TopTop
Begin typing your search above and press return to search.

സഹകരണം തന്നെയാണു പ്രശ്‌നം; കോണ്‍ഗ്രസിനകത്തും

സഹകരണം തന്നെയാണു പ്രശ്‌നം; കോണ്‍ഗ്രസിനകത്തും

അഴിമുഖം പ്രതിനിധി

കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ ബോധപൂര്‍വം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നൂവെന്ന ആക്ഷേപം ഇടതു വലതു മുന്നണികള്‍ക്ക് ഒരുപോലെയുണ്ട്. രാഷ്ട്രീയമായി മാത്രമല്ല, സാമൂഹികമായും കേരളത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായിരിക്കും സഹകരണമേഖലയ്ക്കുമേല്‍ ഉണ്ടാകുന്ന പ്രതികൂലനടപടികളെന്ന ബോധ്യം ഇരു മുന്നണികളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും ശക്തമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിനു മുന്നില്‍ നടത്തിയ നിരാഹാരസമരം ഉള്‍പ്പെടെ കാണിക്കുന്നത് കേന്ദ്രനീക്കത്തിനെതിരേ ശക്തമായ പ്രതിരോധം കേരളത്തില്‍ നിന്നുണ്ടാകുമെന്നു തന്നെയാണ്.

സര്‍ക്കാരും പ്രതിപക്ഷവും ഈ വിഷയത്തില്‍ യോജിച്ച് സമരത്തിനിറങ്ങുമെന്നായിരുന്നു കേട്ടിരുന്ന വാര്‍ത്തകള്‍. എന്നാല്‍ സഹകരണത്തിന്റെ കാര്യത്തില്‍ സഹകരണം വേണോ വേണ്ടയോ എന്ന പ്രതിസന്ധി കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുകയാണെന്നാണ് പുതിയ അറിവ്. കോണ്‍ഗ്രസിന്റെ ആശക്കുഴപ്പം യുഡിഎഫിനെയും ബാധിക്കും. അങ്ങനെ വന്നാല്‍ സ്വതവേ ദുര്‍ബലയായ പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് കരുതേണ്ടത്.

സര്‍ക്കാരുമായി യോജിച്ച് സമരം ചെയ്യാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും നേരത്തെ സമ്മതിച്ചതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം വരുന്നത് കെപിസിസി പ്രസിഡന്റ് സുധീരന്റെ ഇടപെടലോടെയായിരുന്നു. യോജിച്ച സമരമല്ല, കോണ്‍ഗ്രസ് അതിന്റേതായ സമരമാണ് നടത്തേണ്ടതെന്നായിരുന്നു സുധീരന്‍ അഭിപ്രായം പറഞ്ഞത്. ഇതിനിടയില്‍ റിസര്‍വ് ബാങ്കിനു മുന്നിലെ സമരത്തിലൂടെ സര്‍ക്കാരും അതോടൊപ്പം ഇടതുമുന്നണിയും ഒരുപോലെ സ്‌കോര്‍ ചെയ്തു നില്‍ക്കുമ്പോഴാണ് എന്തു ചെയ്യണമെന്നറിയാത്ത പ്രതിസന്ധി പ്രതിപക്ഷത്തെ കുഴപ്പിക്കുന്നത്. കെപിസിസി പ്രസിഡന്റിനൊഴിച്ച് പ്രതിപക്ഷനേതാവിനും മുന്‍മുഖ്യമന്ത്രിക്കും ഘടകകക്ഷി നേതാക്കള്‍ക്കും സര്‍ക്കാരിനൊപ്പം ചേരുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ അതിലെ രാഷ്ട്രീയമാണ് സുധീരന്‍ ചൂണ്ടിക്കാട്ടിയത്.

തീരുമാനം പുകഞ്ഞിരിക്കുമ്പോഴാണ് ഇന്നത്തെ യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷനേതാവ് സംയുക്തസമരത്തിന് പിന്തുണയറിയിച്ച് മാധ്യമങ്ങളെ കണ്ടത്. ചെന്നിത്തലയുടെ വാക്കുകളിലൂടെ മാധ്യമങ്ങള്‍ വായിച്ചെടുത്തത് ഈ തീരുമാനം വന്നിരിക്കുന്നത് സുധീരനെ തള്ളിക്കൊണ്ടാണ് എന്നായിരുന്നു. അവരതനുസരിച്ച് വാര്‍ത്ത എഴുതുകയും ചെയ്തു. സ്വാഭാവികമായും കെപിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടിയും വന്നൂ. സഹകരണസമരത്തിനു യുഡിഎഫില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നായിരുന്നു സുധീരന്‍ വ്യക്തമാക്കിയത്. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കാന്‍ പിന്തുണയ്ക്കും. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ സര്‍വകക്ഷി സംഘത്തോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ കാണും, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ തുടര്‍ സമരത്തെ കുറിച്ച് ആലോചിക്കുമെന്നുമാണ് സുധീരന്‍ പറഞ്ഞത്. തന്റെ നിലപാടിനെ ആരും തള്ളിയിട്ടില്ലെന്നു സുധീരന്‍ വ്യക്തമാക്കുന്നതോടെ ചെന്നിത്തല സുധീരനെയാണോ സുധീരന്‍ ചെന്നിത്തലയെയാണോ തള്ളിയതെന്ന അവ്യക്തതയായി മാധ്യമങ്ങള്‍ക്ക്.നിരീക്ഷിച്ചാല്‍ മനസിലാകുന്ന ഒന്ന്, ആരെ ആരെ തള്ളിയെന്നതല്ല, സഹകകരണപ്രശ്‌നത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഉണ്ടെന്നതാണ്. എന്നാലത് പതിവ് ഗ്രൂപ്പ് പോരിന്റെ പേരിലല്ല, രാഷ്ട്രീയമായാണ്. സുധീരന്‍ പറയുന്നതും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നു പറയുന്നതും രണ്ടുതരം രാഷ്ട്രീയമാണ്. ഇവരില്‍ ആരാണ് ശരി എന്നതല്ല, ഇവരില്‍ ആരു വിജയിക്കും എന്നതാണ് കോണ്‍ഗ്രസിന്റെ വിധി നിര്‍ണയിക്കുക. ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ സുധീരന്റെ നിലപാടിനെ തള്ളിയെന്ന വാര്‍ത്ത വിശ്വസിക്കേണ്ടതില്ല. സുധീരനൊഴികെയുള്ള പ്രധാന നേതാക്കളുടെയെല്ലാം അഭിപ്രായം യോജിച്ചുള്ള സമരമെന്നതായിരുന്നു. പ്രതിപക്ഷനേതാവും അതേ അഭിപ്രായക്കാരനായിരുന്നു.

നേരത്തെ സംയുക്തസമരമെന്ന ആവിശ്യത്തോട് സമ്മതം അറിയിക്കുന്നതു തന്നെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാത്രം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നു. ഈ ഗ്രൂപ്പില്‍ സുധീരന്‍ ഇല്ല. ഗള്‍ഫില്‍ ആയതിനാല്‍ കെപിസിസി പ്രസിഡന്റിനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല എന്നന്യായമാണ് മൂവര്‍ സംഘം സുധീരനോട് ഈ വിഷയത്തില്‍ അഭിപ്രായം ആരായാഞ്ഞതിനുള്ള ന്യായമായി പറയുന്നത്. എന്നാല്‍ തന്നോട് ആലോചിക്കാതെ തീരുമാനം എടുത്തതോ ഗ്രൂപ്പ് കളിച്ചെന്നോ അല്ല സുധീരന് ഈ വിഷയത്തില്‍ എതിരഭ്രിപായം ഉണ്ടാകാന്‍ കാരണം. മറിച്ച് സുധീരന്‍ രാഷ്ട്രീയമായി ചിന്തിച്ചു എന്നതാണ്.

നിയമസഭയില്‍ അടിയന്തരപ്രമേയം അടക്കമുള്ളവ കൊണ്ടുവന്ന് യുഡിഎഫ് ഭരിക്കുന്ന 13 ജില്ല സഹകരണബാങ്കുകളുടെയും ഭരണസമിതി പിരിച്ചുവിടാന്‍ സിപിഎം ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായുള്ള പരിശോധനകള്‍ നടത്തുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ സഹകരണസംഘങ്ങള്‍ പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിലെ അതേ അസഹിഷ്ണുത തന്നെയാണ് കോണ്‍ഗ്രസിന്റെ കീഴിലുള്ള സഹകരണബാങ്കുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം കാണിക്കുന്നതെന്നാണ് സുധീരന്‍ പറയുന്നത്. അങ്ങനെയുള്ളൊരു പാര്‍ട്ടിയുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ സഹകാരികള്‍ക്കുള്ള എതിര്‍പ്പാണ് സുധീരന്‍ ഉയര്‍ത്തി കാണിക്കുന്നത്. വിഎമ്മിനെ പൂര്‍ണമായി തള്ളിക്കളയാന്‍ രമേശിന് സാധിക്കാതെ വരുന്നതും വലിയതോതില്‍ സഹകാരികള്‍ സുധീരന്റെ അതേ നിലപാട് എടുക്കുന്നുണ്ട് എന്നതു തന്നെയാണ്. അതു തിരിച്ചറിയുന്നതുകൊണ്ടാണു സുധീരന്‍ സഹാകാരികളുടെ പിന്തുണയോടെ സിപിഎമ്മുമായി കൂട്ടുചേര്‍ന്ന് സമരം നടത്തേണ്ടെന്ന നിലപാടുമായി ഉറച്ചുനില്‍ക്കുന്നത്.

സുധീരന്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വീഴ്ച്ചയുമുണ്ട്. സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ ആ സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസിനായില്ല. സര്‍ക്കാരിനോട് അങ്ങോട്ട് ചെന്നു തങ്ങളും സമരത്തിനു പിന്തുണ നല്‍കാമെന്നു പറയുന്നതിനു പകരം സമരം ആദ്യം തുടങ്ങി അതിലേക്ക് സര്‍ക്കാരിനെ ക്ഷണിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അങ്ങനെയൊരു സുവര്‍ണാവസരം യുഡിഎഫ് കളഞ്ഞുകുളിച്ചു. തന്റെ അസാന്നിധ്യത്തിലായിരുന്നു ഇത്തരമൊരു നടപടി ഉണ്ടായതെന്നതിനാല്‍ തുടര്‍ന്നുള്ള നീക്കങ്ങളില്‍ സ്വയം തീരുമാനങ്ങള്‍ വേണ്ടെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ സുധീരനില്‍ നിന്നുണ്ടാകുന്ന എതിര്‍സ്വരം.

സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ ആര്‍ബിഐക്കു മുന്നില്‍ നടത്താന്‍ പോകുന്ന സമരത്തെ കുറച്ചു പറയുമ്പോള്‍ ഒറ്റയ്ക്കുള്ള സമരം വേണ്ടെന്നു പറയാനും ഒരുമിച്ചുമതിയെന്നും പറയാതിരുന്നിടത്തു യുഡിഫിന്റെ പൊളിറ്റിക്കല്‍ ടാക്റ്റിസ് പാളിയെന്നാണു സുധീരന്‍ പറയുന്നത്. ആദ്യം സമരത്തിനിറങ്ങുകയും സര്‍ക്കാരിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ കിട്ടുമായിരുന്ന പൊളിറ്റിക്കല്‍ മൈലേജ് വളരെ വലുതതായിരിക്കുമെന്ന തിരിച്ചറിവ് ഇല്ലാതെപോയെന്ന കുറ്റപ്പെടുത്തലും പരോക്ഷമായി ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും മേലിടുന്നു.

ഇന്നത്തെ യുഡിഎഫ് യോഗത്തിനുശേഷം സഹകരണപ്രശ്‌നത്തില്‍ സഹകരിച്ചുപോകുമെന്ന് ചെന്നിത്തല പ്രഖ്യാപിക്കുകയും, അതു തന്റെ നിലപാട് തള്ളിക്കൊണ്ടാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്ത സാഹചര്യത്തില്‍ സുധീരന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നു വിശദീകരണത്തിനു തയ്യാറായത് ഈ വിഴ്കള്‍ ഒന്നുകൂടി ബോധ്യപ്പെടുത്താന്‍ തന്നെയാണ്. ഡല്‍ഹിയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിനുശേഷം മാത്രമായിരിക്കും സഹകരണസമരത്തില്‍ യോജിച്ചു നില്‍ക്കണോ വേണ്ടയോ എന്നു തീരുമാനം എടുക്കൂ എന്നു സുധീരന്‍ പറഞ്ഞുറപ്പിക്കുന്നതും ഗ്രൂപ്പ് പോരിന്റെയോ വ്യക്തികളോടുള്ള നീരസത്തിന്റെയോ പുറത്തല്ല, മറിച്ച് കോണ്‍ഗ്രസിന്റെ രാഷ്ട്രീയവീഴ്ചകള്‍ തടയാനാണെന്നാണു നിരീക്ഷകര്‍ കരുതുന്നത്.മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ലീഗിന്റെ നിലപാടാണ്. ചെന്നിത്തലയെകൊണ്ട് സഹകരണസമരം എന്ന തീരുമാനം എടുപ്പിക്കന്നതില്‍ ലീഗിന് പങ്കുണ്ട്. അത് ലീഗിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാണ്. പിണറായി സര്‍ക്കാര്‍ വന്നശേഷം പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായിട്ടുപോലും ലീഗിന്റെ ഭാഗത്തു നിന്നും ശക്തമായ ഒരാരോപണമോ ആക്ഷേപമോ വന്നിട്ടില്ല എന്നും ശ്രദ്ധിക്കണം. പേരിനെന്തെങ്കിലും പറയുന്നതല്ലാതെ, ജയരാജന്‍ വിഷയത്തിലടക്കം ലീഗ് പതുങ്ങി നില്‍ക്കുകയാണ് ചെയ്തത്. അതൊരു സൂചനയാണ്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന സഹകരണത്തിനുള്ള സൂചന. ഇപ്പോള്‍ സഹകരണസമരത്തിലും സിപിഎമ്മിനൊപ്പം യുഡിഎഫിനെ കൊണ്ടെത്തിക്കുമ്പോഴും ലീഗ് ലക്ഷ്യമിടുന്നത് അതു തന്നെയാണ്. അക്കാര്യം ചെന്നിത്തല മനസിലാക്കുന്നില്ലെങ്കിലും സുധീരന്‍ തിരിച്ചറിയുന്നുണ്ട്.

കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎം വേണോ കോണ്‍ഗ്രസ് മതിയോ എന്ന സംശയത്തിനു ജനങ്ങള്‍ക്കിടയില്‍ അഭിപ്രായരൂപീകരണം നടന്നുവരികയാണ്. നിലവില്‍ സഹകരണവിഷയത്തില്‍ അടക്കം ചാമ്പ്യന്‍മാരായി നില്‍ക്കുന്നത് സിപിഎമ്മാണ്. അങ്ങനെയുള്ളപ്പോള്‍ കോണ്‍ഗ്രസ് കളിക്കേണ്ടത് ബുദ്ധിപൂര്‍വമുള്ള കളിയാണ്. സിപിഎമ്മിനൊപ്പം ചേര്‍ന്നുപോകുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരേയുള്ള പോരാട്ടത്തില്‍ ഒരു ബി ടീം തലത്തിലേക്ക് മാറിപ്പോകും. അതൊഴിവാക്കാന്‍ സിപിഎമ്മില്‍ ഉള്ളതിനേക്കാള്‍ ജനവിശ്വാസം കോണ്‍ഗ്രസ് ആര്‍ജ്ജിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയില്‍ നിന്നു തുടങ്ങി ഇപ്പോള്‍ വരെ ആക്കാര്യത്തില്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്ന യാതൊന്നും ആ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നിടത്ത് പുതിയ സാഹചര്യങ്ങള്‍ കൂടി ബുദ്ധിപൂര്‍വം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് സുധീരന്‍ മനസിലാക്കിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് എന്നും സ്വയം കുഴിതോണ്ടുന്ന കാര്യത്തില്‍ കേമന്മാര്‍ ആയതിനാല്‍ സഹകരണവിഷയത്തിലും സാധാരണ അണികള്‍ക്ക് ആശങ്കപ്പെടാന്‍ ഏറെയുണ്ട്.


Next Story

Related Stories