TopTop
Begin typing your search above and press return to search.

വിഷ സര്‍പ്പങ്ങള്‍ കോണ്‍ഗ്രസ്സില്‍ പത്തി വിടര്‍ത്തിയാടുന്നു

വിഷ സര്‍പ്പങ്ങള്‍ കോണ്‍ഗ്രസ്സില്‍ പത്തി വിടര്‍ത്തിയാടുന്നു

സിമ്മി ജോസഫ്

തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കേരളത്തിലെ കോൺഗ്രസിൽ നിരവധി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. തലമുറ മാറണമെന്നും, നേതൃത്വം മാറണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഉയർന്നു കേൾക്കുന്നത്. എത്രത്തോളം ആത്മാർത്ഥമാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

കേരളത്തിലെ കോൺഗ്രസിൽ എവിടെയാണ് പ്രശ്നം? ആരാണ് ശരിക്കും പരാജയത്തിന്റെ ഉത്തരവാദികൾ? കോൺഗ്രസിലെ തലമുറ മാറ്റത്തെ കുറിച്ച് വാചാലരാവുന്നവർ, പക്ഷെ സ്വയം മാറാൻ തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഒന്ന്, കെ. എസ്. യുവിൽ എന്നോ നടക്കേണ്ട സംഘടനാ തിരഞ്ഞെടുപ്പ് നടത്താതെ, അധികാരവും ഉത്തരവാദിത്വവും സ്വന്തം കൈകളിൽ വെച്ച് അടുത്ത തലമുറയ്ക്ക് അവകാശപ്പെട്ടത് കൊടുക്കാതെ ഇതേ കാര്യം പറഞ്ഞു കോൺഗ്രസ് നേതാക്കന്മാരെ വിമർശിക്കുന്നു എന്നതാണ് രസകരം.

രണ്ട് , ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ, അർഹമായ പ്രാധിനിധ്യം ലഭിക്കുവാൻ വേണ്ടി എന്ത് സമര തന്ത്രമാണ് യൂത്ത് കോൺഗ്രസ് എടുത്തത്?

ഒരിടത്തും സീറ്റ് കിട്ടില്ല എന്നുറപ്പുള്ള ചിലര്‍ ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ കണ്ടതുകൊണ്ടു യൂത്ത് കോൺഗ്രസില്‍ എന്ത് നവോത്ഥാനമാണ് ഉണ്ടായിട്ടുള്ളത്? പതിനാലു എസ്.സി. സംവരണ സീറ്റുകളിൽ പോലും അര്‍ഹതയുള്ള ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കാൻ ആവാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചു വിടുന്നതാണ് നല്ലത്.

മൂന്ന്, ഐ.എൻ.ടി.യു.സി, മഹിളാ കോൺഗ്രസ് എന്നീ പോഷക സംഘടനകളെ ഇങ്ങനെ ശോഷിപ്പിക്കാതെ, അതിന്റെ അധ്യക്ഷ പദത്തിൽ ഇരിക്കുന്നവര്‍ക്ക്, ഒരു ഗ്രൂപ്പ് നേതാവിന്റെ വിലയെങ്കിലും കെ.പി.സി.സിക്ക് കൊടുക്കാവുന്നതാണ്.പഞ്ചായത്ത് മെമ്പർ ആവാൻ മുതൽ എല്ലായിടത്തും ജാതകം പോലെ ഗ്രൂപ്പ് കൂടിയേ തീരൂ. ജാതകം പൊടിക്കൊന്നു തെറ്റിയാൽ പിന്നെ രക്ഷയില്ല. ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു ചർച്ചകള്‍ക്കിടയ്ക്ക് മേൽ വിലാസം ഉള്ള എത്ര പേർക്ക് സ്വന്തം ജാതകം മാറ്റി എഴുതേണ്ടിവന്നു?

സാക്ഷാൽ സതീശൻ പാച്ചേനി പോലും ഇവിടെ പാട് പെടുന്നു. അനിൽ അക്കരയെ പോലെ ഒരു പോപ്പുലർ സ്ഥാനാര്‍ത്ഥിക്ക് പോലും ആദ്യം സീറ്റ് നിഷേധിച്ചതും ഇതേ ജാതക പ്രശ്നത്തിലാണ്. മക്കൾ രാഷ്ട്രീയത്തിന് എ.കെ ആന്റണി പോലും മൗനസമ്മതം നല്കിയതുകൊണ്ടാണ് കോൺഗ്രസ് നേതാവ് വി വി പ്രകാശിന് സീറ്റ് നഷ്ടപ്പെട്ടതും ആര്യാടന്റെ മകൻ ഷൌക്കത്ത് നിലമ്പൂരിൽ മത്സരിച്ചതും.

മാറ്റി എഴുതേണ്ടത് ഗ്രൂപ്പ് മാനേജർമാരുടെ ജാതകമാണ്. കഴിഞ്ഞ കുറേ കാലങ്ങളായി ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ പേര് പറഞ്ഞു ഓരോ ജില്ലയിലും കുറേ വിഷ സർപ്പങ്ങൾ കോൺഗ്രസ് തറവാട്ടിൽ വാഴുന്നുണ്ട്. വിമർശനങ്ങൾക്ക് അതീതരായി, അജയ്യരായി. എല്ലാവരുടെയും ജാതകം അവരുടെ കൈയ്യിലാണ്. അവർ കാരണം സാധാരണ പ്രവര്‍ത്തകന്മാർക്ക് വഴി നടക്കാൻ പറ്റുന്നില്ല. തലമുറ മാറുക എന്ന മുദ്രാവാക്യം ഉയര്‍ത്തേണ്ടത് ഇവര്‍ക്കെതിരെയാണ്.

(സിമ്മി ജോസഫ് എൻ.എസ്.യു ഐ , ജെ.എൻ.യു ഘടകം മുൻ അധ്യക്ഷനും , നിലവിൽ എ.ഐ.സി.സി അംഗവും ആണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories