TopTop

കാണ്‍പൂര്‍ ഗോശാലയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ മരിച്ചത് 152 പശുക്കള്‍; നാലെണ്ണം പട്ടിണി മൂലം

കാണ്‍പൂര്‍ ഗോശാലയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ മരിച്ചത് 152 പശുക്കള്‍; നാലെണ്ണം പട്ടിണി മൂലം
ഗോവധത്തിനെതിരെ വൈകാരിക നിലപാടുകളുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ രാജ്യത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ പശുസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ മരിച്ചുവീണത് 152 പശുക്കള്‍. ഇതില്‍ നാലെണ്ണം പട്ടിണി മൂലമാണ് ചത്തതെന്ന് ബിജെപിയുടെ പശു പ്രേമത്തിന്റെ കള്ളി വെളിച്ചത്താക്കുന്നു. 128 വര്‍ഷം പഴക്കമുള്ള കാണ്‍പൂര്‍ ഗോശാലയിലാണ് സംഭവം നടന്നത്.

ഇവിടെ പാര്‍പ്പിച്ചിരുന്ന 540 പശുക്കളില്‍ 152 എണ്ണമാണ് ചത്തുവീണത്. 220 കോടി രൂപയുടെ ആസ്തിയുള്ള പശു സംരക്ഷണ കേന്ദ്രത്തിലാണ് ഇത് സംഭവിച്ചതെന്നത് വിരോധാഭാസമാണ്. കാണ്‍പൂരിലെ ഏറ്റവും പ്രമുഖരായ ആളുകളാണ് ഗോശാല നിയന്ത്രിക്കുന്നതെന്നും വര്‍ഷം തോറും കോടിക്കണക്കിന് രൂപയാണ് കേന്ദ്രത്തിന് സംഭാവനയായി ലഭിക്കുന്നതെന്നും സൊസൈറ്റിയിലെ ഒരു മുതിര്‍ന്ന അംഗം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഈ പണമെല്ലാം എവിടെ പോകുന്നു എന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശു സംരക്ഷണം വലിയ രാഷ്ട്രീയ പ്രശ്‌നമായി ബിജെപി ഏറ്റെടുക്കുകയും അതിന്റെ പേരില്‍ വോട്ട് നേടുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നതാണ് കൗതുകം. കന്നുകാലി വ്യാപാരികള്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോഴും ഉന്നത രാഷ്ട്രീയ നേതാക്കള്‍ വൈകാരികതയുടെ പേരില്‍ അക്രമങ്ങളെ ന്യായീകരിക്കുന്ന സമയത്താണ് അശ്രദ്ധമൂലം ഇത്രയും പശുക്കള്‍ ചത്തൊടുങ്ങിയത്.

ഉത്തര്‍പ്രദേശിലെ അറവുശാലകള്‍ ബലം പ്രയോഗിച്ച് പൂട്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരം ഒരു വാര്‍ത്ത പുറത്തുവരുന്നത്. അനധികൃത അറവുശാലകള്‍ പൂട്ടിക്കുന്നു എന്ന് പ്രഖ്യാപിച്ച് നിയമവിധേയമായവ പോലും ബലം പ്രയോഗിച്ച് അടപ്പിക്കുന്ന സമീപനമാണ് സംസ്ഥാനത്ത് ഭരണകക്ഷി സ്വീകരിച്ചിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ ബോധപൂര്‍വം ദ്രോഹിക്കാനുള്ള നീക്കമാണ് ഇതെന്നും അല്ലാതെ മൃഗസ്‌നേഹമല്ല ഇതിന്റെ പിന്നിലുള്ള ചേതോവികാരമെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.



ആഴ്ചകളോളം പട്ടിണി കിടന്നാണ് കാണ്‍പൂര്‍ ഗോശാലയിലെ നാല് പശുക്കള്‍ ചത്തതെന്ന് മൃഗഡോക്ടറായ ധര്‍മേന്ദ്ര വെളിപ്പെടുത്തി. അദ്ദേഹമാണ് ഇവയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. എട്ട് കിലോ വൈക്കോലും 15 കിലോ പച്ചപ്പുല്ലും പശുക്കള്‍ക്ക് നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ വെറും പച്ചവെള്ളം പോലും അവയ്ക്ക് ദിവസങ്ങളോളം ലഭിച്ചില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നും വ്യക്തമായതെന്ന് ഡോ. ധര്‍മേന്ദ്ര പറഞ്ഞു. എന്നാല്‍ സാധാരണഗതിയില്‍ ഒരു കിലോ വൈക്കോലും രണ്ട് കിലോ പച്ചപ്പുല്ലുമാണ് പശുക്കള്‍ക്ക് നല്‍കുന്നതെന്നാണ് സൊസൈറ്റിയിലെ തന്നെ ചില അംഗങ്ങള്‍ വെളിപ്പെടുത്തുന്നത്.

ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ശ്യാംജി അറോറ രംഗത്തെത്തിയിട്ടുണ്ട്. പ്രതിദിനം 18 ക്വിന്റല്‍ വൈക്കോലും 20  ക്വിന്റല്‍ പച്ചപ്പുല്ലും ഇവിടെ എത്തിക്കാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍, ഇത്രയും കന്നുകാലി തീറ്റ എങ്ങോട്ടാണ് പോകുന്നത് എന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നാണ് സംഭവം വെളിപ്പെടുത്തിയവര്‍ ആവശ്യപ്പെടുന്നത്.

Next Story

Related Stories