TopTop
Begin typing your search above and press return to search.

ഉമ്മന്‍ചാണ്ടി എന്തിനും തയ്യാറാണ്; പ്രതിപക്ഷ നേതാവാകാന്‍ പോലും

കെ എ ആന്റണി

കെപിസിസി പ്രസിഡന്റ് വിഎം സുധീരനും വീണ്ടും തിരിച്ചടി കിട്ടിയതായി വേണം ഡല്‍ഹിയില്‍ നടക്കുന്ന സീറ്റ് ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കേണ്ടത്. പ്രയോഗിക രാഷ്ട്രീയവും പ്രായോഗിക ബുദ്ധിയുമുള്ള ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശ്വാസത്തിലെടുത്തു എന്ന രീതിയിലാണ് നിലവില്‍ കാര്യങ്ങളുടെ പോക്ക്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്ന് രാത്രിയോടു കൂടിയോ നാളെയോ മറ്റെന്നോളോ അവസാനിക്കുമെന്ന രീതിയില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അലട്ടുന്ന മുഖ്യപ്രശ്‌നം ഭരണത്തിലേക്കെത്താന്‍ സഹായിക്കുന്ന ഉമ്മന്‍ചാണ്ടിയെ കൈക്കൊള്ളണമോ അതോ സുധീരന്റെ മാന്യ നിലപാടിനെ കൊള്ളണമോ എന്നതാണ്.

തോറ്റുപോയാലും പ്രതിപക്ഷ നേതാവാകാനും ഒരുങ്ങുന്ന ഉമ്മന്‍ചാണ്ടിക്കുമുണ്ട് കുറെ കാര്യങ്ങള്‍ ഭരണപക്ഷത്തിലെത്തുന്നവര്‍ക്ക് എതിരെ ഉയര്‍ത്താന്‍. മയക്കുവെടിക്ക് അപ്പുറം യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ചില പൊയ് വെടികളും ചാണ്ടിക്ക് മാത്രം സ്വന്തം. തോറ്റാലും പ്രതിപക്ഷ നേതാവാകാന്‍ തയ്യാറാണെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയെ തന്നെ സോണിയ മുന്‍നിരയില്‍ നിര്‍ത്താന്‍ തന്നെയാണ് സാധ്യത.

വിഎം സുധീരനെ കൊള്ളണമോ അതോ ചാണ്ടിയെ തള്ളണമോ എന്ന കാര്യത്തില്‍ സോണിയ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ പ്രായോഗിക രാഷ്ട്രീയം മുഖവിലയ്‌ക്കെടുക്കും എന്നു തന്നെയാണ് സൂചന. എന്തായാലും കേരളത്തില്‍ സുധീരന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ചും അഴിമതി ഇല്ലാത്തതല്ല എന്ന് സോണിയക്കും അറിയാം. എങ്കിലും ചില നീക്കുപോക്കുകള്‍ക്ക് സോണിയയും തയ്യാറാകുന്നിടത്തു തന്നെയാകണം കോണ്‍ഗ്രസിന്റെ അവസാനത്തേതും അന്തിമവുമായ പട്ടിക.

താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന രീതിയില്‍ തന്നെ ഉമ്മന്‍ചാണ്ടി നടക്കുമ്പോള്‍ സുധീരന് വീണു കിട്ടിയത് തനിക്കുവേണ്ടി ചാവേറായ ടിഎന്‍ പ്രതാപന്റെ സ്ഥാനാര്‍ത്ഥിത്വം മാത്രം. കോണ്‍ഗ്രസ് പാര്‍ട്ടിയെ സുധീരന്‍ ഇനിയും പഠിച്ചിട്ടില്ലെന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് നേരത്തെ പറഞ്ഞതൊക്കെ പിന്‍വലിക്കുന്നു, താന്‍ കയ്പമംഗലത്ത് സ്ഥാനാര്‍ത്ഥിയാണെന്ന് ടി എന്‍ പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പാളിപ്പോയ ഒരു രാഷ്ട്രീയ തന്ത്രത്തിന്റെ പരിണാമഗുപ്തിയായി ഇതിനെയൊക്കെ വായിക്കുന്നവരുണ്ടാകാം.

ഗ്രൂപ്പിസം വഷളായ കോണ്‍ഗ്രസിന് സംസ്ഥാന അധ്യക്ഷനെ നിയമിക്കുമ്പോള്‍ സോണിയയേയും മകന്‍ രാഹുലും കാട്ടിയ അതേ ആര്‍ജ്ജവം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്.

കളങ്കിതരെ, ആരോപണ വിധേയരെ ഒഴിവാക്കണം എന്ന ന്യായമായ ആവശ്യമാണ് സുധീരന്‍ ഉന്നയിച്ചത്. അതുണ്ടാക്കിയ ഭൂകമ്പം പാര്‍ട്ടിയെ മാത്രമല്ല മുന്നണിയെ തന്നെ വല്ലാതെ ഉലച്ചു കളഞ്ഞ അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്.

പണ്ടൊരിക്കല്‍ താന്‍ ഇനി പാര്‍ലമെന്ററി മോഹം ഒതുക്കി വച്ചുവെന്ന് പറഞ്ഞ് സുധീരന്‍ നടത്തിയ മഞ്ചേശ്വരം മുതല്‍ പാറശാല നീളുന്ന യാത്രയ്ക്കിടയില്‍ സ്ഥാനാര്‍ത്ഥിയായ സുധീരന്റെ രാഷ്ട്രീയ കുതന്ത്രം തന്നെയാണ് ഇപ്പോള്‍ വിനയാകുന്നത്.

മണ്ഡലത്തിന് പുറത്ത് ഉമ്മന്‍ചാണ്ടിക്കോ കെ സി ജോസഫിനോ മത്സരിക്കാന്‍ ആകുമോയെന്ന ചോദ്യത്തിന് ഇരുവര്‍ക്കും മറുപടിയില്ലെങ്കിലും യാക്കോബായ സഭയുടെ പിന്തുണ മാത്രമല്ല ക്‌നാനായ കത്തോലിക്കാ സഭയുടെ പിന്തുണ കൂടി ഉറപ്പാക്കിയ ഇരുവരും തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ സുധീരനെന്ന ഒരു ആദര്‍ശവാദിക്ക് കോണ്‍ഗ്രസില്‍ എത്രമാത്രം ഇടം കിട്ടും എന്നത് കണ്ടു തന്നെ അറിയണം. തോറ്റു പോകുന്ന ആദര്‍ശധീരന്റെ ചില ചിലമ്പൊലികള്‍ എവിടെയൊക്കെയോ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാകണം ടൈംസ് നൗ സര്‍വേയിലും ഇടതുപക്ഷം മുന്‍കൈ നേടുന്നത്.

തോറ്റാലും വേണ്ടില്ല പ്രതിപക്ഷ നേതാവാകാനുള്ള ഒരു അവസരമെങ്കിലും തരൂ എന്നു പറയുന്ന ഉമ്മന്‍ചാണ്ടിയെ തീര്‍ത്തും കുറച്ചു കാണാനാകില്ല. ഇതൊരു ആക്രാന്തമല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ തുടര്‍പ്രവര്‍ത്തനമാണ് എന്ന് ആദര്‍ശവാദിയായ സുധീരനും തിരിച്ചറിയേണ്ടതുണ്ട് എന്ന് തന്നെയാണ് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുറപ്പിക്കുന്നത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories