TopTop
Begin typing your search above and press return to search.

കേരള ബാങ്ക്: പിണറായിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യേണ്ടതുണ്ട്

കേരള ബാങ്ക്: പിണറായിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യേണ്ടതുണ്ട്

അഴിമുഖം പ്രതിനിധി

ബാര്‍കോഴ, സോളാര്‍ ആരോപണ കോലാഹലങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് ചൂടിനിടയിലും ഗൗരവമായ ചര്‍ച്ചയും സംവാദവും ആവശ്യമായ ചില വിഷയങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ മിന്നിമറഞ്ഞുപോകുന്നു.

തിരുവനന്തപുരത്ത് ജനുവരി ആദ്യം നടന്ന സിപിഎമ്മിന്റെ 'രാജ്യാന്തര കേരള പഠന കോണ്‍ഗ്രസി'ല്‍ നിര്‍ദേശിക്കപ്പെട്ട കേരള ബാങ്കാണ് അതിലൊന്ന്. എകെജി സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ വികസനപ്രശ്‌നങ്ങള്‍ക്ക് ജനകീയ ബദല്‍ കണ്ടെത്താനുള്ള ശ്രമമായിരുന്നു.

സിപിഐ-എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് കരുതുന്ന പിണറായി വിജയനാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. അതുകൊണ്ടുതന്നെ അത് വിശദമായ വിശകലനം അര്‍ഹിക്കുന്നുണ്ട്.

നിലവിലുള്ള സഹകരണബാങ്കുകള്‍ ലയിപ്പിച്ചോ കൂട്ടിച്ചേര്‍ത്തോ കേരള ബാങ്കിനു രൂപം കൊടുക്കണമെന്നായിരുന്നു നിര്‍ദേശം. ഇതുവഴി സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ക്കുള്ള പണം കണ്ടെത്താന്‍ സര്‍ക്കാരിനാകും എന്നതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങളെയോ സ്വകാര്യബാങ്കുകളെയോ ആശ്രയിക്കേണ്ടിവരില്ലെന്നാണ് വാദം.

ഈ വാദത്തില്‍ കഴമ്പുണ്ടെന്നു സമ്മതിക്കാതെ വയ്യ. ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യബാങ്കുകളിലും കൂടി ആകെ 3.39 ലക്ഷം കോടി രൂപ നിക്ഷേപമുണ്ടൊണു കണക്ക്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും സംസ്ഥാനത്തിനു പുറത്തുള്ള വന്‍ വികസനപദ്ധതികള്‍ക്കായാണ് ചെലവഴിക്കപ്പെടുന്നത്.

സഹകരണ വായ്പാ സംവിധാനത്തില്‍ കേരളത്തിന് ത്രീ-ടയര്‍ സംവിധാനമാണുള്ളത്. കേരള സംസ്ഥാന സഹകരണ ബാങ്കാണ് മുകളില്‍. 14 ജില്ലാ സഹകരണബാങ്കുകളും അതിനു താഴെ 2600 പ്രാഥമിക സഹകരണസംഘങ്ങളും.

മറ്റു മിക്ക സംസ്ഥാനങ്ങളിലും ടു-ടയര്‍ സംവിധാനമാണ്. സഹകരണബാങ്കുകള്‍ നബാഡിനു കീഴിലാണ്. റിസര്‍വ് ബാങ്കിന് ഇവയ്ക്കുമേല്‍ ഉപരിപ്ലവമായ നിയന്ത്രണം മാത്രമേയുള്ളൂ. സഹകരണമേഖലയില്‍ സംസ്ഥാനത്തുള്ള നിക്ഷേപം 1.75 ലക്ഷം കോടിയിലധികമാണ്.

സഹകരണമേഖലയിലെ ബാങ്കുകളെ ഒരുമിപ്പിക്കുന്നതില്‍ നിയമതടസമൊന്നുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലാ ബാങ്കുകള്‍ക്കും ലൈസന്‍സ് ഉള്ളതിനാല്‍ വേറെ ലൈസന്‍സും ആവശ്യമില്ല.

ഒരുമിച്ചായിക്കഴിഞ്ഞാലുള്ള ഏറ്റവും വലിയ പ്രയോജനം അതതു ജില്ലകള്‍ക്കു പുറത്ത് വായ്പ നല്‍കാന്‍ ഈ ബാങ്കുകള്‍ക്കാകും എന്നതാണ്.

ഉദാഹരണത്തിന് 7,300 കോടി നിക്ഷേപമുള്ള എറണാകുളം ജില്ലാ സഹകരണബാങ്ക് ഏറ്റവും വിജയകരമായി നടക്കുന്ന ബാങ്കുകളിലൊന്നാണ്. ഫെഡറല്‍ ബാങ്ക് തുടങ്ങിയ വമ്പന്‍ ബാങ്കുകളെ പിന്തള്ളിയാണ് ഈ സഹകരണ ബാങ്ക് കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് 470 കോടി വായ്പ നല്‍കിയത്. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ ഈ ബാങ്കിന് കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കു സഹായം നല്‍കാനാകില്ല.

ഇങ്ങനെ നോക്കുമ്പോള്‍ പിണറായി വിജയന്റെ വാദത്തില്‍ വാസ്തവമുണ്ടെന്നു കാണാം. അങ്ങനെയെങ്കില്‍ ബാങ്കുകളുടെ ലയനമോ കൂട്ടിച്ചേര്‍ക്കലോ എങ്ങനെ സാധ്യമാക്കാം?

'ലയനം സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍, സഹകരണ ബാങ്കിങ് മേഖലയ്ക്കുവേണ്ടി പുതിയ നയം പ്രഖ്യാപിക്കണം,' സഹകരണ ബാങ്കിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

കേരളബാങ്കിന് എങ്ങനെ പുതിയ ബിസിനസ് നേടാനാകും? സര്‍ക്കാരിന്റെ ട്രഷറി ഒഴികെയുള്ള ഇടപാടുകള്‍ പുതിയ ബാങ്കിലേക്കു മാറ്റിയാല്‍ ഇതു സാധ്യമാകും.

ഇപ്പോള്‍ കടലാസിലാണെങ്കിലും ഇത് നടപ്പാക്കാവുന്ന ആശയമാണ്. ഭാവിയില്‍ ആര്‍ബിഐ സഹകരണ മേഖലയിലും നിയന്ത്രണം സ്ഥാപിക്കാനുള്ള സാധ്യതയുമുണ്ട്.

ഫലം എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ ഗൗരവമായ സംവാദത്തിനുള്ള വാതിലാണ് പിണറായി തുറന്നിരിക്കുന്നത്.


Next Story

Related Stories