TopTop
Begin typing your search above and press return to search.

ഗോവധവും ഹിന്ദുക്കളുടെ ഇരട്ടത്താപ്പും; ഒരു സന്യാസിയുടെ സാക്ഷ്യപ്പെടുത്തല്‍

ഗോവധവും  ഹിന്ദുക്കളുടെ ഇരട്ടത്താപ്പും; ഒരു സന്യാസിയുടെ സാക്ഷ്യപ്പെടുത്തല്‍

ആര്യസമാജം സ്ഥാപിച്ച സ്വാമി ദയാനന്ദ സരസ്വതിയാണ് ഒരു പക്ഷെ ആദ്യമായി ഗോവധ നിരോധനം എന്ന ആശയം ഇന്ത്യയില്‍ മുന്നോട്ടുവച്ചത്. ഹിന്ദുമതത്തിലെ നിരവധി അനാചാരങ്ങള്‍ക്കെതിരെ പോരാടിയ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിലായിരുന്നു ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ തീര്‍ത്തും തിരസ്‌കരിച്ചുകൊണ്ടുള്ള ഈ വാദം ദയാനന്ദ സരസ്വതി മുന്നോട്ടു വച്ചത്. ഒരുപക്ഷെ, ജീവിതകാലം മുഴുവന്‍ മറ്റു മതങ്ങളോട് അദ്ദേഹം പുലര്‍ത്തിയിരുന്ന അസഹിഷ്ണുതയുടെ ബാക്കിപത്രവുമാകാം ഇത്. അതായത് പത്തൊമ്പാതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോട് കൂടിയാണ് ഇത്തരം ഒരു ആവശ്യം മേല്‍ജാതി ഹിന്ദുക്കളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.

സമകാലീന ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷം വര്‍ദ്ധിപ്പിച്ചുകൊണ്ട് ധ്രൂവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി പശുവിനെ ഒരായുധമാക്കി മാറ്റുമ്പോഴാണ് ഇത്തരം ഒരു ചരിത്രാന്വേഷണം ആവശ്യമായി വരുന്നത്. എന്നാല്‍ സ്വാതന്ത്ര്യസമരക്കാലത്ത് തന്നെ മറ്റൊരു ഹിന്ദു സന്യാസി സാമുദായിക സൗഹാര്‍ദ്ദം നിലനിറുത്തുന്നതിനായി ഗോവധ നിരോധനത്തെ ഉപയോഗിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. സ്വാമി സഹജാനന്ദ സരസ്വതി എന്ന ഈ നാടോടി സന്യാസിയുടെ ശ്രമങ്ങളെ പക്ഷെ ഏറ്റവും കൂടുതല്‍ പാരവെച്ചത് മേല്‍ജാതി ഹിന്ദുക്കള്‍ തന്നെയാണ് എന്നത് ഒരു വിരോധാഭാസമായി തോന്നാം.

'എന്റെ ജീവിത പോരാട്ടങ്ങള്‍' എന്ന അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളിലെ 'ഗോസംരക്ഷണവും മതത്തെ കുറിച്ചുള്ള എന്റെ മാറുന്ന കാഴ്ചപ്പാടുകളും' എന്ന അധ്യായത്തെ മുന്‍നിറുത്തി ഗോവധ നിരോധനത്തിന്റെ രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളെ വിശകലനം ചെയ്യാനാണ് നോവലിസ്റ്റും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അജാസ് അഷറഫ് സ്‌ക്രോള്‍.ഇന്നില്‍ എഴുതിയ ലേഖനത്തില്‍ ശ്രമിക്കുന്നത്. ബിഹാറിലെ ബക്‌സറില്‍ വച്ചാണ് പശുസംരക്ഷണ പ്രശ്‌നത്തിലുള്ള ഹിന്ദുക്കളുടെ കാപട്യം താന്‍ ആദ്യം മനസിലാക്കിയത് എന്ന് പറഞ്ഞുകൊണ്ടാണ് സഹജാനന്ദ ഈ അധ്യായം ആരംഭിക്കുന്നത് തന്നെ.

സ്വാമി സഹജാനന്ദയുടെ ഛായാചിത്രത്തിനു മുന്നില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ഒരു നാടോടി സന്യാസിയായിരുന്ന സഹജാനന്ദ ബിഹാറിലെ ഭൂമിഹാര്‍ സമുദായത്തെ ഉദ്ധരിക്കാനും ബ്രഹ്മണര്‍ക്ക് മുകളിലാണ് അവരുടെ സ്ഥാനമെന്ന് സമര്‍ഥിക്കാനും ശ്രമിച്ചിരുന്ന ആളാണ്. ഗാന്ധിജിയുമായി പറ്റ്‌നയില്‍ വച്ചുനടന്ന ഒരു കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ നിസ്സഹകരണ പ്രസ്ഥാനത്തിലേക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും നയിച്ചത്. നിസഹകരണ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ 1921ല്‍ നടന്ന സംഭവങ്ങളാണ് ഹിന്ദുക്കളുടെ ഗോസംരക്ഷണ വാദത്തിന്റെ പൊള്ളത്തരം അദ്ദേഹത്തിന് വെളിപ്പെടുത്തിക്കൊടുത്തത്. ബക്‌സറിലെ ജനങ്ങളെ നിസഹകരണ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. ഖിലാഫത്ത് പ്രസ്ഥാനം പിരിച്ചുവിടപ്പെട്ടതില്‍ അതൃപ്തരായിരുന്ന മുസ്ലീം ജനവിഭാഗങ്ങളെ ദേശീയ പ്രസ്ഥാനവുമായി വീണ്ടും അടുപ്പിക്കുന്നതിനുള്ള സുവര്‍ണാവസരമായി അദ്ദേഹം നിസഹകരണ പ്രസ്ഥാനത്തെ കണ്ടു. ഹിന്ദു-മുസ്ലീം സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് സഹജാനന്ദ കരുതി. ബക്രീദിനോട് അനുബന്ധിച്ച് പശുക്കളെ ബലികൊടുക്കരുതെന്ന് മുസ്ലീം ജനവിഭാഗങ്ങളോട് അഭ്യര്‍ത്ഥിച്ച് 1919ല്‍ മുസ്ലീം ലീഗ് പാസാക്കിയ ഒരു പ്രമേയം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തിന് അടിത്തറ പാകിയിരുന്നു.

ബക്‌സറില്‍ നടക്കുന്ന വാര്‍ഷിക കന്നുകാലി മേള ഈ സൗഹാര്‍ദ അന്തരീക്ഷത്തിന് കോട്ടംതട്ടിക്കുമെന്ന് സഹജാനന്ദ് ഭയന്നു. 1921ല്‍ നടത്തിയ ആ നീക്കം അത്ര ബുദ്ധിപരമായിരുന്നോ എന്ന് 1940ല്‍ എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്. കന്നുകാലി മേളയുമായി ബന്ധപ്പെട്ട് നടക്കുന്ന കശാപ്പ് ഒരു പക്ഷെ സാമുദായിക സൗഹാര്‍ദ്ദത്തിന് ഭംഗവരുത്തിയേക്കും എന്ന ഭയമായിരുന്നു തന്നെ നയിച്ചതെന്ന് അദ്ദേഹം പറയുന്നു. ബ്രഹംപൂര്‍ മേള എന്നറിയപ്പെടുന്ന കന്നുകാലി ചന്ത മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് സാധാരണ നടക്കുന്നത്. മേളയ്ക്ക് കശാപ്പുകാര്‍ എത്തുക സാധാരണമായിരുന്നു. എന്നാല്‍ കശാപ്പിന് പരസ്യമായി കന്നുകാലികളെ വാങ്ങുക അവര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല എന്ന് സഹജാനന്ദ് പറയുന്നു.

രഹസ്യമായാണ് അവര്‍ കശാപ്പിനുള്ള കന്നുകാലികളെ വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ അമിതവില അവര്‍ക്ക് നല്‍കേണ്ടിയും വന്നിരുന്നു. പലരും വ്യാജപ്പേരാണ് ഉപയോഗിച്ചിരുന്നത്. യഥാര്‍ത്ഥ പേര് പുറത്തുപറഞ്ഞാല്‍ അവര്‍ കൊള്ളയടിക്കപ്പെടാനും ആക്രമിക്കപ്പെടാനുമുള്ള സാധ്യതകള്‍ അധികവുമായിരുന്നു. പശുക്കളുടെ കശാപ്പ് ഒഴിവാക്കുന്നതിന് മൂന്ന് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സഹജാനന്ദ് രൂപം നല്‍കിയത്. പശുക്കളെയും കാളകളെയും മേളയ്ക്ക് കൊണ്ടുവരരുതെന്ന് ബക്‌സര്‍ ഉള്‍പ്പെടുന്ന ഷഹബാദ് ജില്ലയിലെമ്പാടും അദ്ദേഹത്തിന്റെ അനുയായികള്‍ പ്രചാരണം നടത്തി. രണ്ടാമതായി ബക്‌സറിലേക്കുള്ള ഇടറോഡുകള്‍ അവര്‍ പിക്കറ്റ് ചെയ്തു. മൂന്നാമതായി കശാപ്പുകാരെ തിരിച്ചറിയുകയും അവര്‍ കന്നുകാലികളെ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ അറവിനാണ് കന്നുകാലികളെ ഇവര്‍ വാങ്ങുന്നതെന്ന് ഉടമകള്‍ക്ക് രഹസ്യവിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഇപ്പോഴത്തെ സംഘികളെ പോലെ കുരുട്ടുബുദ്ധി തന്നെയാണ് സഹജാനന്ദും സംഘവും 1921-ലും പ്രയോഗിച്ചത്.

പദ്ധതി വിജയകരമായി മുന്നേറുന്നതിനിടയില്‍ ചില അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും വന്ന എതിര്‍പ്പ് സഹജാനന്ദയെ ഞെട്ടിച്ചു. മേള നടക്കുന്ന ഭൂമിയുടെ അവകാശികളായ രജപുത്രന്മാരാണ് സഹജാനന്ദയ്ക്കും സംഘത്തിനുമെതിരെ എതിര്‍പ്പുമായി ആദ്യം മുന്നോട്ട് വന്നത്. ചന്തയില്‍ ക്രയവിക്രയം ചെയ്യുന്നവരില്‍ നിന്നും ഇവര്‍ ചുങ്കം പിരിച്ചിരുന്നു. കച്ചവടം കുറയുമ്പോള്‍ സ്വാഭാവികമായും ചുങ്കവും കുറയും. മാത്രമല്ല മേള നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന ബ്രഹ്മേശ്വര്‍ ബാബയുടെ ക്ഷേത്രത്തിലെ വരുമാനം ഈ സമയത്ത് വര്‍ദ്ധിക്കുകയും ചെയ്യുമായിരുന്നു. 'മതത്തിന്റെ കരാറുകാരായ ബ്രാഹ്മണര്‍ എന്ന് വിളിക്കപ്പെടുന്ന പുരോഹിതരും ഹിന്ദുപുരാണങ്ങളിലെ വിശ്വാസങ്ങളുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ക്ഷത്രിയ ഭൂഉടമകള്‍ക്കും മേള ഒരു വലിയ വിജയമാകേണ്ടിയിരുന്നു,' എന്നാണ് സഹജാനന്ദ ഇതിനെക്കുറിച്ച് എഴുതുന്നത്.

കന്നുകാലികളെ ഗംഗയിലൂടെ കൊണ്ടുവരുന്ന ചങ്ങാടങ്ങള്‍ കരാറെടുത്തവരായിരുന്നു എതിര്‍പ്പുമായി രംഗത്തെത്തിയ മറ്റൊരു വിഭാഗം. മേള പരാജയപ്പെട്ടാല്‍ അവരുടെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കുമായിരുന്നു. കൂടാതെ കന്നുകാലി വ്യാപാരികളും ബ്രഹംപൂര്‍ മേളയില്‍ നിന്നും കന്നുകാലികളെ മൊത്തമായി വാങ്ങി നാട്ടിന്‍പുറങ്ങളില്‍ ചില്ലറയായി വിറ്റിരുന്നവരും എതിര്‍പ്പുമായി രംഗത്തെത്തി. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ബീഫ് ലഭ്യമാകുന്നത് തടയപ്പെടുമെന്ന് ഭയന്ന സര്‍ക്കാരും സഹജാനന്ദിനെതിരെ തിരിഞ്ഞു. സ്വഭാവികമായും കശാപ്പുകാരും സഹജാനന്ദിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങളെ എതിര്‍ത്തു.

മേള നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള വഴികള്‍ സഹജാനന്ദും സംഘവും ഉപരോധിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ പോക്കറ്റില്‍ വിള്ളല്‍ വീഴ്ത്താനാണ് സംഘം ശ്രമിക്കുന്നതെന്ന് ആരോപിച്ച് രജപുത്രരും ബ്രാഹ്മണരും ബോട്ട് കരാറുകാരും വ്യാപാരികളും മറ്റും രംഗത്തെത്തി. എന്നാല്‍ ഗോവധത്തെ അനുകൂലിക്കുന്നു എന്ന ആരോപണം വരുമെന്ന് ഭയന്ന് ഇവര്‍ക്കൊന്നും പ്രത്യക്ഷത്തില്‍ രംഗത്തെത്താന്‍ സാധിച്ചില്ല. എന്നാല്‍ സഹജാനന്ദിന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ അവര്‍ തങ്ങള്‍ക്ക് ആവുന്നതെല്ലാം ചെയ്തു.

കശാപ്പ് പ്രവര്‍ത്തനങ്ങള്‍ സാരമായി കുറഞ്ഞതോടെ കശാപ്പുകാര്‍ ബ്രഹംപൂര്‍ വിടാന്‍ സന്നദ്ധരായി. സഹജാനന്ദും സംഘവും ഇവരെ റയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചു. എന്നാല്‍ കശാപ്പുകാരെ പിന്തിരിപ്പിക്കാനായി അവിടെ ചന്ദനക്കുറിയും മാലയും ധരിച്ച ബ്രാഹ്മണരും മറ്റ് ഹൈന്ദവ ഏജന്റുമാരും ഉണ്ടായിരുന്നു. കശാപ്പുകാരെ പ്രലോഭിപ്പിച്ച് മടങ്ങിപ്പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. പോലീസും അവരെ സഹായിക്കാന്‍ ഉണ്ടായിരുന്നു. കശാപ്പുകാര്‍ക്ക് വേണമെങ്കില്‍ ആ പ്രലോഭനത്തില്‍ വീണ് മടങ്ങിപ്പോകാതിരിക്കാമായിരുന്നു. എന്നാല്‍ അതൊരു സംഘര്‍ഷത്തിന് വഴിവെച്ചേക്കുമെന്ന് അവര്‍ ഭയന്നതായി സഹജാനന്ദ് പറയുന്നു. കലാപം പൊട്ടിപ്പുറപ്പെടുന്നതിനെ കുറിച്ചുള്ള ആശങ്ക തനിക്കും തന്റെ സംഘത്തിനും കശാപ്പുകാര്‍ക്കും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സഹജാനന്ദ രേഖപ്പെടുത്തുന്നു. വണ്ടിക്കൂലി ലഭിച്ചാല്‍ മടങ്ങിപ്പൊയ്‌ക്കോളാം എന്ന് കശാപ്പുകാര്‍ സമ്മതിച്ചു. ജനങ്ങളില്‍ നിന്നും 200 രൂപ പിരിച്ചെടുത്ത് കശാപ്പുസംഘത്തെ യാത്രയാക്കിയെന്നും സഹജാനന്ദ രേഖപ്പെടുത്തുന്നു.

മതത്തെ കൂടുതല്‍ 'വ്യക്തമായ കാഴ്ചപ്പാടോടെ' വീക്ഷിക്കാന്‍ ഈ സംഭവം തന്നെ പ്രേരിപ്പിച്ചുവെന്ന് സഹജാനന്ദ പറയുന്നു. തങ്ങളുടെ 'അജ്ഞതയും കാപട്യവും,' കൊണ്ട് മാത്രമാണ് ഹിന്ദുസമുദായം പശുസംരക്ഷണ വാദം ഉയര്‍ത്തുന്നത്. 'അതിനുശേഷം, ഗോവധത്തിന്റെ 100 ശതമാനം ഉത്തരവാദിത്വവും ഹിന്ദുക്കള്‍ക്കാണെന്ന വിശ്വാസം എന്നില്‍ ദൃഢമായി. അത് ഇപ്പോഴും (1940) തുടരുന്നു,' എന്ന് സഹജാനന്ദ വ്യക്തമാക്കുന്നു. 'ദൈവവും മതവും' ജനങ്ങളുടെ ആകുലതയല്ലെന്നും അദ്ദേഹം പറയുന്നു. പണത്തിനും സമ്പത്തിനും വേണ്ടിയുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് വിഘാതമാകാതിരിക്കുന്നിടത്തോളം മാത്രമേ ദൈവവും മതവും അവരുടെ ഉത്കണ്ഠ ആകുന്നുള്ളു. ഇത് തിരിച്ചറിയാന്‍ താമസിച്ചത് തന്റെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണെന്നും സഹജാനന്ദ സമ്മതിക്കുന്നുണ്ട്.

സാധാരണ ദൈവങ്ങളും സാധാരണ മതവും സമ്പത്തിന്റെയും നഷ്ടങ്ങളുടെയും ദൈവങ്ങളുമായി കടുത്ത സംഘര്‍ഷങ്ങളാണ്. ആത്മീയതയും ഭൗതീകതയും തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ ആത്മീയതയ്ക്ക് വലിയ പരിക്കേറ്റിട്ടുണ്ടെന്നും സഹജാനന്ദ ചൂണ്ടിക്കാണിക്കുന്നു. 1921ല്‍ സഹജാനന്ദയ്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ നേര്‍ചിത്രമാണ് 2017ലും സംഭവിക്കുന്നതെന്ന് അജാസ് അഷറഫ് വ്യക്തമാക്കുന്നു. ഇന്ന് കന്നുകാലി ചന്തകള്‍ തടസമില്ലാതെ നടക്കണമെന്ന് ഹിന്ദു കര്‍ഷകര്‍, വ്യാപാരികള്‍, ബീഫ് കയറ്റുമതിക്കാര്‍, ക്ഷീരകര്‍ഷകര്‍, കശാപ്പുകാര്‍, തുകല്‍ വ്യവസായികള്‍ തുടങ്ങിയവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെയായിരുന്നു അന്നും. പശുസംരക്ഷകരും നിരീക്ഷകരുമാണ് അന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ത്തിരുന്നത്.

പക്ഷെ, 1921ല്‍ നിന്നും പ്രകടമായ ഒരു വ്യത്യാസം ഇന്ന് സംഭവിക്കുന്നുണ്ട്. കന്നുകാലി വിപണന നിയമം ഭൗതീകതയ്ക്ക് മേല്‍ ആത്മീയത നേടിയ വലിയ വിജയമായി കേന്ദ്ര സര്‍ക്കാര്‍ ഉദ്ഘാഷിക്കുന്നു. അതേ സമയം തന്നെ അക്രമം അഴിച്ചുവിടാന്‍ പശുസംരക്ഷകരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അഹിംസയും ബോധവത്കരണവുമൊന്നും അവരുടെ ചിന്തയില്‍ ഇല്ല. കന്നുകാലികളെ ആശ്രയിച്ച് ജീവിക്കുന്നവരെ കുറിച്ചുള്ള ചിന്തകളൊന്നും അവരെ അലട്ടുന്നില്ല. മതം ഒരു പൊതുവിഷയമല്ലെന്നും അത് വളരെ സ്വകാര്യമായ ഒരു വ്യക്തി അനുഭവമാണെന്നുമുള്ള സഹജാനന്ദയുടെ വാക്കുകള്‍ക്ക് അവര്‍ ചെവികൊടുക്കുന്നുമില്ല. അധികാരത്തില്‍ ഉന്മത്തരായ രക്തദാഹികളായ ഗോരക്ഷകര്‍ക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുക എന്ന വലിയ ചോദ്യം ഉന്നയിച്ചുകൊണ്ടാണ് അജാസ് അഷറഫ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.


Next Story

Related Stories