TopTop
Begin typing your search above and press return to search.

മന്ത്രി മാടമ്പി ആകുമ്പോള്‍

മന്ത്രി മാടമ്പി ആകുമ്പോള്‍

പി കെ ശ്യാം

ജനങ്ങളെ ജനങ്ങളാൽ ഭരിക്കപ്പെടുന്ന വ്യവസ്ഥിതിയെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണത്തിൽ അടുത്തിടെയെങ്ങാനും ഭേദഗതി വരുത്തിയോയെന്ന് സംശയിച്ചുപോകും തലസ്ഥാനത്തെ ഒരു സർക്കാർ വിദ്യാലയത്തിൽ നിന്നുള്ള വിശേഷങ്ങൾ കേട്ടാൽ. അധികാരം തലയ്ക്കുപിടിച്ച ഭരണാധികാരികൾ ജനങ്ങളെ മറന്ന് ഏകാതിപതികളായത് ‌പോലെ... സ്കൂളിലെ ചടങ്ങിന് വിദ്യാഭ്യാസമന്ത്രി വൈകിയെത്തിയതു മൂലം അരദിവസത്തെ അദ്ധ്യയനം മുടങ്ങിയത് അദ്ധ്യക്ഷപ്രസംഗത്തിൽ പരാമർശിച്ചതിന് കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിലെ പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ്സ് കെ.കെ. ഊർമ്മിളാദേവിയെ സ്ഥലംമാറ്റുകയായിരുന്നു.

വിദ്യാഭ്യാസ മന്ത്രിയെ പ്രസംഗത്തിൽ വിമർശിച്ചതിന്റെ പേരിൽ ഊർമ്മിളദേവിയോട് 15 ദിവസത്തിനകം വിശദീകരണം നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മെമ്മോ ലഭിച്ച് നാലുദിവസം ആയപ്പോഴേക്കും അയിലം ഗവൺമെന്റ് സ്‌കൂളിലേക്കു സ്ഥലംമാറ്റി ഉത്തരവിറങ്ങുകയായിരുന്നു. പട്ടികജാതിക്കാരിയായ അദ്ധ്യാപിക കാൻസ‌ർ രോഗിയാണെന്നതും ഭർത്താവ് ഹൃദ്രോഗിയാണെന്നതുമൊന്നും സർക്കാർ പരിഗണിച്ചതേയില്ല. അഭിപ്രായസ്വാതന്ത്ര്യത്തിനും വിമർശനത്തിനും പൗരന് അവകാശമുള്ള രാജ്യത്ത് ഭരണാധികാരികളുടെ കിരാതനടപടിക്കെതിരെ പ്രതിഷേധം അലയടിച്ചുയരുകയാണ്. സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള സംഘടനകളും രാഷ്ട്രീയഭേദമില്ലാതെ വിദ്യാർത്ഥി സമൂഹവും ഒന്നടങ്കംസർക്കാർ നടപടിക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ്. പ്രതിപക്ഷ ബഹളത്തിൽ കലങ്ങി മറിഞ്ഞനിയമസഭ നടപടികൾ തുടരാനാവാതെ പിരിയേണ്ടിവന്നു. രൂക്ഷമായ പ്രതിഷേധത്തിന്റെ അലയൊലികൾ സമൂഹത്തിന്റെ വിവിധ കോണുകളിലും സോഷ്യൽമീഡിയയിലും ഉയരുകയാണ്. സി.പി.എം, ബിജെ. പി തുടങ്ങിയ രാഷ്‌ട്രീയ കക്ഷികളും പോഷക സംഘടനകളും ‌ഡി.വൈ . എഫ്. ഐ, എസ്.എഫ്.ഐ, കെ.എസ്.യു, എ. ബി. വി.പി തുടങ്ങിയ യുവജന വിദ്യാർത്ഥി സംഘടനകളും സംഭവത്തെ അപലപിച്ചിട്ടുണ്ട്.



സംഭവം ഇങ്ങനെ

ജൂൺ 16നാണ് വിവാദകോലാഹലങ്ങൾക്കിടയാക്കിയ സംഭവം നടന്നത്. ജില്ലയിലെ ഹൈസ്‌കൂളുകളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് കോട്ടൺഹില്ലിൽ വെച്ചു നടന്നിരുന്നു. മന്ത്രി പി.കെ.അബ്ദുറബ്ബായിരുന്നു ഉദ്ഘാടകൻ. രാവിലെ 11നാണ് മന്ത്രി എത്തുമെന്നറിയിച്ചത്. ഇതു പ്രകാരം രാവിലെ സ്‌കൂൾ അസംബ്ലി കഴിഞ്ഞയുടനെ ഹൈസ്‌കൂൾ വിദ്യാർഥികളെ ഓഡിറ്റോറിയത്തിൽ എത്തിച്ചു. പക്ഷേ നിശ്ചയിച്ച സമയത്തിനെക്കാൾ ഒന്നര മണിക്കൂർ വൈകിയാണ് മന്ത്രിയെത്തിയത്. ഉദ്ഘാടനചടങ്ങ് പിന്നെയും ഒരു മണിക്കൂർ നീണ്ടു. ചടങ്ങിൽ ആശംസപ്രസംഗത്തിനിടെ ഊർമിളാദേവി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.

അധ്യയനം മുടക്കിക്കൊണ്ടു യോഗങ്ങൾ നടത്തുന്നതിനെതിരെയായിരുന്നു വിമർശനം. സ്‌കൂളിൽ പരിപാടികൾ നടത്തുമ്പോൾ അതിന്റെ സംഘാടകർ പ്രത്യേകം സമയം കണ്ടെത്തണം. മന്ത്രി എത്താൻ വൈകുമെന്നറിഞ്ഞിട്ടും വിദ്യാർഥികളെ നേരത്തെ ഓഡിറ്റോറിയത്തിൽ എത്തിച്ചതിനെയും അവർ വിമർശിച്ചു. ഉച്ചവരെ പഠനം മുടക്കിയതിലും നിശ്ചയിച്ച സമയത്തു പരിപാടി തുടങ്ങാത്തതിലും ഹെഡ്മിസ്ട്രസ് പ്രതിഷേധമറിയിച്ചു. ഹെഡ്മിസ്ട്രസിന്റെ പരാമർശങ്ങൾക്കു ചടങ്ങിൽവെച്ചു മന്ത്രി ഒന്നും പറഞ്ഞില്ല. എന്നാൽ സംഭവം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം 21ന് ഊർമ്മിളാദേവിക്ക് മെമ്മോ ലഭിച്ചു. മന്ത്രി വൈകിയെത്തിയതിനാൽ അധ്യയനം മുടങ്ങി എന്ന രീതിയിൽ സംസാരിച്ചതിനു വിശദീകരണം ആവശ്യപ്പെട്ടായിരുന്നു മെമ്മോ.15 ദിവസത്തിനകം വിശദീകരണം നൽകാനാണ് അതിൽ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ വിശദീകരണം നൽകാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ തിങ്കളാഴ്ച്ച സ്ഥലംമാറ്റ ഉത്തരവ് നൽകുകയായിരുന്നു. സ്ഥലം മാറ്റ ഉത്തരവു പോസ്റ്റലായി അയക്കുന്നതിനു പകരം പ്രത്യേക ദൂതൻ മുഖേന കൊടുത്തു വിടുകയാണ് ചെയ്തത്. സ്ഥലം മാറ്റത്തിനു പ്രത്യേക കാരണങ്ങളൊന്നും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല. പതിവിനു വിപരീതമായി അഡീഷണൽ ഹെഡ്മിസ്ട്രസിനു ചാർജ് കൈമാറാനും ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. 'വൈകുമെന്ന കാര്യം സംഘാടകരെ അറിയിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ, അവർ അത് ഞങ്ങളെ അറിയിച്ചില്ല. കൗമാരക്കാരായ പെൺകുട്ടികളെ മൂന്നു മണിക്കൂറോളം ഒരേയിരിപ്പ് ഇരുത്തുന്നത് ശരിയല്ല. കുട്ടികളുടെ പഠന സമയം നഷ്ടമാകുന്നു. അതിലുപരി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. രക്ഷിതാക്കൾ വന്നുപരാതി പറയുമ്പോൾ മറുപടി പറയേണ്ടത് ഞാനല്ലേ. അതിനാൽ പ്രമുഖരുടെ സമയം കൃത്യമായി അറിഞ്ഞ് പരിപാടി നടത്തണമെന്ന് സംഘാടകരോടാണ് പറഞ്ഞത്. അക്കാര്യം മന്ത്രിക്കും മനസ്സിലായിരുന്നു.'ഊർമ്മിളാദേവി പറയുന്നു.



ഇതൊരു പതിവ്

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സുവർണ്ണകിരീടം ചൂടി നിൽക്കുന്ന കോട്ടൺഹിൽ സ്കൂളിൽ അദ്ധ്യയനം മുടക്കിക്കൊണ്ടുള്ള യോഗങ്ങൾ പതിവാണ്. നഗരത്തിൽ എന്തുപരിപാടി നടന്നാലും മിക്കപ്പോഴും വേദി കോട്ടൺഹിൽ സ്കൂളായിരിക്കും. ഇതിനെതിരെ പലതവണ വിദ്യാർത്ഥികളും രക്ഷിതാക്കളും ഹെഡ്മിസ്ട്രസ്സിനെ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല സ്‌കൂളിൽ പരിപാടികൾ നടത്തുമ്പോൾ അതിന്റെ സംഘാടകർ പ്രത്യേകം സമയം കണ്ടെത്താറില്ല. പലപ്പോഴും രാവിലെ പരിപാടിയുണ്ടെങ്കിൽ ഉച്ചവരെ ക്ളാസ് നടക്കില്ലെന്നതാണ് സ്ഥിതി. മാത്രമല്ല, മണിക്കൂറുകളോളം ഒരേയിരിപ്പ് ഇരുന്ന് പെൺകുട്ടികൾക്ക് യൂറിനറി ഇൻഫക്ഷനും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുന്നത് പതിവാണ്. ചിലർ തലകറങ്ങി വീഴാറുണ്ട്. ഇത് പതിവായപ്പോഴാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യമാണ് ഊർമ്മിളാദേവി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്.

കേരളത്തിലെ മികച്ച സ്കൂളുകളിലൊന്നായ കോട്ടൺഹിൽ സ്കൂളിന്റെ തലപ്പത്ത് പട്ടികജാതിക്കാരി ഇരിക്കേണ്ടെന്ന് കരുതുന്ന ചിലരുടെ കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റമെന്ന് ഊർമിളാദേവി പറയുന്നു. 'സർക്കാർ എവിടെപ്പോയി ജോലി ചെയ്യാൻ പറഞ്ഞാലും തയ്യാറാണ്. പക്ഷെ, ജാതീയമായ വേർതിരിച്ച്, ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷിച്ചാൽ അംഗീകരിക്കാനാവില്ല. പ്രസംഗത്തിൽ മന്ത്രിയെ വിമർശിച്ചിട്ടില്ല. ആസൂത്രണമില്ലാതെ ചടങ്ങ് സംഘടിപ്പിച്ചവരെയാണ് വിമർശിച്ചത്. നിയമസഭയിൽ മന്ത്രി അറിയിച്ചത് തെറ്റാണ്. ജോലിയിൽ വീഴ്ച വരുത്തിയിട്ടില്ല. പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ്സായി ചാർജ്ജെടുത്തത് കഴിഞ്ഞ മേയ് അഞ്ചിനാണ്. 40 ദിവസത്തിനുള്ളിൽ എങ്ങനെയാണ് സ്കൂൾ റെക്കോർഡ്സിൽ തിരിമറി കാണിക്കുക?.'-ഊർമ്മിളാദേവി ചോദിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

പോഷകാഹാരത്തിന്റെ രാഷ്ട്രീയം
കൈക്കൂലിക്കാര്‍ സൂക്ഷിക്കുക : കണ്ണാടി വരുന്നു
സ്വര്‍ണവേട്ട: അന്ധവിശ്വാസത്തിന് കുടപിടിക്കുമ്പോള്‍
നേതാക്കളെ പറയൂ, എവിടെ നിന്നാണ് നിങ്ങളുടെ ചെലവിനുള്ള പണം?
എന്താണ് മലയാളിയുടെ പ്രശ്നം? ഡോ. എന്‍.എം മുഹമ്മദലി സംസാരിക്കുന്നു



അദ്ധ്യാപിക വീഴ്‌ചവരുത്തി: മന്ത്രി

മികച്ച ഇംഗ്ളീഷ് ക്ളബ്ബിനുള്ള അവാർഡ് കോട്ടൺഹിൽ സ്കൂളിന് നൽകുന്ന ചടങ്ങിന്റെ സംഘാടനത്തിൽ ഹെഡ്മിസ്ട്രസ് വീഴ്​ച വരുത്തിയെന്നാണ് മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ വാദം. ചടങ്ങിന്റെ വിവരമറിയിച്ചപ്പോൾ തന്നെ അവർ താല്​പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. ഓഡിറ്റോറിയത്തിൽ വി.ഐ.പികളെ സ്വീകരിച്ച് ഇരുത്താൻ ഹെഡ്മിസ്ട്രസ് ശ്രമിച്ചില്ല. പരിപാടി നിശ്ചയിച്ച സമയത്ത് സ്കൂൾ ഓഫീസിൽ മദർ പി.ടി.എയിൽ പെട്ടവരുമായി അവർ ചർച്ചയിലായിരുന്നു. സെക്യൂരിറ്റി ഗാ‌ർഡുകളെ അവിടേക്ക് വിളിച്ചതിനാൽ സ്കൂൾ ഗേറ്റ് അടഞ്ഞുകിടന്നു. അതുമൂലം തനിക്ക് വാഹനത്തിൽ ഗേറ്റിന് പുറത്ത് കാത്തിരിക്കേണ്ടിവന്നു. അല്പം വൈകിയതിന് ക്ഷമാപണം നടത്തിയാണ് താൻ പ്രസംഗിച്ചതെങ്കിലും ഹെഡ്മിസ്ട്രസ് ആശംസാ പ്രസംഗത്തിൽ വിഷയം പർവതീകരിച്ച് വകുപ്പു മന്ത്രിയെ ഇകഴ്‌ത്താൻ ശ്രമിച്ചു. ഇത് അയ്യായിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന മാതൃകാസ്ഥാപനത്തിന്റെ മേധാവിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല. സ്കൂളിലെ ദൈനംദിനകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ഇവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്‌കൂൾ രേഖകളിൽ നിന്ന് കണ്ടെത്തി. സ്ഥാപനത്തിന്റെ സൽപേര് നിലനിറുത്താൻ ഇവരുടെ നേതൃത്വം പര്യാപ്തമല്ലെന്നാണ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ റിപ്പോർട്ട്. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞ് തൻപ്രമാണിത്തത്തോടെയും അഹന്തയോടെയുമുള്ള ഹെഡ്മിസ്ട്രസിന്റെ പ്രവർത്തനം ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. വി.ഐ.പികളെയടക്കം അവഹേളിക്കുന്ന പെരുമാറ്റത്തിന്റെ പേരിൽ ഹെഡ്മിസ്ട്രസിനെ കർശനമായ അച്ചടക്കനടപടിക്ക് വിധേയമാക്കണമെന്നും കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ട അവരെ സർവീസിൽ നിന്ന് ഉടൻ മാറ്റിനിറുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥ ശുപാർശ ചെയ്തിട്ടുണ്ട്. തീർത്തും ക്രമപ്രകാരമാണ് ഹെഡ്മിസ്ട്രസിനെ സ്ഥലം മാറ്റിയതെന്നും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

വിദ്യാഭ്യാസമന്ത്രിയെ പൂർണമായി ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടിട്ടുള്ളതെന്നും നടപടി പിൻവലിക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രധാനാദ്ധ്യാപിക സ്വീകരിച്ച എല്ലാ സമീപനങ്ങളും ശരിയായതല്ല. വിദ്യാഭ്യാസമന്ത്രി രാവിലെ 11 മണിക്ക് അവിടെ ചെല്ലുമെന്നാണ് അറിയിച്ചിരുന്നത്. നിയമസഭാ സമ്മേളനത്തിലായതിനാൽ മന്ത്രി പറഞ്ഞസമയത്തിൽ നിന്ന് ഒന്നരമണിക്കൂർ വൈകി. എന്നാൽ നോട്ടീസിൽ ഒമ്പതര മണിക്കാണ് പരിപാടിയെന്ന് അച്ചടിച്ചതിനാൽ മൂന്ന് മണിക്കൂർ വൈകിയെന്ന പ്രചാരണമുണ്ടായി. മന്ത്രി സ്കൂളിൽ വരുമെന്നറിഞ്ഞിട്ടും ഗേറ്റ് അടച്ചിടുകയും ചെയ്തു- മുഖ്യമന്ത്രി വിശദീകരിക്കുന്നു.



ഇവിടെ രാജഭരണമോ?

വി.ഐ.പിയെ സ്വീകരിച്ചില്ലെന്ന പേരിൽ സ്ഥലംമാറ്റാൻ ഇവിടെ രാജഭരണമാണോ നടക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. രാവിലെ ഒമ്പതരയ്ക്കുള്ള ചടങ്ങിന് മന്ത്രി എത്തിയത് പന്ത്രണ്ടരയ്ക്കാണെന്ന് വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സ്കൂൾ സമയത്ത് ഇത്തരം ചടങ്ങുകൾ പാടില്ലെന്ന് മുൻസർക്കാരിന്റെ ഉത്തരവുണ്ട്. സഭ നടക്കുമ്പോൾ മന്ത്രിമാർ പുറത്ത് പരിപാടികൾ ഒഴിവാക്കണമെന്ന് ഇപ്പോഴത്തെ സ്പീക്കറുടെ റൂളിംഗുമുണ്ട്. സർവ്വീസിൽ നിന്ന് വിരമിക്കാൻ ഒരു വർഷം തികച്ചില്ലാത്ത കോട്ടൺഹില്ലിലെ ഹെഡ്മിസ്ട്രസ് കാൻസർരോഗിയാണ്. സ്കൂൾ തുറന്നശേഷം സ്ഥലംമാറ്റം പാടില്ലെന്ന വ്യവസ്ഥയും കാറ്റിൽപറത്തി. ഗേറ്റ് തുറന്നില്ലെന്ന പേരിൽ ഹെഡ്മിസ്ട്രസിനെ മാറ്റാൻ അവരെന്താ ഗേറ്റ്കീപ്പറാണോ? 15 ദിവസത്തെ കാരണംകാണിക്കൽ നോട്ടീസ് കൊടുത്തിട്ട് ആ സാവകാശം പോലും നൽകാതെയാണ് 3 ദിവസത്തിനകം സ്ഥലംമാറ്റിയത്. ഇത് റദ്ദാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. പരിപൂർണ്ണമായ വർഗ്ഗീയത തലയ്ക്ക് പിടിച്ച അവസ്ഥയിലാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബെന്ന് സി.പി.എം അംഗം എ.കെ.ബാലൻ കുറ്റപ്പെടുത്തി.ഊർമിളാദേവിയെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് കത്ത് നൽകിയിട്ടുണ്ട്. സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ഊർമ്മിളാദേവി.

ഊർമ്മിള പറഞ്ഞത്(ഈ പ്രസംഗം സ്കൂളിലെ ഹാൻഡികാമിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.)

‘‘ഇംഗ്ളീഷ് ഡിസ്ട്രിക്ട് സെന്ററിലെ ബഹുമാന്യർ ശ്രദ്ധിക്കേണ്ടത്. ഒരു മീ​റ്റിംഗ് അറേഞ്ച് ചെയ്യുമ്പോൾ ഇത്രയും വലിയൊരു സ്കൂളിൽ ഇത്രയും ക്ളാസുകളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള അറേഞ്ചമെന്റ്... ഞാൻ വളരെ റിക്വിസ്റ്റ് ചെയ്യുകയാണ്,​ ഇങ്ങനെയൊരു സമയം അറേഞ്ച് ചെയ്യാൻ പാടില്ലായിരുന്നു. എങ്കിലും ഞാൻ എല്ലാ ഇംഗ്ളീഷ് അദ്ധ്യാപകരെയും ഇംഗ്ലീഷിന്റെ പുരോഗമനത്തെയും ആശംസിക്കുന്നു.’’


Next Story

Related Stories