TopTop

'കോടി'യേറ്റത്തില്‍ അടങ്ങുമോ കാനത്തിന്റെ കലിപ്പുകള്‍?

കേരളത്തിലെ ഇടതു മുന്നണിയില്‍ കലഹം തുടങ്ങിയിട്ട് കുറച്ചു കാലമായി. ഈ കലഹം പ്രാധാനമായും മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മും രണ്ടാമന്‍ സിപിഐയും തമ്മിലാണെന്നത് എതിര്‍പക്ഷത്തു നില്‍ക്കുന്ന സകലമാന പാര്‍ട്ടികളെയും കമ്യൂണിസ്‌റ്റ് വിരുദ്ധരെയും ഏറെ സന്തോഷിപ്പിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവാന്‍ ഇടയില്ല. അങ്ങനെ ആര്‍ക്കെങ്കിലും എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് സിപിഐക്കാര്‍ക്ക് മാത്രമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.

അല്ലെങ്കിലും കുറച്ചുകാലമായി കാനം പ്രതിപക്ഷ വേഷം കെട്ടിയാടാന്‍ തുടങ്ങിയിട്ട്. കാനം വായ തുറന്നാല്‍ എതിര്‍പാര്‍ട്ടിക്കാര്‍ക്കും 'ബൂര്‍ഷ്വാ' മാധ്യമങ്ങള്‍ക്കും ചാകര തന്നെ. കോണ്‍ഗ്രസ് എന്നോ ബിജെപി എന്നോ വ്യത്യാസമില്ല. ചാനലുകളില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. സഹികെട്ടപ്പോള്‍ സഖാക്കള്‍ ഇ.പിയും മണിയും ചിലതൊക്കെ തിരിച്ചും പറഞ്ഞു. കുറച്ചു കാലമായി മിണ്ടാട്ടം ഇല്ലാതിരുന്ന ആളാണ് സഖാവ് ഇ പി. വായില്‍ കോലിട്ടു കുത്തിയാല്‍ മിണ്ടാതിരിക്കുന്നത് എങ്ങനെ. അങ്ങനെയാവണം ഇ പിയും മിണ്ടിയത്. ഇതൊന്നും കോടിയേരി പറഞ്ഞ കാര്യങ്ങളില്‍ പെടുന്നില്ല. ഇ.പിയും മണിയും കാനത്തിനെതിരെ നടത്തിയ കടന്നാക്രമണങ്ങളെ സിപിഎം- സിപിഐ പോരെന്ന് എതിര്‍ പാര്‍ട്ടിക്കാരും മാധ്യമങ്ങളും പറയുന്ന ഏര്‍പ്പാടില്‍ ഇന്നലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കവേ കോടിയേരി സഖാവ് സത്യത്തില്‍ അവരെയും തള്ളി പറയുക തന്നെ ചെയ്തു. ഇരു കൈയും കൂട്ടിയടിച്ചാലല്ലേ ശബ്ദം കേള്‍ക്കൂ എന്ന് പറയാതെ പറയുകയും ചെയ്തു.

'ജിഷ്ണു സമരം: ബാക്കി പത്രം' എന്ന ശീര്‍ഷകത്തില്‍ ഇന്നലെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന്റെ ഈച്ചപ്പതിപ്പൊന്നും ആയിരുന്നില്ല ഇന്നു കോടിയേരി നല്‍കിയ വിശദീകരണം. ലേഖനത്തില്‍ പറഞ്ഞ ബിജെപി- ആര്‍എസ്എസ് 'ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈന്‍' ആവര്‍ത്തിച്ചു മിനക്കെട്ടതായും കണ്ടില്ല. എന്നുകരുതി കേരളത്തില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെയും ആര്‍എസ്എസിനെയും വെറുതെ വിട്ടതുമില്ല. ജിഷ്ണുവിന്റെ നാടായ വളയം എന്ന കമ്മ്യൂണിസ്റ്റ് ഗ്രമത്തെ കേരളത്തിലെ നന്ദിഗ്രാം ആയി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ കാണാതിരുന്നുമില്ല.എങ്കിലും ഇന്നത്തെ വിശദീകരണത്തില്‍ മുഴങ്ങിക്കേട്ടത് കേരളത്തിലെ ഇടതു സര്‍ക്കാരിനെ തകര്‍ക്കാന്‍ നടക്കുന്ന കുത്സിത ശ്രമങ്ങള്‍ക്കെതിരേ ഇടതു മുന്നണിയിലെ ഓരോ ഘടകകക്ഷിയും പുലര്‍ത്തേണ്ട ജാഗ്രതയെ കുറിച്ചായിരുന്നു. കാച്ചിക്കുറുക്കിയ വാക്കുകള്‍. ഒരു മഴ പോലെ സംഗീതം നിറഞ്ഞ ഒന്ന് എന്നൊക്കെ വേണമെങ്കില്‍ കോടിയേരിയുടെ വാര്‍ത്താ സമ്മേളനത്തെ വിശേഷിപ്പിക്കാം. മുന്നണിയുടെ ചട്ടക്കൂടിനെയും മുന്നണി മര്യാദയെയും കുറിച്ച് പറയുമ്പോള്‍ പോലും സിപിഐയെയോ കാനത്തിനെയോ വേദനിപ്പിക്കാതിരിക്കാന്‍ കോടിയേരി പരമാവധി ശ്രദ്ധ പുലര്‍ത്തി എന്നു പറയേണ്ടതുണ്ട്.

പക്ഷെ ചോദ്യങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി വന്നപ്പോള്‍ കോടിയേരി ലൈന്‍ മാറ്റി. സത്യത്തില്‍ കോടിയേരി ആഗ്രഹിച്ചിരുന്നതും ഇതു തന്നെ എന്ന മട്ടിലായി മറുപടികള്‍. എങ്കിലും ഒന്നും അതിരുവിട്ടില്ല. നക്‌സല്‍ നേതാവ് വര്‍ഗീസും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രാജനും കൊല്ലപ്പെട്ടത് സിപിഐ നേതാവ് സി അച്യുത മേനോന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണെന്നൊന്നും തെളിച്ചു പറഞ്ഞില്ല. എങ്കിലും ഒന്ന് പറഞ്ഞു, നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ ആണെന്നും അല്ലാതെ (വര്‍ഗീസിന്റെ കാര്യത്തില്‍ നടന്നതുപോലെ) കൈയാമം വെച്ച് എവിടെയോ കൊണ്ടുപോയി വെടിവെച്ചു കൊന്നതല്ലെന്നും.

ഇടയ്ക്കിടെ കോടിയേരി ഇങ്ങനെ സൂചിപ്പിക്കുന്നുണ്ടായിരുന്നു. തങ്ങള്‍ക്കൊപ്പവും കോണ്‍ഗ്രസിന് ഒപ്പവുമായി ഭരണത്തില്‍ കൂടുതല്‍ പരിചയം സിപിഐക്കു ആണെന്ന്. ഒടുവില്‍ ഒരു ഓര്‍മപ്പെടുത്തലും. 1980 ലെ സരസന്‍ കൊലപാതകത്തെക്കുറിച്ച്. അന്ന് കൊല്ലത്തെ സിപിഐക്കാര്‍, എതിര്‍ പ്രചാരണത്തിനൊപ്പം നിന്നതും കൊല്ലത്ത് എല്‍ഡിഎഫ് തോറ്റതും. പിന്നീട് മരിച്ച സരസന്‍ വളരെ സരസമായി പ്രത്യക്ഷപ്പെട്ടതും.

കോടിയേരിക്കും സിപിഎമ്മിനും പറയാനുള്ളത് ഇവിടെ കഴിഞ്ഞു എന്ന് പറയാനായിട്ടില്ല. മറുവാദം ഉന്നയിക്കാന്‍ സിപിഐക്ക് ഇനിയും അവസരം ഉണ്ടല്ലോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories