TopTop
Begin typing your search above and press return to search.

പശു രാഷ്ട്രീയം: മോദി മൗനം വെടിഞ്ഞത് നന്നായി; പക്ഷേ, ഇല്ലാതായ ജീവിതങ്ങളോ?

പശു രാഷ്ട്രീയം: മോദി മൗനം വെടിഞ്ഞത് നന്നായി; പക്ഷേ, ഇല്ലാതായ ജീവിതങ്ങളോ?

ടീം അഴിമുഖം

ദുര്‍ബലരും നിന്ദിതരുമായ ജനതയുടെ ക്ഷോഭത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ചരിത്രം മുഴുവനും. അവരുണര്‍ന്നാല്‍ ഏത് ശക്തനും താഴെ വീഴും. അത് ലോകത്താകെ നടക്കുന്ന തരം തെരുവ് പ്രകടനങ്ങളായാലും, കലാലയ വളപ്പുകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളായാലും, അല്ലെങ്കില്‍ അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധിയെ മുട്ടുകുത്തിച്ച വടക്കേ ഇന്ത്യയിലെ ദരിദ്രരായാലും.

ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത് ഗോ സംരക്ഷണ സേനയെ സാമൂഹ്യ വിരുദ്ധര്‍ എന്നുവിളിക്കാന്‍ നിര്‍ബന്ധിതനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തകിടം മറിച്ചിലാണ്. “പശു സംരക്ഷണത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന കച്ചവടത്തില്‍ എനിക്കു അതിയായ കോപമുണ്ട്. രാത്രി സാമൂഹ്യ വിരുദ്ധരും പകല്‍ പശു സംരക്ഷകരുമാണ് ചിലരെന്നു എനിക്കു അറിയാം,” ശനിയാഴ്ച്ച ഡല്‍ഹിയില്‍ ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ നടത്തിയ ‘ടൌണ്‍ ഹാള്‍’ രീതിയിലുള്ള പരിപാടിയില്‍ മോദി പറഞ്ഞു. മോദിയുടെ വാക്കുകള്‍ ചുരുങ്ങിയതും തീര്‍ത്തും വൈകിവന്നതുമാണ്. ഇന്ത്യന്‍ മുഖ്യധാരയിലേക്ക് വിഷം കലര്‍ത്തിക്കൊണ്ട് പശുവിനെ കേന്ദ്രപ്രമേയമാക്കി ഇറക്കിനിര്‍ത്താന്‍ ഇന്ത്യയിലെമ്പാടും നടത്തിയ വിഭാഗീയമായ നിരവധി പ്രസംഗങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ദളിത് പ്രക്ഷോഭത്തിന്റെ ചൂട് മോദിയെ അപകടം വരുന്നു എന്നു തോന്നിപ്പിക്കുന്നുണ്ട്.

ദാദ്രിയില്‍ മുഹമ്മദ് അക്ലാഖ്, ഝാര്‍ഖണ്ഡിലെ രണ്ടു മുസ്ലീം പശു കച്ചവടക്കാര്‍, ഉദംപൂരിലെ ട്രക് ഡ്രൈവര്‍, ഉനയിലെ ദളിത കുടുംബങ്ങള്‍ തുടങ്ങി ഇന്ത്യയിലെ നിരവധി കുടുംബങ്ങളില്‍ പക്ഷേ മോദിയുടെ വാക്കുകള്‍ ഒരു ഉപകാരവും ഉണ്ടാക്കുന്നില്ല. പശുവിന്റെ പേരില്‍ കൊല്ലപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്ത കുടുംബങ്ങള്‍ക്ക് ഇതെന്തു ആശ്വാസമാണ് നല്‍കുന്നത്?

മോദിയുടെ യഥാര്‍ത്ഥ നിലപാട്
പശു സംരക്ഷണത്തെക്കുറിച്ചുള്ള വിവിധ വഴികള്‍ ബി ജെ പി അനുയായികള്‍ക്ക് കാണിച്ചുകൊടുത്തത് മോദിയായിരുന്നു. അതിനെ സാമുദായിക വിഭാഗീയതയ്ക്ക് ഉപയോഗിച്ചതും അയാളായിരുന്നു. 2014 മുതല്‍ അയാള്‍ നടത്തിയ പ്രകോപനപരമായ നിരവധി പ്രസംഗങ്ങളില്‍ ഇറച്ചിക്കുവേണ്ടി പശുവിനെ അറക്കുന്നത് ഇന്ത്യയിലെ പശുക്കള്‍ക്ക് എത്ര വലിയ ഭീഷണിയാണെന്ന് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. പശു ഹത്യയുടെ പേരില്‍ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് ‘പിങ്ക് വിപ്ലവം’ കൊണ്ടുവന്നു എന്നാരോപിച്ച് അയാള്‍ കോണ്‍ഗ്രസിനെതിരെ വലിയ ആക്രമണം നടത്തി. 2015 ഒക്ടോബറില്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം അയാള്‍ വീണ്ടും ഉയര്‍ത്തി. പശു ഹത്യ തടയണമെങ്കില്‍ തങ്ങളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് വോട്ടെടുപ്പിന്റെ തലേന്ന് ബി ജെ പി പത്രപ്പരസ്യങ്ങളും നല്കി.കേന്ദ്രത്തിലും മഹാരാഷ്ട്ര, ഹരിയാന,ഝാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലും ബി ജെ പി അധികാരത്തില്‍ വന്നതോടെ പാര്‍ട്ടി സര്‍ക്കാരുകള്‍ പശു ഹത്യക്കെതിരെ കടുത്ത നിയമങ്ങള്‍ നടപ്പാക്കുകയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പശുവിനെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. അന്നൊക്കെ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല, ആരെയും തടഞ്ഞില്ല. കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ, ഝാര്‍ഖണ്ട്, ഹരിയാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ഇത്തരം ആക്രമങ്ങളെ ചെറുതായി കാണുകയോ ന്യായീകരിക്കുകയോ ചെയ്തു.

എന്നാല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ ഒരു വലിയ വോട്ട് ബാങ്കായി അവര്‍ കാണുന്ന ദളിതര്‍ക്കെതിരെ പശു സംരക്ഷകരുടെ അക്രമ രാഷ്ട്രീയം തിരിഞ്ഞതോടെ മോദിയും കൂട്ടരും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ്. ആനന്ദിബെന്‍ പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയത് ഈ പരിഭ്രാന്തിയുടെ ആദ്യ ലക്ഷണമായിരുന്നു. ബി ജെ പിയിലെ ആഭ്യന്തര തര്‍ക്കങ്ങളുടെ ഫലമായിരുന്നു അവരുടെ പുറത്താക്കലെങ്കിലും ഉന സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് സ്ഥാനം നഷ്ടപ്പെട്ടു എന്നു ദളിതര്‍ക്ക് മനസ്സിലാകും വിധം അതിനെ മാറ്റുകയായിരുന്നു.

മോദിയുടെ കോപം നിറഞ്ഞ പരാമര്‍ശങ്ങള്‍ ദളിതരെ ചാക്കിടാനും പശു സൈനികര്‍ക്ക് ചില സന്ദേശങ്ങള്‍ നല്‍കാനുമാണ്. ബി ജെ പിയെ രാഷ്ട്രീയമായി വെട്ടിലാക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണം എന്നുള്ള സന്ദേശമാണ് സംഘപരിവാറിന്റെ കളരിയിലെ അതേ രാഷ്ട്രീയ ജൈവവ്യവസ്ഥയില്‍ വളര്‍ത്തിയെടുത്ത ഈ പശു സൈനികര്‍ക്കും നല്‍കുന്നത്.

മോദിയുടെ പ്രസംഗത്തില്‍ ഒരു സംഭവവും പ്രത്യേകം പരാമര്‍ശിച്ചില്ലെങ്കിലും, ചത്ത പശുവിന്റെ തോലുരിഞ്ഞതിന് പശു സംരക്ഷകര്‍ ദളിതരെ മര്‍ദ്ദിച്ച ഗുജറാത്തിലെ ഉന സംഭവമായിരുന്നു അയാളെ അതിനു പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഇത് ദളിത് പ്രതിഷേധം ആളിക്കത്തിക്കുകയും നിര്‍ണായകമായ പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദളിതരെ ആകര്‍ഷിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടി നല്കുകയും ചെയ്തു.

പശു സംരക്ഷണ അക്രമികളെ വിചാരണ ചെയ്തു ശിക്ഷിക്കണം എന്നാവശ്യപ്പെടുന്നതിന് പകരം സംസ്ഥാന സര്‍ക്കാരുകളോട് ഇതിന്റെയൊക്കെ രേഖയുണ്ടാക്കാനും അത്തരം പശു സംരക്ഷകരെ നിയന്ത്രിക്കാനുമാണ് അയാള്‍ ആവശ്യപ്പെട്ടത്. “70-80% ആളുകള്‍ സമൂഹം സ്വീകരിക്കാത്ത തരം പ്രവര്‍ത്തികള്‍ ചീത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നു. അവരുടെ ദുഷ്ചെയ്തികള്‍ മറച്ചുവെക്കാന്‍ അവര്‍ പശു സംരക്ഷകരുടെ വേഷം കെട്ടുന്നു,” മോദി പറഞ്ഞു. ആളുകളെ ഭയപ്പെടുത്താനും ഉപദ്രവിക്കാനുമല്ല സന്നദ്ധ സംഘടനകള്‍ എന്നാണ് മോദി പറഞ്ഞത്. പകരം അവര്‍ സാമൂഹ്യ സേവനത്തില്‍ ശ്രദ്ധയൂന്നണം. അറവ് മൂലമല്ല, പ്ലാസ്റ്റിക് തിന്നാണ് കൂടുതല്‍ പശുക്കള്‍ ചാവുന്നതെന്നും മോദി പറഞ്ഞു. പശുക്കള്‍ പ്ലാസ്റ്റിക് തിന്നുന്നത് ഒഴിവാക്കാനാണ് പശുസ്നേഹികള്‍ ശ്രമിക്കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മോദിപറഞ്ഞ കാര്യം ഏറെ പ്രാധാന്യമുള്ളതാണ്; എന്തുകൊണ്ടയാള്‍ ഇത് മുമ്പേ പറഞ്ഞില്ല എന്നാണത്ഭുതം.

വാക്കുകള്‍ മാത്രം പോര
ടൌണ്‍ ഹാള്‍ പരിപാടിക്ക് ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു,“പശു ഭക്തിയുടെയും പശു സേവയുടെയും വിശുദ്ധമായ രീതികളെ പശു സംരക്ഷകര്‍ എന്ന പേരില്‍ ചില സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നു. നിയമം കയ്യിലെടുക്കാനോ ഐക്യത്തിന്റെയും ഒരുമയുടെയും വികാരത്തെ തകര്‍ക്കാനോ ആര്‍ക്കും അവകാശമില്ല.”

പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് ഹിന്ദു വര്‍ഗീയവാദികള്‍ തല്ലിക്കൊന്ന മുഹമദ് അക്ലാഖിന്റെ കുടുംബത്തിനെതിരെ പശുവിറച്ചി തിന്നതിന് കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടത് ഒരു മാസം മുമ്പ്, മോദിയുടെ മന്ത്രിസഭാംഗം സഞ്ജയ് ബാലിയനും ബി ജെ പി എം പി യോഗി ആദിത്യനാഥും, ബി ജെ പി എം എല്‍ എ സംഗീത് സോമും ആയിരുന്നു. “ഒരു പശുവിന് കുറഞ്ഞത് 150 കിലോഗ്രാം തൂക്കമുണ്ട്. ഒരാള്‍ക്ക് ഒറ്റക്കത് കഴിക്കാനാവില്ല. ആരൊക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് അന്വേഷണം വേണം,” ബാലിയാന്‍ പറഞ്ഞു.

ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും വിദ്വേഷ പ്രസ്താവനകള്‍ക്കും പ്രധാനമന്ത്രി ആരെയും ശാസിച്ചില്ല;അപലപിച്ചുമില്ല. അക്ലാഖ് കേസിന്‍റെ പുരോഗതിയില്‍ കാണാം ഇപ്പോള്‍ മോദി കാണിക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ തനിനിറം.


Next Story

Related Stories