TopTop

മോദിക്ക് ക്ലീന്‍ ചിറ്റുകള്‍ നല്‍കിയ കമ്മീഷന്‍ രാഹുലിനെ കുടുക്കുമോ? പരാതിയിലെ തീരുമാനം കാത്ത് കോണ്‍ഗ്രസ്

മോദിക്ക് ക്ലീന്‍ ചിറ്റുകള്‍ നല്‍കിയ കമ്മീഷന്‍ രാഹുലിനെ കുടുക്കുമോ? പരാതിയിലെ തീരുമാനം കാത്ത് കോണ്‍ഗ്രസ്
പ്രത്യേകിച്ച് കാരണമൊന്നും പറയാതെ മോദിക്ക് നിരന്തരം ക്ലീന്‍ ചിറ്റുകള്‍ നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പിടികൂടുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെയുള്ള പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരാനുള്ളത്.

പ്രചരണത്തില്‍നിന്ന് വിലക്കുന്നതടക്കമുളള നടപടിയുണ്ടായാല്‍ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസിന് അത് തിരിച്ചടിയായേക്കുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോദി സര്‍ക്കാര്‍ ആദിവാസി മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികളെ വിമര്‍ശിച്ചതാണ് പരാതിക്ക്
കാരണമായത്. ആദിവാസികളെ വെടിവെച്ചുകൊല്ലാനാണ് ബിജെപി സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കിയതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

രാഹുലിന്റെ വാക്കുകള്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കല്‍ ലക്ഷ്യമിട്ടാണെന്നാണ് ബിജെപിയുടെ ആക്ഷേപം. എന്നാല്‍ രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ നയങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിനോടും പ്രതിപക്ഷ പാര്‍ട്ടികളോടും വിവേചന പരമായ നടപടികളാണ് കൈകൊള്ളുന്നതെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരവധി പരാതികളാണ് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഇതിലെല്ലാം തെരഞ്ഞടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. പ്രത്യേകിച്ച് കാരണം പറയാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.

അഞ്ച് പരാതികളിലാണ് ഇതുവരെ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഭൂരിപക്ഷ മതവിഭാഗങ്ങളെ ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന മോദിയുടെ പ്രസ്താവനയാണ് ആദ്യം വിവാദമായത്. പ്രകടമായ വര്‍ഗീയ ധ്വനികളുള്ളതാണ പ്രസ്താവനയെന്നും നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും കമ്മീഷന്‍ അംഗീകരിച്ചില്ല. പിന്നീടാണ് ആദ്യമായി വോട്ടുചെയ്യുന്നവര്‍ സൈന്യത്തിന് വേണ്ടി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്തെ സൈന്യത്തെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് പരാതികള്‍ നല്‍കിയെങ്കിലും നടപടി വേണ്ടെന്നായിരുന്നു കമ്മീഷന്റെ തീരുമാനം.

മോദിയുടെ അടുത്ത വിവാദ പ്രസ്താവനയും സൈന്യവുമായി ബന്ധപ്പെട്ടായിരുന്നു. സൈന്യത്തെയും രാജ്യസുരക്ഷയെയും കുറിച്ചുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ചെങ്കിലും ചട്ട ലംഘനമല്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്.

ഇന്ത്യയുടെ ആണവ ബോംബുകള്‍ ദീപാവലിക്ക് പൊട്ടിക്കാനുള്ളതെല്ലെന്ന പാകിസ്താനുള്ള മറുപടിയാണ് പിന്നീട് വിവാദമായത്. ഇതിനെതിരെയും പരാതി സമര്‍പ്പിക്കപ്പെട്ടെങ്കിലും ചട്ടലംഘനമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.

എന്തുകൊണ്ടാണ് മോദിയുടെ പ്രസ്തവനകള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാകാത്തത് എന്ന വിശദീകരണം നല്‍കാതെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ബിഎസ്പി അധ്യക്ഷ മായവതിക്കെതിരെ നടപടി എടുത്തിരുന്നു. മതന്യുനപക്ഷങ്ങള്‍ സംഘടിതമായി മഹാസഖ്യത്തിന് വേണ്ടി വോട്ടുചെയ്യണമെന്ന പ്രസ്താവനയാണ് മായവതിക്ക് വിനയായത്. രണ്ട് ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മാറ്റി നിര്‍ത്തിയായിരുന്നു കമ്മീഷന്‍ നടപടിയെടുത്തതത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കായിരുന്നു കമ്മീഷന്‍ പ്രചാരണത്തില്‍നിന്ന് വിലക്കിയത്. മത സൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിനായിരുന്നു വിലക്ക്. മുസ്ലീം ലീഗിനെ ഗ്രീന്‍ വൈറസ് എന്ന് ആക്ഷേപിച്ചതിനെതിരെ ആ പാര്‍ട്ടി യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയിരുന്നു.

19 -ാം തീയതിയാണ് അവസാനഘട്ട വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ പരാതിയില്‍ കമ്മീഷന്‍ നടപടിയെടുത്താല്‍ അത് കോണ്‍ഗ്രസിന്റെ അവസാനഘട്ട പ്രചാരണത്തെ ബാധിക്കുമെന്ന് പാര്‍ട്ടിക്ക് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നത്.

Read More: കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത

Next Story

Related Stories