TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടിയുടെ ചില കോലുമിഠായികള്‍

ഉമ്മന്‍ ചാണ്ടിയുടെ ചില കോലുമിഠായികള്‍

ശരത് കുമാര്‍

ചിലര്‍ ചൂരല്‍ കാട്ടിയും മറ്റുചിലര്‍ മിഠായി കാട്ടിയും കാര്യം നേടും. ഓരോരുത്തര്‍ക്കും ഓരോ രീതി എന്നേ പറയാനുള്ളു. മിഠായി കാട്ടി കാര്യം നേടുന്നതിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രിയം. നില്‍ക്കുന്ന വള്ളം മറിയും എന്ന് തോന്നുമ്പോഴൊക്കെ അപ്പുറത്തെ വള്ളത്തില്‍ ഇരിക്കുന്ന ഒരാള്‍ക്ക് മിഠായി നല്‍കി തന്റെ വള്ളത്തെ താങ്ങിനിറുത്തുന്നതിലാണ് അദ്ദേഹത്തിന്റെ മിടുക്ക്. അദ്ദേഹം സഞ്ചരിക്കുന്ന വള്ളത്തില്‍ ഒരുപാട് പേര്‍ ഉണ്ട് എന്നൊരു പ്രതീതി സൃഷ്ടിക്കാനും ആള്‍ സമര്‍ത്ഥനാണ്. പക്ഷെ എല്ലാക്കാലത്തും ഒറ്റയ്ക്കാണ് സഞ്ചാരം. അതുകൊണ്ടാണ് അതിവേഗം ബഹുദൂരം എന്നൊക്കെ പറഞ്ഞ് പാഞ്ഞുപോകുന്നത്. ഈ മുദ്രാവാക്യം സംസ്ഥാന ഭരണത്തെ കുറിച്ചാണെന്ന് ചിലര്‍ തെറ്റിധരിച്ചിട്ടുണ്ട്. ആ മുദ്രാവാക്യം സ്വന്തം ജീവിതത്തെ കുറിച്ച് മാത്രമാണ്. പക്ഷെ എത്തേണ്ട ലക്ഷ്യം അദ്ദേഹത്തിന് മാത്രമേ അറിയൂ.

ലോക്‌സഭ ഇലക്ഷനില്‍ തോല്‍ക്കും എന്നൊരു ഭീതി മൂലമാണോ എന്നറിയില്ല, ഇലക്ഷന്‍ പ്രഖ്യാപിച്ചത് മുതല്‍ തുടങ്ങിയതാണ് മന്ത്രിസഭ പുനഃസംഘടന എന്ന പുതിയ മിഠായി. ഇടഞ്ഞു നില്‍ക്കുന്ന വാളകം പിള്ളയെ അനുനയിപ്പിക്കാനുള്ള തന്ത്രജ്ഞതയുടെ ഭാഗമാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഭവം കേട്ടുകേള്‍വിയായി മാറുമെന്നും അന്ന് പലരും കരുതി. പക്ഷെ സംഗതി അങ്ങനെയല്ല വന്നു ഭവിച്ചിരിക്കുന്നത്. അപ്പോള്‍ ഇതിലെന്തോ കാര്യമായി അദ്ദേഹം കാണുന്നുണ്ട്. അമ്പ് വീഴുന്ന കണ്ടത്തില്‍ ചുമ്മാ ചെന്ന് ഇറങ്ങുന്ന പരിപാടി പുതുപ്പള്ളിക്കാര്‍ക്കെന്നല്ല, കോട്ടയത്തുകാര്‍ക്ക് തന്നെയില്ല, പിന്നെയല്ലെ ഉമ്മന്‍ചാണ്ടിക്ക്!തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ടല്ല മന്ത്രിസഭാ പുനഃസംഘടന കുറുവടി മുഴം നീട്ടിയെറിഞ്ഞതെന്ന് അന്നേ വ്യക്തമായിരുന്നു. അല്ലെങ്കില്‍ സ്വന്തം മന്ത്രിസഭയുടെ പ്രകടനത്തിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലം എന്ന് മുമ്പേ കേറി കൊട്ടിഘോഷിക്കില്ലല്ലോ. പ്രത്യേകിച്ച് ഹൈക്കമാന്‍ഡ് എ കെ ആന്റണി കേരളത്തില്‍ തന്നെ വന്ന് പലവട്ടം യുപിഎയുടെ പ്രകടനമാണ് തിരഞ്ഞെടുപ്പ് മാനദണ്ഡം എന്ന് പലവുരു ആവര്‍ത്തിച്ചിട്ടും. കാര്യം സൗരോര്‍ജ്ജം വന്നില്ലായിരുന്നെങ്കില്‍ ചെന്നിത്തല ആഭ്യന്തരമന്ത്രി ആകുമായിരുന്നില്ല. അത് സംഭവിച്ച സ്ഥിതിക്ക് കാര്‍ത്തികേയനെ പിടിച്ച് കെപിസിസി പ്രസിഡന്റും പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരാളെ പിടിച്ച് സ്പീക്കറും ആക്കി സസുഖം വാഴാമെന്നായിരുന്നു മനപ്പായസം. പക്ഷെ മണ്ണും ചാരിയിരുന്ന സുധീരന്‍ പെട്ടെന്ന് രംഗത്തെത്തുമെന്ന് ആരും വിചാരിച്ചില്ല.

ആരുടെ കരുണ കൊണ്ടായാലും വന്നിരുന്നു. അധികാരത്തില്‍ എത്തുമ്പോള്‍ ആദര്‍ശമൊക്കെ വഴിക്കായിക്കോളും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അവിടെ ഇരുന്നോട്ടെ നമുക്ക് ഭരിച്ചാല്‍ മതിയല്ലോ എന്ന് ആശ്വസിച്ചതാണ്. പക്ഷെ കെപിസിസി പ്രസിഡന്റായിട്ടും ടിയാന് ആദര്‍ശത്തിന്റെ അസ്‌കിത അത്ര കൈമോശം വന്നിട്ടില്ല. അല്ലെങ്കില്‍ നിസാരമായ ഒരു ബാര്‍ പ്രശ്‌നത്തില്‍ ഇങ്ങനെ ഇടങ്കോലിട്ടു പണി തരുമോ? കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണ്. പണ്ടൊക്കെ സര്‍ക്കാര്‍ തീരുമാനിക്കും, ഓണത്തിനും വിഷുവിനും മറ്റും സ്‌പെഷ്യല്‍ പതിപ്പു പോലെ കൂടുന്ന കെപിസിസി അത് അംഗീകരിക്കും. അല്ലാതെ ഭരണത്തില്‍ പാര്‍ട്ടി നേരിട്ടിടപെടാന്‍ നമ്മളെന്താ സിപിഎമ്മിലാണോ ജീവിക്കുന്നത്? പക്ഷെ പറഞ്ഞിട്ടു കാര്യമില്ല. ഒരു നിസാര തീരുമാനം പോലും എടുക്കാന്‍ സാധിക്കുന്നില്ല. അപ്പോള്‍ പിന്നെ ഉള്ള മാര്‍ഗ്ഗം തെളിഞ്ഞിരിക്കുന്നതിനെ കലക്കുക തന്നെ. പറ്റിയ വടി കൈയില്‍ കിട്ടുകയും ചെയ്തു. ഒന്നു കലങ്ങി കിട്ടിയാല്‍ അഞ്ഞൂറല്ല ആയിരം ബാറിനു തന്നെ ലൈസന്‍സ് നല്‍കാം. പാറമടകള്‍ക്കുള്ള പാരിസ്ഥിതിക അനുമതി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താം. നെല്‍വയല്‍ സംരക്ഷണ നിയമമേ വേണ്ട എന്ന് വയ്ക്കാം. അങ്ങനെ എന്തെല്ലാം ഗുണങ്ങള്‍. ഇപ്പോള്‍ തന്നെ രംഗം ഉഷാറായിട്ടുണ്ട്.സംഗതി പിടിവിടും എന്ന് കണ്ട് ഐ ഗ്രൂപ്പുകാര്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. സാക്ഷാല്‍ തങ്കച്ചന്‍ തന്നെ പുനഃസംഘടനയ്‌ക്കെതിരെ രംഗത്തെത്തി. അവിടെ പക്ഷെ കുറെ നാളായി പുകയുന്ന പാളയത്തിലെ പടയാണ് ഒരു രക്ഷ. കെ സുധാകരന്‍ അനുകൂലമായി മുദ്രാവാക്യം മുഴക്കിയിട്ടുണ്ട്. പഴയത് പോലെ അത്ര ഉശിരില്ലെങ്കിലും. പിന്നെ ടി എന്‍ പ്രതാപന് വേണ്ടി ധീവരസഭ, ഷിബു ബേബി ജോണിനെതിരെ സാക്ഷാല്‍ സൂസപാക്യം, ഗണേശനു വേണ്ടിയും എതിരായും പലര്‍, അടൂര്‍ പ്രകാശിന് വേണ്ടി വെള്ളാപ്പള്ളി നടേശന്‍ അങ്ങനെ മൊത്തത്തില്‍ അന്തരീക്ഷം കലങ്ങി വരുന്നുണ്ട്. ഇനി വലവീശണോ ചൂണ്ട ഇടണോ എന്ന് മാത്രമാണ് സംശയം. എതായാലും വിശ്വസ്തരായ കുറെ പേര്‍ ചുറ്റും വേണം. ആര്യാടനൊന്നും പഴയത് പോലെയല്ല. ആകെ ഒരു ധൈര്യം തിരുവഞ്ചൂരായിരുന്നു. പക്ഷെ പോലീസ് പണി പോയതോടെ പുള്ളിയും അയഞ്ഞ മട്ടിലാണ്. ടി സിദ്ദിഖ് കൂട്ടിയാല്‍ കൂടുന്നതല്ല കാര്യങ്ങള്‍. ആരെങ്കിലും വേണ്ടേ കൂടെ? അതിവേഗം ബഹുദൂരം മുന്നോട്ട് പോകേണ്ടതല്ലേ?

പക്ഷെ സുധീരന്‍ അത്ര മോശമാണെന്ന് കരുതരുത്. അദ്ദേഹം നേരെ പാര്‍ട്ടി പുനഃസംഘടന എന്ന ആയുധം പുറത്തെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയില്‍ പണ്ടേ തിരഞ്ഞെടുപ്പ് എന്ന സാഹസം ഇല്ല. അപ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ പഥ്യക്കാരാവും ഭാരവാഹികളാവുക. അവിടെയും കലങ്ങും. അപ്പോള്‍ ഏറ്റവും നല്ല മീന്‍ കിട്ടുന്നവരാവും പോരാട്ടത്തിലെ ജേതാക്കള്‍. ഫലം കാത്തിരുന്ന് കാണുകയേ വഴിയുള്ളു.ആകാശത്തുകൂടി പറന്നുപോയ മിസൈലില്‍ ഏണി വച്ച് കയറിയ കാര്‍ത്തികേയന്റെ കാര്യമാണ്കഷ്ടം! കേട്ടത് ഉള്ളില്‍ വച്ചാല്‍ മതിയായിരുന്നു. പത്രക്കാരെ വിളിച്ചു കൂട്ടി പെരുമ്പറ കൊട്ടേണ്ട കാര്യമുണ്ടായിരുന്നില്ല. ഒരു മാതിരി കളിയൊക്കെ അറിയാവുന്ന ചെന്നിത്തല ഒന്ന് ആഭ്യന്തര മന്ത്രിയാവാന്‍ പെട്ടപാട് പുള്ളിക്കെ അറിയൂ. എത്ര തവണ നീട്ടിയ മിഠായി ആയിരുന്നു അത്. അതൊക്കെ ഒന്ന് ആലോചിക്കാമായിരുന്നു. കാര്യമൊക്കെ ശരി. മൂന്നു വര്‍ഷം കൊണ്ട് കൊള്ളാവുന്ന ഒരു സ്പീക്കര്‍ എന്ന് പേര് കേള്‍പ്പിച്ചു. അത് തുടര്‍ന്നാല്‍ മതിയായിരുന്നു. സ്പീക്കര്‍ പദവി ജനസേവനത്തിന്റെ ഭാഗമല്ലെന്ന് ആരാണ് പറഞ്ഞു കൊടുത്തത് എന്നറിയില്ല. പക്ഷാപാതിത്വം കാണിക്കരുതെന്നോ മറ്റോ ഒരു ചൊല്ലുണ്ട്, പക്ഷെ അതില്‍ കാര്യമില്ല. എ സി ജോസിനെ പോലുള്ള പ്രതിഭകള്‍ ഇരുന്ന കസേരയാണത്. സ്പീക്കറായാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടരുത് എന്ന നിബന്ധന ഉണ്ടോ എന്നും അറിയില്ല. ഇങ്ങനെ ആണെങ്കില്‍ ഇനി സ്പീക്കറാവാന്‍ ജനസേവനത്തില്‍ താല്‍പര്യമില്ലാത്ത ഒരു എംഎല്‍എയെ തിരഞ്ഞെടുക്കേണ്ടി വരും. 140 പേര്‍ക്കും ജനത്തെ സേവിച്ച് മതിയാവാത്തത് കൊണ്ട് ഇനി സ്പീക്കറില്ലാതെയാവുമോ കേരള നിയമസഭ മുന്നോട്ട് പോവുക? സ്പീക്കര്‍ പദവിക്ക് അപമാനം ഉണ്ടാക്കി എന്ന് പി സി ജോര്‍ജ്ജ് പറയുന്നതിലും ചില്ലറ കാര്യങ്ങള്‍ ഇല്ലാതില്ല.


Next Story

Related Stories