TopTop
Begin typing your search above and press return to search.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടുമ്പോള്‍ ആശുപത്രിക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്താന്‍ ഇത് അക്ഷയ കുമാര്‍ സിനിമയല്ല: ശേഖര്‍ ഗുപ്ത എഴുതുന്നു

ലക്ഷക്കണക്കിന് തൊഴിലാളികള്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടുമ്പോള്‍ ആശുപത്രിക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്താന്‍ ഇത് അക്ഷയ കുമാര്‍ സിനിമയല്ല: ശേഖര്‍ ഗുപ്ത എഴുതുന്നു

അടച്ചുപൂട്ടല്‍ എത്രത്തോളം വിജയമായിരുന്നു? ഈ നിലയില്‍ ആയിരുന്നില്ലെങ്കില്‍ സാഹചര്യം എത്രകണ്ട് മോശമായിരുന്നേനെ?

കൂടുതല്‍ ദരിദ്രരായ 138 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് എങ്ങനെയാണ് സാഹസത്തിന് മുതിരാന്‍ സാധിക്കുക? 'ജീവനുണ്ടെങ്കിലേ സമ്പത്തുള്ളൂ' എന്ന് പ്രധാനമന്ത്രി പറഞ്ഞില്ലേ? ജീവനുണ്ട്. ഏതൊരു പ്രധാന രാജ്യത്തിന്റെ കണക്കെടുത്താലും കൊറോണ വൈറസ് മൂലമുള്ള പ്രതി ദശലക്ഷം മരണനിരക്ക് ഇന്ത്യയിലാണ് ഏറ്റവും കുറവ്. അതുകൊണ്ട് നിങ്ങളുടെ ദൈവത്തോട് നന്ദി പറയുക. ഇതുവരെ കുഴപ്പമൊന്നുമില്ല. എന്നിട്ട് വീടനകത്തേക്ക് പോകുക, ശരിക്കും?

നമ്മള്‍ ജീവിച്ചിരിക്കുന്നതില്‍ വിജയിച്ചുവെന്ന് പറയാം. പക്ഷെ, നമ്മുടെ ജീവനോപാധികള്‍ ആഴത്തില്‍ ശീതീകരിക്കപ്പെട്ടിരിക്കുകയാണ്. നിരവധി സഹ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, അവ ഉടനടിയൊന്നും മടങ്ങിവരാന്‍ പോകുന്നുമില്ല. 1991ന് ശേഷം ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തപ്പെട്ട കോടിക്കണക്കിന് ആളുകള്‍, ഒരു അര്‍ദ്ധ ശ്വാസത്തിന്റെ ദൂരത്തില്‍ അവിടേക്ക് മടങ്ങുന്നതിന്റെ വക്കിലാണ്. തീര്‍ച്ചയായും നമ്മള്‍ ജീവിച്ചിരിക്കുന്നു. പക്ഷെ, 1979ലെ ഹിറ്റ് ചിത്രമായ മിസ്റ്റര്‍ നട്വര്‍ലാലിലെ അമിതാഭ് ബച്ചന്റെ 'ഈ ജീവിതം ഒരു ജീവിതമാണോ, ലല്ലൂ?' എന്ന പ്രസിദ്ധമായ സംഭാഷണശകലം ഓര്‍ക്കുക.

അല്ലെങ്കില്‍ ഞാന്‍ ഹിന്ദി സിനിമ കലണ്ടറിനെ അഞ്ചു വര്‍ഷം പിറകിലേക്ക് മാറ്റുകയും ഒരു നല്ല കവിതയുടെ സഹായത്തോടെ വിരസമായ ചില വിശദീകരണം നല്‍കുകയും ചെയ്യാം. ആഴത്തില്‍ വിഷാദാത്മകത പുലര്‍ത്തിയ ഒരു കവിയായാണ് അന്തരിച്ച ഗോപാല്‍ദാസ് നീരജ് (1925-2018). ലിഖേ തോ ഘാത് തുജെയും (ശശി കപൂറിന് വേണ്ടി, കന്യാദാന്‍, 1968) ഫൂലോം കെ രംഗ് സെയും (ദേവ് ആനന്ദ്, പ്രേം പൂജാരി, 1970) പോലുള്ള കാല്‍പിക ഭംഗിയുള്ള ചില വരികള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെന്നുള്ളത് നേരാണ്.

പക്ഷെ, കാവ്യ അനശ്വരതയ്ക്ക് വേണ്ടിയുള്ള സമ്മതിമുദ്ര പതിഞ്ഞത് അദ്ദേഹത്തിന്റെ വിഷാദാത്മക വരികളുടെ പേരിലായിരുന്നു: കര്‍വാന്‍ ഗുസാര്‍ ഗയാ, ഗുബാര്‍ ദേഖേ രഹേ... (സാര്‍ത്ഥവാഹക സംഘങ്ങള്‍ എന്നെ കടന്നുപോയി, അതിന്റെ പൊടിപടലങ്ങള്‍ പറക്കുന്നത് ഞാന്‍ നോക്കി നിന്നു). റോഷന്റെ ഈണത്തില്‍ റാഫി പാടിയ, 1966-ല്‍ പുറത്തിറങ്ങിയ തനൂജ ചിത്രമായ നയി ഉമര്‍ കി നയീ ഫസല്‍ എന്ന ചിത്രത്തിലെ ഈ ഗാനം, വഞ്ചിക്കപ്പെട്ട, പരാജയപ്പെട്ട കാമുകന്റെ ആത്മാനുകമ്പയുടെ പരമമായ ഗീതമായിരുന്നു.

അത് അത്രമേല്‍ വിഷാദാത്മകമായിരുന്നതിനാല്‍ തന്നെ, ഞങ്ങളുടെ സ്‌കൂള്‍ കാലഘട്ടത്തില്‍ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ ഹാസ്യാനുകരണങ്ങള്‍ ഉണ്ടായതും ആ പാട്ടിനായിരുന്നു. അച്ചടിക്കാന്‍ കൊള്ളാവുന്ന ഒരു പാരഡി ശകലത്തില്‍, പല്ലവി ഇങ്ങനെ മാറ്റപ്പെട്ടിരുന്നു: മര്‍ ഗയാ മരീസ് ഹം ബുഖാര്‍ ദേഖ്താ രഹാ (താപനില പരിശോധിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്, പക്ഷെ രോഗി മരിച്ചുപോയി).

താപനില പരിശോധിക്കുന്നതും കൊറോണ വൈറസും തമ്മിലുള്ള ബന്ധവും നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു ദുരന്തത്തെ നിസാരവത്ക്കരിക്കുന്നു എന്ന ആരോപിക്കപ്പെടുന്നതിന്റെ അപകടവും എനിക്ക് മനസിലാക്കാന്‍ സാധിക്കും. പക്ഷെ, മതിയായ ആലോചനകളില്ലാതെ ഏകദേശം സമാനസ്വഭാവമുള്ള അടച്ചുപൂട്ടല്‍ തന്നെ തുടരുന്നത് അതിന് തുല്യമായ അവസ്ഥയാണ്. വൈറസ് നമ്മെ കൊന്നേക്കില്ലെങ്കിലും തൊഴിലില്ലായ്മയും പട്ടിണിയും ഏകാന്തതയും വിഷാദവും ആത്മാഭിമാന നഷ്ടവും നമ്മെ കൊല്ലും. ക്വാറന്റൈന്‍ ഒരു മരണക്കിടക്കയായി പരിണമിക്കരുത്.

ഈ അവസ്ഥ പെട്ടെന്നൊന്നും മാറാന്‍ സാധ്യതയില്ലെന്നാണ് രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടല്‍ നീട്ടാനും നിറങ്ങളാല്‍ വിഭജിക്കപ്പെട്ട നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം ഇടങ്ങളിലും നിയന്ത്രിത ഇളവുകള്‍ മാത്രം നല്‍കാനുമുള്ള സര്‍ക്കാരിന്റെ ഒടുവിലത്തെ തീരുമാനം സൂചിപ്പിക്കുന്നത്. പരമമായ അധികാരം പരമമായി ദുഷിപ്പിക്കും എന്നത് ഒരു പഴയ ചൊല്ലാണ്. ഏത് രാജ്യത്തിന്റെയോ സ്ഥാപനത്തിന്റെയോ ചരിത്രം എടുത്ത് നോക്കൂ. പരമമായ അധികാരത്തിന് നമ്മെ പരമമായി ഉന്മത്തരാക്കാനും സാധിക്കും.

അതുകൊണ്ടാണ് സംസ്ഥാനങ്ങളുടെ കാര്യങ്ങളെ മാത്രമല്ല, നമ്മള്‍ വ്യക്തികളുടെ ദൈനംദിന ജീവിതത്തെ പോലും സൂക്ഷ്മ നിയന്ത്രണത്തിന് വിധേയമാക്കുന്നത്. ജനങ്ങളുടെ മേല്‍ ഇത്തരത്തിലുള്ള അധികാരം കൂടി ലഭിക്കുമ്പോള്‍, ചെറുകിട റോബര്‍ട്ട് മുഗാബെമാരായി ഉദ്യോഗസ്ഥര്‍ പെരുമാറാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാനേ നിങ്ങള്‍ക്ക് സാധിക്കൂ. ഹരിയാനയുടെ കാര്യം നോക്കൂ. മാധ്യമ പ്രവര്‍ത്തകര്‍ക്കും (കാര്യമാക്കേണ്ട) ഡോക്ടര്‍മാര്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ജില്ലയുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ക്യാമറയുടെ മുന്നില്‍ പ്രഖ്യാപിക്കുന്നു. നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമായ മെഡിസിറ്റി എന്ന് വിളിക്കപ്പെടുന്ന ഒന്ന് സംസ്ഥാനം അഭിമാനപൂര്‍വം നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ നിന്നും നൂറുകണക്കിന് രോഗികളും യാത്രക്കാരും ആരോഗ്യപ്രവര്‍ത്തകരും ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നു.

ഇന്ത്യയുടെ മൂന്നാമത്തെ സിലിക്കണ്‍ വാലി എന്ന് ഭാവിക്കുന്ന ഒരു ജില്ല അടച്ചിടുന്നത് കിറുക്കാണോ എന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ ഡല്‍ഹിക്കും രാജസ്ഥാനും ആവശ്യമായ ഒരു സഞ്ചാര മാര്‍ഗ്ഗം കൂടിയാണ് ആ മേഖല. പരമമായ അധികാരം അധികാരസ്ഥാപനങ്ങളെ ഭ്രാന്തന്മാരാക്കുന്നതിന്റെ ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കുന്നത് അസംബന്ധമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? കൊറോണ വൈറസിനെ ഡല്‍ഹിക്കുള്ളില്‍ തന്നെ പിടിച്ചുനിറുത്തുന്നതിനായി അതിര്‍ത്തികളിലെ മര്യാദയ്ക്കുള്ള റോഡുകള്‍ സര്‍ക്കാര്‍ കുഴിച്ചുമറിക്കുന്നതിനെ കുറിച്ച് പ്രിന്റിന്റെ ലേഖിക ജ്യോതി യാദവ് നല്‍കിയ വാര്‍ത്ത വായിച്ച് നോക്കൂ. നല്ല ആശയം. കൊറോണ ഇനി ഒരു ടി-72 ടാങ്കും ഉരുട്ടിക്കൊണ്ടു വന്നേക്കാം എന്നതിനാല്‍ ഒരു കിടങ്ങ് തന്നെ കുഴിക്കുക.

ലോകത്തിന്റെ കരുതല്‍ ധനത്താല്‍ അനുഗ്രഹീതമായ യുഎസിനെ പോലെ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള കാശോ ധന സുരക്ഷിതത്വമോ ഇന്ത്യക്ക് ഇല്ലായിരിക്കാം. പക്ഷെ, അധികം താമസമില്ലാതെ നമ്മള്‍ കാണാന്‍ പോകുന്നത് പോലെ, നമ്മുടെ ഉത്സാഹത്തെ താങ്ങിനിറുത്തുന്നതിന് നമുക്ക് കര, നാവിക, വ്യോമ സേനകളുണ്ട്. യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസങ്ങളും, വാദ്യസംഘങ്ങളും എന്നുവേണ്ട, കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മേല്‍ നടത്തുന്ന പുഷ്പവൃഷ്ടി പോലും ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് അനുയോജ്യമായ മനോഹര പ്രമേയങ്ങളാണ്. പക്ഷെ, തൊഴില്‍ ഏണിപ്പടിയുടെ ഏറ്റവും അടിത്തട്ടിലുള്ള ലക്ഷക്കണിക്കിന് തൊഴിലാളികള്‍ ഇപ്പോഴും കാല്‍നടയായി വീടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോള്‍, 'അവര്‍ കേക്ക് തിന്നട്ടെ', എന്നതിന്റെ 2020ലെ യഥാര്‍ത്ഥ പര്യായമായി അത് മാറുന്നു.

മറുവശത്ത്, നാം വീണ്ടും പൂര്‍വസ്ഥിതിയെ ഉണ്ടാക്കിയെടുക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ തൊഴിലുകള്‍ നഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല, അവരെ ആവശ്യവുമാണ് എന്നുള്ള ഒരു ഉറപ്പുമാണ് ആ തൊഴിലാളികള്‍ക്ക് വേണ്ടത്. ഈ കൂട്ടപ്പലായനം ആഘോഷിക്കാനെന്ന പോലെയുള്ള ഈ വ്യോമഭ്യാസങ്ങള്‍ ഒരുതരം അശ്ലീലതയാണെന്ന് ഞാന്‍ ഭയപ്പെടുന്നു.

വിയറ്റ്‌നാം യുദ്ധക്കാലത്ത്, യുഎസ് കരസേനയുടെ ദൈനംദിന പത്രക്കുറിപ്പിന് മാധ്യമ പ്രവര്‍ത്തകര്‍ ഒരു ഇരട്ടപ്പേര് നല്‍കിയിരുന്നു: 'അഞ്ചു മണി വിഡ്ഢിത്തങ്ങള്‍'. ഒരു ഭരണകൂടം ജനങ്ങളെ ശിശുക്കളായി പരിഗണിക്കാന്‍ ആരംഭിക്കുമ്പോള്‍ അത്തരത്തിലുള്ള സ്ഥിതിവിശേഷങ്ങള്‍ സംഭവിക്കും. രാജ്യത്തെ കോവിഡ്-19 സാചര്യങ്ങള്‍ അവലോകനം ചെയ്യാനെന്ന പേരില്‍ ന്യൂഡല്‍ഹിയില്‍ എല്ലാ ദിവസവും നടക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനം ശ്രദ്ധിക്കുക.

തികച്ചും നിരുപദ്രവകാരികളും അങ്ങേയറ്റത്തെ വിരസത ജനിപ്പിക്കുന്നവരും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നവരുമായ അവരെ നിങ്ങള്‍ക്ക് വേണമെങ്കില്‍ 'നാലുമണി വിഡ്ഢികള്‍' എന്ന് വിളിക്കാം. ഒരു ദശാബ്ദത്തിലേറെ കാലത്തിന് ശേഷം കഴിഞ്ഞ ദിവസം ഒരു പിഐബി പത്രസമ്മേളനത്തിന് പോയപ്പോള്‍ അവരില്‍ ഒരാളെ ഞാന്‍ കാണുക മാത്രമല്ല, ഞാനൊരു ചോദ്യം ചോദിക്കുകയും ചെയ്തു: "സജീവ രോഗികളില്‍ എത്ര പേര്‍ വെന്റിലേറ്ററിലാണ്?", അവിടെയുണ്ടായിരുന്ന ഒരേയൊരു ശാസ്ത്രജ്ഞന്‍/ഡോക്ടര്‍ അതിനുത്തരം പറഞ്ഞില്ലെങ്കിലും സിവില്‍ ഉദ്യോഗസ്ഥന്‍ ഉത്തരം പറഞ്ഞു. ഗുരുതരമായ അവസ്ഥയിലുള്ള രോഗികളുടെ ശതമാനം ഐസിഎംആര്‍/ആരോഗ്യ അധികൃതര്‍ സ്ഥിരമായി പ്രഖ്യാപിക്കുന്നുണ്ടെന്നോ മറ്റോ ആയിരുന്നു ഉത്തരം. ഒരു തുടരന്വേഷണമോ ഒന്നുമില്ല. പരിചിതമായ പഴയ ഉദ്യോഗസ്ഥ തന്ത്രത്തിന്റെ പുനഃപ്രസ്താവം മാത്രം: "ഞാന്‍ നിങ്ങളോട് ഒരിക്കലും കള്ളം പറയില്ല. പക്ഷെ നിങ്ങള്‍ എന്റെ പേര് ചോദിച്ചാല്‍, ഞാന്‍ എന്റെ ജനന തീയതി നിങ്ങളോട് പറയും".

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 രോഗിയെ കണ്ടെത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷം നമുക്ക് ദൈനംദിന സ്‌കോര്‍ ബോര്‍ഡിനെക്കാള്‍ ഉപരിയായ എന്തെങ്കിലും ലഭിക്കണം. ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തുതുമായ കാര്യങ്ങളെ കുറിച്ചുള്ള ദൈനംദിന നിര്‍ദ്ദേശങ്ങളും പിന്നീട് അതിന്റെ വ്യക്തത വരുത്തലും നമ്മള്‍ അര്‍ഹിക്കുന്നില്ല തന്നെ.

മുന്നോട്ടുള്ള വഴി, സാമാന്യനില കൈവരിക്കാനുള്ള ഒരു വഴിയാണ് നമുക്ക് വേണ്ടത്. അല്ലെങ്കില്‍, അതിജീവനത്തിനായി സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും ലഘുരേഖകള്‍ക്കും കാത്തിരിക്കുന്ന യാചകരുടെ ഒരു ദേശമായി നമ്മള്‍ അവസാനിക്കും. തുഗ്ലക്കിനെ പോലും അഭിമാനം കൊള്ളിക്കുന്ന രീതിയില്‍, യാതൊരു വീണ്ടുവിചാരവുമില്ലാത്ത എല്ലാവര്‍ക്കും ഒരേ അളവില്‍ പകര്‍ന്നു കൊടുക്കുന്ന ഈ അടച്ചുപൂട്ടലിനോട് എത്ര പ്രചോദനാത്മകമായ വഴക്കമാണ് ഇന്ത്യക്കാര്‍ പ്രകടിപ്പിക്കുന്നതെന്ന വസ്തുത നമ്മെ വല്ലാതെ ഭ്രമിപ്പിക്കുന്നു.

നമ്മള്‍ പേടിച്ചുതൂറികളാണ് എന്നതാണ് നമ്മള്‍ ഇത്രയും വഴക്കം പ്രകടിപ്പിക്കുന്നതിന്റെ കാരണം. ഭയം, വിധിവിശ്വാസം, ആത്മാനുകമ്പ ഇതെല്ലാം കൊറോണ വൈറസിനേക്കാള്‍ കൂടുതല്‍ വ്യാപിക്കുന്നതും കൂടുതല്‍ വിനാശകാരിയും കൂടുതല്‍ ആസക്തിയുണ്ടാക്കുന്നതുമായ വൈറസുകളാണ്. തീവ്രാഭിലാഷത്തിന്റെയും സംരംഭകത്വ ത്വരയുടെയും പേരില്‍ ലോകം മുഴുവന്‍ വാഴ്ത്തുന്ന 138 കോടി ജനങ്ങളുള്ള ഈ രാജ്യം ഇപ്പോള്‍ കിടങ്ങുകളില്‍ കുത്തിയിരിക്കുകയാണ്. നമ്മള്‍ ഇപ്പോഴും മരിച്ചിട്ടില്ല എന്നതില്‍ നന്ദിയുള്ളവരായിരിക്കണം.

ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ മെഡിക്കല്‍ കോമയിലേക്ക് അയയ്ക്കുന്നത്, പുനരുജ്ജീവിക്കാന്‍ ആ ശരീരത്തെ അനുവദിക്കുന്നത് സാധുവായ ആശയമാണെന്ന് നമുക്കറിയാം. പക്ഷെ എത്രയും പെട്ടെന്ന് തന്നെ നിങ്ങള്‍ അതിനെ ഉയര്‍ത്തിയെടുക്കണം. പക്ഷെ ആ രോഗിയെ മയക്കത്തില്‍ തുടരാന്‍ അനുവദിക്കുകയും ശരീരത്തിന്റെ താപനില പരിശോധിക്കുന്ന അവസരത്തിലെല്ലാം നിങ്ങള്‍ സ്വയം തോളില്‍ തട്ടുകയും ചെയ്യുന്ന പക്ഷം നീരജിന്റെ കവിതയുടെ ഹാസ്യാനുകരണത്തില്‍ പറയുന്ന രോഗലക്ഷണത്തിലേക്ക് നിങ്ങള്‍ വീഴാനുള്ള സാധ്യത കൂടുതലാണ്: രോഗി മരിച്ചുകൊണ്ടിരുന്നപ്പോഴും താപനില പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു നിങ്ങള്‍ എന്ന്.

(ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച കോളത്തിന്റെ പരിഭാഷ. ഐപിഎസ്എം ഫൌണ്ടേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

ദി പ്രിന്‍റ് എഡിറ്റര്‍ ഇന്‍ ചീഫ്, ചെയര്‍മാന്‍

Next Story

Related Stories