UPDATES

ട്രെന്‍ഡിങ്ങ്

സല്‍മാന്‍ ഖുര്‍ഷിദടക്കമുള്ള മുസ്ലീം നേതാക്കളെ യുപിയില്‍ കോണ്‍ഗ്രസ് വേദികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നു; ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കുമെന്ന് സൂചന

മുസ്ലീം നേതാക്കളുടെ സാന്നിധ്യം ഹിന്ദുക്കളില്‍നിന്ന് പാര്‍ട്ടിയെ അകറ്റുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

ഗുജറാത്ത്, മധ്യപ്രദേശ് ഇപ്പോള്‍ ഉത്തര്‍പ്രദേശും. മുസ്ലീം ചിഹ്നങ്ങളും സാന്നിധ്യവും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന ചിന്ത കോണ്‍ഗ്രസില്‍ ശക്തിപ്പെടുകയാണോ? ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രചാരണ പരിപാടികളില്‍ നിന്ന് മുസ്ലീം നേതാക്കള്‍ മാറ്റി നിര്‍ത്തപ്പെടുന്നുവെന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ബിജെപി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോഴും പാര്‍ട്ടി വേദികളില്‍നിന്ന് ന്യൂനപക്ഷ വിഭാഗത്തെ മാറ്റി നിര്‍ത്തുന്നുവെന്നാണ്. മുസ്ലീം ചിഹ്‌നങ്ങളും നേതാക്കളെയും വേദികളില്‍നിന്ന് മാറ്റി നിര്‍ത്തുക മാത്രമല്ല, ഹിന്ദു ചിഹ്നങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ചുകൊണ്ടുമാണ് കോണ്‍ഗ്രസ് പ്രചാരണം തുടരുന്നത്. ഇത് കോണ്‍ഗ്രസിന്റെ തന്നെ മുസ്ലീം നേതാക്കളില്‍ അസ്വസ്തത പടര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടൊപ്പം എസ്പി ബിഎസ്പി സഖ്യത്തില്‍നിന്ന് പാര്‍ട്ടി വിട്ടുനിന്നത് മൂസ്ലീം വോട്ടുകളില്‍ ഭിന്നതയുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ അഭിപ്രായമുള്ളതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് ഉത്തര്‍പ്രദേശിലെ പ്രധാന മുസ്ലീം നേതാക്കള്‍ മാറ്റി നിര്‍ത്തപ്പെടുകയാണെന്നാണ് ആക്ഷേപം. പ്രിയങ്കാ ഗാന്ധി നടത്തുന്ന റോഡ് ഷോകളിലോ മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും മുസ്ലീം നേതാക്കളെ മാറ്റി നിര്‍ത്തുകയാണെന്ന് കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, അഞ്ച് തവണ പാര്‍ലമെന്റ് അംഗമായ സലിം ഷെര്‍വാനി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പോലും റോഡ് ഷോ അടക്കമുള്ള പരിപാടികളില്‍നിന്ന് മാറ്റി നിര്‍ത്തുകയാണ്. ഇതിന് പുറമെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് നേതൃത്വം പ്രകടമായി നടത്തുന്ന ഹിന്ദു ക്ഷേത്ര സന്ദര്‍ശനങ്ങളിലൂടെ ഹിന്ദു വോട്ടുകള്‍ ആകര്‍ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മുസ്ലീം നേതാക്കളെ കോണ്‍ഗ്രസിന്റെ വേദികളില്‍നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ തന്നെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെന്ന് ഷെര്‍വാനി പറയുന്നു. എല്ലാ സമുദായ വിഭാഗങ്ങളുടെയും നേതാക്കള്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ സംഭവിക്കുന്നില്ല. ഇക്കാര്യം രാഹുല്‍ഗാന്ധിയ്ക്ക് ബോധ്യപ്പെട്ടെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ 19 ശതമാനം മുസ്ലീം വോട്ടര്‍മാരാണ് ഉള്ളത്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതും കോണ്‍ഗ്രസിലെ മുസ്ലീം നേതാക്കളെ അതൃപ്തരാക്കിയിട്ടുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ തീരുമാനം മുസ്ലീം വോട്ട് ഭിന്നിപ്പിക്കുമെന്നും ഇവര്‍ കരുതുന്നു. മുസ്ലീം വോട്ട് ഭിന്നിക്കപ്പെടുന്നതിലൂടെ മുസ്ലീങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് വിജയിച്ചത്. ഇത് ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ തന്നെ ഉന്നയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പി്ല്‍ സംഭവിച്ചതും അവര്‍ സൂചിപ്പിക്കുന്നു.

49.1 ശതമാനം മുസ്ലീം വോട്ടര്‍മാരുള്ള മണ്ഡലമാണ് രാം പൂര്‍. എസ് പിയും ബിഎസ്പിയുമെല്ലാം അവിടെ കഴിഞ്ഞ തവണ മല്‍സരിപ്പിച്ചത് മുസ്ലീം സ്ഥാനാര്‍ത്ഥികളെയായിരുന്നു. അതേസമയം ബിജെപി ഹിന്ദു സ്ഥാനാര്‍ത്ഥിയെ തന്നെ മല്‍സരിപ്പിക്കുകയും ചെയ്തു. എന്നീട്ടും ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കപ്പെട്ടതാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 45 ശതമാനത്തിലേറെ മുസ്ലീം വോട്ടര്‍മാരുള്ള മോറാദ്ബാദിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉത്തര്‍ പ്രദേശിലെ 80 മണ്ഡലങ്ങളില്‍ 15 മണ്ഡലങ്ങളില്‍ മൂന്നില്‍ ഒന്ന് വോട്ടര്‍മാരും മുസ്ലീങ്ങളാണ്. 39 മണ്ഡലങ്ങളില്‍ 10 മുതല്‍ 30 ശതമാനം വരെയും മുസ്ലീം വോട്ടര്‍മാരുണ്ട്. പ്രബല സഖ്യമായ ബിഎസ്പി-എസ് പിയില്‍നിന്ന് വിട്ടുനില്‍ക്കുകയും കോണ്‍ഗ്രസ് മുസ്ലീം നേതാക്കളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരില്‍ അത് എന്ത് സ്വാധീനമുണ്ടാക്കുമെന്നതാണ് പ്രശ്‌നം. വോട്ട് എസ്പി ബിഎസ്പി സഖ്യത്തിനും കോണ്‍ഗ്രസിനുമിടയില്‍ ഭിന്നിക്കപ്പെട്ടാല്‍ അത് ബിജെപിയെ സഹായിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ എസ്പി ബിഎസ്പി പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കാത്തത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന നിലപാടിലാണ് സല്‍മാന്‍ ഖുര്‍ഷിദ്. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എസ്പിയ്ക്കും ബിഎസ്പിയ്ക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രകടമായി തന്നെ ഹിന്ദു ബിംബങ്ങളെ ആശ്രയിച്ചായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രീതി. ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ താന്‍ ബ്രാഹ്മണനാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതും ക്ഷേത്രങ്ങളില്‍ പരസ്യമായി തന്നെ വ്യാപകമായി സന്ദര്‍ശിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ശിവഭക്തനായും കമല്‍നാഥിനെ ഹനുമാന്‍ ഭക്തനായും അവതരിപ്പിച്ചായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.

തെരഞ്ഞെടുപ്പ് പ്രചരാണ പരിപാടികളില്‍നിന്ന് തന്നെ അകറ്റി നിര്‍ത്തുന്നതായി നേരത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന് നേതാവ് ഗുലാം നബി ആസാദ് പരസ്യമായി തന്നെ അഭിപ്രായപ്പെട്ടിരുന്നു. മുസ്ലീം ചിഹ്നങ്ങള്‍ കോണ്‍ഗ്രസ് വേദികളില്‍നിന്ന് മാറ്റി നിര്‍ത്തുന്നതിനെതിരെ ഹര്‍ഷ് മന്ദറിനെ പോലുള്ള സാമൂഹ്യ പ്രവര്‍ത്തകരും പ്രതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍