപ്പ് ഇല്ലാതായി മനസ്സ് വീണ്ടും ചൂടായതോടെയാണ് ചിത്രം പ്രദര്‍ശനത്തിനുസൃതമായി പൂര്‍ത്തിയാകുന്നതും ഈ മേളയിലേക്ക് അയക്കുന്നതെന്നും ഹരിശങ്കര്‍ ഓര്‍മിക്കുന്നുണ്ട്.

ഏഴുമിനിട്ട് മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. വളരെയധികം പേരൊന്നും മേളയില്‍ ഈ ചിത്രം കാണാന്‍ വന്നിരുന്നില്ലെങ്കിലും വന്നവരില്‍ നിന്ന് ജെനുവിനായ അഭിപ്രായമാണ് ഉണ്ടായത്. പൊതുവായി കേട്ടൊരു കാര്യം ദൈര്‍ഘ്യം വളരെ കുറഞ്ഞുപോയി എന്നതാണ്. അതും ഒരുതരത്തില്‍ മനപൂര്‍വമായൊരു തീരുമാനമായിരുന്നു. ഈ ചിത്രം കണ്ടിറങ്ങുന്നവര്‍ വീണ്ടുമൊരു തിരിച്ചുവായിക്കലിന് തയ്യാറാകണം. ആഗ്രഹിച്ച ആര്‍ത്ഥത്തില്‍ തന്നെ അത്തരമൊരു തിരിച്ചുവായനയിലേക്ക് പ്രേക്ഷകനെ എത്തിക്കാന്‍ സാധിച്ചു എന്നതാണ് എന്റെ ചിത്രം എനിക്കു നല്‍കുന്ന സംതൃപ്തിയും; ഹരിശങ്കര്‍ പറയുന്നു.


Next Story

Related Stories