TopTop
Begin typing your search above and press return to search.

ഞാന്‍ പറഞ്ഞതെന്ത്? സി പി ഐ കേട്ടതെന്ത്?-എം.സ്വരാജ് പ്രതികരിക്കുന്നു

ഞാന്‍ പറഞ്ഞതെന്ത്? സി പി ഐ കേട്ടതെന്ത്?-എം.സ്വരാജ് പ്രതികരിക്കുന്നു

എം.സ്വരാജ്

സിപിഐയിലെ ആബാലവൃദ്ധം സഖാക്കള്‍ എനിക്കെതിരെ അന്തിമയുദ്ധകാഹളം മുഴക്കുന്നതായാണ് വിവിധ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഉദയംപേരൂരിലെ പ്രസംഗത്തിനിടെ ''ഒരു സിപിഐക്കാരനെ ഞാനാദ്യമായി നേരില്‍ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തൃശൂരില്‍ വെച്ചാണെന്ന് '' പറയുകയുണ്ടായി. അതിന് എന്നെ പുലഭ്യം പറയുന്നതെന്തിനാണെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല. ഞാന്‍ പറഞ്ഞത് എന്റെ അനുഭവമാണ്. അത് പറയാന്‍ എനിക്കാരുടേയും സമ്മതം ആവശ്യമില്ല. ഞാന്‍ പഠിച്ച സ്‌കൂളിലോ കോളേജിലോ എഐഎസ്എഫ് പ്രവര്‍ത്തിച്ചിട്ടില്ല. (അന്നുമില്ല ഇന്നുമില്ല), എന്റെ ഗ്രാമത്തില്‍ സിപിഐയും ഉണ്ടായിരുന്നില്ല.

ഇക്കാര്യത്തില്‍ എന്നെ തെറി പറയുന്നവര്‍ ഉദ്ദേശിക്കുന്നതെന്താണ്? എന്റെ അനുഭവം ഞാന്‍ പറയരുതെന്നാണോ? ഇക്കാര്യം ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഞാനിനി ഇത് ആവര്‍ത്തിച്ച് പറഞ്ഞ് ആരെയും വിഷമിപ്പിക്കുന്നില്ല. പക്ഷെ എന്റെ അനുഭവം എന്റെ അനുഭവമാണ്. അത് പറയരുതെന്ന് ആക്രോശിക്കാന്‍ ആര്‍ക്കും അവകാശമില്ല. പ്രസ്തുത പ്രസംഗത്തോട് പ്രതികരിച്ചു കൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി എഴുതി തയ്യാറാക്കി നല്‍കിയ പ്രസ്താവനയില്‍ കളവായ ആരോപണം ഉന്നയിച്ചപ്പോള്‍ അക്കാര്യം ഞാന്‍ ഫേസ് ബുക്ക് പേജിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. അതോടെ ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരണം വേണ്ടെന്നാണ് ഞാന്‍ കരുതിയത്.

ഇത്തരം കാര്യങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും സ്‌കോപ്പുള്ളതല്ല. സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കും നവലിബറല്‍ നയങ്ങള്‍ക്കുമെല്ലാം എതിരെ യോജിച്ച മുന്നേറ്റം ആവശ്യമായി വരുന്ന സമയത്ത് അതിന് സഹായകരമായ നിലപാട് സ്വീകരിക്കാന്‍ ഇടതു പക്ഷത്ത് നില്‍ക്കുന്നവര്‍ക്കെല്ലാം ഉത്തരവാദിത്വമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തുടര്‍ പ്രകോപനങ്ങളെല്ലാം ഞാന്‍ അവഗണിക്കുകയായിരുന്നു. സിപിഐ നേതാക്കന്‍മാരില്‍ നിന്നും തുടര്‍ച്ചയായി ആക്ഷേപങ്ങളും വില കുറഞ്ഞ പരാമര്‍ശങ്ങളും വന്നു കൊണ്ടിരുന്നു. ഞാന്‍ അപ്പോഴെല്ലാം മൗനം പാലിച്ചത് പുലഭ്യം പറച്ചിലുകാര്‍ക്ക് ഊര്‍ജജമായി മാറിയെന്നാണ് തോന്നുന്നത്.

'ഇത്തരം ചീളു കേസുകള്‍ക്ക് മറുപടിയില്ല' എന്നാണ് സിപിഐ ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. ചീളു കേസായി തോന്നിയെങ്കില്‍ പിന്നെന്തിനാണ് തലേന്നാള്‍ എഴുതിത്തയ്യാറാക്കിയ കള്ള ആരോപണമടങ്ങിയ പ്രസ്താവനയുമായി പത്രമാപ്പീസ് കയറിയിറങ്ങിയതെന്ന് എനിക്ക് ചോദിക്കാമായിരുന്നു. പക്ഷെ ഞാന്‍ മൗനം പാലിച്ചു. ഇടതുപക്ഷ ഐക്യം തകരരുതല്ലോ..!

ഞാന്‍ ഒരു ആഫ്രിക്കന്‍ ജീവിയാണെന്നും എറണാകുളം ജില്ലയുടെ ചരിത്രം പഠിക്കണമെന്നും ആലപ്പുഴയില്‍ നിന്നും വന്ന ഒരു യുവ നേതാവ് പ്രസ്താവിച്ചു. തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ആ യുവനേതാവിനെ ചാനലുകള്‍ കാണിച്ചു. പത്രത്തില്‍ പേരും വന്നു. അതിന് ഞാന്‍ കാരണമായതില്‍ സന്തോഷമേയുള്ളൂ. വ്യക്തിപരമായ ആക്ഷേപം ഞാന്‍ വിടുന്നു. എറണാകുളം ജില്ലയുടെ ചരിത്രം പഠിക്കാന്‍ പറഞ്ഞതെന്താണെന്ന് മാത്രം മനസിലായില്ല. അതും പോട്ടെ, ഏതു ജില്ലയുടെ ചരിത്രവും പഠിക്കുന്നത് നല്ലതാണല്ലോ. അവിടെയും ഞാന്‍ പ്രതികരിച്ചില്ല. ഇടതുപക്ഷ ഐക്യം തകരരുതല്ലോ...


മറ്റൊരു മുതിര്‍ന്ന യുവ നേതാവ് എന്നെ 'ഈച്ച'യെന്ന് വിളിച്ച വാര്‍ത്ത പിന്നീട് വായിച്ചു. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഈച്ചയും മറ്റ് ഷഡ്പദങ്ങളും പ്രകൃതിയ്ക്ക് നല്‍കുന്ന വിലപ്പെട്ട സംഭാവനകളെ കുറിച്ച് അറിയാത്തവരുണ്ടോ? ഈച്ചയുള്‍പ്പെടെയുള്ള ചെറുപ്രാണികളില്ലെങ്കില്‍ പരാഗണമുണ്ടോ? തളിരും പൂവും കായുമുണ്ടോ? വിവരമുള്ളവരൊന്നും ഇത്തരം പ്രയോഗങ്ങള്‍ നടത്താനിടയില്ല. ഇവിടെയും ഞാന്‍ പ്രതികരിച്ചില്ല. (ഇടതുപക്ഷ ഐക്യം...)ഞാന്‍ ചീളു കേസാണെന്നും മറുപടി ആവശ്യമില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും ഇത്തരം മറുപടികള്‍ വന്നു കൊണ്ടേയിരുന്നു. ഒടുവില്‍ ജില്ലാ സെക്രട്ടറിക്ക് പറ്റിയ ക്ഷീണം തീര്‍ക്കാന്‍ സ. ബിനോയ് വിശ്വം നേരിട്ടിറങ്ങി. ഉളുപ്പില്ലാത്തവനാണ് ഞാന്‍ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഞാന്‍ സിപിഐയെക്കുറിച്ച് കേള്‍ക്കുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണെന്ന് പറഞ്ഞതിനെയാണ് സഖാവ് ബിനോയ് വിശ്വം പരിഹസിച്ചതത്രെ! ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ഞാന്‍ എന്താണ് പറഞ്ഞത് സ.ബിനോയ് വിശ്വം എന്താണ് കേട്ടത്? ജീവിതത്തിലാദ്യമായി ഒരു സിപിഐക്കാരനെ 'നേരില്‍ കണ്ട' അനുഭവമാണ് ഞാന്‍ പറഞ്ഞത്. അത് സിപിഐ യെക്കുറിച്ച് 'കേട്ടത് ' എന്നാക്കി മാറ്റി എന്നെ ആക്രമിക്കുന്ന അല്‍പ്പത്തരത്തെ ഞാനെന്ത് വിളിക്കും? ഉളുപ്പ് എന്ന വാക്കിന്റെ അര്‍ത്ഥം ലജ്ജ / നാണം എന്നൊക്കെയാണല്ലോ. ഞാന്‍ പഠിച്ച സ്‌കൂളിലും കോളേജിലും ജീവിച്ച ഗ്രാമത്തിലും സിപിഐ ഇല്ലാത്തതിന് ഞാനെന്തിനാണ് ലജ്ജിക്കുന്നത്? അതില്‍ ആരെങ്കിലും ലജ്ജിക്കേണ്ടതുണ്ടെങ്കില്‍ അത് ഞാനല്ല തീര്‍ച്ച. അതുകൊണ്ട് അരിശം തീരാതെ എന്റെ ഭാഷ ശരിയല്ലെന്നും മറ്റും ഭാഷാധ്യാപകന്റെ ആധികാരികതയോടെ മറ്റൊരിടത്തും അദ്ദേഹം പ്രസംഗിച്ചുവത്രെ. എന്നിട്ടും ഞാന്‍ മൗനം പാലിച്ചു (ഇടതുപക്ഷ ഐക്യം).

ഇത്തരം കലാപരിപാടികള്‍ക്കിടെ ഇന്നലെ എല്ലാ ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും വിളിക്കുകയുണ്ടായി. 'ജനയുഗം' ലേഖനത്തോടുള്ള പ്രതികരണം തേടിയാണ് വിളികള്‍. ഞാന്‍ ആരോടും പ്രതികരിച്ചില്ല. ചിലരെപ്പോലെ ചാനലിലും കടലാസിലും അവസരം കാത്തിരിക്കുന്ന ശീലമില്ലാത്തതിനാല്‍ പറയാനുള്ളത് ഈ പേജിലൂടെ പറയാമെന്ന് കരുതി.

ജനയുഗത്തിലെ ലേഖനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്ഷര വൈകൃതം, എഴുതിയവന്റെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും സ്വയം തുറന്നു കാട്ടുന്നുണ്ട്. പലപ്പോഴും എനിക്ക് സംഘപരിവാരത്തില്‍ നിന്നും മറ്റും കേള്‍ക്കേണ്ടി വന്നിട്ടുള്ള പുലഭ്യങ്ങള്‍ ജനയുഗത്തിലൂടെ ഒരിക്കല്‍ കൂടി കേട്ടു എന്ന് മാത്രം. കഴുത, ജാരസന്തതി, ചാരസന്തതി, കപ്പലണ്ടി കമ്യൂണിസ്റ്റ്, കമ്യൂണിസ്റ്റ് കഴുത തുടങ്ങിയ ജനയുഗ സാംസ്‌കാരിക നിലവാരത്തിനനുസരിച്ചുള്ള പുലഭ്യങ്ങളാണ് ഉടനീളം. കൂട്ടത്തില്‍ രണ്ട് തന്തക്കു വിളിയും. ഇത്രയുമായപ്പോള്‍ എഴുതിയ വിപ്ലവകാരിക്കും എഴുതിച്ച വിപ്ലവകാരികള്‍ക്കും നേരിയ ആശ്വാസം അനുഭവപ്പെട്ടു കാണണം. ഇക്കാര്യം സകല ചാനലുകളിലും വന്നതിനാല്‍ ജനയുഗം ഇപ്പോഴും ഇറങ്ങുന്നുണ്ടെന്ന് എല്ലാവര്‍ക്കും മനസിലായി. കാശ് മുടക്കാതെ പരസ്യം തരപ്പെട്ട സന്തോഷം ചിലര്‍ക്കുണ്ടാവുമോ ആവോ?

ഏറെക്കാലം ചിലര്‍ ആഘോഷിച്ച 'കാപ്പിറ്റല്‍ പണിഷ്‌മെന്റ് ' വിവാദവും എടുത്തു കൊണ്ടുവരാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സംഘപരിവാരവും കോണ്‍ഗ്രസുമാണ് എനിക്കെതിരെ ഈ പ്രചരണം ഇതുവരെ നടത്തിയത്. ഇത്തവണ അവരോടൊപ്പം ജനയുഗവും ചേര്‍ന്നു എന്ന് മാത്രം. അത്യുജ്ജ്വലം എന്നല്ലാതെ മറ്റൊന്നും പറയുന്നില്ല. ചേരേണ്ടവര്‍ ചേര്‍ന്നു എന്നൊന്നും ഈയവസരത്തില്‍ പോലും ഞാന്‍ പറയുന്നില്ല. ഇത്തരം പ്രചരണത്തെക്കുറിച്ച് ആലുവയില്‍ വെച്ച് സ. വി എസ് മാധ്യമങ്ങളോട് പറഞ്ഞത് 'എതിരാളികളുടെ നെറി കെട്ട കുപ്രചരണം' എന്നായിരുന്നു. സ. വി എസിന്റെ പ്രസ്താവനയോടെ എതിരാളികള്‍ കറേയൊക്കെ പത്തി മടക്കി. നെറികേട് അലങ്കാരമായി കാണുന്നവര്‍ വേറെയുമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാവുകയും ചെയ്തു.

ഇതാണോ ഉത്തമ വിമര്‍ശനവും ഭാഷയും? എന്നെ ഭാഷ പഠിപ്പിക്കാനിറങ്ങിയ സ. ബിനോയ് വിശ്വം ഇതിന് മറുപടി പറയണം. ഈ ഭാഷയിലുള്ള സംവാദം വേണമെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത്? എന്നെ പഠിപ്പിക്കാന്‍ ചാടിയിറങ്ങിയ താങ്കളോട് എനിക്ക് പരിഭവമില്ല. നമുക്കിടയില്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്ന സൗഹൃദം കൊണ്ടു കൂടി ഞാന്‍ പറയുന്നു. നിങ്ങളില്‍ നിന്നും എന്തെങ്കിലും പഠിക്കേണ്ടതുണ്ടെങ്കില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മനസോടെ മുമ്പില്‍ ഞാനിരുന്നു തരാം. പക്ഷെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ്, ഇഷ്ടമില്ലാത്തവരെ 'ഉളുപ്പില്ലാത്തവര്‍' എന്നാക്ഷേപിക്കുന്ന മനസും ഭാഷയും താങ്കള്‍ മാറ്റിവെക്കണം. ആരോഗ്യപരമായ സംവാദത്തിന് കെല്‍പ്പില്ലാതെ ഈച്ച, കഴുത, ആഫ്രിക്കന്‍ ജീവി എന്നൊക്കെ പുലമ്പുകയും തന്തക്കു വിളിക്കുകയും ചെയ്യുന്ന പാര്‍ട്ടിയിലെ 'ബുദ്ധിജീവികളോട് ' അന്തസായി സംവാദം നടത്താനുള്ള ഭാഷ പറഞ്ഞു കൊടുക്കണം. എന്നിട്ട് വരൂ എനിക്ക് ക്ലാസെടുക്കാന്‍. ഞാന്‍ കാത്തിരിക്കാം.

ആഴമില്ലാത്തവരില്‍ നിന്ന് മുമ്പും ഇത്തരം തെറി വിളികള്‍ കേട്ടു ശീലമുള്ളതിനാല്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ ഒരു പ്രയോഗം എന്നില്‍ വലിയ കൗതുകമുയര്‍ത്തി. 'കപ്പലണ്ടി കമ്യൂണിസ്റ്റ് ' അതെന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. ഇനി കപ്പലണ്ടി കഴിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമോ മറ്റോ ആണോ? എനിക്കാണെങ്കില്‍ അതിഷ്ടവുമാണ്. കപ്പലണ്ടി സംബന്ധിച്ച് വല്ല സിപിഐ പ്രമേയവും ഉണ്ടോ എന്നെനിക്കറിയില്ല. അക്കാര്യം അറിയാതെ ഞാനെന്തെങ്കിലും അവിവേകം ചെയ്തു പോയെങ്കില്‍ ക്ഷമാപണം നടത്താനൊരുക്കമാണ് എന്നുകൂടി അറിയിക്കട്ടെ.

ഉന്നത നിലവാരത്തിലുള്ള 'ലേഖനങ്ങള്‍' ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ തന്തയ്ക്ക് വിളിയും ഈച്ച മുതല്‍ കഴുത വരെയും മാത്രമേ ആയിട്ടുള്ളൂ. സിപിഐയുടെ 'ആസ്ഥാന പണ്ഡിതന്റെ' നിലവാരം വെച്ചു നോക്കിയാല്‍ ഇഷ്ടമൃഗങ്ങളായ പട്ടിയും കുരങ്ങും ഇതുവരെ എത്തിയിട്ടില്ല! ഉടനേ ആ മൃഗങ്ങളുടേയും മറ്റു മൃഗങ്ങളുടേയും ഊഴം വരുമെന്ന് കരുതാം. അന്തസോടെ സംവാദം നടത്താന്‍ കെല്‍പുള്ള ഒരുത്തനും പാര്‍ട്ടിയില്‍ ഇല്ലാതെ പോയതിന്റെ ദു:ഖം സിപിഐയെ സ്‌നേഹിക്കുന്നവര്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാവും. ഉത്തരം മുട്ടുമ്പോ ഇഷ്ടമില്ലാത്തവന്റെ തന്തയ്ക്കു വിളിക്കാനും കഴുതയെന്ന് ആക്ഷേപിക്കാനുമൊക്കെ എളുപ്പമാണ്. പക്ഷെ കൊച്ചു സ്‌കൂള്‍ കുട്ടികള്‍ പോലും ഇപ്പോള്‍ അങ്ങനെയൊന്നും പറയാറില്ലെന്ന് ലേഖനമെഴുത്തുകാര്‍ മനസിലാക്കണം.

അവസാനമായി ഞാനെന്റെ നയം വ്യക്തമാക്കട്ടെ. എക്കാലവും ഇടതുപക്ഷ ഐക്യം നിലനില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. കാലഘട്ടം അതാവശ്യപ്പെടുന്നുണ്ട്. ഉത്തരവാദിത്വമില്ലാത്ത ദുഷ്ട ബുദ്ധികളുടെ തന്തയ്ക്കു വിളിയില്‍ അതു തകരാന്‍ പാടില്ല. എന്റെ ഉളുപ്പില്ലായ്മയില്‍ ദു:ഖിക്കുന്ന സ. ബിനോയ് വിശ്വത്തിന് ഞാന്‍ ഉറപ്പു നല്‍കുന്നു. ഇനിയും ആയിരം വട്ടം നിങ്ങളുടെ സഖാക്കള്‍ പത്രത്തിലൂടെയും പത്രസമ്മേളനത്തിലൂടെയും എന്റെ തന്തയ്ക്കു വിളിച്ചാലും അതേ നാണയത്തില്‍ ഞാന്‍ തിരിച്ചു വിളിക്കില്ല. ഈച്ച മുതല്‍ കഴുത വരെ മാത്രമല്ല ഭൂമിയിലെ സകല ജന്തുക്കളുടെയും പേരു പറഞ്ഞ് എന്നെ ആക്ഷേപിച്ചാലും തിരിച്ച് അതേ നാണയത്തില്‍ ഞാന്‍ മറുപടി പറയില്ല. തന്തയ്ക്കു വിളിയും തെറിയഭിഷേകവും ഇല്ലാതെ രാഷട്രീയ സംവാദം നടത്താനാണ് എന്റെ പാര്‍ട്ടി എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ ഇനിയെന്ത് പൂരപ്പാട്ട് നടത്തിയാലും മറുപടി പറയാന്‍ എനിക്കു താല്‍പര്യമില്ല. ഏകപക്ഷീയമായി തന്തയ്ക്കു വിളിച്ച് ജയിച്ചോളൂ. വിളി കേള്‍ക്കാന്‍ ഞാനോ എന്റെ പിതാവോ വരുന്നില്ല. എന്നാല്‍ ഏത് അവസരത്തിലും രാഷ്ട്രീയ സംവാദത്തിന് ആരോടും ഞാനൊരുക്കമാണ്. സിപിഐയുടെ അനുഭാവി മുതല്‍ ആരുമായും അത്തരമൊരു സംവാദത്തിന് ഞാന്‍ എപ്പോഴും തയ്യാറായിരിക്കും. സംവാദത്തിന് വരുമ്പോള്‍ പക്ഷെ ദയവായി പട്ടിയെ വീട്ടില്‍ തന്നെ പൂട്ടിയിടണം. മറ്റു ജീവികളെയൊക്കെ കാട്ടിലോ മൃഗശാലയിലോ വിട്ടേക്കണം. തന്തക്കു വിളിയ്ക്കും പൂരപ്പാട്ടിനും താല്‍ക്കാലിക വിരാമമെങ്കിലുമിടണം. അത്രമാത്രം.

എത്രയാലോചിച്ചിട്ടും എനിക്കു മനസിലാവാത്ത കാര്യം എന്തുകൊണ്ടാണ് ജനയുഗത്തിലെ പല്ലുകടിയും പൂരപ്പാട്ടുമെന്നതാണ്. തെറികള്‍ക്കിടയില്‍ പറയുന്നത് ഞാന്‍ സിപിഐ യുടെ കൊടി പീറത്തുണിയാണെന്നു പറഞ്ഞുവെന്നാണ്. അതിനാണത്രെ തെറിയഭിഷേകം. എന്താണ് വസ്തുത?
ഉദയംപേരൂരില്‍ പുതിയ ഒരു ബസ് ഷെല്‍ട്ടറില്‍ എസ്എഫ്ഐ കെട്ടിയ കൊടി കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റും സംഘവും നേരിട്ടെത്തി പരസ്യമായി നശിപ്പിക്കുകയുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പലര്‍ക്കും പരിക്കേറ്റു. പോലീസ് കേസുകള്‍ നിരവധി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് ഉദയം പേരൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി. ശ്രീ ഉമ്മന്‍ ചാണ്ടിയും ശ്രീ രമേശ് ചെന്നിത്തലയും ശ്രീ വി.എം. സുധീരനും സ്ഥലത്തെത്തി പലതും പറഞ്ഞു. കോണ്‍ഗ്രസ് അക്രമത്തില്‍ സി പി ഐ (എം) ഓഫീസ് തകര്‍ന്നു. സംഘര്‍ഷാവസ്ഥയും പോലീസ് കാവലുമൊക്കെയായി നാടു മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങള്‍ ജനയുഗം വിപ്ലവത്തിരക്കിലായതിനാല്‍ അറിയാതെ പോയതാവാം. ഈ സംഭവങ്ങള്‍ക്ക് ശേഷം രണ്ടു മൂന്ന് ദിവസം കഴിഞ്ഞാണ് ഉദയംപേരൂരില്‍ പാര്‍ട്ടി റാലി നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അക്രമത്തെകുറിച്ച് പറഞ്ഞപ്പോഴാണ് കൊടിയുടെ കാര്യം ഞാന്‍ പരാമര്‍ശിച്ചത്. അതെങ്ങനെ സിപിഐക്കെതിരാവും? അന്നത്തെ പ്രസംഗം പൂര്‍ണമായി റെക്കോഡ് ചെയ്യപ്പെട്ടതാണ്. അന്നൊന്നും ആര്‍ക്കും തോന്നാത്ത സംശയം ജനയുഗത്തിന് മാത്രമെങ്ങനെയുണ്ടായി? കോണ്‍ഗ്രസ് കൊടിയെപ്പറ്റി പറഞ്ഞാല്‍ സിപിഐക്ക് നോവുന്നതെങ്ങനെ?

ഈ കാര്യത്തില്‍ എന്റെ സംശയം മാറിയത് ഇന്ന് ഉച്ചയ്ക്കാണ്. പ്രസ്തുത അക്ഷര വൈകൃതത്തിന്റെ സൃഷ്ടാവിന്റെ പേര് ഒരു സിപിഐക്കാരനായ സുഹൃത്ത് പറഞ്ഞപ്പോള്‍ എന്റെ സകല സംശയവും മാറി. സ്വന്തം പേര് പല കാരണങ്ങളാല്‍ പുറത്ത് പറയാനാവാതെ പെണ്‍പേരില്‍ വൈകൃത സൃഷ്ടികര്‍മം നടത്തുന്ന ഈ മഹാവിപ്ലവകാരിയെ പലപ്പോഴും തമ്പാനൂരിലെയും പാളയത്തെയും പാതയോരത്ത് നിന്ന് എഐടിയുസി സഖാക്കള്‍ തലച്ചുമടായി എം എന്‍ സ്മാരകത്തില്‍ ഇറക്കി വെക്കാറുള്ളതാണ്. അത്തരം സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് കൊടിയെ കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അത് സി.പി.ഐ കൊടിയാണെന്ന് കേട്ടേക്കാം.. അപ്പോള്‍ പൂരപ്പാട്ടല്ലാതെ മറ്റെന്തെഴുതാന്‍...

(എം സ്വരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്)


Next Story

Related Stories