TopTop

ഒരുപാട് അനുഭവിച്ചവരാണ്, ഇനിയെങ്കിലും ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ; ധനുഷിന്റെ സഹോദരിയുടെ അഭ്യര്‍ത്ഥന

ഒരുപാട് അനുഭവിച്ചവരാണ്, ഇനിയെങ്കിലും ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ; ധനുഷിന്റെ സഹോദരിയുടെ അഭ്യര്‍ത്ഥന
ജീവിതത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച അവസ്ഥയിലൂടെയാണു നടന്‍ ധനുഷ് ഇപ്പോള്‍ കടന്നുപോകുന്നതെന്നതില്‍ സംശയമില്ല. തന്റെ മാതാപിതാക്കള്‍ എന്നവകാശപ്പെട്ടവര്‍ നല്‍കിയ കേസ്, ഗായിക സുചിത്ര പുറത്തു വിട്ട സ്വകാര്യ ചിത്രങ്ങള്‍ ഉയര്‍ത്തിയ വിവാദം എന്നിവയെല്ലാം ധനുഷിനെ വളരെയേറെ ഉലച്ചിട്ടുണ്ടെന്നാണു കോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. എന്നാല്‍ ഈ കാര്യങ്ങളിലൊന്നും പരസ്യമായ പ്രതികരണത്തിന് ധനുഷിന്റെ കുടുംബം തയ്യാറായിട്ടില്ലായിരുന്നു. പക്ഷേ തന്റെ സഹോദരനെതിരെ ഉണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങളില്‍ ധനുഷിന്റെ മൂത്ത സഹോദരിയായ ഡോ. വിമല ഗീത സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് കസ്തൂരിരാജയുടെ കുുടുംബത്തില്‍ നിന്നൊരാള്‍ ഈ സംഭവവികാസങ്ങളോട് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിരിക്കുന്നത്.

വിമല ഗീത ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്‌

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പേരില്‍ ഞങ്ങളുടെ കുടുംബം കടുത്ത വേദനയിലും ദുരിതത്തിലും പെട്ടിരിക്കുകയാണ്. പക്ഷേ ഞങ്ങള്‍ സംയമനം പാലിക്കുന്നു. വളരെ പാവപ്പെട്ട ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും തരാന്‍ ഒരു മനുഷ്യന്‍ വളരെയേറെ കഷ്ടപ്പെടുകയും ത്യാഗം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ എവിടെ എത്തി നില്‍ക്കുന്നുവോ അത് ഒരു രാത്രി വെളുത്തപ്പോള്‍ സംഭവിച്ചിതല്ല. തേനിയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും ഒരു ത്യാഗവും സഹിക്കാതെയുമല്ല ഞങ്ങള്‍ ഇവിടെയെത്തിയതും. എന്റെ സഹോദരന്മാര്‍( സെല്‍വരാഘവനും ധനുഷും) ഇവിടെവരെ എത്തിയത് ഒത്തിരി പരിഹാസങ്ങളും അപമാനവും വിമര്‍ശനങ്ങളുമെല്ലാം സഹിച്ചാണ്. ഞങ്ങള്‍ ഏതുതരത്തിലുള്ള മൂല്യങ്ങളാണു ശീലിച്ചിട്ടുള്ളതെന്നും എങ്ങനെയുള്ള ജീവിതമാണു നയിക്കുന്നതെന്നും ദൈവത്തിനറിയാം.


ധനുഷ് ഇപ്പോള്‍ വലിയൊരു താരം തന്നെയാണ്. അവന്‍ നടത്തിയ പ്രയത്‌നത്തിനും കഠിനാധ്വാനത്തിനും കിട്ടിയ പ്രതിഫലമാണത്. പക്ഷേ വിജയം വരുന്നത് ചില എതിര്‍പ്പുകളും കൊണ്ടായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. വ്യക്തിഹത്യ എവിടെയും ആര്‍ക്കെതിരേയും നടക്കുന്ന ഒന്നാണ്. തന്റെ ആരാധകരെ മുഴുവന്‍ രസിപ്പിക്കുന്ന ഒരു നടന്‍ അനുഭവിക്കുന്ന മാനസികപീഡനങ്ങളും അത്തരം വ്യക്തിഹത്യയുടെ ഭാഗമായി ഉണ്ടായതാണ്. ആര്‍ക്കും എന്തും ആര്‍ക്കെതിരേയും പോസ്റ്റ് ചെയ്യാനുള്ള ഒരു മാധ്യമമായി ട്വിറ്റര്‍ മാറിയിരിക്കുകയാണ്. ഇപ്പോള്‍ പലരും ആവശ്യപ്പെടുന്നത് അശ്ലീല വീഡിയോകള്‍ പുറത്തു വിടൂ എന്നാണ് . ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചവരാണ്. ഇനിയും എന്തൊക്കെ നേരിടേണ്ടി വന്നാലും അതെല്ലാം ഞങ്ങള്‍ ഒരുമിച്ചു നിന്നു തന്നെ നേരിടും.
വേദനയും നിരാശയും കാരണം സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചു കാലത്തേക്ക് ഞാന്‍ അകന്നു നില്‍ക്കുകയാണ്. ആരോടും സംസാരിക്കാനോ ആരെയും കാണാനോ എനിക്കു താത്പര്യമില്ലായിരിക്കുന്നു. ഞങ്ങളോട് ആരാണിതൊക്കെ ചെയ്യുന്നതെങ്കിലും അതവസാനിപ്പിക്കണം. ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്ന ഒരാളെ, അതൊരു സ്ത്രീയാണെങ്കില്‍ ഒട്ടും തന്നെ എളുപ്പമാകില്ല തിരികെ കൊണ്ടുവരാനെന്ന് ഇതെല്ലാം ചെയ്യുന്നവര്‍ മനസിലാക്കണം. ദയവു ചെയ്തു ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ, ഗുഡ്‌ബൈ...

Next Story

Related Stories