TopTop
Begin typing your search above and press return to search.

ഈ ഹൈക്കമാണ്ടിന് എന്താ ഇങ്ങോട്ട് വന്നാല്‍?

ഈ ഹൈക്കമാണ്ടിന് എന്താ ഇങ്ങോട്ട് വന്നാല്‍?

സാജു കൊമ്പന്‍

ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ കേരളത്തില്‍ തിരിച്ചെത്തി. ഏകദേശം ഒരാഴ്ച കാലത്തോളം നീണ്ട മാരത്തോണ്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയ്ക്കുശേഷം പൂര്‍വാധികം ശക്തനായാണ് തിരിച്ചു വരവ്. ഹൈക്കമാണ്ടില്‍ നിന്നു കിട്ടിയ കമാണ്ട് സമ്മര്‍ദ്ദത്തെക്കാള്‍ ഉപരി ഉമ്മന്‍ ചാണ്ടിയെ കരുത്തനാക്കുകയായിരിക്കും ചെയ്യുക എന്നു കുഞ്ഞൂഞ്ഞിന്റെ രാഷ്ട്രീയ ജീവിതം അടുത്ത് നിന്നു നിരീക്ഷിക്കുന്നവര്‍ക്ക് ആര്‍ക്കും മനസിലാവും.

പക്ഷേ ഈ ഒരാഴ്ചക്കാലം ഉമ്മന്‍ ചാണ്ടി എന്ന വികസന നായകന് കേരളത്തിലെ പൊതു സമൂഹത്തിന് മുന്‍പില്‍ ഉണ്ടാക്കിയ പ്രതിച്ഛായ തകര്‍ച്ച എത്രയാണെന്ന് അളക്കാറായിട്ടില്ല. എന്തായാലും അത് ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കില്ല എന്നു തീര്‍ച്ച. (ഇന്നലെ പുറത്തുവിട്ട മാതൃഭൂമി ചാനലിന്റെ സര്‍വ്വെ പ്രകാരം വി എസ് അച്യുതാനന്ദന് തൊട്ടുപിന്നിലാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം. 35%) വികസനവുമായി ബന്ധപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ ഇത്രയും ദിവസം തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ കഴിഞ്ഞിട്ടുണ്ടോ എന്നു ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. പിന്നെ മുഖ്യമന്ത്രി എന്ന ഉത്തരവാദിത്തം മറന്നു ഒരാഴ്ചയോളം സംസ്ഥാനത്ത് നിന്നു മാറി നില്‍ക്കാമോ എന്നാണ് ചിലരുടെ ചോദ്യം. അത് കുഴപ്പമില്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതുകൊണ്ട് വലിയ റോളൊന്നുമില്ല, ഒരു കാവല്‍ മന്ത്രിസഭയുടെ റോളെ ഉള്ളൂ. അതിവേഗം ബഹുദൂരം വികസനമെന്നും ഈ ദിവസങ്ങളില്‍ നടത്താന്‍ പറ്റില്ല. എന്നൊക്കെയാണ് കോണ്‍ഗ്രസുകാര്‍ തരുന്ന മറുപടികള്‍. ഒരു പരിധി വരെ വിഴുങ്ങാവുന്നത് തന്നെ.

പക്ഷേ ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒരു വാര്‍ത്ത വായിക്കാനിടയായി. സര്‍ക്കാരിന്റെ സൌജന്യ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരിക്കുന്നു. ഇനി ഈ കാര്യത്തില്‍ കോടതിയില്‍ പോകാനാണ് ഗവണ്‍മെന്‍റ് ആലോചന. പക്ഷേ തീരുമാനമെടുക്കണമെങ്കില്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്നു വരണം. ഇത് പോലെ എന്തൊക്കെ തീരുമാനങ്ങള്‍ ചിലപ്പോള്‍ പെന്‍ഡിംഗ് ആയി കിടപ്പുണ്ടാകും. ആര്‍ക്കറിയാം..!

ഈ അവസരത്തിലാണ് ഒരു സംശയം മനസില്‍ തോന്നിയത്. അത് തികച്ചും ന്യായമാണ് താനും. സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ മാന്യ ദേഹങ്ങള്‍ എന്തിനാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. അത് കേരളത്തില്‍ വെച്ചു തന്നെ അങ്ങ് നടത്തിയാല്‍ പോരേ. തെരഞ്ഞെടുപ്പ് ഇവിടയല്ലേ നടക്കുന്നത്. ഹൈക്കമാണ്ട് കേരളത്തിലേക്ക് വന്നാല്‍ പോരേ? പ്രധാന പ്രതിപക്ഷമായ സി പി എമ്മിന്റെ കേന്ദ്ര നേതാക്കള്‍ ഇവിടെ തിരുവനന്തപുരത്തു വന്നാണ് ചര്‍ച്ചകളില്‍ പങ്ക് കൊണ്ടത്. ആ ഒരു മാതൃകയല്ലേ നല്ലത്? മുഖ്യമന്ത്രിക്ക് അതിവേഗം ഭരണ കാര്യങ്ങള്‍ നടത്താം, വി എം സുധീരന് കെ പി സി സി ആസ്ഥാനത്തെ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും അത് വഴി തന്റെ ഗ്രൂപ്പ് ശക്തിപ്പെടുത്താം, രമേശ് ചെന്നിത്തലയ്ക്ക് പ്രജകളോട് ലൈവായി ഫേസ്ബുക്കില്‍ സംവദിക്കാം.ഇതുകൂടാതെ വളരെ പ്രധാനപ്പെട്ട മറ്റൊന്നു കൂടിയുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി എത്ര സ്ഥാനാര്‍ത്ഥി മോഹികളാണ് ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്. കൂടും കൂടുക്കയുമായി അവര്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറിയിട്ട് എത്ര ദിവസമായെന്നോ..! പലരും ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്‍ മീന്‍ മേടിക്കാന്‍ പോയത് പോലെ വീട്ടില്‍ നിന്നിറങ്ങി പോയതാണ്. ഇവരുടെ വണ്ടിക്കൂലിയും, താമസ ചെലവും, തീറ്റ ചെലവും, മറ്റ് അനാമത്ത് ചെലവുകളും ആരാണ് വഹിക്കുന്നതു? സ്വന്തം പോക്കറ്റില്‍ നിന്നോ അതോ മറ്റ് വല്ലവരുടെയുമോ? ആരുടെയായാലും അതൊരു ദുര്‍ച്ചെലവ് തന്നെ അല്ലേ..?

ഡല്‍ഹിയില്‍ നടന്ന ടിക്കറ്റ് നിര്‍ണ്ണയ ചര്‍ച്ചയില്‍ സുധീരന് ക്ഷീണമാണ് എന്നാണ് നമ്മുടെ രാഷ്ട്രീയ നിരീക്ഷക പുലികള്‍ അടക്കം പറയുന്നത്. എന്തായാലും സ്ഥാനാര്‍ത്ഥി പട്ടികയുമായി കേരളത്തില്‍ പറന്നിറങ്ങി സുധീരന്‍ ചില കാര്യങ്ങള്‍ പറയുമെന്ന് കരുതാം. (ചിലപ്പോള്‍ തന്റെ രാജിയടക്കം. അത്രയ്ക്ക് ക്ഷീണമാണ് മൂപ്പര്‍ക്ക് ഉണ്ടായിരിക്കുന്നത്) പക്ഷേ അതിനു മുന്‍പ് സുധീരനോട് ഒരു അഭ്യര്‍ത്ഥനയുണ്ട്.

അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഹൈക്കമാണ്ടിനോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞൂടെ. ഈ ശ്രീ പദ്മനാഭന്റെ ചൈതന്യം കുടികൊള്ളുന്ന മണ്ണിലേക്ക്. ഇവിടെ എന്താ ഇല്ലാത്തത്? അത്യാവശ്യം നല്ല സൌകര്യമുള്ള ഒരു കെ പി സി സി ഓഫീസുണ്ട്. അത് പോരെങ്കില്‍ ഓഫീസിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. ഇനി കടല്‍ക്കാറ്റ് കൊണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ കോവളത്തേക്ക് വെച്ചു പിടിച്ചാല്‍ മതി.

കൈപ്പമംഗലത്തിന്റെ പേരില്‍ അല്പം കയ്പ്പ് നീര്‍ കുടിച്ചെങ്കിലും ആദര്‍ശത്തില്‍ അണുവിട വ്യതിചലിക്കാത്ത സുധീരന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഡല്‍ഹിയില്‍ പോക്ക് എന്ന ദുര്‍വ്യയം അവസാനിക്കുമെന്ന് കരുതാം. അവിടെയായാലും ഇവിടെയായാലും കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ വഴിക്കു തന്നെയല്ലേ....

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories