TopTop
Begin typing your search above and press return to search.

പിണറായിയും ബേബിയും നവകേരളത്തിലെ പുതിയ വിമോചന ദൈവശാസ്ത്രവും

പിണറായിയും ബേബിയും നവകേരളത്തിലെ പുതിയ വിമോചന ദൈവശാസ്ത്രവും

ദൈവവിശ്വാസത്തെ എതിര്‍ക്കില്ലെന്നും മതസ്ഥാപനങ്ങളെ അംഗീകരിക്കാമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഈയിടെ പറയുന്നതുകേട്ടു. പകരം പുരോഹിതരും മതങ്ങളും സി.പി.എമ്മിനെയും അംഗീകരിക്കണം. വളരെ രസകരമായ ഉപാധി. ഒരു പാലമിടുന്നത് ഇരുവശങ്ങളിലേക്കും സഞ്ചരിക്കാനാണ്. നിയമസഭാ തെരഞ്ഞെടുപ്പു വരുന്നു. ഈ കൂട്ടുകച്ചവടം നല്ല ലാഭം കൊയ്യുമെന്ന് പ്രതീക്ഷിക്കാം.

അപ്പോള്‍ ശാസ്ത്രാഭിമുഖ്യവും യുക്തി ചിന്തയും അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിലപാടുകളും സഖാവ് എവിടെ ഇറക്കി വെക്കും? വോട്ടെടുപ്പ് കഴിയുന്നവരെ അവയൊന്നും മിണ്ടിപ്പോകരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പറയാം. അവര്‍ അനുസരിച്ചെന്നുവരാം. കാരണം മാസവേതനം പറ്റി പാര്‍ട്ടിക്കു പണി ചെയ്യുന്നവര്‍ നേതൃമുതലാളി പറയുന്നതു കേള്‍ക്കും. പക്ഷേ കമ്മ്യൂണിസത്തിന്റെ ബാലപാഠമെങ്കിലും അറിഞ്ഞിട്ടുള്ള സാധാരണക്കാരായ ബഹുശതം വിശ്വാസികളുടെ പുരികം ചുളിയും. അവര്‍ സന്ദേഹവാഹികളാകും. നേതാക്കന്മാര്‍ ദിവസവും തട്ടിവിടുന്ന വിഡ്ഢിത്തങ്ങള്‍ക്ക് അവനവനോടു തന്നെ ഉത്തരം പറഞ്ഞ് വശം കെടുകയാണ് സാധാരണക്കാരായ സി.പി.എം പ്രവര്‍ത്തകര്‍. അക്കൂട്ടത്തില്‍ ഇരിക്കട്ടെ പ്രാക്കുളം കാസ്‌ട്രോയുടെ പുതിയ വിമോചന ദൈവശാസ്ത്രം.

യുക്തിവാദികളെ സി.പി.എം. അംഗീകരിക്കുന്നില്ലെന്ന് ബേബി സഖാവിന്റെ 'മത പ്രസംഗം' ചര്‍ച്ച ചെയ്യാന്‍ ടെലിവിഷന്‍ ചാനലില്‍ എത്തിയ ദേശാഭിമാനി പ്രതിനിധി പറഞ്ഞു. ഒ.വി. വിജയന്‍ പറഞ്ഞതുപോലെ ചിന്ത ഒരുതരം രോഗമാണ്. യുക്തി ചിന്ത മാരകരോഗവും. തലച്ചോറ് വലിയൊരു ട്യൂമര്‍ ആണ്. ഇവ ഇല്ലായിരുന്നെങ്കില്‍ സി.പി.എം സ്ഥിരമായി കേരളം ഭരിച്ച് വെടിപ്പാക്കുമായിരുന്നു. എന്തു ചെയ്യാം, അത്തപ്പാണികള്‍ക്കെല്ലാം അല്‍പസ്വല്‍പ്പം വിദ്യാഭ്യാസവും ബുദ്ധിയും ഉണ്ടായിപ്പോയി.

ജാതി നശീകരണാര്‍ത്ഥം രൂപമെടുത്ത മിശ്രവിവാഹപ്രസ്ഥാനത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സി.പി.എം പണ്ടേ തള്ളിക്കളഞ്ഞു. എങ്കിലും യുവ തീക്ഷ്ണമായ നിലപാടുകളാല്‍ ആദര്‍ശാത്മകതയുടെ പേരില്‍ ചുരുക്കം ചിലര്‍ ജാതിമത പരിഗണനകള്‍ മാനിക്കാതെ ഇപ്പോഴും കേരളത്തില്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നു. എല്ലാ മത-ജാതി സ്ഥാപനങ്ങളുടെയും കാവല്‍ക്കാര്‍ക്ക് അവര്‍ നോട്ടപ്പുള്ളികളാണ്. സ്‌പെഷ്യല്‍ മാരേജ് ആക്ട് എന്ന ഭരണഘടനാപരമായ നിയമത്തിന്റെ പരിരക്ഷയുള്ളതിനാല്‍ ഒരു സംഘടിത മൂരാച്ചിക്കും സ്വയംവര ദമ്പതികളെ എതിര്‍ക്കാന്‍ പറ്റുന്നില്ല.സ്ത്രീധനക്കല്യാണങ്ങളില്‍ വാശിയോടെ പങ്കെടുത്ത് ജനപ്രതിനിധികളും മന്ത്രിമാരും ആദര്‍ശവിവാഹങ്ങളെ അവഹേളിച്ചുകൊണ്ടിരിക്കുന്നു. സി.പി.എം ഔദ്യോഗികമായി മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ കേരളത്തില്‍ വലിയൊരു സാമൂഹിക വിപ്ലവം നടക്കുമായിരുന്നു. ഈയിടെയായി ശ്രീനാരായണഗുരുവിന്റെ പേര് സ്ഥാനത്തും അസ്ഥാനത്തും എടുത്തു പറയുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഗുരുദര്‍ശനങ്ങളുടെ തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുക്തി വിചാരത്തെയും മിശ്രവിവാഹത്തെയും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പകരം ശാസ്ത്രാഭിമുഖ്യം പോലും വെടിഞ്ഞ് മതസ്ഥാപനങ്ങളുടെ കുന്നായ്മകളെ പട്ടുടുപ്പിക്കുകയാണ് സി.പി.എം നേതാക്കള്‍.

സാമൂഹിക രംഗത്ത് ഗുരു തന്റെ പിന്‍ഗാമിയായി കണ്ട സഹോദരന്‍ അയ്യപ്പന്‍ തികഞ്ഞ യുക്തിവാദി ആയിരുന്നു. ഗുരു സന്ദേശത്തിന്റെ തുടര്‍ച്ചയെന്ന വിധം അയ്യപ്പന്‍ പറഞ്ഞത് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നാണ്. അതാണ് ശ്രീനാരായണനില്‍ നിന്ന് അടുത്ത തലമുറയിലേക്കുള്ള ആശയപരമായ വളര്‍ച്ച. പതിമൂന്ന് എന്ന സംഖ്യ ശപിക്കപ്പെട്ടതാണെന്നു കരുതുന്നത് ഒരു അന്ധവിശ്വാസമാണ്. ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും ചേര്‍ന്നതിന്റെ 'ശാപം' കൊണ്ടാണ് 13ന് ദുരന്തഭരിതമായ ഒരു ചരിത്രമുണ്ടായത്. ദൈവപുത്രന്റെ തിരുവചനങ്ങള്‍ തെറ്റായി ധരിക്കപ്പെടുകയും ദയാപരനായ അദ്ദേഹത്തെ കുരിശിലേറ്റുകയും ചെയ്തു. നല്ല ശാസ്ത്രാഭിമുഖ്യമുള്ള എം.എ. ബേബിക്ക് അറിയാം '13' എന്ന സംഖ്യയെച്ചൊല്ലി നിലനില്‍ക്കുന്ന അന്ധവിശ്വാസം അര്‍ത്ഥശൂന്യമാണെന്ന്. ജനങ്ങള്‍ക്ക് മാതൃകയാകാന്‍ വേണ്ടി നേതാവായ ബേബി മന്ത്രിയായപ്പോള്‍ മനഃപ്പൂര്‍വ്വം പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍സഞ്ചരിച്ച് അന്ധവിശ്വാസത്തെ തുറന്നുകാട്ടി. മകന്‍ അര്‍ജുനിന്റെ വിവാഹം എന്ന മംഗളകരമായ ചടങ്ങ് രാഹുകാലത്ത് ബോധപൂര്‍വം നടത്തി മറ്റൊരു മൂഢ സങ്കല്‍പ്പവും ബേബി തകര്‍ത്തു.

ഇവയൊന്നും വിലകുറഞ്ഞ പ്രചാരവേലകളായിരുന്നില്ല. ഉന്നതമായ ശാസ്ത്രാഭിമുഖ്യത്തിന്റെയും ചിന്താബലത്തിന്റെയും പ്രതിഫലനങ്ങളാണെന്ന് കേരളം കരുതി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ നിലപാടുകളുടെ ഔന്നത്യത്തില്‍ നിന്ന് ഈ നേതാവ് താഴ്ന്നിറങ്ങി വന്ന് വെറും ബേബിയായി മാറുന്നു. സ്വാശ്രയ കോളേജ് നടത്തിപ്പുകാരായ ക്രിസ്തീയ സഭാ അദ്ധ്യക്ഷന്മാരുടെ മുഖത്തു നോക്കി കുഞ്ഞുണ്ണിക്കവിത പാടി രസിച്ച വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഈ നേതാവ്, 'യേശുവില്‍ വിശ്വാസം, കീശയില്‍ ആശ്വാസം' എന്ന ഉദ്ധരണിയും രൂപതയെന്നാല്‍ 'രൂപ താ' എന്നാണെന്ന അന്വയവും എത്ര കൈയടി എസ്.എഫ്.ഐക്കാരില്‍ നിന്ന് നേടിയതാണ്. ആ ബേബിയാണോ വെള്ളാപ്പള്ളിയെ പേടിച്ച് മത സ്ഥാപനങ്ങളോട് ചങ്ങാത്തത്തിന് കൈ നീട്ടുന്നത്?

യുക്തി ചിന്തയും ശാസ്ത്ര ബോധവും വെടിഞ്ഞാല്‍ സി.പി.എം ശാസ്ത്രസാഹിത്യ പരിഷത്തിനെ ഏതു തൊഴുത്തില്‍ കൊണ്ടു കെട്ടുമെന്ന് നേതാക്കള്‍ ആലോചിക്കുന്നില്ല. പരിഷത്തിന്റെ സ്ഥിതി ഇപ്പോള്‍ത്തന്നെ പരിതാപകരമാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിനെ തള്ളി അയ്യപ്പസേവാ സംരംഭങ്ങള്‍ക്ക് കണ്ണൂരിലെ ഉശിരന്‍ പ്രവര്‍ത്തകരെ അണിനിരത്തുമ്പോള്‍ ശബരിമലയിലെ മകരജ്യോതി വിപ്ലവത്തിന്റെ ചെന്താരകയായി പാര്‍ട്ടി സാഹിത്യത്തില്‍ സ്ഥാനം പിടിക്കും. യുക്തി വാദികളെ പാര്‍ട്ടിക്ക് ഇനി വേണ്ടെന്ന് ദേശാഭിമാനി പത്രാധിപ സമിതി അംഗം പറയുന്നു. ഒരിക്കല്‍ ദേശാഭിമാനിയുടെ ലേഖകനായിരുന്ന പവനന്‍ കേരളത്തില്‍ യുക്തിവാദികളുടെ സംഘടനയെ നയിച്ചിരുന്ന ചരിത്ര സ്മൃതികളെ പുണ്യ പമ്പയില്‍ ഒഴുക്കിക്കളയാം. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ വചന പ്രഘോഷണത്തിന് പോയ പിണറായി വിജയന്റെയും ശത്രുസംഹാര പൂജയ്ക്ക് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ രസീത് മുറിച്ച ബാലകൃഷ്ണന്റെയും ധീരകൃത്യങ്ങളെ കേരളത്തില്‍ ആരാണ് മറക്കുക?

ഒരിക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കുരുക്ഷേത്രയുദ്ധത്തോട് ഉപമിക്കപ്പെട്ടിട്ടുണ്ട്. 1969ല്‍ ഇ.എം.എസ്സിന്റെ സപ്തകക്ഷി മുന്നണി മന്ത്രി സഭ തകര്‍ന്നപ്പോള്‍ സി.പി.എം - സി.പി.ഐ നേതാക്കള്‍ പരസ്പരം വില്ലു കുലച്ചത് 'ഇനി കുരുക്ഷേത്രത്തില്‍ വച്ചു കാണാം' എന്നു പറഞ്ഞുകൊണ്ടായിരുന്നു. ധര്‍മ്മത്തിന്റെയും നീതിയുടെയും കര്‍മ്മഭൂമിയാണ് കുരുക്ഷേത്രം. ഗീതോപദേശം ഭഗവാന്‍ കൃഷ്ണന്‍ തുടങ്ങും മുമ്പ് അന്ധനായ ധൃതരാഷ്ട്രര്‍ ഭൃത്യന്‍ സഞ്ജയനോട് കുരുക്ഷേത്ര വിശേഷം അന്വേഷിക്കുന്ന ശ്ലോകത്തോടെ ഭഗവത്ഗീത ആരംഭിക്കുന്നു. അറിയപ്പെടുന്ന ആദ്യത്തെ യുദ്ധകാര്യ ലേഖകനാണ് സഞ്ജയന്‍. യുദ്ധഭൂമിയില്‍ പരസ്പരം പൊരുതാന്‍ ഉല്‍സാഹഭരിതരായി അണിനിരന്നു നില്‍ക്കുന്ന ബന്ധുജനങ്ങളെയും ഗുരുകാരണവന്മാരെയും കണ്ട് തേര്‍ത്തടത്തില്‍ തളര്‍ന്നുവീണ സവ്യസാചിയായ അര്‍ജുനനെ കര്‍മ്മനിരതനാക്കിയ മനശ്ശാസ്ത്ര വിദ്യയാണ് പാര്‍ത്ഥസാരഥിയുടെ ഉപദേശങ്ങള്‍. 'കുണ്ടനായീടൊല കണ്ടതെല്ലാം അഹം.....' എന്ന് പറഞ്ഞ് അര്‍ജ്ജുനനില്‍ ആവേശം നിറയ്ക്കുകയും ഒരാവര്‍ത്തി അസ്ത്രപ്രയോഗം കഴിഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ''വിജയ, തവ സമരചതുരത പെരിയനന്നെടോ, വിസ്മയം വീരാ, വിചിത്രം തൊഴിലുകള്‍....'' എന്നാണ് കൃഷ്ണന്റെ പ്രശംസ. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പണ്ട് പറഞ്ഞ ഈ വാക്കുകള്‍ പിണറായി വിജയനോട് ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിക്കുന്നതുപോലെ തോന്നുന്നു. നവകേരള യാത്ര വിസ്മയകരവും വിചിത്രപൂര്‍ണ്ണവുമായ ഒരു തൊഴിലാണ്. വിജയന്റെ സമരചതുരതയാണ്. ഏതു കര്‍ണ്ണനാണ് അതിന് ഇരയാകാന്‍ കാത്തിരിക്കുന്നത്? വി.എസ്. അച്യുതാനന്ദനോ വി.എം. സുധീരനോ?

പുരാണത്തിലെ കെട്ടുകഥകളെ ചരിത്രമായി വ്യാഖ്യാനിക്കുന്ന കപടരാഷ്ട്രീയം സംഘപരിവാര്‍ പ്രഭൃതികളുടെ സ്വഭാവമാണ്. മിഥ്യയും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ചറിയാതെ സാമാന്യജനം മയങ്ങിപ്പോകും. ശാസ്ത്രയുക്തികൊണ്ട് അത്തരം ചെപ്പടിവിദ്യക്കാരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടത് പുരോഗമനവാദികളെന്ന് മേനിപറയുന്നവരാണ്. പിണറായി വിജയന്‍ ഒരിക്കല്‍ അങ്ങനെ ചെയ്തിട്ടുണ്ട്. മുടിയും നഖവും ദിവ്യത്വം അര്‍ഹിക്കുന്നില്ലെന്നും അവ ശരീരാവശിഷ്ടങ്ങളാണെന്നും പിണറായി പറഞ്ഞപ്പോള്‍ കേരളത്തിന്റെ യുക്തിബോധം ആഹ്ലാദിച്ചു. ആ വാചകത്തില്‍ ധീരതയുണ്ടായിരുന്നു. കമ്യൂണിസ്റ്റ്കാരന്റെ നിലപാട് നിഴലിച്ചിരുന്നു. പക്ഷേ നാല് വോട്ടിനുവേണ്ടി സംഘടിത മതസ്ഥാപനങ്ങളെ സുഖിപ്പിക്കാനിറങ്ങിയാല്‍ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും തമ്മില്‍ വ്യത്യാസം ഇല്ലാതാകും.സി.പി.എം. നേരിടുന്ന പ്രതിസന്ധി ഗുരുതരമാണ്. പാര്‍ട്ടി അണികളും സഹയാത്രികരും നേതൃത്വത്തെ അനുസരിക്കുന്നില്ല. ആരാധനാസ്വാതന്ത്ര്യം, ദൈവവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് ധാരണകള്‍ വിലപ്പോകുന്നില്ല. നേതാക്കള്‍ക്കുപോലും മാതൃകയാകാന്‍ പറ്റുന്നില്ല. ശബരിമല തീര്‍ത്ഥാടനം വിലക്കിയാല്‍ കണ്ണൂരില്‍ പാര്‍ട്ടി ഉണ്ടാകില്ല. അതിനാല്‍ തത്വവിചാരങ്ങള്‍ മാറ്റിവച്ച് സാമാന്യജനങ്ങളുടെ പിന്നാലെ പോകാമെന്ന ഒത്തുതീര്‍പ്പില്‍ സി.പി.എം. എത്തുന്നു. കുമ്മനം രാജശേഖരന് അണികള്‍ വര്‍ദ്ധിക്കുമ്പോള്‍ ഭൗതികവാദത്തില്‍ അചഞ്ചലമായി പിടിച്ചുനില്‍ക്കാന്‍ കഴിയാതെവരുന്നു. ഇക്കാര്യം കമ്യൂണിസ്റ്റ് നേതൃത്വം തുറന്നു സമ്മതിക്കുന്നില്ല. വികസന സങ്കല്‍പ്പങ്ങള്‍ തിരുത്തിയും വിശ്വാസപ്രമാണങ്ങളില്‍ വിട്ടുവീഴ്ച ചെയ്തും ജനാധിപത്യ പരീക്ഷണത്തിന് ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നിലനില്‍ക്കുന്ന അടിസ്ഥാന വ്യത്യാസങ്ങള്‍ പേരുകളില്‍ മാത്രമായിത്തീരുന്നു. കുറിയണിയാത്ത കുമ്മനം രാജശേഖരന്മാരും ഖദര്‍ ധരിക്കാത്ത ഉമ്മന്‍ചാണ്ടികളും ചെങ്കൊടി പിടിച്ചു നടക്കുന്നതുപോലെ തോന്നും.

കഴിഞ്ഞ നവംബറിലെ പ്രാദേശിക ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി കുറേ വോട്ടുകള്‍ ലഭിച്ചു. അസഹിഷ്ണുതാവാദവും പശുമാംസ നിരോധനവും കേരളത്തില്‍ അപ്രസക്തങ്ങമായിരുന്നെങ്കിലും പ്രധാനപ്പെട്ട പ്രചാരണ വിഷയങ്ങളാക്കി സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസ്സിനെ കടത്തിവെട്ടി. കോഴക്കേസില്‍ മുങ്ങി നില്‍ക്കുന്ന യു.ഡി.എഫിനേക്കാള്‍ ഹിന്ദുത്വവാദമുഖങ്ങളെ ചെറുക്കാന്‍ സി.പി.എമ്മിനാണ് കരുത്തുള്ളതെന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ ധരിച്ചു. വെള്ളാപ്പള്ളി നടേശന്റെ കൂടെപ്പോയവരുടെ നഷ്ടം ബി.ജെ.പി. ഫോബിയ പിടിപെട്ട ന്യൂനപക്ഷങ്ങളില്‍ നിന്ന് സി.പി.എമ്മിന് ലഭിച്ച പിന്തുണകൊണ്ടു നികത്തി. പഞ്ചായത്തു തെരഞ്ഞെടുപ്പുവേളയിലെ ഒരു താല്‍ക്കാലിക പ്രതിഭാസമായിരുന്നു അത്. നിയമസഭാ ഇലക്ഷനില്‍ വ്യക്തമായ രാഷ്ട്രീയ ചേരിതിരിവും നിലപാടുകളും ഉണ്ടാകുമെന്നിരിക്കെ വരുന്ന മേയില്‍ അത് ആവര്‍ത്തിക്കണമെന്നില്ല. വിശ്വാസികളുടെ വോട്ട് സ്ഥിരം മേച്ചില്‍പ്പുറമായി സി.പി.എം. പ്രതീക്ഷിച്ചാല്‍ അബദ്ധമാകും. മതസ്ഥാപനങ്ങളിലേക്ക് നേതാക്കള്‍ സൗഹൃദഹസ്തം നീട്ടുമ്പോള്‍ പാര്‍ട്ടിയുടെ പരമ്പരാഗത അണികള്‍ മറുവശത്തുകൂടി ഒഴുകിപ്പോകുന്നത് നിസ്സഹായമായി കണ്ടുനില്‍ക്കേണ്ടിവരും. ഇപ്പോള്‍ സി.പി.എമ്മില്‍ അതാണ് സംഭവിക്കുന്നത്.

ശക്തമായ ഒരു ത്രികോണ മത്സരത്തിന് കേരളത്തില്‍ കളമൊരുങ്ങുകയാണ്. അതില്‍ ഏറ്റവും മുന്നിലെത്താന്‍ സി.പി.എമ്മിന് നിരവധി രാഷ്ട്രീയ ന്യായങ്ങളുണ്ട്. എന്നിട്ടും ഇടക്കാലത്ത് ഇടതുമുന്നണി വിട്ടുപോയ ജനതാദള്‍ - എസ്സിനെയും ആര്‍.എസ്.പിയെയും തിരിച്ചുകൊണ്ടുവരാന്‍ സി.പി.എമ്മിന് കഴിയുന്നില്ല. ഉപാധികളില്ലാതെ വാതില്‍ തുറന്നിട്ടിരിക്കുന്നു. എന്നിട്ടും ആരും അതിലേക്ക് കയറുന്നില്ല. നവകേരളം രാഷ്ട്രീയ നാല്‍ക്കവലയില്‍ ഗതാഗതക്കുരുക്കിലകപ്പെട്ടു നില്‍ക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories