TopTop
Begin typing your search above and press return to search.

ലോകം മുഴുവന്‍ ഒരുമിച്ചു നേരിട്ടാലും പശുവിനെ കൊല്ലുന്നതിനെ എതിര്‍ക്കും; കെ സുരേന്ദ്രന്‍

ലോകം മുഴുവന്‍ ഒരുമിച്ചു നേരിട്ടാലും പശുവിനെ കൊല്ലുന്നതിനെ എതിര്‍ക്കും; കെ സുരേന്ദ്രന്‍

ഗോവധ നിരോധനം ബിജെപിയുടെ രഹസ്യ അജണ്ടയല്ലെന്നു കെ സുരേന്ദ്രന്‍. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുള്ള മറുപടിയിലാണു സുരേന്ദ്രന്റെ ഈ പ്രഖ്യാപനം.പശുക്കളെ കൊല്ലുന്നതിനെ എതിര്‍ക്കും ഈ ലോകം മുഴുവന്‍ ഒന്നിച്ചുവന്നു നേരിട്ടാലും എന്നാണു സുരേന്ദ്രന്‍ പറയുന്നത്. സിപിഎം നേതാക്കളായ പാലോളി മുഹമ്മദ് കുട്ടിയെയോ എ സി മൊയ്തീനോ കൊണ്ടോ മന്ത്രി കെ ടി ജലീലിനെ കൊണ്ടോ ഒരു കഷ്ണം പന്നിയിറച്ചി കഴിപ്പിക്കാമോയെന്നും സുരേന്ദ്രന്‍ വെല്ലുവിളിക്കുന്നു.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സാമ്പത്തിക വിദഗ്ദ്ധന്‍ തോമസ് ഐസക്കിന്റെ പോസറ്റ് വൈകിയാണ് കണ്ടത്. അമിത് ഷാ വരുന്നതിന്റെ തിരക്കുകാരണം മറുപടി അല്‍പ്പം വൈകിപ്പോയി. G S T യുടേതടക്കം ഭാരിച്ച തിരക്കുകള്‍ക്കിടയിലും എന്റെ പോസ്റ്റിന് ഇത്രയും വിശദമായ മറുപടി അയക്കാന്‍ അങ്ങേക്കു സമയം കിട്ടിയല്ലോ. മന്ത്രിപ്പണി പേരിനു മാത്രമാണെന്നും ശരിക്കുള്ള പണിയൊക്കെ ഉപദേഷ്ടാവാണ് ചെയ്യുന്നതെന്നുമൊക്കെയുള്ള ഉപശാലാ വൃത്താന്തം ഏതായാലും ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ പരിഹാസവും ചിരിയുടെയുമൊക്കെ കാര്യത്തില്‍ അങ്ങേക്കുള്ള അത്രയും അനുഭവം ഏതായാലും എനിക്കില്ല. കിഫ്ബി ഭൂലോക തട്ടിപ്പാണെന്ന് ജി. സുധാകരന്‍ പരസ്യമായി പറഞ്ഞപ്പോഴും നോട്ടുനിരോധനകാലത്ത് അങ്ങുപറഞ്ഞ വിടുവായത്തങ്ങള്‍ കേട്ട് മാലോകര്‍ ആര്‍ത്തു ചിരിച്ചപ്പോഴും അതെല്ലാം നേരിട്ടനുഭവിച്ചിട്ടുണ്ടാവുമല്ലോ. പിന്നെ ഉത്തര്‍ പ്രദേശിലെ ഫോട്ടോയുടെയും കലാപത്തിന്റെയുമൊക്കെ കഥ കേട്ടു. ഏതായാലും മതേതരമുന്നണിയുടെ നേതാവ് അഖിലേഷിന്റെ കാലത്തെ കഥയാണല്ലോ. ഗോവധ നിരോധനം നൂറ്റാണ്ടുകളായി ഇന്ത്യയിലെ ഒരു വൈകാരിക പ്രശ്‌നം തന്നെയാണ്. സംഘപരിവാരത്തിന്റെ ആക്രമണഭീഷണി ഭയന്നിട്ടല്ല അതു ഭരണഘടനയില്‍ വന്നതും ഒട്ടു മിക്ക സംസ്ഥാനങ്ങളില്‍ നിയമമായതും. മുഗള്‍ ചക്രവര്‍ത്തിമാര്‍ പോലും ഇവിടെ ഗോവധം നിരോധിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരും പിന്നീട് കോണ്‍ഗ്രസ്സുകാരുമെല്ലാം ഈ വിശ്വാസത്തിന്റെ ചൂട് നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ ദേശീയപ്രസ്ഥാനം ആരാണെന്നും എന്താണെന്നും ഒക്കെ ചോദിക്കുന്നതു കണ്ടു. ഏതായാലും ക്വിററ് ഇന്ത്യാ സമരത്തെ ഒറ്റിയ കൂട്ടത്തിലും നേതാജിയെ ചെരുപ്പുനക്കിയാക്കിയ വകുപ്പിലും ഞങ്ങള്‍ പെടില്ല. സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചിട്ടുമില്ല. ഡോ. ഹെഡ്‌ഗെവാര്‍ കോണ്‍ഗ്രസ്സിന്റെ നേതാവായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലും കിടന്നിട്ടുണ്ട്. കാശ്മീര്‍ ജയിലില്‍ കിടന്നാണ് ശ്യാമപ്രസാദ് മുഖര്‍ജി മരിച്ചത്. വിശ്വാസികളുടെ അട്ടിപ്പേറൊന്നും എനിക്കോ ബി. ജെ. പിക്കോ ഇല്ല. എന്നാല്‍ നാലുവോട്ടിനുവേണ്ടി ഞഞ്ഞാ പിഞ്ഞാ പറയില്ല. ഗോവധനിരോധനം എന്നത് ഞങ്ങള്‍ക്ക് രഹസ്യ അജണ്ടയുമല്ല. പശുക്കളെ കൊല്ലുന്നതിനെ എതിര്‍ക്കും ഈ ലോകം മുഴുവന്‍ ഒന്നിച്ചുവന്നു നേരിട്ടാലും. പിന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗോമാംസം കഴിക്കുമായിരിക്കും. തോമസ് ഐസക്കും കോടിയേരിയും കഴിക്കുമായിരിക്കും. എന്നാല്‍ ആയിരം ഐസക്കുമാരും ബാലകൃഷ്ണന്‍മാരും വിചാരിച്ചാലും ഒരു പാലോളിയെക്കൊണ്ടോ മൊയ്തീനെക്കൊണ്ടാ ജലീലിനെക്കൊണ്ടോ എന്തിന് ഷംസീറിനെയോ റിയാസിനെയോ കൊണ്ടുപോലും ഒരു കഷണം പന്നിയിറച്ചി തീറ്റിക്കാനാവില്ല. അതാണ് നിങ്ങളുടെ മതേതരത്വം.


Next Story

Related Stories