TopTop
Begin typing your search above and press return to search.

സിപിഐയെ വലത്തോട്ടു കൊണ്ടുവരാനായി നടന്നത് മജീദ്-ഇസ്മായില്‍ ചര്‍ച്ചയോ?

സിപിഐയെ വലത്തോട്ടു കൊണ്ടുവരാനായി നടന്നത് മജീദ്-ഇസ്മായില്‍ ചര്‍ച്ചയോ?

അഴിമുഖം പ്രതിനിധി

ഇടതുപക്ഷ മുന്നണിയിലെ ഒരു പ്രമുഖ കക്ഷി യുഡിഎഫിലേക്ക് വരുമെന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രഖ്യാപനത്തിന്റെ പിന്നിലെന്തായിരുന്നു? നിലവിലെ യുഡിഎഫ് പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തെറ്റിക്കുകയും ഇടതുപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും മാത്രമായിരുന്നില്ല മജീദിന്റെ ലക്ഷ്യം. തന്റെ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കാന്‍ ലീഗ് ജനറല്‍ സെക്രട്ടറിക്ക് ആത്മവിശ്വാസം നല്‍കുന്നതിനു പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. മജീദ് പറഞ്ഞതുപോലെ ഒരു രാഷ്ട്രീയകൂടുമാറ്റ ചര്‍ച്ച നടന്നിട്ടുണ്ട്. ലീഗുമായി ചര്‍ച്ച നടത്തിയത് സിപിഐ നേതാവ് കെ ഇ ഇസ്മായിലാണെന്നാണ് സൂചന.

ഇക്കാര്യം അറിഞ്ഞതുകൊണ്ടു തന്നെയാണ് മജീദിന്റെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറിയടക്കം രംഗത്തുവന്നതും. ഒരു കാര്യത്തില്‍ മാത്രമാണ് സംശയം; ഇസ്മായില്‍ മുന്നിട്ടിറങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയോ?

നിലവിലെ പ്രതികരണങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ ഇത്തരമൊരു ചര്‍ച്ച സംസ്ഥാന സെക്രട്ടറിയോ അദ്ദേഹത്തിന്റെ പക്ഷക്കാരോ അറിഞ്ഞുകൊണ്ടല്ല. അതേസമയം ഇത്തരമമൊരു ചര്‍ച്ച നടന്നകാര്യത്തില്‍ നേതൃത്വത്തിന് അറിവ് കിട്ടിയിരുന്നു.

മജീദിന്റെ പ്രസ്താവനയോട് പൊടുന്നനെ പ്രതിരോധിച്ചു രംഗത്തുവന്നത്തില്‍ നിന്നു തന്നെ സിപിഐയുടെ വെപ്രാളം മനസ്സിലാക്കാം. മജീദിനെ വാസവദത്തയാക്കിയും തലയ്ക്ക് വെളിവില്ലാത്തവനാക്കിയുമൊക്കെ സിപിഐ നേതൃത്വം സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോള്‍, ഏതു കക്ഷിയാണ് ഇപ്പുറത്തേക്ക് വരുന്നതെന്ന് താന്‍ പറഞ്ഞിരുന്നില്ലെന്നും സിപിഐയുടെ പ്രതികരണത്തിലൂടെ വാസ്തവം അവര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നു എന്നുമാണ് മജീദ് പറഞ്ഞത്. തന്റെ തലയില്‍ പൂടയില്ലെന്നു ഉറപ്പിക്കാനുള്ളൊരു പരവേശമായിരുന്നു സിപിഐ നേതാക്കന്മാരുടെ പൊടുന്നനെയുള്ള പ്രതികരണമെന്നാണ് വിമര്‍ശനം. മജീദ് പറഞ്ഞ് നാക്കു വായിലിടും മുമ്പ് കാനം മറുപടിക്കിറങ്ങിയതതും സെക്രട്ടറിക്കു പുറകെ ബിനോയ് വിശ്വവും മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനുമെല്ലാം മജീദിനെ പരിഹസിച്ചു അരങ്ങത്തുവരാന്‍ ആവേശം കാണിച്ചതിലും പാര്‍ട്ടിയെ പ്രതിരോധിക്കാനുള്ള ശ്രമമായിരുന്നു.

ബാര്‍ കോഴക്കേസ് വരുന്നതിനു മുമ്പ് കെ എം മാണിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്ന സമയത്ത് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ കോണിക്കും മാണിക്കും ഇടതില്‍ സ്ഥാനമിെല്ലന്നു പരസ്യമായി പ്രസംഗിച്ചതാണ്. കേരള കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ഒരേപോലെ അയിത്തം കല്‍പ്പിച്ചിരുന്നൊരു പാര്‍ട്ടിയോട് ചേര്‍ന്നുതന്നെ ഇപ്പോള്‍ വലതു ബാന്ധവം ആരോപിക്കപ്പെടുമ്പോള്‍, അതിലെ വിരോധഭാസത്തെ ഒരു വിഭാഗം ജനങ്ങളെങ്കിലും അത്ഭുതത്തോടെ വിശ്വസിക്കാന്‍ തയ്യാറാകുന്നുണ്ട്.

ഈ കാര്യത്തില്‍ വ്യക്തത വരേണ്ടത് ഒരുകാര്യത്തില്‍ മാത്രമാണ്.നേതൃത്വമറിഞ്ഞുകൊണ്ടു തന്നെയായിരുന്നോ ഇസ്മായിലിനെ ദൗത്യം എല്‍പ്പിച്ചത്? സിപിഐ രാഷ്ട്രീയത്തെ അടുത്തറിയുന്നൊരു നേതാവ് പറയുന്നതിങ്ങനെയാണ്. നേതൃത്വത്തിന്റെ അറിവോടെയല്ല ചര്‍ച്ച നടന്നത് എന്നുതന്നെയാണ് ഇതുവരെയുള്ള വിശ്വാസമെങ്കിലും ഇസ്മായിലിന്റെ ആക്ഷന്‍ പ്ലാനിനെ കുറിച്ച് കാനമടക്കം അറിഞ്ഞിരുന്നു എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെയാണ് മജീദ് വെടിപൊട്ടിച്ചതിനു പിന്നാലെ കാനവും സംഘവും സീനിലെത്തിയത്. ഒരു കക്ഷി എന്നുമാത്രം മജീദ് പറഞ്ഞപ്പോള്‍, അതു സിപിഐ ഉദേശിച്ചാണെന്നു ഈ നേതാക്കള്‍ എങ്ങനെ മനസ്സിലാക്കി? ഒരു പ്രതികരണത്തിനും പോകാതിരുന്നെങ്കില്‍ ഊഹ കണക്കുകളുമായി മാധ്യമങ്ങള്‍ ചുറ്റിത്തിരിയുമായിരുന്നില്ലേ. എന്‍സിപിയും ജനതാദളുമൊക്കെ എല്‍ഡിഎഫിലെ പ്രധാനകക്ഷികളല്ലേ. അവരും മുന്നണിയില്‍ ചഞ്ചല മനസ്‌കരായി നില്‍ക്കുന്നവരാണെന്നു അടക്കം പറച്ചിലുകള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്ന സമയമായിട്ടും സിപിഐയുടെ എടുത്തുചാട്ടം അവര്‍ക്കു തന്നെ ദോഷമായിരിക്കുകയാണ്.വലതുപക്ഷ രാഷ്ട്രീയത്തോട് ഐക്യപ്പെടാന്‍ വിമുഖതയില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഐ എന്നത് അവരുടെ തന്നെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ നിലവില്‍ കലങ്ങിമറഞ്ഞു കിടക്കുന്ന യുഡിഎഫ് എന്ന കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ മാത്രം വിഢിത്തം സിപിഐ കാണിക്കുമോ എന്നാണ് പലരും അത്ഭുതപ്പെടുന്നത്. പക്ഷേ ഇത് രാഷ്ട്രീയമാണ്. എവിടെ എന്തും നടക്കും. ആരോപണങ്ങളില്‍ നിന്ന് ആരോപണങ്ങളിലേക്ക് താഴ്ന്നുപോകുന്ന യുഡിഎഫിനെ സ്വയം കപ്പിത്താന്റെ വേഷമണിഞ്ഞ് രക്ഷിക്കാനുള്ള ദൗത്യം മുസ്ലിം ലീഗ് എറ്റെടുത്തിരിക്കുകയാണ്. നിലവില്‍ തമ്മില്‍ തല്ലില്ലാത്ത (പ്രത്യക്ഷത്തിലെങ്കിലും) ഒരേയൊരു യുഡിഎഫ് കക്ഷിയും മുസ്ലിം ലീഗാണ്. യാദവപ്പടയെപ്പോലെ തമ്മില്‍തല്ലി ചാകാനൊരുങ്ങുന്ന കോണ്‍ഗ്രസും കോഴനാറി ചീഞ്ഞിരിക്കുന്ന മാണി കേരള കോണ്‍ഗ്രസും തൊട്ട് വലതുമാറി ഇടത്തോട്ട് ചുവടുവയ്ക്കാന്‍ കച്ചമുറുക്കുന്ന ജെഡിയു-ആര്‍എസ്പി പാര്‍ട്ടികളില്‍ വരെ യുഡിഎഫിന്റെ രക്ഷയല്ല, സ്വന്തം നിലനില്‍പ്പുകള്‍ക്കാണ് പ്രധാനം. ഭരണംപോയാല്‍ പലതും നഷ്ടപ്പെടുമെന്ന ഭയമുള്ള ലീഗിന് പക്ഷെ മറ്റുള്ളവരെപോലെ വെറുതെയിരിക്കാന്‍ പറ്റില്ല. മറുകളികള്‍ അവര്‍ക്കു കളിച്ചേ പറ്റൂ. യുഡിഎഫ് ജിഹ്വയായ മനോരമ തന്നെ മുന്നിട്ടറങ്ങി ഇളമരം കരീമെന്ന ബോംബ് ഇടതുമുന്നണിക്കുമേല്‍ കൊണ്ടിട്ടെങ്കിലും പൊട്ടിയാല്‍ അവിടെ മാത്രമല്ല, ഇവിടെയും പലര്‍ക്കും പൊള്ളുമെന്നുള്ളതുകൊണ്ട് ആ കളിയില്‍ സുല്ലിട്ടു. പിന്നെ ആകെയുള്ളത് വി എസ് എന്ന ആശ്വാസമാണ്. അതിലും കാര്യങ്ങള്‍ നില്‍ക്കില്ല എന്നുവന്നിടത്താണ് സിപിഐ എന്ന ചീട്ട് ലീഗ് ഇറക്കുന്നത്.

ഇസ്മായില്‍ ലീഗുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വെറും തമാശ മാത്രമാണ്. അങ്ങനെയൊരു ചര്‍ച്ചയും ഒരു സിപിഐക്കാരനും ലീഗുമായോ മജീദുമായോ നടത്തിയിട്ടില്ല. സിപിഐക്ക് ലീഗിന്റെ കാര്യത്തില്‍ എന്തുനിലപാടാണുള്ളതെന്നത് ഏഴെട്ടു മാസങ്ങള്‍ക്കു മുമ്പേ പാര്‍ട്ടി വ്യക്തമാക്കിയതാണ്. മാണിക്കും കോണിക്കും ഇടതുമുന്നണിയില്‍ സ്ഥാനമില്ലെന്ന നിലപാടില്‍ ഇതുവരെ സിപിഐ മാറ്റം വരുത്തിയിട്ടില്ല- മജീദ്-ഈസ്മായില്‍ ചര്‍ച്ച നടന്നെന്ന ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കുന്ന കാര്യങ്ങളിതാണ്. മജീദ് ഒരു കക്ഷിയുടെയും പേര് പറയാതെ തന്നെ സിപിഐ ഈ വിഷയത്തില്‍ സ്വയം കേറിയിടപ്പെട്ടുവെന്ന വിമര്‍ശനം ശരിയല്ല. മജീദ് വ്യക്തമായി തന്നെ സിപിഐയുടെ പേര് പരാമര്‍ശിച്ചു തന്നെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുള്ളത്. മനസ്സറിയാത്തൊരു കാര്യത്തില്‍ പാര്‍ട്ടിയെ വലിച്ചിഴച്ചാല്‍ പ്രതികരിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. അതാണ് ചെയ്തതും- പന്ന്യന്‍ വ്യക്തമാക്കുന്നു.

പന്ന്യന്റെ വാക്കുകള്‍ വിശ്വാസ്യത്തിലെടുത്താലും സിപിഐയുടെ അകത്തെ രാഷ്ട്രീയക്കളികള്‍ വീക്ഷിക്കുന്നവര്‍ പറയുന്നൊരു കാര്യം, ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഇസ്മായിലിനു വ്യക്തമായ സ്വാധീനം ഉണ്ടെന്നതാണ്. മത്സരിച്ചിരുന്നെങ്കില്‍ താന്‍ സെക്രട്ടറിയാകുമായിരുന്നുവെന്ന ഇസ്മായിലിന്റെ വാക്കുകള്‍ വെറും വാക്കല്ലായിരുന്നു. കാനത്തേക്കാള്‍ പിന്തുണ പാര്‍ട്ടിക്കുള്ളില്‍ ഇസ്മായിലിനുണ്ട്. ആദര്‍ശധീരതയല്ല, കൂടെ നില്‍ക്കുന്നവനെ പലതരത്തിലും സഹായിക്കുന്ന നേതാവിനോടുള്ള കൂറാണ് ഇസ്മായിലിന് സഹായകമാകുന്നത്. അതിനാല്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടി വന്നാല്‍ ഒറ്റപ്പെട്ടുപോകുമെന്ന ഭയമൊന്നും ഇസ്മായിലിന് ഉണ്ടാവില്ല. അങ്ങനെ മുന്‍തൂക്കം ഈ നേതാവ് നേടുമെന്ന് കണ്ടാല്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ ആകെയുള്ള വഴി ഇസ്മായിലിനെ പുറത്താക്കുക മാത്രമാണ്. അങ്ങനെ വന്നാല്‍ സിപിഐ പിളരും. ഒരു വിഭാഗം യുഡിഎഫിലോ ലീഗിലോ പോയി ചേക്കേറിയെന്നും വരാം.

ലീഗ് നേതൃത്വവുമായി നല്ലബന്ധം പുലര്‍ത്തുന്ന ഇസ്മായിലിന്റെ മനസ്സില്‍ അത്തരമൊരു ഒത്തുചേരലാണോ ഉള്ളതെന്ന് അറിയില്ല. അതല്ല, തന്നെ ചവിട്ടി പാര്‍ട്ടിയുടെ അമരത്ത് കയറിയിരുന്നവരെ ഒന്നു നാറ്റിക്കുകയാണ് ഇസ്മായിലിന്റെ ലക്ഷ്യമെന്നും വരാം.

എന്തായാലും സിപിഐയില്‍ ഉണ്ടായിരിക്കുന്ന ഈ പരിഭ്രമം ഒട്ടൊന്നു സന്തോഷിപ്പിക്കുക സിപിഎമ്മിനെ തന്നെയായിരിക്കും. ആന്റി-സിപിഎമ്മായ കാനത്തെ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിയുടെ വേലിചാട്ട മെന്റാലിറ്റിയെ തന്നെ സിപിഎം കരുവാക്കുമെന്ന് ഉറപ്പാണ്. ചില ഘടകക്ഷികള്‍ പോയതിനാല്‍ മിച്ചം കിട്ടുന്ന സീറ്റുകളിലേക്ക് സിപിഐ അവകാശമുന്നയിച്ചാല്‍ അവരെ നേരിടാന്‍ ഈ വവാദങ്ങള്‍ തന്നെ കാരണമാക്കും. കൂടുതല്‍ സീറ്റു കിട്ടിയിട്ട് അതുമായി മറികണ്ടം ചാടിയാല്‍ തങ്ങളെന്തു ചെയ്യുമെന്നായിരിക്കും സിപിഎം ചോദിക്കുക. ഇനിയും പലതും പുറത്തുവന്നാല്‍ അപ്പോള്‍ മറുപടി പറയാന്‍ കാനവും കൂട്ടരും നന്നായി വിയര്‍ക്കേണ്ടി വരും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories