TopTop
Begin typing your search above and press return to search.

കാസ്റ്റിംഗ് കൌച്ച്, അപ്രഖ്യാപിത വിലക്ക്... മലയാള സിനിമ പെണ്ണുങ്ങളോട് ചെയ്യുന്നത്

കാസ്റ്റിംഗ് കൌച്ച്, അപ്രഖ്യാപിത വിലക്ക്... മലയാള സിനിമ പെണ്ണുങ്ങളോട് ചെയ്യുന്നത്

ചലച്ചിത്ര സംവിധായകന്‍ വിനയന് നേരിടേണ്ടി വന്ന അപ്രഖ്യാപിത വിലക്കിനെതിരെയുള്ള കോടതി വിധി തികച്ചും സ്വാഗതാർഹമാണ്. സിനിമാരംഗത്തെ ചില ആളുകളുടെ മേൽക്കോയ്മക്കു മേലുള്ള തിരിച്ചടി ആണ് ഇത് എന്ന് പറയാതെ വയ്യ. ഇവിടെ പ്രസക്തമാകുന്നു മറ്റൊരു ചോദ്യം, ഈ വിധി സിനിമാരംഗത്തുള്ളവരെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിക്കുമോ എന്നതാണ്.

അടുത്ത കാലത്ത് ഒരു പ്രമുഖ സിനിമ നടിയെ തട്ടിക്കൊണ്ടുപോയ സമയത്തും ഉയർന്ന വിഷയമായിരുന്നു പ്രസ്‌തുത നടി മലയാള സിനിമാ മേഖലയിൽ നേരിട്ടുകൊണ്ടിരുന്ന അപ്രഖ്യാപിത വിലക്ക്. ചാനലുകളില്‍ നടന്ന ചർച്ചകളിൽ പലതിലും ഈ ചോദ്യത്തോട് സിനിമാമേഖലയിൽ നിന്നും വന്നവർ സമർത്ഥമായി ഒഴിഞ്ഞു മാറുന്നതായി കണ്ടു. വളരെ ദുഃഖകരമായ വസ്തുത താൻ നേരിടുന്ന ഈ അവസ്ഥ നടി ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ട് പോലും അതിനെതിരെ ഒരു നടപടി പോലും ഉണ്ടായില്ല എന്നുള്ളതാണ്. സിനിമ മേഖലയിലെ ഇത്തരം വിലക്കുകൾ സ്ത്രീ പുരുഷ ഭേദമില്ലാതെ ആർക്കു നേരെയും പ്രയോഗിക്കാം, എന്നാല്‍ കൂടുതൽ ബാധിക്കുന്നത് നടിമാരെ തന്നെയാണ്.

നായികാ പ്രാധാന്യമുള്ള സിനിമകൾ വളരെ കുറവാണ് മലയാളത്തിൽ എന്ന് തന്നെ പറയാം. നായകന്റെ കാമുകിയായോ ഭാര്യയായോ മറ്റോ ഒരു സിനിമയിൽ കേറി പറ്റണം. എങ്കിൽ പോലും ഒരു ഗോഡ് ഫാദർ അനിവാര്യമാണ്. സൗന്ദര്യവും കഴിവും ഉണ്ടെങ്കിൽ പോലും പലപ്പോഴും പലരും തഴയപ്പെടുന്നു.

മറ്റൊരു വിഷമകരമായ കാര്യം 'കാസ്റ്റിംഗ് കൌച്ച്' എന്ന് പല നടിമാരും ഇന്ന് വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന വിഷയമാണ്. അതായത് ഒരു സിനിമയിൽ അവസരം ലഭിക്കാൻ ചിലപ്പോൾ സംവിധായകൻ മുതൽ പ്രൊഡക്ഷൻ കൺട്രോളർമാർ വരെ ഉള്ളവരുടെ ഒപ്പം കിടക്ക പങ്കിടേണ്ടി വരും. പഴയകാല നടി ചാർമിള അടക്കം പലരും ഇതേ കുറിച്ച് സൂചിപ്പിക്കുമ്പോൾ ഇത് ഒരു കെട്ടുകഥ അല്ല എന്ന് മനസിലാക്കാം.

പേരെടുത്തു പറയാൻ കഴിയില്ലെങ്കിലും ഈ കാസ്റ്റിംഗ് കൌച്ചിൽ സത്യം ഉണ്ടെന്ന് മനസിലാകുന്നത് അയൽവാസിയായ ഒരു പെൺകുട്ടിക്ക് നേരിട്ട അനുഭവത്തിലൂടെയാണ്. വളരെ സുന്ദരിയും അഭിനയമോഹിയും ചെറിയ മോഡലിംഗ്, പാട്ടുപരിപാടിക്ക് ഒക്കെ കോമ്പയിറിങ് ഒക്കെ ചെയ്തിരുന്നു ഈ പെൺകുട്ടിയെ ഒരു സിനിമയിൽ ചാൻസ് കൊടുക്കാം എന്ന് പറഞ്ഞു സമീപിച്ചത് ആ പ്രോഗ്രാമിന്റെ ഡയറക്ടർ തന്നെ ആയിരുന്നു. എല്ലാം ഏകദേശം ശരിയായി കഴിഞ്ഞപ്പോഴാണ് ആ മാന്യൻ തന്റെ ആവശ്യം ഉന്നയിച്ചത്. ഒരു അഡ്ജസ്റ്മെന്റിന് കുട്ടി തയാറാകണം. ഒന്നും വേണ്ട പ്രോഗ്രാമിന്റെ ഡബ്ബിങ്ങിന് ഇന്ന് അയാളോടൊപ്പം "ഒറ്റയ്ക്ക് ചെല്ലണം, അടുത്ത ദിവസം തിരികെ വിടാം".

അപ്പന്റെ പ്രായമുള്ള ആ മനുഷ്യന്റെ ആവശ്യം നിരസിക്കാൻ അവൾക്കു രണ്ടുവട്ടം ചിന്തിക്കേണ്ടി വന്നില്ല. എല്ലാവര്‍ക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ നേരിടേണ്ടിവരും എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ വളരെ ബുദ്ധിമുട്ടുകളിലൂടെയാണ് ചിലപ്പോൾ ഇങ്ങനെയുള്ള ദുരനുഭവങ്ങൾക്കു ശേഷവും സ്വന്തം കഴിവിലൂടെ പല പെൺകുട്ടികളും സിനിമ എന്ന മോഹം സ്വന്തമാക്കുന്നത്. ഇതേ കാരണം വെട്ടിത്തുറന്നു പറഞ്ഞ് ഇനി അഭിനയിക്കാനില്ല എന്നു വ്യക്തമാക്കി സിനിമാ ജീവിതം അവസാനിപ്പിച്ചവര്‍ വരെയുണ്ട്.

ഇവിടം കൊണ്ടും സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ തീരുന്നില്ല. വാക്ക് കൊണ്ടും നോട്ടം കൊണ്ടും പ്രവര്‍ത്തി കൊണ്ടും പല പ്രശ്നങ്ങളും അവർ നേരിടുന്നത് ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കാൻ സാധിക്കും. കെപിഎസി ലളിതയുടെ ജോണ്‍ ബ്രിട്ടാസുമായുള്ള ഇന്റർവ്യൂവിൽ പണ്ടത്തെ ഒരു ഹാസ്യ നടനിൽ നിന്നും ഏൽക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുന്നുണ്ട്. ആനീസ് കിച്ചൻ എന്ന പരിപാടിയിൽ നമ്മൾ ഏറെ സ്നേഹിക്കുന്ന ഒരു കൊച്ചു കളക്ടർ ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കാൻ പോയി നേരിട്ട ദുരനുഭവം വിവരിക്കുന്നത് കേള്‍ക്കുകയുണ്ടായി. ഇതുപോലെ നിരവധി സംഭവങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

പുരുഷ സ്ത്രീ വ്യത്യാസമില്ലാതെ ഈ വിലക്കുകൾ തങ്ങൾക്കു ഇഷ്ടമില്ലാത്തവരുടെ നേരെ എടുത്തെറിയുന്ന ജനപ്രിയന്മാർ ഒന്നോർക്കുന്നില്ല, അവരുടെ വളർച്ചയിലെ ഓരോ പടവിലും കൂടെ നിന്നത് പ്രേക്ഷകരാണ് എന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച വിനയൻ എന്ന സംവിധായകന് നീതി കിട്ടി എന്നതിൽ സന്തോഷം തന്നെ. ഈ കോടതി വിധി സിനിമാരംഗത്തുള്ള ചിലരിലെങ്കിലും മാറ്റങ്ങൾ വരുത്തും എന്നും കൈയൂക്കുള്ളവൻ കാര്യകാരൻ എന്ന സിനിമ മേഖലയില്ലേ സ്ഥിതി മാറുമെന്നും പ്രത്യാശിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories