TopTop
Begin typing your search above and press return to search.

തമിഴ്നാട്ടിലെ ഭരണഘടന പ്രതിസന്ധി അഥവാ 'പെട്ടി'രാഷ്ട്രീയത്തിന്റെ അശ്ലീല കാഴ്ചകള്‍

തമിഴ്നാട്ടിലെ ഭരണഘടന പ്രതിസന്ധി അഥവാ
വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയിട്ടും എഐഎഡിഎംകെയ്ക്ക് ഒരു സ്വാഭാവിക നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. നേതാക്കന്മാര്‍ ആത്മാവിന്റെ ശബ്ദങ്ങള്‍ക്കായി കാത്തിരിക്കുന്നു. സ്വന്തം ശബ്ദങ്ങള്‍ക്കല്ല, മണ്ണിനടിയിലായ നേതാക്കളുടെ. പാര്‍ട്ടിയെ, ഒപ്പം നേതാക്കളെ, തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് തങ്ങളുടെ മുഖ്യമന്ത്രി ആരാകും എന്നതില്‍ ഒരു ധാരണയുമില്ല. അക്കാര്യത്തില്‍ നിയമാസഭാംഗങ്ങളുടെ കാരുണ്യത്തിന് കാത്തുകിടക്കുകയാണവര്‍. നിയമസഭാംഗങ്ങളാകട്ടെ നമ്മുടെ രാഷ്ട്രീയത്തെ ഇന്ന് നിശ്ചയിക്കുന്ന ‘പെട്ടികള്‍’ കൊണ്ടുനടക്കുന്നവരില്‍ നിന്നുള്ള ഉത്തരവുകള്‍ക്കായി കാത്തിരിക്കുന്നു.

ഭരണഘടനയിലെ വിവിധ ആര്‍ട്ടിക്കിളുകള്‍ അനുസരിച്ച് പന്തിപ്പോള്‍ ഗവര്‍ണറുടെ കളത്തിലാണ് . അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ഭരണഘടനാപരമായി ബാധ്യസ്ഥനാണ്. ജയലളിത തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു നേതാവായിരുന്നു എന്നു സമ്മതിക്കാതെ തരമില്ല. കോടതി വ്യവഹാരങ്ങളില്‍ പല രീതിയിലും ഭാഗമായി പല കാര്യങ്ങളിലും വ്യക്തത വരുത്താന്‍ അവര്‍ സഹായിച്ചിട്ടുണ്ട്. സ്വന്തം തട്ടകമായ തമിഴ്നാട്ടില്‍ ഒന്നുകില്‍ മുഖ്യമന്ത്രിയുടെ വലംകൈ അല്ലെങ്കില്‍ മുഖ്യമന്ത്രി എന്ന നിലയിലായിരുന്ന അവര്‍ മുഖ്യമന്ത്രി നിയമനം സംബന്ധിച്ച ഗവര്‍ണറുടെ ഇടപെടലിനെക്കുറിച്ചും സുപ്രീം കോടതിക്ക് വ്യക്തത വരുത്തിക്കാന്‍ ഇടയാക്കി. ‘അമ്മയെ’ മുഖ്യമന്ത്രിയാക്കിയതുമായി ബന്ധപ്പെട്ട ബി. ആര്‍. കപൂര്‍ v. സ്റ്റേറ്റ് ഓഫ് തമിഴ്നാട് തര്‍ക്കത്തില്‍ (2001) 8 SCC 40, ഭരണഘടനായ്ക്ക് അനുസൃതമല്ലാതെ മുഖ്യമന്ത്രിയെ നിയമിച്ചാല്‍ അത് റദ്ദാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭാംഗമല്ലാത്ത ഒരാളെ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയാക്കാമെന്നും എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 (4) അനുസരിച്ച് ആ വ്യക്തി 6 മാസത്തിനുള്ളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടനമെന്നും കോടതി പറഞ്ഞു.

ഈ ആര്‍ട്ടിക്കിള്‍ അനുസരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ നിയമിക്കാമെങ്കിലും അങ്ങനെ നിയമിക്കപ്പെടുന്ന വ്യക്തിയെക്കുറിച്ച് ഭരണഘടന ഒന്നും പറയുന്നില്ല. അടിസ്ഥാന നിയമം (എഴുതപ്പെട്ടിട്ടില്ലെങ്കിലും ഒരു രീതിയോ കീഴ്വഴക്കമോ ആയി പാലിക്കുന്നത്) നിയമസഭയിലെ ഭൂരിപക്ഷ കക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുക എന്നതാണ്. എസ് ആര്‍ ബൊമ്മൈ തര്‍ക്കത്തില്‍ സുപ്രീം കോടതി ആ നിലപാടാണ് എടുത്തത്. ചില സന്ദര്‍ഭങ്ങളില്‍ ഭൂരിപക്ഷം സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടെങ്കില്‍, ഒരു നിശ്ചിത കാലയളവിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. പക്ഷേ അതിനു ഗവര്‍ണറോട് ആവശ്യപ്പെടുന്ന വകുപ്പുകളൊന്നും ഇല്ല. എങ്കിലും നിരവധി തവണ ഗവര്‍ണര്‍ക്ക് അത്തരം അധികാരങ്ങള്‍ നിക്ഷിപ്തമാക്കിയതും മുഖ്യമന്ത്രി സഭയില്‍ ഭൂരിപക്ഷം വിശ്വാസവോട്ട് തേടണമെന്നും പറയുന്ന കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്; ജനാധിപത്യത്തിന്റെ പേരില്‍. ഇപ്പോള്‍ ഭരണഘടനയുടെ 10-ആം പട്ടികയനുസരിച്ചും വിപ്പെന്ന ചാട്ടവെച്ചും എണ്ണം തികയ്ക്കുന്ന കളിക്കു കൂടുതല്‍ നിശ്ചിതത്വമുണ്ട്.ശശികലയുടെ കാര്യത്തിലാണെങ്കില്‍, മരിച്ചുപോയ ‘അമ്മയുമായി’ അവരുടെ ബന്ധത്തെക്കുറിച്ചുള്ള പലതരം കഥകള്‍ക്കും പഞ്ഞമില്ലെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നതില്‍ നിന്നും അവരെ വിലക്കുന്ന ഒരു സംഗതിയും നിലവിലില്ല. അഴിമതി കുറ്റത്തില്‍ നിന്നും കര്‍ണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കിയിരിക്കുന്നു. ആ വിധി നിലനില്‍ക്കുന്നിടത്തോളം അവര്‍ക്ക് മുഖ്യമന്ത്രിയാകാന്‍ തടസമില്ല. ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭാംഗമായാല്‍ മതി. ഈ ആവശ്യം നേരിടുന്നതില്‍ നിന്നും ഗവര്‍ണര്‍ ഇതുവരെ തന്ത്രപരമായി ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. നിയമോപദേശങ്ങളോ 'പെട്ടി'യുടെ കനമോ എന്തൊക്കെയാണ് ഇനി കളി നിശ്ചയിക്കുക എന്നും അറിയാന്‍ പോകുന്നതേയുള്ളൂ. പക്ഷേ വലിയ ചോദ്യം ഇതാണ്, ആരാണ് മണ്ടന്മാരാക്കപ്പെടുന്നത്?

ഭരണഘടന സംവിധാനം ജനങ്ങള്‍ക്ക്, സമ്മതിദായകര്‍ക്ക് വേണ്ടിയാണ്. ഇവിടെയാണ് പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ദുരന്തം. ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രിയെ അല്ലെങ്കില്‍ നേതാവിനെ തെരഞ്ഞെടുക്കാന്‍ അവകാശമില്ല. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ മറ്റൊരു തെരഞ്ഞെടുക്കല്‍ വിഭാഗമായി മാറുന്നു. അവര്‍ തെരഞ്ഞെടുക്കുന്നത് ജനസമ്മതിയുള്ള നേതാവിനെ ആകണമെന്നുമില്ല. അവിടെയും ‘പെട്ടികളുടെ’ കനമാകും പലപ്പോഴും കാര്യങ്ങള്‍ നിശ്ചയിക്കുക. അതില്‍ മിക്കപ്പോഴും കാശും ചിലപ്പോള്‍ കൂടെ ഭരണഘടനയും കാണും. ജനങ്ങള്‍ക്ക് അവരുടെ നേതാവിനെ നേരിട്ടു തെരഞ്ഞെടുകാണ്‍ കഴിയുന്ന ഒരവസ്ഥ ഉണ്ടാകുന്നതുവരെ ഈ ‘പെട്ടി’ രാഷ്ട്രീയം തുടരും. കൂറുമാറ്റ നിരോധന നിയമത്തില്‍ പോലും പഴുതുകളുണ്ട്. അതും ജനാധിപത്യത്തിന്റെ പേരില്‍. കേന്ദ്ര സംവിധാനം ഫെഡറല്‍ സംവിധാനത്തിന്റെ വേരുകള്‍ അറുക്കുന്നതിനും അവര്‍ നിയമിച്ച ഗവര്‍ണര്‍ കൂടുതല്‍ അധികാരം കയ്യാളുന്നതിനുമാണ് ഇത് ഇടയാക്കുക.

പനീര്‍സെല്‍വത്തിന്റെയും ശശികലയുടെയും രാഷ്ട്രീയഭാവി ആത്യന്തികമായി ‘പെട്ടികളുടെ’ കനം നിശ്ചയിക്കുമെങ്കിലും ഇപ്പോഴത്തേക്കെങ്കിലും അത് സുപ്രീം കോടതിയിലെ 'കേയ്സ്- ബ്രീഫ്' വിധിക്കായി തുറക്കുന്നതിനെ ആശ്രയിച്ചാണ്.

(സുപ്രീം കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories