TopTop
Begin typing your search above and press return to search.

മൂന്നാറിലെ ഉരുള്‍ പൊട്ടലില്‍ ഒലിച്ചു പോകാതിരിക്കാന്‍ സിപിഎം ചെയ്യേണ്ടത്

മൂന്നാറിലെ ഉരുള്‍ പൊട്ടലില്‍ ഒലിച്ചു പോകാതിരിക്കാന്‍ സിപിഎം ചെയ്യേണ്ടത്

ഡി.ധനസുമോദ്

വര്‍ഷം: 2012, സ്ഥലം: കിഴക്കന്‍ ഡല്‍ഹി. മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പ്രസംഗിക്കാന്‍ എഴുന്നേറ്റതും ജനങ്ങള്‍ കൂക്കുവിളി തുടങ്ങി. കോമണ്‍വെല്‍ത്ത് അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന മുഖ്യമന്ത്രി സംസാരിക്കണ്ട എന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം. നീണ്ട 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ അമര്‍ന്നിരുന്ന ഷീലാമ്മയ്ക്കു ജനങ്ങളില്‍ നിന്നും പരസ്യമായി എതിര്‍പ്പ് നേരിടേണ്ടി വന്ന ആദ്യ സന്ദര്‍ഭമായിരുന്നു ഇത്. മറ്റൊരു സംഭവം നടന്നത് ജന്തര്‍ മന്തറില്‍ ആയിരുന്നു. അണ്ണാ ഹസാരെ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ ആദ്യം മുന്നോട്ടു വച്ച ഉപാധികളില്‍ ഒന്ന് രാഷ്ട്രീയക്കാര്‍ തന്റെ വേദിയില്‍ കടന്നു വരരുത് എന്നായിരുന്നു. പുഴയിലെ മത്സ്യങ്ങളെ പോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരെ ജനം വെറുത്തു തുടങ്ങി എന്നതിന്റെ രണ്ടു സാക്ഷ്യങ്ങള്‍ ആയിരുന്നു ഈ രണ്ടു സംഭവങ്ങളും. മാസങ്ങള്‍ക്ക് ശേഷം നടന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ രോഷം പ്രതിഫലിക്കുകയും ചെയ്തു. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു കൂട്ടം ആളുകളുടെ മുന്നില്‍ കക്ഷി ഭേദമില്ലാതെ നേതാക്കള്‍ അടി തെറ്റി. കെജരിവാള്‍ തനിക്കു പോന്ന എതിരാളി അല്ലെന്നും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ റഡാറില്‍ പോലും ഇല്ലെന്നു വീമ്പു പറഞ്ഞ ഷീല ദീക്ഷിതിനു വന്‍ വീഴ്ചയോടെ സജീവ രാഷ്ട്രീയത്തിനോട് സലാം പറയേണ്ടി വന്നു. ഷീലാ ദീക്ഷിതിനോട് കാണിച്ച അസ്വസ്ഥത മുഴുവന്‍ രാഷ്ട്രീയക്കാരോട് ആയിരുന്നു എന്ന് തിരിച്ചറിയാന്‍ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ആം ആദ്മിയുടെ സാധ്യത എത്രത്തോളം ആണെന്ന് ഡല്‍ഹിയിലെ ഒരു ആം ആദ്മി നേതാവ് ചോദിച്ചിരുന്നു. തൃശൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് . സ്ഥാനാര്‍ഥികളെ ചൂണ്ടികാണിച്ചാണ് ആം ആദ്മിയുടെ സാധ്യതയെ ഞാന്‍ തള്ളിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. പി. ധനപാലനും സിപിഐ സ്ഥാനാര്‍ഥി സി. എന്‍. ജയദേവനുമായിരുന്നു. രണ്ടു പേരും സൈക്കിളിന്റെ കാരിയറില്‍ ഇരുന്നായാലും ജനങ്ങള്‍ ആവശ്യപ്പെടുന്ന ഇടത്തേക്ക് വരാന്‍ തയ്യാറുള്ള നേതാക്കള്‍. ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളെക്കാള്‍ ആം ആദ്മികളാണ് ഇടതു വലതു മുന്നണിയിലെ സ്ഥാനാര്‍ഥികള്‍. സ്വന്തം പേരെഴുതിയ കോട്ടുമായി വരുന്ന നേതാവല്ല, മറിച്ചു 300 രൂപയുടെ ഷര്‍ട്ട് ധരിച്ചു രാജ്യസഭയില്‍ എത്തി ഡല്‍ഹി വിമാനത്താവളത്തില്‍ ജി.എം.ആര്‍ നടത്തുന്ന വെട്ടിപ്പിനെ കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുന്ന കെ.എന്‍,ബാലഗോപാലിനെ പോലുള്ള നേതാക്കളെയാണ് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് കേരളം സംഭാവന ചെയ്തത്. അങ്ങനെ ഒരു നാട്ടില്‍ സിപിഎമ്മിന്റെ എം.എല്‍.എ.യെ ജനക്കൂട്ടം വിരട്ടി ഓടിച്ചെന്നു കേള്‍ക്കുമ്പോള്‍ സാരമായ തകരാറ് പാര്‍ട്ടിക്ക് ഉണ്ടെന്നു മനസിലാക്കണം. ഇവിടെ ചെരുപ്പ് ഉയരുന്നത് ഒരാള്‍ക്ക് നേരെയല്ല രാഷ്ട്രീയക്കാര്‍ക്ക് മൊത്തം നേരെയാണ്.

ജനങ്ങളുടെ മുഖ്യമന്ത്രി എന്നാണ് മറ്റു മുഖ്യമന്ത്രിമാര്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയെ അറിയപ്പെടുന്നത്. ഉമ്മന്‍ചാണ്ടി നടത്തിയ മാതൃകയില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി മണിക്കൂറുകള്‍ക്കുള്ളില്‍ അരവിന്ദ് കെജരിവാളിനു നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ജനക്കൂട്ടത്തെ മാനേജ് ചെയ്യുന്നതില്‍ കെജരിവാള്‍ പരാജയപ്പെട്ടതായിരുന്നു കാരണം. വിയോജിപ്പുകള്‍ നിരവധി ഉണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നു എന്ന ഇമേജു സ്വന്തമാക്കിയ ഒരു മുഖ്യമന്ത്രി ഉള്ള നാട്ടിലാണ് രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടേണ്ടി വരുന്നത്. രാഷ്ട്രീയക്കാര്‍ മൊത്തം കേള്‍ക്കേണ്ടതാണെങ്കിലും എന്തുകൊണ്ടാണ് പഴി സിപിഎമ്മിലേക്ക് വഴി തിരിച്ചു വിടുന്നത് എന്ന് ചോദിക്കാം. ഉത്തരം വളരെ സിമ്പിള്‍ ആണ്, ഇന്നും ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടും എന്ന് ജനങ്ങള്‍ കൂടുതലും വിശ്വസിക്കുന്നത് സിപിഎമ്മിനെയാണ്. അതുകൊണ്ട് തന്നെയാണ് സൈബര്‍ ആക്രമണങ്ങള്‍ പോലും പാര്‍ട്ടിക്ക് നേരെ തിരിച്ചു വച്ചിരിക്കുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാര്‍ട്ടി കമ്മറ്റികള്‍ വിഎസിനെതിരായ നടപടി ശിപാര്‍ശകള്‍ ആയിരുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് എന്നൊക്കെ പറഞ്ഞു ഒഴിയാമെങ്കിലും പ്രധാനമായും കേരള വിഷയം പ്രധാന അജണ്ടയായി ചര്‍ച്ച ചെയ്ത കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോ യോഗവും ഉണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. തമ്മില്‍ തല്ലിയും വിഭാഗീയതയുടെ പേരില്‍ മികച്ച സംഘാടകരായ നേതാക്കളെ മാറ്റിനിര്‍ത്തിയും പാര്‍ട്ടി മുന്നോട്ടു പോയപ്പോള്‍ ജനങ്ങളില്‍ നിന്നും അകന്നത് അവര്‍ അറിഞ്ഞില്ല.

രവി പിള്ളയുടെ ഹോട്ടല്‍ ഉദ്ഘാടനത്തിന് കൃത്യസമയത്ത് എത്തുന്ന നേതാക്കള്‍ മൂന്നാറിലെ സമര സ്ഥലത്തേക്ക് എത്താന്‍ മൂന്ന് ദിവസം ആലോചിക്കേണ്ടി വരുന്നു. ക്ലീഷേ ആണെന്ന് അറിയാം എങ്കിലും ഒരു കാര്യം പറയാതെ വയ്യ, എ.കെ.ജി യുടെ കാലത്ത് സമരത്തിന് തൊഴിലാളി എത്തുന്നതിനു അഞ്ചു മിനിറ്റ് മുന്‍പ് ആദ്ദേഹം അവിടെ ഉണ്ടാകും. കേരളത്തിന്റെ ഏതോ ഒരു കോണില്‍ തൊഴിലാളികള്‍ അവരുടെ ആവശ്യത്തിനു സമരം നടത്തുന്നു, പാര്‍ട്ടി അതിനു പിന്തുണ നല്‍കുന്ന എന്ന നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്. മറിച്ചു പാര്‍ട്ടിയുടെ പ്രശ്‌നമായി തോന്നുന്നതേയില്ല. അവരുടെ പ്രശ്‌നം എന്ന രീതി മാറി നമ്മുടെ പ്രശ്‌നം എന്ന അവസ്ഥയില്‍ എത്തിയാല്‍ മാത്രമാണ് ജനം പാര്‍ട്ടിയെ വിശ്വസിക്കുന്നത്.

സലിം ഇടക്കുനി ഫേസ്ബുക്കില്‍ കുറിക്കുന്നത് ശ്രദ്ധിക്കുക, 'നാട്ടില്‍ ഒരു തൊഴിലാളി സമരം ഉണ്ടായാല്‍ അതെല്ലാം സി പി എം നേതൃത്വം ആദ്യം അറിയണം എന്നില്ല. എന്നാല്‍ അതാതിടത്തെ പ്രാദേശിക നേതൃത്വം അറിഞ്ഞിരിക്കുകയും അതില്‍ വേണ്ടി വന്നാല്‍ ഇടപെടാന്‍ ശ്രമിക്കുകയും വേണം. അങ്ങനെയാണ് സംഭാവിക്കാറും. കാരണം അടിസ്ഥാനപരമായി അതൊരു തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനമാണ്'.

എന്നാല്‍ മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്ന തോട്ടം തൊഴിലാളി സമരത്തില്‍ അവിടത്തെ പ്രാദേശിക നേതൃത്വം വേണ്ട വിധം ഇടപെട്ടില്ല എന്ന് തന്നെയാണ് മനസ്സിലാവുന്നത്. അതിന്റെ രോഷം അവരിലുണ്ട്. അതിന്റെ ആഴം മനസ്സിലാക്കി വേണ്ട വിധത്തില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമേ നേതൃത്വം നേരിട്ട് അവിടെ പോവാന്‍ പാടുള്ളുവായിരുന്നു. അങ്ങനെയെങ്കില്‍ ഇന്ന് അവര്‍ നേരിട്ട അപമാനം ഒഴിവാക്കാമായിരുന്നു. കാരണം ഇപ്പോള്‍ എല്ലാം ഒപ്പിയെടുക്കാന്‍ ചാനലുകള്‍ പിന്നാലെയുള്ള കാലമാണ്.

കോടിയേരി പറയുന്നു 'സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ശക്തമായ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരും'. ഇതൊക്കെ കേട്ടിട്ടും അനക്കമില്ലാത്ത കേള്‍വിക്കാരെ നോക്കി ശ്രീമതി ടീച്ചര്‍ കേണപേക്ഷിക്കുന്നു 'കയ്യടിക്ക് .... കയ്യടിക്ക്...

നേതാക്കളേ കാലം മാറുന്നു ജനങ്ങളും. നിങ്ങളായിട്ട് മാറാതിരുന്നാല്‍ അത് നിങ്ങളെ തന്നെ മായ്ച്ച് കളയും. സോഷ്യല്‍ മീഡിയ ഇതെല്ലാം കാണുന്നുണ്ട് എന്നതിന്റെ ഉദാഹരണം ആണ് സലീമിന്റെ പോസ്റ്റ്.

അടിയന്തരാവസ്ഥയിലെ മര്‍ദ്ദനം ഓര്‍മിപ്പിച്ചും പുന്നപ്ര വയലാര്‍ സമരത്തിലെ ബയണറ്റിന്റെ കുത്തേറ്റ വടു കാണിച്ചും ഭൂപരിഷ്‌കരണത്തിന്റെ മേന്മ ഓര്‍മിപ്പിച്ചും അണികളെ പിടിച്ചു നിര്‍ത്താനാവില്ല. കൊടും തണുപ്പത്ത് പ്രതിദിനം 250 രൂപയ്ക്ക് പണിയെടുക്കുകയും 55 വയസു കഴിഞ്ഞു ജീവിക്കുന്നതിനായി ക്യാരറ്റ് വില്‍ക്കുകയും ചെയ്യുന്നവര്‍ വര്‍ത്തമാനത്തിനോട് പൊരുതി തോല്‍ക്കുമ്പോള്‍ ഭൂതകാലത്തില്‍ അഭിരമിക്കാന്‍ തീരെ സമയമുണ്ടാകില്ല. ഒരു കണ്ണന്‍ ദേവന്‍ തോട്ടത്തിലെ പ്രശ്നമല്ല , എല്ലാ ജില്ലയിലെ തോട്ടം തൊഴിലാളികളും ഇതേപോലെ രൂക്ഷമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണ്. ഇതിലൊന്നും ഇടപെടാന്‍ മെനക്കെട്ടില്ലെങ്കില്‍ പ്രതികരണം ശക്തമായിരിക്കും. തേയില കൊളുന്തുകള്‍ പിന്നിലേക്ക് നുള്ളി എറിയുന്ന ഈ വനിത തൊഴിലാളികള്‍ക്ക് പാര്‍ട്ടിയെയും നുള്ളി പിന്നിലേക്ക് എറിയാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.

( ടിവി ന്യൂ വാര്‍ത്താ ചാനല്‍ ന്യൂസ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമാണ് ലേഖകന്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories