Top

ധീരതയ്ക്ക് പുതിയൊരു പേര്: ഗുര്‍മെഹര്‍ കൌര്‍

ധീരതയ്ക്ക് പുതിയൊരു പേര്: ഗുര്‍മെഹര്‍ കൌര്‍
നിങ്ങളുടെ എതിരാളികളെ ന്യായീകരിക്കാന്‍ മൂന്ന് കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കിപ്പിക്കാന്‍ എന്തു വേണം? നിങ്ങളുടെ മനസിനെ ആരോ മലിനമാക്കിയെന്ന് ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രി ആരോപിക്കാന്‍ എന്തുണ്ടാകണം? സോഷ്യല്‍ മീഡിയയിലെ  സാമൂഹ്യ വിരുദ്ധരെയും ട്രോള്‍ സൈന്യത്തെയും അരിശം കൊള്ളിക്കാന്‍ എന്തു സംഭവിക്കണം?

വര്‍ഗ, ലിംഗ, ഭാഷാ അതിരുകള്‍ ഭേദിച്ച് പിന്തുണ ലഭിക്കാന്‍ എന്തുചെയ്യണം?

നിങ്ങള്‍ ഗുര്‍മെഹര്‍ കൌര്‍ ആകണം. നിങ്ങളൊരു കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളാകണം. എല്ലാത്തരം സംഘര്‍ഷങ്ങള്‍ക്കും എതിരെ സംസാരിക്കുന്ന തീക്ഷ്ണമായ സ്വാതന്ത്ര്യ ബോധമുള്ള ഒരു വിദ്യാര്‍ത്ഥിയാകണം. നിങ്ങളുടെ പിതാവിന്റെ ഘാതകരോട് ക്ഷമിക്കാനുള്ള ഒരു വിശാല ഹൃദയമുണ്ടാകണം, യുദ്ധത്തിന്റെ നിരര്‍ത്ഥകത തിരിച്ചറിയണം.

ഡല്‍ഹിയില്‍ രാംജാസ് കോളേജില്‍ നടക്കുന്ന എബിവിപി (അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ്) അതിക്രമങ്ങള്‍ക്കെതിരെ ഗുര്‍മെഹര്‍ ഉപ്പോള്‍ ഏറ്റവും ശക്തമായ ശബ്ദമായി ഉയര്‍ന്നുവന്നിരിക്കുന്നു.

എബിവിപിയുടെ ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കിലെന്ന അവരുടെ പ്രതിഷേധം, 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ മന്‍ദീപ് സിംഗ് എന്ന സൈനികന്റെ മകളെ, ആളുകളുടെ ദേശസ്നേഹം നിര്‍ണ്ണയിക്കുന്നതിനുള്ള അധികാരികളായി സ്വയം പ്രഖ്യാപിച്ച കപട ദേശീയവാദികളുടെ ആക്രമണലക്ഷ്യമാക്കിയിരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ ദേശദ്രോഹി എന്നാക്ഷേപിക്കുന്ന ഭീഷണികള്‍ മാത്രമല്ല ബാലാത്ക്കാരം ചെയ്യുമെന്ന ഭീഷണിയും അവര്‍ക്കെതിരെ ഉയരുന്നുണ്ട്. ഇതിലൊന്നും ഒരുളുപ്പും പ്രകടിപ്പിക്കാതെ, രാജ്യത്തിന്റെ ഭദ്രതയ്ക്കെതിരെ ആരില്‍ നിന്നാണെങ്കിലും ഭീഷണി ഉയര്‍ന്നാല്‍ എതിര്‍ക്കുമെന്നാണ് എബിവിപി വക്താവ് പറഞ്ഞത്.

ഒരു വിദ്യാര്‍ത്ഥി പ്രതിഷേധം രാജ്യത്തിന്റെ ഭദ്രതയെ തകര്‍ക്കുമെന്നൊക്കെ പറയുന്നത് തികച്ചും അന്യായമാണ്. പക്ഷേ അങ്ങനെയൊക്കെയാണ് ദേശീയതയുടെ സ്വയം പ്രഖ്യാപിത സംരക്ഷകരായ എബിവിപി പ്രകടിപ്പിക്കുന്ന അസഹിഷ്ണുത. അതുകൊണ്ട് അവരുടെ പ്രസ്താവന അത്ഭുതമുണ്ടാക്കുന്നില്ല. ഒരാളെ പ്രത്യയശാസ്ത്രപരമായ തലത്തില്‍ എതിര്‍ക്കുന്നതും ഗുര്‍മെഹര്‍ കൌറിന്റെ കാര്യത്തില്‍ സംഭവിക്കുന്നതുപോലെ ഒരാളെ അക്രമം കൊണ്ട് ഭീഷണിപ്പെടുത്തുന്നതും രണ്ടും രണ്ടാണ്. എബിവിപി ഗുണ്ടകള്‍ രാംജാസ് കോളേജില്‍ അഴിഞ്ഞാടിയപ്പോള്‍ പൊലീസ് കാഴ്ച്ചക്കാരെപ്പോലെ നോക്കിനിന്നു. അതിദേശീയവാദികള്‍ ഇങ്ങനെ അക്രമവും അഴിഞ്ഞാട്ടവും നടത്തുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പതിവായിരിക്കുന്നു. പക്ഷേ ഒരു ബലാത്സംഗ ഭീഷണി അത്ര നിസാരമായി എടുക്കാനാവില്ല.

ഒരു മാധ്യമത്തിലൂടെ തങ്ങളുടെ സ്വതന്ത്രാഭിപ്രായം പറഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, എഴുത്തുകാര്‍, ചലച്ചിത്ര സംവിധായകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി  പല വിഭാഗങ്ങളില്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തുക ഒരു രീതിയായി മാറിയിരിക്കുന്നു. ഇത്തരം സാമൂഹ്യവിരുദ്ധരില്‍ നിന്നും സംരക്ഷണം ആവശ്യമുള്ള അത്ര ദുര്‍ബലമല്ല ഇന്ത്യയുടെ സാമൂഹ്യ ജീവിതം. ആ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ  സത്വര നടപടിയെടുക്കുന്നത് സംഘര്‍ഷം മുറ്റിനില്‍ക്കുന്ന സമയത്ത് ശരിയായ സന്ദേശം നല്‍കും.പുതിയ രാഷ്ട്രീയം

ഡല്‍ഹിയിലെ രാംജാസ് കോളേജില്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ കോളേജ് രാഷ്ട്രീയത്തില്‍ ഒരൊറ്റപ്പെട്ട സംഭവമല്ല. അതാണ് പുതിയ രാഷ്ട്രീയ രീതി, ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെടുന്നതും.

അല്ലെങ്കില്‍ എന്തിനാണ് വെങ്കയ്യ നായിഡു, രവി ശങ്കര്‍ പ്രസാദ്, കിരണ്‍ റിജ്ജു എന്നീ കേന്ദ്ര മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ ആ പെണ്‍കൂട്ടിക്കെതിരെ ഇത്ര രൂക്ഷമായി രംഗത്തുവന്നത്?

ഇതിനെ രാഷ്ട്രീയ നഷ്ടങ്ങള്‍ നേരിടുന്ന ഒരു കക്ഷിയുടെ നിരാശയില്‍ നിന്നുള്ള പ്രകടനങ്ങളായി തെറ്റിദ്ധരിക്കരുത്. ഇത് ബിജെപിയുടെ പുതിയ തന്ത്രമാണ്.

എബിവിപി/ ബിജെപി രാഷ്ട്രീയത്തിനെതിരെ ഫലപ്രദമായ പ്രതിപക്ഷം ഇവിടെയില്ല എന്നതിന്റെ തെളിവുകൂടിയാണ് ഗുര്‍മേഹറിന് കിട്ടിയ പിന്തുണയും അംഗീകാരവും. ഭീഷണിയുടെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി പോലും ശക്തമായി രംഗത്തുവന്നില്ല. ഡല്‍ഹി സര്‍വകലാശാലയില്‍ പതിറ്റാണ്ടുകളായി സംഘര്‍ഷം പതിവില്ല. ഒരു പുതിയ രീതി പിറന്നിരിക്കുന്നു.

പക്ഷേ ഗുര്‍മെഹറിനെപ്പോലുള്ളവരാണ് ആക്രമത്തിനും ഭീഷണിക്കും വഴങ്ങാതെ ചര്‍ച്ച ചെയ്യാനും വിയോജിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ മൌലികാവകാശം ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ പിന്തുണ കൂടിയേ കഴിയൂ.

Next Story

Related Stories