TopTop
Begin typing your search above and press return to search.

പിഴ, വലിയ പിഴ; ഈ കോടതിവിധി സഭാ മേധാവികളുടെ കണ്ണു തുറപ്പിക്കട്ടെ

പിഴ, വലിയ പിഴ; ഈ കോടതിവിധി സഭാ മേധാവികളുടെ കണ്ണു തുറപ്പിക്കട്ടെ

സന്ദീപ് വെള്ളാരംകുന്ന്

അധികാരത്തിന്റേയും സമ്പത്തിന്റേയും പിന്‍ബലത്തില്‍ നീതിരഹിതമായ തീരുമാനങ്ങളെടുക്കുന്ന മതമേധാവികള്‍ക്കു കോടതികളില്‍ നിന്നും വിശ്വാസികളില്‍ നിന്നും തിരിച്ചടി കിട്ടുന്ന പുതിയ കാലമാണിത്. തൃശൂരില്‍ ഇടവകക്കാരുടെ സഹായത്തോടെ പള്ളിക്കെതിരേ കേസു കൊടുത്തയാളുടെ മകന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ച കത്തോലിക്കാ സഭയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഒന്നിച്ചതോടെ സഭയ്ക്ക് മുട്ടു മടക്കേണ്ടി വന്ന സംഭവം നടന്നിട്ട് അധികകാലമായില്ല.

എന്നാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ച സിഎസ്‌ഐ സഭാ ബിഷപ്പിനെതിരേ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച കോടതി വിധിയാണ് വിശ്വാസികള്‍ക്കു മേല്‍ മതമേധാവികളുടെ, മുന്‍കാലങ്ങളിലേതു പോലുള്ള ഇടപെടലുകള്‍ ഇനി നടക്കില്ലെന്ന കാര്യം അരക്കിട്ടുറപ്പിക്കുന്നത്.

പള്ളിക്കെതിരേ പുസ്തകമെഴുതിയെന്നാരോപിച്ച് എംജി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗവും മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് മുന്‍ അധ്യാപകനുമായിരുന്ന പ്രൊഫസര്‍ സി സി ജേക്കബിന്റെ മൃതദേഹം എള്ളുമ്പുറം ഇടവക സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നത് കഴിഞ്ഞ വര്‍ഷം ബിഷപ്പും ഇടവക വികാരിയും തടഞ്ഞിരുന്നു. ഇതിനെതിരേ ജേക്കബിന്റെ ഭാര്യ മേരി നല്‍കിയ കേസിലാണ് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി സിഎസ്‌ഐ സഭ ഈസ്റ്റ് കേരള ബിഷപ്പ് കെജി ദാനിയേല്‍, ഇടവക വികാരി എന്നിവര്‍ക്കെതിരേ 9,95,000/- രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ വിധിച്ചത്.

പൂര്‍വ കേരള മഹായിടവക സ്ഥാപകന്‍, സഭാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സി സി ജേക്കബ് 2003-ലാണ് ജലസ്‌നാനം ഒരു പഠനം എന്ന പേരില്‍ പുസ്തകമെഴുതിയത്. ഇതിനെത്തുടര്‍ന്ന് ജേക്കബിനെ സഭയില്‍ നിന്നു പുറത്താക്കുകയായിരുന്നു.

ഇതിനെതിരേ ജേക്കബ് നല്‍കിയ ഹര്‍ജിയില്‍ ഈ നടപടി അസാധുവാണെന്ന് 2009-ല്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരേ ബിഷപ്പ് നല്‍കിയ ഹര്‍ജിയാകട്ടെ കോടതി തള്ളുകയും ചെയ്തു. കോടതി ഉത്തരവ് അനുസരിക്കാതിരുന്ന ബിഷപ്പിനെതിരേ വീണ്ടും കേസ് നല്‍കി കാത്തിരിക്കുന്നതിനിടെയാണ് ജേക്കബ് മരിച്ചത്.

മരണ വിവരം ബിഷപ്പിനെ അറിയിച്ചപ്പോഴാകട്ടെ, കിട്ടിയ അവസരമെന്നു കരുതി സംസ്‌കാരം സെമിത്തേരിയില്‍ നടത്താനാവില്ലെന്ന് ബിഷപ്പ് ഇടവക വികാരി വഴി അറിയിക്കുകയായിരുന്നു. പിന്നീട് പൊതു പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടപ്പോള്‍ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചെങ്കിലും കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതും സഭാവസ്ത്രമണിഞ്ഞ് ശുശ്രൂഷ നടത്തുന്നതും വിലക്കുകയും ചെയ്തു.ഒടുവില്‍ കുടുംബാംഗങ്ങള്‍ വീടിനു സമീപം കല്ലറ നിര്‍മിച്ചു സംസ്‌കാരം നടത്തി. ഇതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ബിഷപ്പിന് കനത്ത പിഴയുമായി കോടതി വിധി ഉണ്ടായത്. കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സഭാ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ തനിക്കു പ്രവര്‍ത്തിക്കാനാവുകയുള്ളുവെന്നുമാണ് ബിഷപ്പ് കോടതി വിധിയെപ്പറ്റി മാധ്യമങ്ങളോടു പ്രതികരിച്ചത്.

മതത്തിന്റെ പേരില്‍ വിശ്വാസികളെ നിലയ്ക്കുനിര്‍ത്തുന്ന മതമേധാവികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പും കോടതി വിധിയോടൊപ്പമുണ്ട്. ബിഷപ്പും വികാരിയും സാധാരണക്കാരപ്പോലെ വികാര, വിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പാടില്ലെന്നും മൃതദേഹം ബന്ധുക്കളുടെ ആഗ്രഹപ്രകാരം കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാത്തത് മാനുഷിക മൂല്യങ്ങളുടെ ലംഘനവുമാണെന്നും പറഞ്ഞ കോടതി മരണത്തോടെ ഒരാളുമായുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അവസാനിപ്പിക്കേണ്ടതാണെന്നും പരേതാത്മാവിനോട് ആദരവു പ്രകടിപ്പിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഓര്‍മിപ്പിച്ചു.

മുന്‍കാലങ്ങളില്‍, സാധാരണയായി ആത്മഹത്യ ചെയ്യുന്നവരുള്‍പ്പടെയുള്ളവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ സഭാമേധാവികള്‍ മടി കാട്ടിയിരുന്നു. ഇത്തരക്കാരെ സംസ്‌കരിക്കുന്ന സ്ഥലം തെമ്മാടിക്കുഴിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നതു തന്നെ. എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് തടസവാദങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്ന കോടതി വിധികളാണ് ഈ വിഷയത്തില്‍ സഭകള്‍ക്കു തിരിച്ചടിയായത്.

അധികാരത്തിന്റെ ബലത്തില്‍ വിവാഹം, മരണം പോലുള്ള കാര്യങ്ങളില്‍ പരിധിയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ നിലവില്‍ സഭകള്‍ക്കു കഴിയാത്ത അവസ്ഥയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിശ്വാസികള്‍ കോടതിയെ സമീപിക്കുന്നതും സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ശക്തമായതുമാണ് ഇതിനു കാരണം.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories