TopTop
Begin typing your search above and press return to search.

പി ആർ സംഘങ്ങളും ബ്രിട്ടാസും പാർട്ടിയുടെ കഴുക്കോലൂരി പിണറായിക്ക് ചായ്പ് കെട്ടുന്നു

പി ആർ സംഘങ്ങളും ബ്രിട്ടാസും പാർട്ടിയുടെ കഴുക്കോലൂരി പിണറായിക്ക് ചായ്പ് കെട്ടുന്നു

ആര്‍. ധര്‍മ്മന്‍

ഒരൽപ്പം പഴങ്കഥ പറഞ്ഞുകൊണ്ടാരംഭിക്കട്ടെ. പഴയ കാലത്തെ പാലങ്ങളുടെ നിർമ്മാണ രഹസ്യമാണ് പറയുന്നത്. ഉവ്വ്, അതിന് പിണറായിയുടെ കാലത്തെ മാധ്യമ ജീവിതവുമായി ബന്ധമുണ്ട്. അതെങ്ങനെയെന്ന് വഴിയേ പറയാം.

പണ്ട് കാലത്ത് പണിതീർത്ത നിരവധി പാലങ്ങളുണ്ട് കേരളത്തിലങ്ങോളമിങ്ങോളം. കുറ്റിപ്പുറം പാലവും ആലുവ പാലവും പുനലൂർ പാലവുമെല്ലാം ഈ കൂട്ടത്തിൽ പെട്ടവയാണ്. ഇവയുടെയെല്ലാം നിർമ്മാണ കഥകൾ ശ്രദ്ധിച്ചാൽ രസകരമാണ്. ഇന്നത്തേപ്പോലെ ആഴത്തിലുള്ള പൈലിംഗ് ഒന്നും കണ്ടുപിടിക്കാത്ത അക്കാലത്ത് പാലങ്ങളുടെ കാലുകൾ ഉറപ്പിക്കലായിരുന്നു എൻജിനീയർമാർ നേരിട്ട പ്രധാന വെല്ലുവിളി. അതിനായി മനുഷ്യരെ ബലി കൊടുത്തിരുന്നു എന്നാണ് പുരാവൃത്തങ്ങൾ പറയുന്നത്. 'മൂന്നാം കാൽ ഉറക്കാതെ വന്നപ്പോൾ സുർക്കി മിശ്രിതത്തിനൊപ്പം പണിക്കാരിലൊരാളെ തള്ളിയിട്ടു' എന്നപോലെയുള്ള കഥകൾ ഇപ്പോഴും അങ്ങിങ്ങ് കേൾക്കാം. എന്ന് പറഞ്ഞത് പോലെയാണ് പിണറായി സർക്കാരിന്റെ ഇമേജുറപ്പിക്കൽ എന്ന് സമീപകാല സംഭവങ്ങൾ കാണുമ്പോൾ ന്യായമായും സംശയിച്ച് പോകും.

കേരളം കണ്ടതിൽ വച്ചേറ്റവും മികച്ച സർക്കാരാകും തന്റേതെന്ന് മുഖ്യമന്ത്രി പേർത്തും പേർത്തും പറയുന്നുണ്ട്. നല്ലത് തന്നെ. അങ്ങനെ തന്നെയാണ് ആകേണ്ടതും. അഴിമതിക്കെതിരായ പോരാട്ടം ഇടതുപക്ഷത്തോടുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്നും ഉറപ്പാണ്. അതിന് വേണ്ടതെല്ലാം സർക്കാർ ചെയ്യുന്നതായാണ് പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് മനസിലാവുക. മുൻ സർക്കാരിന്റെ കാലത്തെ തീവെട്ടിക്കൊള്ളയുടെ കഥകൾ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. അതൊക്കെ വിജിലൻസ് കേസുകളുമാകുന്നുണ്ട്. അതുകൊണ്ടും തീരുന്നില്ല. മന്ത്രിസഭയിലെ രണ്ടാമനെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ഇ.പി.ജയരാജൻ ബന്ധു നിയമനത്തിന്റെ പേരിൽ രാജി വക്കേണ്ടി വന്നത് ഈ സർക്കാർ പുലർത്തുന്ന അഴിമതി വിരുദ്ധ സമീപനത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ്. പാർട്ടി പ്രവർത്തകർക്ക് മാത്രമല്ല, ഇടതുപക്ഷത്തിനാകമാനം അത് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്.

ഈ വിധം പിണറായി സർക്കാരിന്റെ ഇമേജ് രാജ്യത്താകമാനം തിളങ്ങി നിൽക്കുമ്പോഴാണ് പാർട്ടിയെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പുതിയ സംഭവവികാസങ്ങൾ ഉയർന്നു വരുന്നത്. അതിലൊന്ന് കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് വടക്കാഞ്ചേരിയിൽ യുവതിയെ പാർട്ടിയുടെ പ്രാദേശിക നേതാവും സംഘവും ബലാൽസംഗം ചെയ്തു എന്ന ആരോപണമാണ്. സി.പി.എമ്മിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു വിവാദം ഉണ്ടെന്ന് തോന്നുന്നില്ല. അന്തർദേശീയ മാധ്യമങ്ങളിൽ വരെ വടക്കാഞ്ചേരി ബലാൽസംഗം വാർത്തയായി. എവിടെയും ക്ലച്ച് പിടിക്കാതിരുന്ന പ്രതിപക്ഷത്തിന് അടിക്കാനുള്ള ഒന്നാന്തരം വടിയുമായി. സി.പി.എം നേതാക്കളെ കണ്ടാൽ സ്ത്രീകൾ ഓടിയൊളിക്കുകയാണെന്ന് ബി.ജെപിക്കാർ ചാനൽ ചർച്ചയിൽ അടച്ചാക്ഷേപിക്കാനും തുടങ്ങി.പി.രാജീവല്ല, പി.ആർ. ഓഫീസുകൾ തീരുമാനിക്കും
കളമശേരി ഏരിയാ സെക്രട്ടറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്ന് തന്നെ തുടങ്ങാം. സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലും പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കപ്പെട്ടിരുന്നു. എറണാകുളം സിറ്റി ടാസ്‌ക് ഫോഴ്സ് രജിസ്റ്റർ ആദ്യ കേസാണ് കളമശേരി ഏരിയ സെക്രട്ടറി ആയിരുന്ന സക്കീർ ഹുസൈനെ കുടുക്കിയത്. കൊച്ചി റേഞ്ച് ഐജി എസ്.ശ്രീജിത്തിന്റേ മേൽനോട്ടത്തിൽ ഡിസിപി ഡോ.അരുൾ ആർ.ബി കൃഷ്ണയാണ് കേസെടുത്തത്. സി.പി.എമ്മുമായി എക്കാലവും അടുപ്പം പുലർത്തുന്ന പോലീസ് ഓഫീസറാണ് ശ്രീജിത്ത് ഐ.പി.എസ്. അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ സി.പി.എം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ പോലീസ് കേസെടുക്കുമോ? അതും ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം. കേസിൽ സക്കീർ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

വെണ്ണലയിലെ വ്യവസായിയായ ജൂബ് പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നതായിരുന്നു കേസ്. ഷീല തോമസ് എന്ന സ്ത്രീ ആരംഭിച്ച വ്യവസായ സ്ഥാപനത്തിൽ ജൂബ് പങ്കാളിയാവുകയും അവർ തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. ഇതിന്റെ മധ്യസ്ഥ ചർച്ചക്ക് വേണ്ടി സക്കീർ ഹുസൈൻ ഇടപെടുകയും ജൂബിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് ആരോപണം. വ്യവസായികൾ തമ്മിൽ തർക്കമുണ്ടാവുമ്പോൾ പാർട്ടി നേതാക്കൾ ഇടപെടുന്നത് എന്ന് മുതലാണ് ഗുണ്ടാ ആക്ടിന്റെ പരിധിയിൽ വന്നതെന്ന് ആരും ചോദിച്ച് കേട്ടില്ല. മാത്രമല്ല, പത്തനംതിട്ടയിലെ ഒരു ജില്ലാക്കമ്മറ്റിയംഗം വിളിച്ച് പറഞ്ഞതിന്റെ പേരിലാണത്രേ സക്കീർ ഹുസൈൻ കേസിൽ ഷീല തോമസിന് വേണ്ടി ഇടപെട്ടത്. ഓർത്തഡോക്‌സ് സഭയുടെ യുവജന വിഭാഗം നേതാവായ ജോസ് സ്ലീബ വഴി മുളന്തുരുത്തി ഏരിയാ സെക്രട്ടറി വിഷയത്തിൽ ജൂബിന് അനുകൂലമായി ഇടപെട്ടിരുന്നു. രണ്ട് ഏരിയാ കമ്മറ്റികൾ രണ്ട് പക്ഷത്തും വന്നതോടെ വിഷയം ജില്ലാ കമ്മറ്റിയുടെ മുന്നിലെത്തി. ജില്ലാ സെക്രട്ടറി പി.രാജീവും ഷീലക്ക് അനുകൂലമായാണ് തീരുമാനമെടുത്തത്. പക്ഷേ, ഒരൊറ്റ ദിനം കൊണ്ട് എല്ലാം കൈവിട്ടുപോയി. സക്കീർ ഹുസൈൻ ഗുണ്ടാ നേതാവായി. കളമശേരി പോലീസിന്റെ റൗഡി ലിസ്റ്റിലുമുണ്ട് അദ്ദേഹമിപ്പോൾ. മുൻപ് ചെയ്ത ഒരുപാട് ഗുണ്ടാവേലകൾക്ക് ഇപ്പോൾ സ്വന്തം പാർട്ടിയുടെ പണി തന്നെ സക്കീറിന് ലഭിച്ചുവെന്ന് കളമശേരിക്കാർ അടക്കം പറയുന്നുണ്ട്. അത് തന്നെയാണ് സത്യവും.

എല്ലാം മാറിയ ദിനം; സക്കീറിനെതിരെ വാർത്ത വന്ന രീതി
ഒക്ടോബർ 26ന് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റർക്ക് ഒരു പി.ആർ. ഓഫീസിൽ നിന്നും കോൾ വരുന്നു. ഒരുഗ്രൻ വാർത്തയുണ്ട്. വിശദാംശങ്ങൾ തരാം. ഇതായിരുന്നു ഓഫർ. സി.പി.എം. ജില്ലാ കമ്മറ്റിയംഗവും കളമശേരി ഏരിയാ സെക്രട്ടറിയുമായ സക്കീർ ഹുസൈനാണ് പ്രതി. എഡിറ്റർ വാർത്ത വേണ്ടെന്ന് പറഞ്ഞു. അന്ന് വൈകിട്ട് മാതൃഭൂമി ചാനൽ വാർത്ത ബ്രേക്ക് ചെയ്തു. ഏരിയാ സെക്രട്ടറി ഒളിവിൽ പോകേണ്ടി വരികയും ചെയ്തു. ഈ വാർത്ത വന്ന വഴിയാണ് രസകരം. പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഒരാൾ നടത്തുന്ന പി.ആർ. ഓഫീസായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. അതിന്റെ ഫോളോവപ്പ് വാർത്തകളും പ്രൊഫഷണലിസം നിറഞ്ഞവയായിരുന്നു. സക്കീർ ഹുസൈനെതിരെ 16 ക്രിമിനൽ കേസുകൾ ഉണ്ടെന്നായിരുന്നു അതിലൊന്ന്. അഥവാ അങ്ങനെ 16 എണ്ണം ഉണ്ടെങ്കിൽ തന്നെ അതെല്ലാം പാർട്ടിക്ക് വേണ്ടിയുള്ളവയാകാനാണ് സാധ്യത എന്ന് ആർക്കും തോന്നിയില്ല. അവസാനം രജിസ്റ്റർ ചെയ്ത ഗുണ്ടാക്കേസ് ഒഴികെ മറ്റെല്ലാം മുൻ സർക്കാരിന്റെ കാലത്ത് എടുത്തവയാകണമല്ലൊ. കേസുകളുടെ എണ്ണം പറഞ്ഞായിരുന്നു സക്കീർ ഹുസൈന് കോടതിയിൽ സർക്കാർ ജാമ്യം നൽകേണ്ടതില്ലെന്ന് വാദിച്ചത്.

ഒരാൾ പരാതിയുമായി വന്നാൽ പറയുന്നതപ്പാടെ വിശ്വസിക്കുന്നത് എങ്ങനെയാണ്? പ്രത്യേകിച്ച് പാർട്ടിയുടെ ജില്ലാക്കമ്മറ്റിക്ക് മറ്റൊരു അഭിപ്രായമുള്ളപ്പോൾ. ഒരു വിശദീകരണത്തിന് പോലും അവസരം നൽകാതെ സക്കീർ ഹുസൈനെ ചാവേറായി ഇട്ടുകൊടുത്തു എന്ന് പാർട്ടിക്കാർ മുറുമുറുക്കുന്നത് അങ്ങിങ്ങ് കേൾക്കുന്നുണ്ട്. ഇടനിലകൾക്ക് കമ്മീഷൻ പറ്റിയവരെ തുരത്തുകയാണെങ്കിൽ ഈ പാർട്ടിയിൽ ആരെങ്കിലും അവശേഷിക്കുമോ? അങ്ങനെയൊരു നടപടിയെടുക്കാൻ അർഹതയുള്ളവർ എത്രപേരുണ്ട് കേരളത്തിൽ? ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം സക്കീർ ഹുസൈനെതിരെ കേസെടുത്തിട്ടും അയാൾ ഒളിവിൽ പോയിട്ടും പാർട്ടിയുടെ ജില്ലാക്കമ്മറ്റിയിൽ നിന്നും പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ വൈകുന്നതെന്ത്? ഇത്തരം നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട് ഇപ്പോഴും. ഗൾഫിലെ ബിസിനസുകാരൻ പ്രതിയായ തട്ടിക്കൊണ്ടുപോകൽ കേസിൽ ജാമ്യമെടുത്ത് കൊടുക്കാൻ ഇടനില നിന്നത് സക്കീർ ഹുസൈൻ ആണെന്ന് മുൻപ് ആരോപണമുയർന്നിരുന്നു. കോടികൾ ഇതിന് പ്രതിഫലമായി നേടിയെന്നും പറയപ്പെടുന്നു. അന്നില്ലാത്ത ഉത്സാഹം പി.ആർ. കമ്പനികൾ വഴി ഉണ്ടാക്കിയെടുക്കുന്നവർക്ക് നല്ല ഉദ്ദേശമാകാൻ ഇടയില്ല.വടക്കാഞ്ചേരിയിലെ വാർത്ത വന്ന വഴി
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാർത്താ വെബ്‌സൈറ്റാണ് ന്യൂസ് ദെൻ ഡോട്ട് കോം. ഒക്ടോബർ അവസാനം മുതലാണ് അത് സജീവമായത്. സൈറ്റിന് പിന്നിൽ ആരാണെന്ന് അന്വേഷിച്ചവർക്കൊന്നും കൃത്യമായി മറുപടി ലഭിച്ചിട്ടില്ല. കൈരളി വെബ്‌സൈറ്റിൽ നിന്നുള്ള വാർത്തകൾ പലപ്പോഴും അതേപടി ന്യൂസ് ദെന്നിൽ കാണാം. വെബ്‌സൈറ്റിന്റെ പ്രചരണം നടത്തുന്നതാട്ടെ കൈരളി ചാനലിലെ പ്രമുഖർ. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ വാർത്താ ലിങ്കുകൾ പ്രചരിപ്പിക്കുന്നവരിൽ കൈരളിയിലെ ജീവനക്കാർ ധാരാളമുണ്ട്. ന്യൂസ് ദെൻ വാർത്താ വെബ്‌സൈറ്റിന്റെ എക്‌സ്‌ക്ലുസീവ് വാർത്തയായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വടക്കാഞ്ചേരിയിൽ ഒരു യുവതിയെ നാല് പേർ ചേർന്ന് ബലാൽസംഗം ചെയ്‌തെന്നും പോലീസ് ഇരയെ അപമാനിച്ചെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ ആരോപണം. പുതിയ വെബ്‌സൈറ്റിൽ വന്ന വാർത്തയായതിനാൽ കേട്ടവരിൽ പലരും ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കയറി നോക്കി. അവിടെ അങ്ങനെയൊരു പോസ്റ്റ് ഉണ്ടായിരുന്നില്ല. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് ഫ്രണ്ട്‌സിനാകട്ടെ പ്രൊഫൈൽ കാണാനും കഴിയുന്നുണ്ടായിരുന്നു. അതായത്, കേരളം ഞെട്ടിയ ആ പോസ്റ്റ് സ്വന്തം സുഹൃത്തുക്കൾ മാത്രം കണ്ടാൽ മതിയെന്ന് ഭാഗ്യലക്ഷ്മി തീരുമാനിച്ചിരുന്നു എന്നർത്ഥം.

അതേ ദിവസം വൈകിട്ട് സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു എക്‌സ്‌ക്ലുസീവ് കൂടി ന്യൂസ് ദെൻ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ മീഡിയ സെൽ പരാതിക്കാരിയുമായി സംസാരിച്ചെന്നും ആരോപണ വിധേയർക്കെതിരെ നടപടി ഉറപ്പെന്നുമായിരുന്നു വാർത്ത. കൈരളി ചാനൽ എം.ഡി. ജോൺ ബ്രിട്ടാസ് ആണല്ലൊ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍. മീഡിയാ സെൽ വാർത്തകൾ ഏതെങ്കിലും ഒരു മാധ്യമത്തിന് മാത്രം നൽകണമെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും ഉദ്ദേശമുണ്ടാകുമല്ലൊ. ആ നിലക്ക് നടത്തിയ അന്വേഷണത്തിൽ ചില കാര്യങ്ങൾ ബോധ്യപ്പെട്ടു. കൈരളി ചാനലിന്റെ രണ്ട് ഡയറക്ടർമാരാണ് വെബ്‌സൈറ്റിന്റെ പ്രധാന പ്രചാരകർ. പ്രോഗ്രാം വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഒ.മോഹനും പ്രോഗ്രാംസ് ഡയറക്ടർ സോമകുമാറും ന്യൂസ് ദെൻ വെബ്‌സൈറ്റിന്റെ മിക്കവാറും എല്ലാ വാർത്തകളും ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നുണ്ട്. (സ്‌ക്രീൻ ഷോട്ട് കാണുക) സൈറ്റിന്റെ ഫേസ്ബുക്ക് പേജ് വന്നപ്പോൾ ലൈക്ക് അഭ്യർത്ഥനയും കൂട്ടത്തിൽ കാണാം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഒരു പോസ്റ്റും ഷെയർ ചെയ്യാത്തവർ ന്യൂസ് ദെന്നിന്റെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നതിൽ സ്ഥാപനത്തിനകത്ത് തന്നെ ചിലർക്ക് പ്രതിഷേധമുണ്ട്. പ്രത്യക്ഷത്തിലില്ല എന്നുമാത്രം. കൂടാതെ ഡല്‍ഹി മയൂര്‍ വിഹാര്‍ വിലാസത്തില്‍ സൂര്യനാരായണന്‍ സി എന്നൊരാളുടെ പേരിലാണ് ഈ വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാള്‍ കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് എടപ്പാളിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് എന്നതും ശ്രദ്ധിയ്ക്കുക.വടക്കാഞ്ചേരി ബലാൽസംഗ ഇരകളുടെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത് ഭാഗ്യലക്ഷ്മിയും നടി പാർവ്വതിയുമായിരുന്നു. കൈരളിയുമായും ജോൺ ബ്രിട്ടാസുമായും നല്ല ബന്ധം പുലർത്തുന്നവരാണ് ഇരുവരുമെന്ന് ചിലർ പറയുന്നു. പാർട്ടിക്കകത്തെ ഒരു വിഭാഗം നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമായി ബലാൽസംഗം ഉപയോഗിക്കപ്പെടുകയാണെന്ന് ഇതെല്ലാം ചേർത്ത് ചിലർ ആരോപിക്കുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പ്. സി.പി.എമ്മിനകത്തെ പടലപ്പിണക്കങ്ങളുടേയും വാർത്ത ചോർത്തലിന്റേയും അടുത്ത അധ്യായം ആരംഭിച്ച് കഴിഞ്ഞു. അതിൽ ജയന്തൻ മാത്രമല്ല കുടുങ്ങിയതെന്ന് മാത്രം. ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന് പറയും പോലെ സൗമ്യനെന്ന് ഖ്യാതി കേട്ടിരുന്ന തൃശൂർ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനും കുടുങ്ങി. ദേശീയ വനിതാ കമ്മീഷൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് കഴിഞ്ഞു. ഇരയുടെ പേര് പറയരുത് എന്ന പാഠം അദ്ദേഹമിപ്പോൾ ശരിക്കും മനസിലാക്കുന്നുണ്ടാകും. വടക്കാഞ്ചേരി വിഷയത്തിൽ പാർട്ടി ജില്ലാ ഘടകത്തിന് മറ്റൊരു നിലപാടുണ്ട് എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. ഏരിയാ കമ്മറ്റിയും ജില്ലാക്കമ്മറ്റിയും അറിഞ്ഞ് നടത്തിയ ഒത്തുതീർപ്പിനും പൊതു സമൂഹത്തിന് മുന്നിൽ പാർട്ടി മറുപടി പറയേണ്ടിവരും. ടി.എൻ. സീമ പറഞ്ഞ 'അവിടത്തെ സാഹചര്യം' എന്താണെന്നും പാർട്ടി വിശദീകരിക്കേണ്ടി വരും.സർക്കാരിന്റെ കാലുകൾ ഇനിയും ഉറക്കാനുള്ളതിനാൽ വീഴാനുള്ളവരുടെ ലിസ്റ്റും നീണ്ടേക്കാം. അവർ ആരൊക്കെയെന്ന് വരുംദിനങ്ങളിലറിയാം. കൈരളിയുടെ മേധാവികൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് പാർട്ടിക്കെതിരെയുള്ള വാർത്തകളുടെ കേന്ദ്രമാകുന്നതും മുഖ്യമന്ത്രിയുടെ മാത്രം ഇമേജ് സംരക്ഷിക്കുന്നതും ഇപ്പോഴും തുടരുകയാണ്. പൂച്ച പാല് കുടിക്കുന്നത് പോലെ.

വാൽക്കഷ്ണം: ദോഷം പറയരുതല്ലൊ, പാർട്ടി രഹസ്യങ്ങൾ മാത്രമല്ല ന്യൂസ് ദെൻ പ്രസിദ്ധീകരിക്കുന്നത്. കേരളാ ടെലിവിഷൻ ഫെഡറേഷൻ എന്ന ടെലിവിഷൻ ഉടമകളുടെ സംഘടനയുമായി ബന്ധപ്പെട്ട ഒരു വാർത്ത കഴിഞ്ഞ ദിവസം കണ്ടിരുന്നു. മഴവിൽ മനോരമയും സൂര്യയും ചേർന്ന് റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്നായിരുന്നു അത്. ടെലിവിഷൻ ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയാണ് ജോൺ ബ്രിട്ടാസ്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories