TopTop
Begin typing your search above and press return to search.

സ്‌കോര്‍പീന്‍ രഹസ്യ ചോര്‍ച്ച കോര്‍പറേറ്റ് ചാരപ്പണിയോ?

സ്‌കോര്‍പീന്‍ രഹസ്യ ചോര്‍ച്ച കോര്‍പറേറ്റ് ചാരപ്പണിയോ?

ടീം അഴിമുഖം

എന്തെങ്കിലുമൊരു രഹസ്യം ചോര്‍ന്നാല്‍ അത് മുഖ്യ ശത്രുവിന്റെ കയ്യില്‍ തന്നെ എത്തിയിരിക്കുമെന്ന പൊതു അനുമാനത്തെ കണക്കിലെടുക്കുകയാണെങ്കില്‍ ഇന്ത്യ ഇപ്പോള്‍ ചെന്നുചാടിയിരിക്കുന്നത് ഗൗരവമേറിയ ഒരു പ്രശ്‌നത്തിലാണ്. സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രഹസ്യങ്ങള്‍ ചോര്‍ന്നെന്ന ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകള്‍, ഇന്ത്യ നടപ്പാക്കിയ ഏറ്റവും ചെലവേറിയ പ്രതിരോധ കരാറായ 20,000 കോടിയിലേറെ രൂപയുടെ പദ്ധതിക്ക് ഗൗരവമേറിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

ഫ്രാന്‍സുമായുള്ള സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച് ഉടന്‍ തന്നെ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാക്കാനിരുന്ന സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയെക്കുറിച്ചുള്ള രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുധനാഴ്ച തന്നെ ഇന്ത്യ അന്വേഷണമാരംഭിച്ചിട്ടുണ്ട്. എത്രത്തോളം രഹസ്യ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് അന്വേഷിക്കുന്നത്.

റഫേല്‍ യുദ്ധവിമാന കരാര്‍ അടക്കം ഇന്ത്യയുമായി ശതകോടികളുടെ പ്രതിരോധ ഇടപാടുകള്‍ക്കായി ഫ്രഞ്ച് കമ്പനികള്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ രഹസ്യ ചോര്‍ച്ചയുടെ സ്രോതസ്സ് കണ്ടെത്തിയാല്‍ അത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സുപ്രധാന പ്രതിരോധ ബന്ധത്തിനുമേല്‍ ഗുരുതരമായ ആഘാതമേല്‍പ്പിച്ചേക്കാം. 'ഏതൊക്കെ വിവരങ്ങളാണ് ചോര്‍ന്നത്, എത്രത്തോളം ചോര്‍ന്നിട്ടുണ്ട് എന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍ നാവിക സേനാ മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്' എന്നാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍ പറഞ്ഞത്. ഹാക്കിംഗ് നടന്നിട്ടുണ്ടെന്നും എന്നാല്‍ അന്തര്‍വാഹിനിയുടെ സംയോജനം നടക്കുന്നത് ഇന്ത്യയില്‍ ആയതിനാല്‍ മുഴുവന്‍ രഹസ്യങ്ങളും ചോരാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദി ഓസ്‌ട്രേലിയന്‍ പത്രം രേഖകള്‍ സഹിതം ചോര്‍ച്ചയുടെ വാര്‍ത്ത വന്‍പ്രാധാന്യത്തോടെ നല്‍കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. 'ഞെട്ടിപ്പിക്കുന്ന ഈ രഹസ്യ ചോര്‍ച്ചയില്‍ 22,400 പേജുകള്‍ വരുന്ന രേഖകള്‍ ദി ഓസ്‌ട്രേലിയനു ലഭിച്ചു. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി രൂപകല്‍പ്പന ചെയ്ത ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ മുഴുവന്‍ യുദ്ധ ശേഷി രഹസ്യങ്ങളും ഈ രേഖകളില്‍ വിശദമായുണ്ട്,' പത്രം പറയുന്നു. ഫ്രാന്‍സുമായുള്ള സാങ്കേതിക വിദ്യാ കൈമാറ്റ കരാര്‍ പ്രകാരം മസഗാവ് ഡോക്‌സ് ലിമിറ്റഡിലാണ് ഈ അന്തര്‍വാഹിനികള്‍ പണിതു കൊണ്ടിരിക്കുന്നത്.

ഈ രഹസ്യ ചോര്‍ച്ചയുടെ സ്രോതസ്സ് വിദേശത്താണെന്നാണ് നാവിക സേന പറയുന്നത്. ലഭ്യമായ വിവരങ്ങളെല്ലാം പരിശോധിച്ചു വരികയാണെന്നും ബന്ധപ്പെട്ട വിദഗ്ധര്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും സേനാ ആസ്ഥാനം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ചോര്‍ന്ന രേഖകളിലുള്ള അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ഇന്ത്യ വാങ്ങിയ സ്‌കോര്‍പീനുകളുടേതില്‍ നിന്നും വ്യത്യസ്തമാണെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്.

ഈ രഹസ്യ ചോര്‍ച്ചയ്ക്ക് വലിയ ആഘാതമേല്‍പ്പിക്കാനാകില്ലെന്ന നിലപാടിലാണ് ഔദ്യോഗിക വൃത്തങ്ങള്‍. പുറത്തു വന്ന രേഖകളില്‍ ഉല്‍പ്പാദകര്‍ പറയുന്ന സാങ്കേതിക വിശദാംശങ്ങളാണുള്ളതെന്നും എന്നാല്‍ പ്രവര്‍ത്തന വിശദാംശങ്ങള്‍ അന്തര്‍വാഹിനി, സൈന്യത്തില്‍ ഉള്‍പ്പെടുത്തി കടലിലിറക്കുമ്പോള്‍ നാവിക സേനയാണ് നിര്‍ണയിക്കുകയെന്നും അവര്‍ പറയുന്നു. രഹസ്യ ചോര്‍ച്ച ഉണ്ടായി എന്നത് തെറ്റാണ്, അതിന്റെ സ്വാധീനവും നിസ്സാരമാണെന്ന് ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'റെസ്ട്രിക്ടറ്റഡ് സ്‌കോര്‍പീന്‍ ഇന്ത്യ' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഡിസിഎന്‍എസ് രേഖകള്‍ ഈ അന്തര്‍വാഹിനികളുടെ ഏറ്റവും വലിയ രഹസ്യമായ യുദ്ധ ശേഷികളാണ് വിശദീകരിക്കുന്നതെന്നും പാക്കിസ്ഥാന്‍, ചൈന പോലുള്ള ഇന്ത്യയുടെ തന്ത്രശാലികളായ വൈരികള്‍ക്ക് ഇവ ലഭിക്കുകയാണെങ്കില്‍ അവര്‍ക്കത് വലിയ നേട്ടമാകുമെന്നും ദി ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചോര്‍ന്ന രേഖകളില്‍ അന്തര്‍വാഹിനിയുടെ മാഗ്നറ്റിക്, ഇലക്ട്രോ മാഗ്നറ്റിക്, ഇന്‍ഫ്രാ റെഡ് വിവരങ്ങളും ടോര്‍പിഡോ തൊടുത്തുവിടുന്ന സംവിധാനത്തിന്റെ വിശദാംശങ്ങളും യുദ്ധ സന്നാഹങ്ങളുടെ വിവരവും വെളിപ്പെടുത്തുന്നു. ഈ വിവരങ്ങള്‍ 2011-ല്‍ ഇന്ത്യയ്ക്കു വേണ്ടി ഫ്രാന്‍സില്‍ വച്ച് എഴുതപ്പെട്ടതാണെന്നും ഡിസിഎന്‍എസ് സബ് കോണ്‍ട്രാക്ടറായി ജോലിചെയ്ത ഒരു മുന്‍ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനാണ് ഇത് എടുത്തതെന്ന് സംശയിക്കപ്പെടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ നിന്നും ഈ വിവരം ഒരു ദക്ഷിണേഷ്യന്‍ രാജ്യത്തെ ഒരു കമ്പനിക്കു ലഭിച്ചു; പിന്നീട് പല കൈമാറ്റങ്ങള്‍ക്കും ശേഷമാണ് ഒടുവില്‍ ഒരു സാധാരണ മെയിലായി ഓസ്‌ട്രേലിയയിലെ ഒരു കമ്പനിക്കു ലഭിച്ചത്.

ഈ രഹസ്യ രേഖകള്‍ക്കൊപ്പം ചിലി, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള ഡിസിഎന്‍എസിന്റെ ഇടപാടുകളുടെ രഹസ്യ ഫയലുകള്‍ കൂടി ഉള്ളതിനാല്‍ രഹസ്യ ചോര്‍ച്ചയുടെ സ്രോതസ്സ് ഫ്രാന്‍സ് ആയിരിക്കാനാണ് സാധ്യതയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഈ ഡിസിഎന്‍എസ് പദ്ധതികള്‍ക്ക് ഇന്ത്യയുമായി ബന്ധമില്ല. ഫ്രാന്‍സിലെ ഡിസിഎന്‍എസില്‍ നിന്ന് തന്നെയാണ് രഹസ്യം ചോര്‍ന്നതെന്ന സംശയം ഇത് ബലപ്പെടുത്തുന്നു,' റിപ്പോര്‍ട്ട് പറയുന്നു.

വരും ദശകങ്ങളില്‍ നാവിക സേനയുടെ പോര്‍മുഖങ്ങളായി മുന്‍നിരയില്‍ അണിനിരത്താനുള്ളവയാണ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ എന്നതു കൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഇപ്പോള്‍ കടലില്‍ പരീക്ഷണം ഓട്ടം നടത്തിക്കൊണ്ടിരിക്കുന്ന കല്‍വരി എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യ സ്‌കോര്‍പീന്‍ അന്തര്‍വാഹിനി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യാനിരിക്കുകയാണ്. മറ്റു സ്‌കോര്‍പീനുകള്‍ ഒമ്പതു മാസത്തെ ഇടവേളകളിലും കമ്മീഷന്‍ ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സേനയില്‍ അന്തര്‍വാഹിനികളുടെ അപര്യാപ്ത ഉള്ളതിനാല്‍ കൂടുതല്‍ സ്‌കോര്‍പീനുകള്‍ക്കായി ഓര്‍ഡര്‍ നല്‍കാന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ നാവിക സേനയ്ക്കു വേണ്ടി പുതിയ അന്തര്‍വാഹിനികള്‍ വിതരണം ചെയ്യാനുള്ള 38 ശതകോടി യുഎസ് ഡോളറിന്റെ കരാര്‍ ഡിസിഎന്‍എസ് ഈയിടെ നേടിയെടുത്ത പശ്ചാത്തലത്തില്‍ ഈ രഹസ്യ ചോര്‍ച്ച ഒരു കോര്‍പറേറ്റ് ചാരപ്പണിയാണെന്ന സംശയവും ബലപ്പെട്ടുവരികയാണ്.


Next Story

Related Stories