TopTop
Begin typing your search above and press return to search.

ഇതൊക്കെയാണ് സഹകരണംസംഘം നിലനില്‍ക്കണമെന്നു പറയാനുള്ള കാരണങ്ങള്‍

ഇതൊക്കെയാണ് സഹകരണംസംഘം നിലനില്‍ക്കണമെന്നു പറയാനുള്ള കാരണങ്ങള്‍

സഹകരണ പ്രസ്ഥാനം ഇന്ന് വേട്ടയാടപ്പെടുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച കറന്‍സി പിന്‍വലിക്കലിന്റെ മറപിടിച്ച് സഹകരണ മേഖല മുഴുവന്‍ കള്ളപ്പണമാണ് എന്ന് സ്ഥാപിക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. വിനിമയത്തിന് വേണ്ട പണമില്ലാതെ സഹകരണ മേഖലക്ക് ശ്വാസം മുട്ടുകയാണ്. എന്താണ് സഹകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തി? ഗ്രാമീണ മേഖലയുടെ പ്രസക്തി തന്നെയാണ് സഹകരണ മേഖലക്കും ഉള്ളത്. ഇന്ത്യാ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം ഗ്രാമങ്ങളിലുള്ളതിനേക്കാള്‍ മികച്ച ജീവിത സാഹചര്യം കേരളത്തില്‍ ഉണ്ടായതില്‍ വലിയ പങ്ക് സഹകരണ മേഖലയ്ക്കുണ്ട്.

പശുവിനെ വാങ്ങിക്കാന്‍ ലോണ്‍ കൊടുക്കുന്ന ബാങ്കുകള്‍ എത്രയുണ്ട്? ഒരു മുറി കൂടുതല്‍ നിര്‍മിക്കാന്‍ ലോണ്‍ കൊടുക്കുന്നവ എത്രയുണ്ട്?

അതായത് വലിയ ബാങ്കുകളുടെ നോട്ടത്തില്‍ ഒരിക്കലും ഒരു ഇടപാടുകാരനായി കണക്കാക്കാന്‍ കഴിയാത്ത ആളുകളെ സാമ്പത്തികമായി ശാക്തീകരിച്ചത് സഹകരണ സംഘങ്ങളാണ്.

ഭൂമി പാട്ടത്തിനെടുത്ത് വാഴ നട്ട്, ഒന്നാന്തരം ഏത്തക്കുലകള്‍ വിളയിക്കുന്ന കൃഷിക്കാരനും, വഴിയോരത്ത് ചായക്കട നടത്തുന്ന ആളിനും ദിവസവും കളക്ഷന്‍ ഏജന്റ് വശം പണം കൊടുത്ത് അപ്പോള്‍ തന്നെ രസീത് ലഭിക്കുന്ന സംവിധാനം വേറെ എവിടെയുണ്ട്?

കാര്‍ഷിക ഉത്പാദന മേഖല ,ചെറുകിട വ്യവസായം എന്നിവര്‍ക്കും 14.5 ശതമാനം ഉയര്‍ന്ന പലിശയാണെങ്കില്‍ കൂടി ഗുണ്ടകള്‍ വീട്ടില്‍ വരില്ല എന്നുറപ്പിച്ച് ധൈര്യമായി ലോണ്‍ വാങ്ങാവുന്ന സ്ഥിതിയെവിടെയുണ്ട്? ലളിത വ്യവസ്ഥതകള്‍, കൂടാതെ ലോണ്‍ പാസാക്കുന്നത് അംഗങ്ങള്‍ തന്നെ തിരഞ്ഞെടുത്ത ഭരണ സമിതി, ഈ പ്രക്രിയയില്‍ പരിചയമുള്ള വ്യക്തികള്‍ മാത്രം ഉള്‍പ്പെട്ടിരിക്കുന്നു. ഇതെല്ലാം വേറെ എവിടെക്കിട്ടും?

എത്ര വിവാഹങ്ങളാണ് സൊസൈറ്റിയില്‍ ആധാരം പണയം വച്ച് നടന്നത്. എത്ര ആളുകളാണ് വിസക്കുള്ള പണം സ്വരൂപിച്ചത്, എത്ര ഓട്ടോകള്‍ക്കാണ് ലോണ്‍ കിട്ടിയത്... ഏറ്റവും അവസാനം ബാങ്കുകളില്‍ അടുപ്പിച്ച് പൊതു അവധി വന്നപ്പോള്‍ സൊസൈറ്റി സേവിംഗ്‌സ് അക്കൗണ്ടാണ് ചിലരെയെങ്കിലും കാത്തത്.

പല വീടുകളിലും ആദ്യമായി ടിവിയും ഫ്രിഡ്ജും മിക്‌സിയും വന്നത് ആദ്യമായി സൊസൈറ്റിയിലെ തവണ വ്യവസ്ഥ അഥവ ഇന്‍സ്റ്റാള്‍മെന്റ് പരിപാടിയിലൂടെയായിരുന്നു. അതായത് ജീവിത നിലവാരം ഉയര്‍ന്നതിന്റെ, പരിഷ്‌കരിക്കപ്പെട്ടതിന്റെ ആദ്യ ചുവടിലും സഹകരണ സംഘങ്ങള്‍ ഉണ്ടായിരുന്നു.കിണര്‍ കുഴിക്കാന്‍ ഈയിടെ ലോണെടുത്ത ആളിനെ ഞാന്‍ ബാങ്കില്‍ നേരിട്ട് കണ്ടതാണ്. അയാളുടെ കണ്ണിലെ ദൈന്യത മനസില്‍ ഒരു പോറല്‍ വീഴത്തിയതുമാണ്.

ക്യാന്‍സര്‍ രായമംഗലം പഞ്ചായത്തിനെ വിഴുങ്ങാന്‍ പുറപ്പെടുമ്പോള്‍, ചികിത്സാ സഹായത്തിന് ലോണായും സഹായമായും പൈസ കൊടുക്കുന്നതും വലിയ നന്മയാണ്. ആശുപത്രികള്‍ കൊള്ള നടത്തുന്ന ഈ കാലത്ത് എത്രയോ പേര്‍ സ്വര്‍ണ്ണം പണയം വച്ച് ചികിത്സ നടത്തുന്നു.

എസ്എസ്എല്‍സി പരീക്ഷക്ക് മികച്ച വിജയം കരസ്ഥമാക്കിയവരെ പ്രോത്സാഹിപ്പിക്കുന്ന ചടങ്ങില്‍ കയ്യില്‍ ലഭിക്കുന്ന കവറുകളില്‍ പഠിക്കാനുള്ള പ്രചോദനവും ഉണ്ടായിരുന്നു...

പലരും ഉന്നതവിദ്യാഭ്യാസത്തിനും വായ്പ ഇവിടുന്നു തന്നെ വാങ്ങി.

രാസവളത്തിനും ഓണമായാല്‍ പച്ചക്കറിക്കും പലവ്യഞ്ജനത്തിനും അത്യാവശ്യ സ്‌റ്റേഷനറിക്കും ഓടിച്ചെല്ലാന്‍ ഉറപ്പുള്ള ഇടമാണ് സൊസൈറ്റി അല്ലെങ്കില്‍ സഹകരണ ബാങ്ക്.

കള്ളനാണയങ്ങളുണ്ടെങ്കില്‍ പിടിക്കട്ടെ, പക്ഷേ ചുരുക്കത്തില്‍ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റേയും അവസാനത്തെ സാമ്പത്തിക അത്താണിയാണ് സഹകരണ ബാങ്ക്. അതിനെ തകര്‍ക്കുകയല്ല കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories