TopTop
Begin typing your search above and press return to search.

ഗീത വധം ഇനി വി എസ് വക

ഗീത വധം ഇനി വി എസ് വക

കെ എ ആന്റണി

ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രൊഫസറായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി തന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കി എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ തുടങ്ങിയതാണ് ചിലരുടെയൊക്കെ ഇരിക്കപ്പൊറുതിയില്ലായ്മ. ഗീതയുടെ വേരുകള്‍ ഇങ്ങ് കണ്ണൂരിലെ മയ്യില്‍ എന്നു കൂടിയായപ്പോള്‍ ഇത്തരം എരിപൊരിയലുകള്‍ക്ക് ശരവേഗം കൈവന്നു. എരിപൊരി സഞ്ചാരങ്ങള്‍ക്ക് ഇടയില്‍ ശ്രദ്ധേയമായ രണ്ടുകാര്യങ്ങള്‍ കൂടി നടന്നു. സിപിഎം ക്യാമ്പില്‍ നിന്നും പ്രഗത്ഭരും പ്രശസ്തരുമായ രണ്ടുപേര്‍ ഗീതയുടെ നിയമനത്തെ ചോദ്യം ചെയ്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നു. ആദ്യം പ്രഭാത് പട്‌നായിക് എന്ന പാര്‍ട്ടിയുടെ സ്വന്തം ബുദ്ധിജീവി. രണ്ടാമത്തെയാള്‍ കാസ്‌ട്രോ പട്ടം നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ആദരിച്ച സഖാവ് വി എസ് അച്യുതാനന്ദന്‍.

ഇരുവരും ഉന്നയിച്ച അഥവ ഉന്നയിക്കുന്ന ആക്ഷേപം ഗീത നവലിബറലിസത്തിന്റെ വക്താവ് ആണെന്നതാണ്. ഗീതയുടെ സാമ്പത്തിക സാരോപദേശങ്ങള്‍ രണ്ടാം യുപിഎ സര്‍ക്കാരും തുടര്‍ന്നിപ്പോള്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരും പിന്‍തുടരുന്നൂ എന്നതാണ് ഇരുവരുടെയും ആക്ഷേപം.

വെറും ആക്ഷേപത്തില്‍ ഒതുങ്ങുന്നില്ല കാര്യങ്ങള്‍. പട്‌നായിക്കിനെ കൊണ്ട് ആദ്യം പറയിച്ച് രണ്ടാമത് പറഞ്ഞ് കാര്യങ്ങളൊക്കെ സ്ഥിരം പാര്‍ട്ടിക്കത്ത് എന്ന രൂപേണ പൊളിറ്റ് ബ്യൂറോയ്ക്ക് കേന്ദ്ര കമ്മിറ്റിക്കും അയച്ചിരിക്കുകയാണ് അഭിനവ കാസ്‌ട്രോ.

ഗീതയെ പോലൊരാളെ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം എന്തിനു വാഴിക്കണം എന്നതാണ് വി എസിന്റെ കത്തിലെ പ്രസക്തമായ ഭാഗം എന്നാണ് ഇതു സംബന്ധിയായ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഗീതവധത്തിന് അല്‍പ്പം എരിവും പുളിയും ചേര്‍ക്കാനായി വി എസ് മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. അതാവട്ടെ ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സിപിഎം കോണ്‍ഗ്രസ് ബാന്ധവത്തെ സംബന്ധിച്ചുള്ളതാണ്. യെച്ചൂരി തന്നെ മുന്‍കൈ എടുത്താണ് അത്തരമൊരു ബാന്ധവം ഉണ്ടായതെന്ന കാര്യം വി എസിന് അറിയാതെയല്ല. തന്നെ പിന്തുണയ്ക്കുന്ന യെച്ചൂരി പാര്‍ട്ടിയുടെ തലപ്പത്തെത്തിയതിന്റെ അത്യാഹ്ളാദത്തില്‍ ബംഗാളിലെ പുതിയ ബാന്ധവത്തെ സഹര്‍ഷം സ്വാഗതം ചെയ്തയാള്‍ ഇപ്പോള്‍ പറയുന്നത് തലതിരിഞ്ഞ മട്ടിലാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കാത്ത ബംഗാള്‍ ഘടകത്തിന് എന്തോ ചതിപറ്റിയെന്നും ഡോ. ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി വന്നാല്‍ ഇങ്ങു കേരളത്തിലും എന്തൊക്കെയോ അപകടം സംഭവിക്കും എന്നുമൊക്കെയാണ് സഖാവ് വി എസിന്റെ വാദം എന്ന് വാര്‍ത്തകള്‍ പറയുന്നു.സത്യത്തില്‍ മയ്യില്‍ എന്ന കണ്ണൂരിലെ കാര്‍ഷിക ഗ്രാമത്തിനോടു പോലും സഖാവ് വി എസിന് അതൃപ്തി ഉണ്ടാവുക തികച്ചും സ്വാഭാവികം. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ പാര്‍ട്ടിയെ ഭരിക്കുന്നത് കണ്ണൂര്‍ ലോബിയാണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ആശങ്ക അദ്ദേഹം വച്ചുപുലര്‍ത്തുന്നതില്‍ കുറ്റം കാണാനാവില്ല.

എന്നാല്‍ പ്രശ്‌നം അതല്ലല്ലോ. നാള്‍ക്കുനാള്‍ ശോഷിച്ചു പോകുന്നൊരു പാര്‍ട്ടിയാണ് ആദ്യം പാര്‍ലമെന്റില്‍ പ്രധാന പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി. 1964 ലെ പിളര്‍പ്പോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അസ്ഥിവാരം തകര്‍ന്നു. പിടിച്ചു നില്‍ക്കാനായത് ബംഗാളിലും കേരളത്തിലും ത്രിപുരയിലും മാത്രം. പശ്ചിമ ബംഗാളില്‍ ആര്‍എസ്പി, എസ്‌യുസിഐ, സിപിഐ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടായിരുന്നു മൂന്നു പതിറ്റാണ്ടിലേറെ സിപിഎം ഭരണം നടത്തിയത്. ജ്യോതി ബസു സ്ഥാനമൊഴിഞ്ഞതോടെ ബംഗാളിലെ രാഷ്ട്രീയസ്ഥിതിയും മാറി. കോണ്‍ഗ്രസ് വിട്ടുവന്ന മമത ഉണ്ടാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിനു മുന്നില്‍ അടിയറവ് പറയേണ്ടി വന്ന കമ്യൂണിസ്റ്റുകള്‍ ഒരു തിരിച്ചുവരവിനുവേണ്ടി നടത്തിയ ശ്രമം തന്നെയായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സിപിഎം-കോണ്‍ഗ്രസ് ബാന്ധവം. സഖാവ് പിണറായി വിജയനും സംഘവും ആ ബാന്ധവ നീക്കത്തെ കണ്ണടച്ച് എതിര്‍ത്തപ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചയാളാണ് സഖാവ് വി എസ് എന്നത് അദ്ദേഹം മറന്നാലും കേരള ജനത മറക്കില്ല.

നവലിബറലിസമാണ് വി എസിനെ പോലുള്ള സഖാക്കള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്രശ്‌നം. പതിറ്റാണ്ടുകള്‍ക്കു മുമ്പുവന്ന ട്രാക്ടര്‍, കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കെതിരെ മുഖം തിരിഞ്ഞു നിന്നവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍. സിപി ഐ യെ ഇതില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട്. കമ്പ്യൂട്ടറിനെ എതിര്‍ത്ത സഖാവ് വി എസ് പോലും ഇന്നിപ്പോള്‍ അഭിരമിക്കുന്നത് ആധുനിക ടെക്‌നോളജിയില്‍ ആണെന്നത് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. പട്‌നായിക്കിനെ പോലുള്ളവരുടെ സാമ്പത്തിക ശാസ്ത്ര വിശാരദത്വം എത്രകണ്ട് പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും ഗുണം ചെയ്തൂവെന്ന് കാലം ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്.

അത്യന്തം ആവേശഭരിതമായി ഉയര്‍ത്തെഴുന്നേറ്റ ഒരു തൊഴിലാളി പ്രസ്ഥാനം എങ്ങും എവിടെയും എത്താതെ പോയതിന്റെ പ്രധാന ഉത്തരവാദികള്‍ മാറ്റങ്ങളെ പിന്നോട്ടു പിടിച്ചുവലിക്കാന്‍ ശ്രമിച്ചവരാണ്. മാറ്റം ഇല്ലാത്തതായി ഒന്നേയുള്ളൂ അത് മാറ്റം തന്നെയാണ് എന്ന കാറല്‍ മാക്‌സിന്റെ പ്രധാന സന്ദേശം വായിക്കാന്‍ മറന്നുപോയ ഇക്കൂട്ടര്‍ ഈ കളി തുടരുക തന്നെ ചെയ്യും.

എനിക്കുശേഷം പ്രളയം എന്ന ആപ്തവാക്യം കൊണ്ടുനടക്കുന്ന വി എസിനെ പോലുള്ള ആളുകള്‍ അറിയേണ്ടകാര്യം ഇതാണ്; ഇങ്ങനെ പോയാല്‍ ബംഗാള്‍ പോയതുപോലെ കേരളവും നഷ്ടമാവും. മധുരമനോജ്ഞ ചൈന എന്നൊക്കെ പാടി നടന്നതുപോലെ നടക്കാന്‍ ത്രിപുരപോലും ഉണ്ടായെന്നു വരില്ല. കാലം മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. അതിനൊപ്പം നടന്നാല്‍ പാര്‍ട്ടിയും വളരും എന്ന് ഈ വൈകിയ വേളയിലെങ്കിലും അമര്‍ത്യ സെന്നിന്റെ ശിഷ്യയെ വിമര്‍ശിക്കുന്ന ഇവരൊക്കെ മനസിലാക്കിയാല്‍ നന്ന്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories