TopTop
Begin typing your search above and press return to search.

വീണ്ടും കൈവെട്ടപ്പെടുന്ന, പേരുനീക്കം ചെയ്യപ്പെടുന്ന ജോസഫുമാര്‍

വീണ്ടും കൈവെട്ടപ്പെടുന്ന, പേരുനീക്കം ചെയ്യപ്പെടുന്ന ജോസഫുമാര്‍

പ്രിയന്‍ അലക്‌സ്

ആലപ്പുഴയിലെ സിപിഎം നേതാവും ശാസ്ത്രസാഹിത്യപരിഷത്ത് ജില്ല കണ്‍വീനറുമായ ജോസഫ് പി വി യെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരിക്കുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് നടപടി. എം പി പരമേശ്വരനെ മീന്‍ വെള്ളം ഒഴിക്കണമെന്ന ജി. സുധാകരന്റെ പരാമര്‍ശത്തിനു മറുപടിക്കുറിപ്പ് എഴുതിയതാണ് പ്രകോപന കാരണം. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ മറ്റൊരു ജോസഫ് മാത്രമാണല്ലോ. അഥവാ ഫാസിസത്തിന്റെ തുടര്‍ക്കഥയില്‍ ജോസഫ് പി വി മറ്റൊരു ജോസഫ് എന്നു വിളിക്കപ്പെടാം. ഏതാണ് കൂടുതല്‍ ശരിയെന്നോ തെറ്റെന്നോ അന്വേഷിക്കേണ്ടതില്ല. പ്രവാചകനിന്ദ എഴുതിയവന്റെ കൈ വെട്ടിയവരെ ഫാസിസ്റ്റുകളെന്ന് വിളിക്കാം. എന്നാല്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുക മാത്രം ചെയ്ത ജോസഫ് പി വി യെ പാര്‍ട്ടി അംഗത്വത്തില്‍നിന്നു പുറത്താക്കിയിരിക്കുന്നതിനേയോ!

ഫാസിസ്റ്റ്‌വിരുദ്ധ മനുഷ്യസംഗമത്തിലൊക്കെ സിപിഎം നേതാക്കള്‍ പങ്കെടുത്ത് വീടുകളില്‍ മടങ്ങിയെത്തിക്കാണുമല്ലോ. അപ്പോഴാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു ജോസഫിന്റെ കൈവെട്ടും പോലെ (മേലില്‍ ഫേസ്ബുക്കിലോ മറ്റോ സ്വതന്ത്രമായി ഒന്നും എഴുതി പ്രകാശിപ്പിക്കരുത് എന്ന മുന്നറിയിപ്പോടെ) അദ്ദേഹത്തെ പുറത്താക്കുന്നത്. പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ ഒരു താല്പര്യവുമുള്ള ആളല്ല ജോസഫ് എന്നാണദ്ദേഹത്തിന്റെ പ്രതികരണത്തിനായി ബന്ധപ്പെട്ടപ്പോള്‍ മനസിലാക്കിയത്. പുറത്താക്കിയത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളൂ, താനിപ്പോള്‍ ഏരിയാക്കമ്മിറ്റി അംഗമല്ലല്ലോ എന്നിങ്ങനെയാണ് അദ്ദേഹം മറുപടിനല്‍കിയത്. പുറത്താക്കലിന് ഏരിയ കമ്മിറ്റി സെക്രട്ടറി പറഞ്ഞ കാരണം, ഡിസംബര്‍ 12ലെ ഇതേ ഫേസ്ബുക്ക് പോസ്റ്റാണ്. ഇതില്‍ അദ്ദേഹം എഴുതിയത് ഈ പോസ്റ്റിന്റെ സന്ദര്‍ഭം വിശദീകരിച്ചശേഷം ഇത്രമാത്രം, ' എം.പി.പരമേശ്വരന്‍ ആലപ്പുഴയില്‍ വരുന്ന ദിവസം പരസ്യപ്പെടുത്താം. മീന്‍ വെള്ളവുമായി വരുക. ആദ്യം ഞങ്ങള്‍ അതില്‍ കുളിക്കാം. അതിനു ശേഷമേ എം.പിയുടെ മേല്‍ അത് വീഴുകയുള്ളൂ' ഇതില്‍ പാര്‍ട്ടി വിരുദ്ധമായെന്താണുള്ളത്? എം പി പരമേശ്വരന്റെ ശരീരത്തില്‍ മീന്‍ വെള്ളം ഒഴിക്കുകയെന്നതാണോ പാര്‍ട്ടിയുടെ പരിപാടി? അതാണോ ഈ പ്രസ്ഥാനം കൊണ്ടുദ്ദേശിക്കുന്നത്. പ്രസ്ഥാനം എന്നു പറഞ്ഞാല്‍ ഇംഗ്ലീഷില്‍ മൂവ്‌മെന്റ് എന്നാണല്ലോ. പക്ഷെ ഇതെങ്ങോട്ടുള്ള മൂവ്‌മെന്റാണ്? ഏത് ഫ്യൂഡല്‍ കാലത്തുനിന്നാണ് മീന്‍ വെള്ളം ഒഴിച്ച് അശുദ്ധിയാക്കലാവുന്നത്?. അതിലൊന്നും ജി. സുധാകരന്‍ ഉപയോഗിച്ച സംസ്‌കാരശൂന്യമായ ഒരു പദപ്രയോഗത്തോടും(ഫ്രഞ്ചുമഹാകവി ബോദ്‌ലെയര്‍ പരിവേഷനഷ്ടം എഴുതിയത് ഇത് ഉദ്ദേശിച്ചാണെന്ന് ദയവായി വിചാരിക്കരുത്) ഒപ്പം നില്‍ക്കുന്ന ഒന്നുമില്ല. മാന്യമായും യുക്തിപൂര്‍വ്വമായും വിശദീകരിച്ചിട്ടേയുള്ളൂ. സാറിനെപ്പുറത്താക്കിയാലും, സാറിന്റെ പുസ്തകം ഞങ്ങള്‍ വായിക്കുന്നു എന്ന ബൗദ്ധിക സത്യസന്ധതയേ അതിലുള്ളൂ. എന്നുപറഞ്ഞ് സാര്‍ ഇപ്പോള്‍ പഠിപ്പിക്കുന്നതെന്താണെന്ന് ഈ കുട്ടികള്‍ അന്വേഷിക്കുന്നില്ലല്ലോ. ഫേസ്ബുക്കില്‍ അദ്ദേഹം നടത്തിയ പ്രതികരണത്തിനപ്പുറമൊന്നും നടത്താന്‍ അദ്ദേഹം മുതിരാത്തതും അദ്ദേഹത്തിന്റെ മാന്യതയാണ്.കൈവെട്ടാന്‍ കഴിയാത്തൊരാളുടെ പേരുവെട്ടുകയാണ് പാര്‍ട്ടി ഇവിടെ. ഫാസിസത്തിനെതിരെ പോരാടുമ്പോഴും പാര്‍ട്ടി അതിന്റെ അണികളെ കൈകാര്യം ചെയ്യുന്ന രീതികള്‍ വിചിത്രമായിത്തീരുന്നു. ഈ പാര്‍ട്ടിയെക്കുറിച്ച്, അതിന്റെ ആന്തരികമായ കാര്യത്തെക്കുറിച്ച് പുറത്തിരുന്നൊരാള്‍ ലേഖനമെഴുതുന്നതിലല്ല, അകത്തിരുന്നൊരാള്‍ക്ക് ജനാധിപത്യപരമായ സംവാദത്തിലേര്‍പ്പെടാന്‍ വിലക്കുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ ചിന്താശോഷണത്തെയാണ് കുറിക്കുന്നത്. ജി. സുധാകരന്‍ പ്രസ്താവിച്ചപോലെ പിന്തുടര്‍ന്നാക്രമിക്കും എന്നല്ലല്ലോ ജോസഫ് എഴുതിയത്. എന്നിട്ടും ഈ ജോസഫ് എങ്ങനെയാണ് മറ്റൊരു ജോസഫ് ആയി കൈകള്‍ അറുത്തുമാറ്റപ്പെടുന്നത്, പേരു വെട്ടിമാറ്റുന്നത്? അപ്പോള്‍പ്പിന്നെ കമ്മ്യൂണിസം എന്ന ആശയത്തിനും, പാര്‍ട്ടി എന്ന യാഥാര്‍ത്ഥ്യത്തിനുമിടയില്‍പ്പെട്ട ഒരു സാധാരണ പാര്‍ട്ടി മെമ്പര്‍ അയാളിപ്പോഴും അണ്ടനോ അടകോടനോ, വിറകുവെട്ടിയോ വെള്ളം കോരിയോ എന്നു തന്നെ വിളിക്കപ്പെടണമല്ലേ? ആശയത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലെ നിഴലും വെളിച്ചവും പോലെ യുക്തിപരമായ അനിശ്ചിതത്വമുണ്ടെന്നും അതുകൊണ്ടുതന്നെ അഭിപ്രായസ്വാതന്ത്ര്യം പാര്‍ട്ടിവേദികളില്‍ മാത്രമേയുള്ളൂവെന്നും, മുറിവേറ്റവരും പകവീട്ടുന്നവരുമായി, പാര്‍ട്ടിക്കകത്തും പുറത്തും, വഴിപോക്കരും, സഹയാത്രികരും, അയല്‍ക്കാരുമുള്ള ഒരു ഫ്യൂഡല്‍ പരിക്രമമായി പരിണമിച്ചിരിക്കുന്നു എല്ലാമെല്ലാം എന്നതിനാലാണോയിങ്ങനെ. ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാതെ ഫാസിസത്തിനെതിരെ നമുക്ക് പോരാടാമെന്നു വിശ്വസിക്കുന്നതെങ്ങനെ? ഒരാള്‍ വൈദ്യനാണോ അതോ രോഗിയാണോ എന്ന സംശയം ആനന്ദ് രണ്ടരപെനി എന്ന കഥയില്‍ ചോദിക്കുന്നുണ്ട്. അതിനിയും ചോദിക്കേണ്ടതുണ്ട്. ഈ പാര്‍ട്ടി ഒരു വൈദ്യനാണോ അതോ രോഗിയാണോ?

ജോസഫിനെക്കുറിച്ച് പറയണമെന്നുണ്ട്. ചില സഖാക്കള്‍ സൂചിപ്പിച്ചപ്പോലെ ജോസഫ് ഇന്നല്ലെങ്കില്‍ നാളെ പേരുവെട്ടപ്പെടേണ്ടവനായിരുന്നു. അയാള്‍ക്ക് എന്നെന്നും നല്ല അയല്‍ക്കാരനായി തുടരാമായിരുന്നു. ഇനിയും അയാള്‍ അതേ ചെയ്യുകയുള്ളൂ. ഒരിക്കലും ഒരു പാര്‍ട്ടി വിരുദ്ധനാവില്ലയാള്‍. അല്ലെങ്കില്‍പ്പിന്നെ സഹയാത്രികനെന്നും സ്വയം പറയേണ്ടിവരികയും വഴിപോക്കനെന്നു തിരിച്ചറിയുകയും വേണ്ടിവരുമല്ലോ. ഏരിയ സമ്മേളനത്തില്‍ മത്സരിച്ചു തോറ്റപ്പൊഴേ, രക്തം മണത്തതാണല്ലോ. തോമസ് ഐസക്ക് എന്തായാലും കൂടെ നില്‍ക്കുന്നവരെ സംരക്ഷിച്ച് വിഭാഗീയപ്രവര്‍ത്തനം നടത്തി എന്ന ആക്ഷേപം കേള്‍ക്കാന്‍ നില്‍ക്കുകയുമില്ലല്ലോ. ഒരാള്‍ ഒറ്റപ്പെട്ടാല്‍, ഒരു മുടന്തനായ ആട്ടിന്‍കുട്ടിയുണ്ടായാല്‍ അത് പുറത്താവുകതന്നെ വരും. ആദിമമായ ഒരു മൃഗനീതിയാണിവിടെ നടപ്പിലാവുന്നത്.പാര്‍ട്ടിക്ക് ഇങ്ങനെയൊരു നടപടിക്ക് തങ്ങളിലേറ്റം നിസ്സഹായരായ വിശ്വാസികളോട് എങ്ങനെ കഴിയുന്നു? സ്വയം കത്തിയെരിഞ്ഞുകൊണ്ട് വെളിച്ചമാവുന്നവരോട് ഈ നിഴലുകള്‍ കൊണ്ടെന്തിനു പോരാടണം. ഡിസംബര്‍ 23ലെ ഫേസ്ബുക്ക് പോസ്റ്റില്‍ ജോസഫിന്റെ പ്രതികരണമിതാണ്: 'തോല്‍ക്കാനും നഷ്ടപ്പെടാനും മടിയില്ലാത്തവനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല' ദുഖഭരിതമായ പ്രത്യാശയുണ്ടിതില്‍, പക്ഷെ ഇതേ പാര്‍ട്ടി തന്നെ ഫേസ്ബുക്കിലെ സ്വാതന്ത്ര്യത്തെ എത്ര പരസ്പരവിരുദ്ധമായാണ് സമീപിച്ചിരിക്കുന്നത് എന്നു നോക്കുക. ഫേബുക്കില്‍ പോസ്റ്റിട്ട ദീപ നിശാന്തിന്റെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഉന്നതരായ സി പി എം നേതാക്കള്‍ പ്രതികരിച്ചു. ഫേസ്ബുക്കിലെ പ്രതികരണങ്ങള്‍ ഉന്നതമായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യബോധത്തിന്റെയും രചനാപരമായ സംവാദതലങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അത് ഫാസിസത്തിനെതിരായ പോരാട്ടമാണെന്നും തലകുലുക്കി സമ്മതിച്ചു. പക്ഷെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സ്വാതന്ത്ര്യത്തിന്റെ ചിറകുകളരിഞ്ഞ്, ഒരു ജോസഫ് ഏതോ ജോസഫ് ആവുന്നു. ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ടവനെങ്കിലും രാജാവായിട്ടുമില്ല, എന്നാലോ പലായനം ചെയ്യേണ്ടിവന്ന മറ്റൊരു ജോസഫ്. തന്റെ അമ്മയുടെ കുഴിമാടം പോലും നഷ്ടപ്പെട്ടതാണീ ജോസഫിനും. പാര്‍ട്ടി അമ്മയാണെന്നല്ലേ പിണറായി വിജയന്‍ ഒരിക്കല്‍ പറഞ്ഞത്? ആ അമ്മയെന്തിനാണ് അമ്മയുടെ മക്കളെ വേറിട്ടുകാണുന്നത്. അപ്പോഴും ഫേസ്ബുക്കില്‍ ഫാസിസത്തിനെതിരെ പോരാട്ടം നടക്കുന്നു എന്ന് വായ്പ്പാട്ടുപാടുന്നെങ്കില്‍ അതിനേക്കാളുച്ചത്തില്‍ ആരോ നിലവിളിക്കുന്നുണ്ട്. അത് കൈവെട്ടപ്പെടുന്ന, പേരുനീക്കം ചെയ്യപ്പെടുന്ന ജോസഫാണ്.

എന്നിട്ടും ജോസഫ് എഴുതുന്നതിതാണ്: 'പറയുവാനെന്തുണ്ട് വേറേ, പൊരുതുക പൊരുതുകയെന്നതല്ലാതെ പറയുവാനെന്തുണ്ട് വേറെ' അദ്ദേഹത്തിനിതുപേക്ഷിച്ച് വേറെ പോവാന്‍ കഴിയില്ല. ഈ ജോസഫിന്റെ കാനേഷുമാരിയും നസ്രത്തും സിപിഎമ്മിലാണ്. അഭിപ്രായവ്യത്യാസങ്ങളും വൈരുദ്ധ്യവുമെല്ലാം പ്രകൃതിനിയമങ്ങളാണെന്ന് ഏംഗത്സിനെപ്പിടിച്ച് ആണയിടാനാവും. പക്ഷെ അതൊക്കെ നല്ല കമ്മ്യൂണിസ്റ്റുകളോടേ കഴിയൂ. നല്ല കമ്മ്യൂണിസ്റ്റിന് മാര്‍ക്‌സപ്പൂപ്പനും സാന്തയപ്പൂപ്പനും ഒരാളാണ്. ചുവന്ന തൊപ്പിവെച്ച നല്ല മനുഷ്യര്‍.മറ്റ് പാര്‍ട്ടികളുടെ ഉള്ളറകളെക്കുറിച്ച്, അവിടെ നിന്നും പുറത്താക്കപ്പെടുന്നവരെക്കുറിച്ച്, അവിടെയൊന്നും ഫാസിസം ആരോപിച്ച് നിങ്ങളെന്തേ ഓടിയെത്തുന്നില്ല എന്നു ചോദിച്ചേക്കാം. ഈ പാര്‍ട്ടിയുടെ പേരു ചീത്തയാക്കുന്ന പാര്‍ട്ടിവിരുദ്ധത ആരോപിക്കുകയുമാവാം. പക്ഷെ മറ്റു പാര്‍ട്ടികള്‍ ജനങ്ങളുടെ പ്രതീക്ഷയാണെന്ന് അത്രമേല്‍ പറയുന്നുണ്ടോ. സോഷ്യലിസ്റ്റ് ബദലിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? ഫാസിസം പടിവാതിലില്‍ എത്തിക്കഴിഞ്ഞു, കിടപ്പുമുറിയിലെത്തിക്കഴിഞ്ഞു, അടുക്കളയിലെത്തിക്കഴിഞ്ഞു എന്നൊക്കെ കേരളത്തിലെ വിറകുവെട്ടികളോടും വെള്ളം കോരികളോടും സിപിഎംകാരാ നിങ്ങളാണ് മുന്നറിയിപ്പുനല്‍കുന്നത്. ജനാധിപത്യപരമായ ജാഗ്രതയെക്കുറിച്ചും, മതനിരപേക്ഷതയെക്കുറിച്ചും നിങ്ങളാണ് ക്ലാസെടുക്കുന്നത്. അപ്പോള്‍ നിങ്ങളുടെ വാക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ മാത്രമറിയേണ്ടതും, ഞങ്ങള്‍ക്കറിയേണ്ടതുമല്ലാത്ത ഒരു അഡള്‍ട്ട്‌സ് ഒണ്‍ലി കാര്യവും പാര്‍ട്ടിയിലില്ലല്ലോ? ആനന്ദിന്റെ (അയല്‍ക്കാരും വഴിപോക്കരും) കഥയിലെപ്പോലെ മൂവ്‌മെന്റില്ലാതെ കാലവും സ്ഥലവും സ്തംഭിച്ചുനില്‍ക്കുന്ന ഇടമല്ലല്ലോ സിപിഎം?

പൊതുമണ്ഡലത്തിലേക്കും അതിന്റെ അടിത്തട്ടിലേക്കും വരെ വ്യാപിക്കുന്ന യാഥാര്‍ത്ഥ്യമായി ഫാസിസം മാറിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തില്‍ അതിനൊരു മുറിയുണ്ടെങ്കില്‍, അത് അച്ചടക്കമെന്നു പേരിട്ടുവിളിച്ചാലും ഇത് അതല്ല അതല്ല എന്നു പറഞ്ഞൊഴിയാനാവില്ല. താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കാണ് വിശദീകരിക്കാന്‍ കഴിയേണ്ടത്. നേതാക്കള്‍ക്ക് കുന്തക്കാരെയും കാവല്‍ക്കാരെയുമാണാവശ്യം. അഭിപ്രായം പറയുന്നതില്‍ ഭയം തോന്നേണ്ട ദുരവസ്ഥയിലാണ് സി പി എം അംഗങ്ങളെങ്കില്‍ അവരാണ് അരാഷ്ട്രീയതയ്ക്ക് വളമായിത്തീരുന്നത്. അവര്‍ എന്തിനെയാണോ എതിര്‍ക്കുന്നത്, അവര്‍ അതിന്റെ വായില്‍ കുടുങ്ങിപ്പോവുന്നു. അവര്‍ക്കതിന്റെ യുക്തിരാഹിത്യം മനസിലാവുന്നില്ല. അത്തരത്തില്‍ നാവരിയപ്പെട്ട എത്ര പേരുണ്ടെന്ന് അക്കം നിരത്തി ചിലപ്പോള്‍ പറയാനായേക്കും. മൗനത്തിന്റെ കളിമണ്ണുകുഴച്ചാണ് ചരിത്രത്തിന്റെ വിഷക്കോപ്പ ഒരുക്കുന്നതെന്നും തിരിച്ചറിഞ്ഞേക്കാം. അധ്യാപകനായ ജോസഫിന്റെ കൈവെട്ടുന്നതും ആലപ്പുഴയിലെ മറ്റൊരു ജോസഫിന്റെ കൈവെട്ടുന്നതും ഒരുപോലെയാണ് എന്നു തിരിച്ചറിയേണ്ടതുണ്ട്. പാര്‍ട്ടി അംഗത്വം അദ്ദേഹത്തിനു തീര്‍ച്ചയായും വിലപ്പെട്ടതാണ്. അദ്ദേഹമതില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിനതു തിരിച്ചുനല്‍കുക, ആ കൈകള്‍.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാംNext Story

Related Stories