TopTop
Begin typing your search above and press return to search.

പാനമ രേഖകള്‍; മാധ്യമ വാലാട്ടികള്‍ കാണാത്ത പടിഞ്ഞാറന്‍ കോര്‍പ്പറേറ്റുകള്‍

പാനമ രേഖകള്‍; മാധ്യമ വാലാട്ടികള്‍ കാണാത്ത പടിഞ്ഞാറന്‍ കോര്‍പ്പറേറ്റുകള്‍

ക്രെയ്ഗ് മുറെ

മൊസാക് ഫൊന്‍സേക രേഖകള്‍ ചോര്‍ത്തിയത് ആരായാലും അവരെ അതിനു പ്രേരിപ്പിച്ചത് അതിസമ്പന്നരെ അഴിമതിയിലൂടെ നേടിയ സമ്പത്ത് ഒളിപ്പിക്കാനും നികുതി വെട്ടിക്കാനും സഹായിക്കുന്ന വ്യവസ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ആഗ്രഹമാണ്. പനാമ അഭിഭാഷകര്‍ ഒളിപ്പിച്ചുവച്ച സമ്പത്ത് പ്രധാന്യമര്‍ഹിക്കുന്ന ഒരു ശതമാനത്തിന്റേതാണ്. അത് പുറത്തുവരുന്നത് അതിമനോഹരമായ കാര്യവുമാണ്.

നിര്‍ഭാഗ്യവശാല്‍ ചോര്‍ത്തിയ വ്യക്തി അത് പരസ്യമാക്കാന്‍ പടിഞ്ഞാറന്‍ കോര്‍പറേറ്റ് മാധ്യമങ്ങളെയാണ് ഉപയോഗിച്ചത്. ഫലമോ, ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ പനാമ ലീക്ക് വാര്‍ത്ത മിക്കവാറും വ്‌ളാഡിമിര്‍ പുടിനെയും തട്ടിപ്പുകാരനായ സെല്ലോ വായനക്കാരനെയും പറ്റിയാണ്. ഞാന്‍ ആ വാര്‍ത്ത വിശ്വസിക്കുന്നു. പുടിന്‍ കുറ്റക്കാരനാണെന്നതില്‍ എനിക്കു സംശയമില്ല.

എന്നാല്‍ എന്തിന് റഷ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം? മൊസാക് ഫൊന്‍സേകയുടെ സഹായത്തോടെ ഒളിപ്പിക്കപ്പെട്ട സമ്പത്തില്‍ വളരെ ചെറിയ ഭാഗമാണ് റഷ്യയില്‍ നിന്നുള്ളത്. വേണ്ട ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുകയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നു വ്യക്തം. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഫയലുകള്‍ തിരയാന്‍ ഉപയോഗിച്ച രീതികളുടെ വിശദമായ വിവരണം ഇവ ആദ്യമായി പ്രസിദ്ധീകരിച്ച The Suddeutsche Zeitung എന്ന ജര്‍മന്‍ പത്രത്തിലുണ്ട്. യുഎന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഭരണകൂടങ്ങളുടെ പേരിനുവേണ്ടിയായിരുന്നു ആദ്യ അന്വേഷണം. ഗാര്‍ഡിയന്‍ ഇക്കാര്യം പറയുന്നുണ്ട്. ആ രാജ്യങ്ങള്‍ സിംബാബ് വേ, ഉത്തര കൊറിയ, റഷ്യ, സിറിയ എന്നിവയാണെന്നും പറയുന്നു. മൊസാക് ഫൊന്‍സേക വിവരങ്ങളുടെ ഈ തരംതിരിക്കല്‍ വ്യക്തമായും പടിഞ്ഞാറന്‍ സര്‍ക്കാരുകളുടെന്റെ അജണ്ട അനുസരിച്ചാണ്. മൊസാക് ഫൊന്‍സേകയുടെ പ്രധാന ഉപഭോക്താക്കളായ പടിഞ്ഞാറന്‍ കോര്‍പ്പറേറ്റുകളെയോ പടിഞ്ഞാറന്‍ കോടീശ്വരന്മാരെയോ പറ്റി ഒരു പരാമര്‍ശവും വാര്‍ത്തകളില്‍ ഇല്ല. ' ചോര്‍ത്തപ്പെട്ടതില്‍ ഭൂരിപക്ഷവും രഹസ്യമായിത്തന്നെ തുടരുമെന്ന്' ഉറപ്പു നല്‍കാനും ഗാര്‍ഡിയന്‍ മടിക്കുന്നില്ല.

എന്താണു നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? മഹത്തായ, എന്നാല്‍ ചിരിപ്പിക്കുന്ന തരം പേരുള്ള 'ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്‌സ് ' ആണ് ലീക്ക് കൈകാര്യം ചെയ്യുന്നത്. ഇത് സംഘടിപ്പിക്കുന്നതും പണം നല്‍കുന്നതും അമേരിക്കയുടെ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയാണ്. അവരുടെ ധന ദാതാക്കള്‍ (funders) ഫോര്‍ഡ് ഫൗണ്ടേഷന്‍, കാര്‍നെജി എന്‍ഡോവ്‌മെന്റ്, റോക്ക്‌ഫെല്ലര്‍ ഫാമിലി ഫണ്ട്, ഡബ്ലിയു കെ കെല്ലോഗ് ഫൗണ്ടേഷന്‍, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ തുടങ്ങിയവരാണ് ഉള്‍പ്പെടുന്നത്. പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ തുറന്നുകാട്ടല്‍ ഒരിക്കലും പ്രതീക്ഷിക്കരുത്. പടിഞ്ഞാറന്‍ കോര്‍പ്പറേറ്റുകളുടെ വൃത്തികെട്ട രഹസ്യങ്ങള്‍ രഹസ്യങ്ങളായിത്തന്നെ തുടരും.

റഷ്യ, ഇറാന്‍, സിറിയ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രതീക്ഷിക്കുക. 'സന്തുലനത്തിനായി' ചെറുപടിഞ്ഞാറന്‍ രാജ്യങ്ങളെയും കാണാം - ഐസ് ലാന്‍ഡ് പോലെ. കളമൊഴിഞ്ഞ ഒന്നോ രണ്ടോ പേര്‍ ബലിയാടുകളായേക്കാം - മറവിരോഗം ബാധിച്ച ആരെങ്കിലുമൊക്കെ.

കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് - യുകെയിലെ ബിബിസിക്കും ഗാര്‍ഡിയനും - പൂര്‍ണവിവരങ്ങള്‍ ലഭ്യമാണ്. എനിക്കും നിങ്ങള്‍ക്കും കാണാനാകാത്ത വിവരങ്ങള്‍. പടിഞ്ഞാറന്‍ കോര്‍പറേറ്റുകളെപ്പറ്റിയുള്ള വിവരങ്ങള്‍ കാണുന്നതുപോലും ഒഴിവാക്കാനാണ് അവര്‍ യുഎന്‍ ഉപരോധമുള്ള രാജ്യങ്ങള്‍ എന്ന മട്ടില്‍ തിരച്ചില്‍ നടത്തുന്നത്. രഹസ്യ ഇന്റലിജന്‍സ് സര്‍വീസി(എം16)ന്റെ നിര്‍ദേശപ്രകാരം സ്‌നോഡെന്‍ ഫയലുകളുടെ പ്രതി നശിപ്പിച്ച പത്രമാണ് ഗാര്‍ഡിയന്‍ എന്നതു മറന്നുകൂടാ.

മൊസാക് ഫൊന്‍സേക ഡാറ്റാബേസ് തിരയാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഉടമകളുടെയും കമ്പനികളുടെയും പേര് ഉപയോഗിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു? കോര്‍പ്പറേറ്റ് മാധ്യമരംഗത്തെ എല്ലാ എഡിറ്റര്‍മാരുടെയും മുതിര്‍ന്ന ജേണലിസ്റ്റുകളുടെയും പേരായിരുന്നു എങ്കിലോ? മൊസാക് ഫൊന്‍സേക തിരയാന്‍ ബിബിസിയിലെ മുതിര്‍ന്ന പ്രവര്‍ത്തകരുടെ പേര് ഉപയോഗിച്ചിരുന്നെങ്കില്‍? സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയുടെ ധനദാതാക്കളുടെയും അവരുടെ കമ്പനികളുടെയും പേര് ഉപയോഗിച്ചായിരുന്നു തിരച്ചില്‍ എങ്കില്‍?

പടിഞ്ഞാറന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കമ്പനികളുടെയും പേരിലോ എല്ലാ പടിഞ്ഞാറന്‍ കോടീശ്വരന്മാരുടെയും പേരിലോ തിരഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു?

അത് കൂടുതല്‍ താല്‍പര്യജനകമാകുമായിരുന്നു. റഷ്യയും ചൈനയും അഴിമതിക്കാരാണെന്ന് എനിക്കറിയാം. നിങ്ങള്‍ അത് എന്നോടു പറയേണ്ടതില്ല. ഇവിടെ പടിഞ്ഞാറ്, നമുക്ക് പ്രതികരിക്കുകയും എന്തെങ്കിലും ചെയ്യുകയും ചെയ്യാന്‍ കഴിയുന്ന എന്തെങ്കിലും നിങ്ങള്‍ കണ്ടെത്തിയിരുന്നെങ്കില്‍?

കോര്‍പ്പറേറ്റുകളുടെ വാലാട്ടികളായ നിങ്ങള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ കാണാന്‍ ജനങ്ങളെ അനുവദിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു?

(എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ക്രെയ്ഗ് മുറെ. ഉസ്ബെക്കിസ്ഥാനിലെ ബ്രിട്ടിഷ് അംബാസിഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്)

കടപ്പാട്: www.craigmurray.org.uk


Next Story

Related Stories