TopTop
Begin typing your search above and press return to search.

അച്ചടക്കവാളിന് മൂര്‍ച്ച പോര; അവരത്ര വിനീതരുമാകില്ല

അച്ചടക്കവാളിന് മൂര്‍ച്ച പോര; അവരത്ര വിനീതരുമാകില്ല

സാജു കൊമ്പന്‍

കോണ്‍ഗ്രസില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അന്തപ്പുര വിപ്ലവങ്ങള്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധം തകര്‍ന്നടിഞ്ഞ പാര്‍ടിയില്‍ പുതിയ തിരുത്തല്‍ വാദത്തിന് ശക്തി പകര്‍ന്നിരിക്കുകയാണ്. ഇന്നലെ നടന്ന കെ പി സി സി നിര്‍വ്വാഹക യോഗത്തില്‍ ഉയര്‍ന്ന കേന്ദ്ര നേതൃത്വത്തിനും രാഹുലിനും എതിരായ വിമര്‍ശനത്തെയും ടി എച്ച് മുസ്തഫയുടെ ജോക്കര്‍ പരാമര്‍ശത്തെയും അങ്ങനെ വേണം കാണാന്‍. കേരളത്തില്‍ സമാനമായ വിമര്‍ശനമുണ്ടായത് മുന്‍പ് കെ മുരളീധരന്‍ സോണിയ ഗാന്ധിയെ മദാമ്മ എന്നു വിളിച്ചതാണ്.

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന കെ പി സി സി നിര്‍വ്വാഹക സമിതി യോഗമാണ് കേന്ദ്ര നേതൃത്വത്തിനും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്. പത്ര സമ്മേളനം നടത്തി രാഹുല്‍ ഗാന്ധിയെ ജോക്കര്‍ എന്ന് വിശേഷിപ്പിച്ച മുന്‍ മന്ത്രി ടി എച്ച് മുസ്തഫയുടെ പൂഴിക്കടകന് ശക്തി പകരുന്നതായിരുന്നു യോഗത്തിലുയര്‍ന്ന പല വിമര്‍ശനങ്ങളും. മുന്‍ കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ ചുവടു പിടിച്ച് കെ സുധാകരന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ നേതൃ വിമര്‍ശനവുമായി രംഗത്തു വന്നു. രണ്ടാം യു പി എ ഭരണ കാലത്തെ ജനവിരുദ്ധ നയങ്ങളാണ് കോണ്‍ഗ്രസിന്‍റെ കനത്ത പരാജയത്തിന് കാരണമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇന്ധന വര്‍ധനവും, ആധാറുമൊക്കെ ഇതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. യുവാക്കളെ ആകര്‍ഷിക്കാന്‍ നയങ്ങളില്ലാതെ പോയതാണ് പരാജയ കാരണമെന്നാണ് കെ സുധാകരന്‍റെ വിലയിരുത്തല്‍. പ്രായത്തില്‍ മാത്രം യുവത്വം പോര എന്ന ഒളിയമ്പ് രാഹുല്‍ ഗാന്ധിയുടെ നേര്‍ക്ക് തൊടുക്കാനും കെ സുധാകരന്‍ മറന്നില്ല.ടി എച്ച് മുസ്തഫയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് താത്ക്കാലിക പ്രശ്ന പരിഹാരം നടത്തിയെങ്കിലും ഹൈക്കമാണ്ടില്‍ നിന്ന് വരുന്ന ഇണ്ടാസുകള്‍ അതേ പോലെ നടപ്പാക്കുന്ന ശൈലി ഇനി പ്രതീക്ഷിക്കേണ്ട എന്ന വെല്ലുവിളി ഈ ചര്‍ച്ചകളില്‍ ഒളിഞ്ഞുകിടപ്പുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇനി ഞങ്ങള്‍ വിനീത വിധേയന്‍മാരായിരിക്കില്ല എന്ന പ്രഖ്യാപനം കൂടിയാണീത്. ഒപ്പം വി എം സുധീരനെ കെ പി സി സി പ്രസിഡണ്ടും രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയുമാക്കി തിരഞ്ഞെടുപ്പിന് മുന്‍പ് നടപ്പിലാക്കിയ വെടി നിര്‍ത്തല്‍ ഫോര്‍മുല ഇനി അടിക്കിടെ ലംഘിക്കപ്പെടും എന്ന സൂചനയും.

രാജാവ് നഗ്നനാണ് എന്ന് തുറന്നു പറയാന്‍ ധൈര്യം കാട്ടണമെന്ന് പറഞ്ഞ കെ സുധാകരന്‍ പുതിയ പോര്‍മുഖമാണ് തുറക്കുന്നത്. ഇനി കേരളത്തില്‍ ഗ്രൂപ്പുകളില്ല എന്ന് സോണിയ ഗാന്ധിയും വി എം സുധീരനും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ ഗ്രൂപ്പിനെ നേതാക്കള്‍ക്ക് ചുറ്റുമുള്ള ആരാധകവൃന്ദം എന്ന് വ്യാഖ്യാനിച്ച നേതാവാണ് സുധാകരന്‍. തിരഞ്ഞെടുപ്പ് തോല്‍വിയോടെ കേരള രാഷ്ട്രീയത്തില്‍ പ്ലേസ്മെന്‍റ് കാത്തിരിക്കുന്ന സുധാകരന്‍ നേതൃത്വത്തിനെതിരെയുള്ള പരസ്യ യുദ്ധം ഇനിയുള്ള ദിവസങ്ങളില്‍ ശക്തമാക്കും എന്നു വേണം കരുതാന്‍.

പാരാജയമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും നാണക്കേടില്‍ നിന്നും കരകയറുന്നതിന് മുന്‍പ് സംസ്ഥാന നേതൃത്വങ്ങളില്‍ നിന്നുയരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ നേരിടുക കേന്ദ്ര നേതൃത്വത്തെ സംബന്ധിച്ചു അല്പം ബുദ്ധിമുട്ടേറിയതായിരിക്കും. പ്രത്യേകിച്ചും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പരാജയത്തിന്‍റെ കയ്പ്പ്നീര്‍ കുടിച്ചപ്പോള്‍ സമാശ്വാസ വിജയത്തിന്‍റെ മധുരം പകര്‍ന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ലോകസഭയില്‍ കോണ്‍ഗ്രസിന്‍റെ ശബ്ദം കേള്‍പ്പിക്കേണ്ട 8 എം പിമാര്‍ കേരളത്തില്‍ നിന്നാണ് വരുന്നത്. അതായത് ഏകദേശം കോണ്‍ഗ്രസിലെ അഞ്ചിലൊന്ന് അംഗങ്ങള്‍ കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ അടുത്ത് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിച്ച് കൊണ്ടു മാത്രമേ കേന്ദ്ര നേതൃത്വത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ സ്ഥാന കാംക്ഷികളുടെ ജോക്കര്‍ വിളികള്‍ ഇനിയും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നുയരും. അധികം ആരാധക വൃന്ദമില്ലാത്ത ടി എച്ച് മുസ്തഫയെ ഒതുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ സസ്പെന്‍ഷന്‍ എന്ന ഖഡ്ഗം വീശി എല്ലാ നേതാക്കളെയും ഇതുപോലെ ഒതുക്കാന്‍ പറ്റണമെന്നില്ല.


Next Story

Related Stories