TopTop
Begin typing your search above and press return to search.

എന്തിനാണ് ഈ മുഖം നിങ്ങള്‍ ഇപ്പോഴും വികൃതമാക്കിക്കൊണ്ടിരിക്കുന്നത്?

എന്തിനാണ് ഈ മുഖം നിങ്ങള്‍ ഇപ്പോഴും വികൃതമാക്കിക്കൊണ്ടിരിക്കുന്നത്?

രാകേഷ് സനല്‍

നേരം സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. കൈനാട്ടി നിന്നു കയറിയ ബസ് ഓവര്‍ ബ്രിഡ്ജ് കടന്നു കുറച്ചുകൂടി മുന്നോട്ടുപോയി. വള്ളിക്കാട്ട് എത്തിയപ്പോള്‍ റോഡിന് ഇടതുവശത്തായി നിര്‍ത്തിയിട്ടിരിക്കുന്ന പൊലീസ് വാന്‍. ടി പിയുടെ രക്തസാക്ഷി സ്തൂപത്തെ മറച്ചാണ് ആ വാന്‍ കിടക്കുന്നത്, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. പൊലീസ് എന്നാല്‍ പൗരന് ഭരണകൂടം നല്‍കുന്ന കാവലാണ്. ഇവിടെയൊരാള്‍ എന്നേ കൊല്ലപ്പെട്ടു. പക്ഷേ ഇന്നും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സത്യവാചകം ചൊല്ലി അധികാരമേറ്റ അതേ മണിക്കൂറുകളില്‍ തന്നെ ഒഞ്ചിയത്തെത്തിയത് യാദൃശ്ചികം. പോകണമെന്നത് നേരത്തെ തീരുമാനിച്ചിരുന്നു. എത്തിയ സമയത്തെക്കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ വലിയൊരുവിഭാഗം ജനതയും ഏറെ പ്രതീക്ഷയോടെ കാണുന്നൊരു സര്‍ക്കാരാണ് അധികാരമേറ്റത്. കേരളചരിത്രത്തിലെ ഏറ്റവും ശക്തനായൊരു മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നു വിശ്വസിക്കുന്നവരുമേറെ. ഇതേ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന, മുഖ്യമന്ത്രിയുടെ അസ്തിത്വം പേറുന്ന, പാര്‍ട്ടി ആരുടെയെങ്കിലും സമാധനത്തിനു തടസം വരുത്തുന്നുണ്ടെങ്കില്‍- അതിപ്പോള്‍ നടക്കുന്നത് ഏതെങ്കിലുമൊരു പ്രദേശത്താണെങ്കില്‍ പോലും- അതവസാനിപ്പിക്കേണ്ടതാണ്.വടകര നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സിപിഎം നടത്തുന്നത് വ്യാപക അക്രമവും വ്യക്തിഹത്യയുമാണെന്നാണ് ആര്‍എംപി പ്രവര്‍ത്തകര്‍ പറയുന്നത്. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന സംസ്ഥാന നേതാക്കളുടെ സമ്മതപ്രകാരമാണ് ഇതൊക്കെ നടക്കുന്നതെന്നവര്‍ പറയുന്നില്ല. പക്ഷേ തെറ്റുകള്‍ ചെയ്യാനുള്ള മൗനാനുവാദം ഇവരെല്ലാവരും തന്നെ നല്‍കുന്നുണ്ടെന്നും ആര്‍എംപിക്കാര്‍ പറയുന്നു. കൊന്നു തള്ളിയിട്ടുപോലും ഒരാളോടുള്ള പക തുടരുക, അയാളുമായി ബന്ധപ്പെട്ടവരെ പിന്തുടര്‍ന്നാക്രമിക്കുക; ടി പി യെ എന്തിനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇങ്ങനെ ഇപ്പോഴും ഭയക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു.

വടകര നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. ആര്‍എംപി യുവജനവിഭാഗം നേതാവ് സജി പറയുന്നുണ്ട് ആ വിവരങ്ങള്‍. ഏതാണ്ട് ആറ് ലോറികളിലും രണ്ടു ടാറ്റാ സുമോകളിലുമായെത്തിയാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദം സി പി എം പ്രവര്‍ത്തകര്‍ നടത്തിയത്. അവര്‍ ഈ പ്രദേശത്തുള്ളവരല്ല, കുറ്റ്യാടീന്നും നാദാപുരത്തൂന്നും മറ്റുമുള്ളവരാണ്. അവരുടെ പ്രകടനത്തെ വിജയാഹ്ളാദം എന്നല്ല പറയേണ്ടത്, അതൊരു തരം തേര്‍വാഴ്ച്ചയായിരുന്നു. ആര്‍എംപിയേയും ടിപിയേയും രമയേയും അപമാനിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. എന്തിനും തയ്യാറായിട്ടു തന്നെയായിരുന്നു അവരെല്ലാം. പ്രകോപനമുണ്ടാക്കുക, അക്രമിക്കുക; അവര്‍ക്കതായിരുന്നു വേണ്ടത്.ഓര്‍ക്കാട്ടേരി മണപ്പുറത്ത് ബാബുവിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ ഇപ്പോഴും തകര്‍ന്ന നിലയിലാണ്. ഇവിടെയുള്ള സ്ത്രീകളുടെ മുഖത്തു നിന്നും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. ഈ വീട്ടില്‍വച്ചാണ് ബാബുവിനും സജിത്തിനും ബാബുവിന്റെ രണ്ടു ബന്ധുക്കള്‍ക്കും നേരെ ആക്രമണമുണ്ടായത്. ബാബുവിന്റെ തലയ്ക്കാണ് പരിക്കേറ്റതെങ്കില്‍ സജിത്തിന്റെ രണ്ടു കൈകളും തല്ലിയൊടിച്ചു. ആരൊക്കെയാണ് തല്ലിയതെന്ന് ഇവര്‍ക്കറിയാം. പേരും മേല്‍വിലാസവുമെല്ലാം. ഉള്ളില്‍ വിഷം കുത്തിനിറയക്കപ്പെട്ട യുവാക്കളണവര്‍; ആര്‍എംപിയുടെ മറ്റൊരു നേതാവായ ബാബു പറയുന്നു. ഇവിടെ നേരിട്ടുള്ള മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എപ്പോഴും പറഞ്ഞിരുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു. എല്‍ഡിഎഫിന്റെ സി കെ നാണു വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ മനയത്ത് ചന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥി കെ കെ രമ മൂന്നാം സ്ഥാനത്താണെത്തിയത്. എന്നിട്ടും സിപിഐഎമ്മിന്റെ വൈരാഗ്യം മുഴുവന്‍ ആര്‍എംപിയോട്. അതുകൊണ്ട് തന്നെ ഇത് വിജയാഹ്ളാദത്തിനിടയില്‍ നടന്ന കശപിശയായിട്ടും കാണാന്‍ കഴിയില്ല, കരുതിക്കൂട്ടിയുള്ള ആക്രമണം. ടി പിയോടും അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിയോടും എത്രമാത്രം അസഹിഷ്ണുത ഇപ്പോഴും സിപിഎമ്മിനുണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവുകളായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഇവിടെ കണ്ടത്. അവര്‍ ടി പിയുടെ സ്മാരകങ്ങള്‍ തകര്‍ത്തു, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വലിച്ചു കീറി. ചിലര്‍ കരിങ്കല്‍ ചീളുകള്‍ കൊണ്ട് അരിശം തീരാത്തതുപോലെ ടി പിയുടെ ചിത്രം കുത്തിക്കീറുകയായിരുന്നു. 51 വെട്ടുകളും അവരുടെ പക ശമിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കും പോലെ. ഇവിടെ മനയത്ത് ചന്ദ്രനോ അദ്ദേഹം പ്രതിനിധാനം ചെയ്ത മുന്നണിക്കോ യാതൊരു പ്രശ്‌നവുമില്ല. അവരുടെ പരിഹാസവും ദേഷ്യവുമെല്ലാം കെ കെ രമയോടും ഞങ്ങള്‍ പ്രവര്‍ത്തകരോടുമായിരുന്നു.സിപിഎമ്മുകാര്‍ നടത്തിയതെന്നു പറയപ്പെടുന്ന ഈ ആക്രമണത്തില്‍ ഏറ്റവും നീചമായതൊന്നുണ്ട്. അത് ബാബുവിന്റെ വീട്ടില്‍ നടന്ന അക്രമത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയോടും ഏഴുവയസുകാരി മകളോടും കാണിച്ച തെമ്മാടിത്തരമാണ്. ബാബുവിന്റെ ഭാര്യയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണി മുഴക്കുകയായിരുന്നെങ്കില്‍ ആ കൊച്ചു പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും കാലിലും അടിക്കാന്‍ വരെ തയ്യാറായി അന്നവിടെ കൊലവിളിച്ചെത്തിയവര്‍.

എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. അവരീ സംഭവത്തിനു ശേഷം വീട്ടില്‍ നില്‍ക്കാന്‍ പേടിക്കുകയാണ്. അവര്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. ഇതൊന്നും അവര്‍ കണ്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമാണ്. എന്റെ കുഞ്ഞുങ്ങളെ ഞാനെങ്ങനെയാണ് ആശ്വസിപ്പിക്കുക? അവരിപ്പോള്‍ ബന്ധുവിന്റെ വീട്ടിലാണ്. അവിടെയാകുമ്പോള്‍ കുറച്ചെങ്കിലും സമാധാനം കിട്ടും. എന്റെ വീട്ടിലിരുന്നാണ് ഞങ്ങള്‍ കുറച്ചധികംപേര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ടിവിയില്‍ കണ്ടുകൊണ്ടിരുന്നത്. ആ കൂട്ടത്തില്‍ ആര്‍എംപിക്കാരും ബിജെപിക്കാരും കോണ്‍ഗ്രസുകാരുമൊക്കെയുണ്ടായിരുന്നു. വീട്ടില്‍ ചക്കയൊക്കി പുഴുങ്ങി, ഞങ്ങളെല്ലാവരും ഒരുമിച്ചു സന്തോഷത്തോടെയാണവിടെയുണ്ടായിരുന്നത്. ഏകദേശം പതിനൊന്നു മണിയോടെ വടകരയിലെ ഫലം വന്നു. അതിനുശേഷമാണ് പുറത്തു നിന്നടക്കം വലിയൊരു സംഘം ഇവിടെയെത്തി പ്രകടനങ്ങള്‍ ആരംഭിച്ചത്. അവരുടെ കൂട്ടത്തില്‍ സ്ത്രീകളുണ്ടായിരുന്നു. രമേച്ചിയെ കുറിച്ച് എത്രമാത്രം അസഭ്യമായ കാര്യങ്ങളാണവര്‍ പറഞ്ഞത്. ഒരു സ്ത്രീയെന്ന പരിഗണനപോലും കൊടുക്കാതെയാണവര്‍, അവരുടെ കൂട്ടത്തിലുണ്ടായിരുന്ന പെണ്ണുങ്ങളടക്കം രമേച്ചിയെ അപമാനിച്ചത്. ഒരൊറ്റ സ്ത്രീകളും കേരളത്തില്‍ ഇനി അപമാനിക്കപ്പെടരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇവിടെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് ഒരു സ്ത്രീയെ തെരുവിലൂടെ അപമാനിച്ചു നടക്കുന്നത്.

കുറ്റ്യാടീന്നും നദാപുരത്തൂന്നുമൊക്കെ ആള്‍ക്കാര്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ കരുതിയതാണ്. അതുപോലെ തന്നെയായിരുന്നു അവരുടെ പ്രവര്‍ത്തികള്‍. ആര്‍എംപിയുടെ പോസ്റ്ററുകളും ടീപിന്റെ ചിത്രങ്ങളുമൊക്കെ വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങി. രമേച്ചിയുടെ ഫ്ലക്‌സ് കുത്തിക്കീറി. ഞങ്ങളുടെ കൊടികള്‍ പിഴുതെടുത്തു. എല്ലാം കാണുന്നുണ്ടെങ്കിലും ഞങ്ങള്‍ സംയമനം പാലിച്ചു നിന്നു. പക്ഷേ അവരുടെ അക്രമം അതിരുവിട്ടു പോകുന്നതു കണ്ടപ്പോള്‍ ഒരു ഘട്ടത്തില്‍ വാക്കുകള്‍കൊണ്ട് അതിനെ നേരിടേണ്ടി വന്നു. അവര്‍ക്ക് ആവശ്യവും ഞങ്ങള്‍ പ്രകോപിതരാവുക എന്നതായിരുന്നു. ബാക്കിയുള്ളത് പിന്നെ കാണിച്ചുതരാം എന്നു പറഞ്ഞുപോയവര്‍ പറഞ്ഞതുപോലെ തന്നെ എന്റെ വീടുതിരക്കി വന്നു. അവിടെയപ്പോള്‍ ഞാനും മറ്റൊരു പ്രവര്‍ത്തകന്‍ സജിത്തും എന്റെ രണ്ടു കാരണവന്മാരുമാണ് ഉണ്ടായിരുന്നത്. കമ്പിവടികളും കത്തിയുമായി എത്തിയവര്‍ വീട് തച്ചു തകര്‍ത്തു, എന്റെ തലയിലാണ് അടിയേറ്റത്. തുന്നിക്കെട്ടല്‍ വേണ്ടി വന്നു, സജിത്തിന്റെ ഇരുകൈകളും തല്ലിയൊടിച്ചു. വയസു ചെന്ന കാരണവന്മാരെയും അടിച്ചു. എന്റെ ഭാര്യയെയും മകളെയും പോലും അവര്‍ വെറുതെ വിട്ടില്ല; ബാബു പറഞ്ഞു.

മണപ്പുറത്ത് തന്നെ ബാബുവിന്റെ വീട്ടില്‍ നിന്നും അധികം അകലെയല്ല സജിത്തിന്റെ വീട്. സ്റ്റീല്‍ ഇടേണ്ടിവന്ന ഇരുകൈകളും ബാന്‍ഡേജില്‍ പൊതിഞ്ഞു കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന അവസ്ഥയില്‍ വീടിന്റെ ഉമ്മറത്ത് സജിത്തുണ്ടായിരുന്നു. ആര്‍എംപിയുടെ നേതാക്കളടക്കമുള്ള മറ്റാളുകളും തെളിവുകള്‍ നിരത്തിയാണ് ഇവിടെ നടന്ന ആക്രമത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഭയപ്പെടുത്തിയില്ലാതാക്കാമെന്നണവര്‍ കരുതുന്നത്. ടി പിയുടെ കാര്യത്തില്‍ തന്നെ അവരുടെ ഉദ്ദേശം നടപ്പില്‍ വരില്ലെന്നു തെളിഞ്ഞതാണ്. പക്ഷേ ഇപ്പോഴുമതവര്‍ തുടരുന്നു. ജര്‍മനിയില്‍ ഹിറ്റ്ലര്‍ ചെയ്തിരുന്നതെന്തോ അതാണ് ഒഞ്ചിയത്ത് സിപിഎം ആര്‍എംപിക്കെതിരെ നടത്തുന്നത്. ആര്‍എംപിയുടെ വളര്‍ച്ച അവരെ ഭയപ്പെടുത്തുന്നു. ബിജെപിയോടോ ആര്‍എസ്എസ്സിനോടോ കാണിക്കാത്ത അസിഹ്ഷ്ണുതയും വൈരാഗ്യവും അവര്‍ക്ക് ആര്‍എംപിയോടുണ്ട്. ഒരാള്‍ ബിജെപിക്കാരനായാല്‍ അവര്‍ ക്ഷമിക്കും, പക്ഷേ ആര്‍എംപിക്കാരനാവരുത്. ആദ്യമവര്‍ വാഗ്ദാനങ്ങള്‍ തരും, പിന്നെ ഭീഷണി, ഒടുവില്‍ ആയുധമെടുക്കും. ഇതു മൂന്നിന്റെ മുന്നിലും കാലിടറാത്തവരാണ് ഞങ്ങള്‍. ഞങ്ങളുടെ കൂടെ വരുന്നരുടെ എണ്ണം വര്‍ദ്ധിക്കുന്നതവരെ ആശങ്കപ്പെടുത്തുന്നു. വള്ളിക്കാട്ടിട്ടു വെട്ടിക്കൊന്ന മനുഷ്യനൊപ്പം തീര്‍ന്നുപോകുമെന്ന കരുതിയ പ്രസ്ഥാനം ആ മനുഷ്യന്‍ കണ്ട ലക്ഷ്യംപോലെ വളരുന്നത് തടയാന്‍ അവര്‍ക്കിനിയും ആയുധങ്ങള്‍ കൊണ്ടു കഴിയുമെന്ന് വിചാരിക്കരുത്.ഒഞ്ചിയത്തും ഓര്‍ക്കാട്ടേരിയിലുമൊക്കെയായി ഇന്നലെ ഒന്നിലേറെ കല്യാണങ്ങള്‍ ഉണ്ടായിരുന്നു. കെ കെ രമയെ കാണാന്‍ ആദ്യം ചെന്നപ്പോള്‍ അല്‍പം അകലെ മാറിയുള്ള ഒരു കല്യാണവീട്ടിലേക്ക് പോയതായി അറിഞ്ഞു. അവര്‍ കല്യാണ വീട്ടില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ ഇരുട്ടിന് കനം തൂങ്ങിയിരുന്നു. ടി പി യുടെ വീട്ടിലേക്കുള്ള ചെമ്മണ്‍ വഴിയുടെ തുടക്കത്തില്‍ നേരത്തെ കണ്ട രണ്ടു പൊലീസുകാരും ഇപ്പോഴില്ല. രമയുടെ സംരക്ഷണാര്‍ത്ഥം നിയോഗിച്ചവരാണ്. ഡ്യൂട്ടി സമയം കഴിഞ്ഞിരിക്കണം.

മാധേവട്ടനുമായി (രമയുടെ അച്ഛന്‍) അല്‍പ്പം കുശലപ്രശ്‌നങ്ങള്‍ നടത്തിയശേഷമാണ് രമയോട് സംസാരിക്കാനിരുന്നത്. ചുവരില്‍ നിറഞ്ഞു നില്‍ക്കുന്ന ചന്ദ്രശേഖരന്റെ ചിത്രത്തിനു മുന്നില്‍ ഇരുന്ന് ഇപ്പോഴത്തെ സംഭവങ്ങളെ കുറിച്ച് പറയുമ്പോള്‍ രമയുടെ മുഖത്ത് ഒരു ചെറു ചിരിയാണ്. ഒരുപക്ഷേ ടിപിയില്‍ നിന്നു കണ്ടു പഠിച്ചതായിരിക്കണം ഇങ്ങനെ പ്രതിബന്ധങ്ങളെ ചിരിയോടെ നേരിടാന്‍. ടീവിയില്‍ എതോ സിനിമ, സംസാരത്തിനു തടസ്സമാകുമെന്നു കണ്ട് ഓഫ് ചെയ്യുന്നതിനിടയില്‍ അമ്മ പറയുന്നുണ്ടായിരുന്നു; വാര്‍ത്താചനലിലെല്ലാം ഒരേ മുഖം തന്നെ കാണുന്നു, അതാ സിനിമ വച്ചത്, സത്യപ്രതിജ്ഞ ചടങ്ങ് കണ്ടോ? ഞാന്‍ കണ്ടു, അവിടെയൊരാള്‍ സത്യവാചകം ചൊല്ലുമ്പോള്‍ ഇവിടെയെന്റെയുള്ളില്‍ അമ്പത്തിയൊന്നു പെരുമ്പറകള്‍ മുഴങ്ങുകയായിരുന്നു. ഇനി പോരാട്ടം കടുക്കും. ടി പി, ആര്‍എംപി സ്ഥാപിക്കുമ്പോഴും ഭരണം ഇടതു മുന്നണിക്കായിരുന്നു. പക്ഷേ സാഹചര്യങ്ങള്‍ ഇപ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ്. തോറ്റെങ്കിലും ഇരുപതിനായിരം വോട്ടുകള്‍ ഞങ്ങള്‍ പിടിച്ചു. എനിക്കു കിട്ടുന്ന ഓരോ വോട്ടും അവര്‍ക്ക് കിട്ടുന്ന അടിയാണ്. ഒരു വോട്ടുപോലും ഇത്തവണ ആര്‍എംപിക്കാരുടേതായി മറ്റൊരാള്‍ക്കു പോയിട്ടില്ല. ഞങ്ങള്‍ കൂടുതല്‍ കരുത്തോടെ ശക്തിപ്പെടുകയാണ്. ഉറച്ച പ്രതിപക്ഷമായി ഈ സര്‍ക്കാരിനെതിരെ പൊരുതും. ആറുമാസം കഴിയട്ടെ, കേരളം കണ്ടതില്‍വച്ചേറ്റവും ഭീതിതമായ ഭരണമായിരിക്കും അതിനുശേഷം നടക്കാന്‍ പോവുന്നത്. അവിടെ ഞങ്ങള്‍ തോറ്റുപോയിക്കൂടാ...ആയുധങ്ങള്‍ കൈയിലുണ്ടായിട്ടുപോലും അവര്‍ക്ക് ഭീതിയുണ്ടെന്നു കാണിക്കുന്നതായിരുന്നു അസത്യങ്ങളും അസഭ്യങ്ങളും വിളിച്ചു കൂവൂന്നതിലേക്ക് അവരെ എത്തിച്ചത്. ഒരു സ്ത്രീയെ എത്രത്തോളം അപമാനിക്കാം അതിന്റെ പാരമ്യതയില്‍വരെയെത്തിയിട്ടുണ്ട് അവരുടെ പ്രചരണങ്ങള്‍.

ഇത്തരം ഭീരുത്വപ്രകടനങ്ങളെ അവജ്ഞയോടെ അവഗണിക്കേണ്ടതാണ്. എന്നാല്‍ മേപ്പയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെയിടയില്‍ എനിക്കു നേരെ നടന്ന ആക്രമണത്തെ വളച്ചൊടിക്കാന്‍ അവര്‍ സൃഷ്ടിച്ച വ്യാജ വീഡിയോക്കെതിരെ ഞാന്‍ നിയമപരമായി നീങ്ങും. രമ ഉണ്ടാക്കിയ നാടകമൊന്നുമല്ലായിരുന്നു മേപ്പയില്‍ കണ്ടത്. എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തുപോലും രണ്ടു ചെറുപ്പക്കാര്‍ മുട്ടുകൈകൊണ്ട് എന്നെ ശക്തിയായി കുത്തിയിട്ടു നടന്നുപോയി. അതാരായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, എന്തിനായിരുന്നുവെന്നും. നാടകം കളിച്ചതും നുണ പ്രചരിപ്പിച്ചതും എളമരവും കൂട്ടരുമാണ്. ആര്‍എംപിക്കാരല്ല. മേപ്പയിലെ ആ വീട് ഒരു സിപിഎമ്മുകരന്റേതു തന്നെയാണ്. അദ്ദേഹത്തിന്റെ കൈയില്‍ ടി പിയുമൊന്നിച്ചുള്ള ഒരു ആല്‍ബമുണ്ട്. ടി പിയുടെ കുറേയെറ ചിത്രങ്ങള്‍. അദ്ദേഹമതെന്നെ കാണിച്ചു. കുറച്ചു സമയത്തേക്ക് ഞാന്‍ വല്ലാതായി... ഇതിനിടയിലാണ് ബാക്കി സംഭവങ്ങളൊക്കെ നടന്നത്. കുറ്റം ചെയ്യുക, പിന്നീടത് നിഷേധിക്കുക, അതാണ് അവരുടെ രീതി... പക്ഷേ ജനം എല്ലാം തിരിച്ചറിയുന്നുണ്ട്.ഇതിനിടയില്‍ രമ മറ്റൊരു തീരുമാനം പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ മേപ്പയിലുള്ള വീട്ടില്‍ ചെന്ന് ആ ആല്‍ബം ചോദിക്കും. ആക്രമിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവര്‍ക്കതാകാം, പക്ഷേ ആ ചിത്രങ്ങള്‍ എനിക്ക് വേണം... ആ തീരുമാനത്തേക്കാള്‍ ഉറപ്പുള്ളൊരു പിന്തുണ അപ്പോഴവിടെ ഉയര്‍ന്നു; മാധവേട്ടന്റെ, പോണം, ആരെയും ഭയക്കരുത്...

സമയം ഏറെയായിരിക്കുന്നു. ആര്‍ എം പി പ്രവര്‍ത്തകന്‍ നിഖിലിന്റെ സ്‌കൂട്ടറില്‍ കൈനാട്ടി വരെ എത്തിക്കാമെന്നു പറഞ്ഞു. യാത്രക്കിടയില്‍ ടി പിയെ ഓര്‍ത്ത് നിഖില്‍ പറഞ്ഞൊരു കാര്യമുണ്ട്... പണ്ട് ഈ സമയത്തൊക്കെ ചന്ദ്രശേഖരേട്ടന്‍ ഇവിടെയൊക്കെ ബൈക്കില്‍ കറങ്ങുന്നുണ്ടാകും... പാര്‍ട്ടി പരിപാടികളെല്ലാം കഴിഞ്ഞാലും നേരെ വീട്ടിലേക്കു പോകില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യങ്ങളോ അസുഖങ്ങളോ ഉണ്ടോയെന്നറിയാന്‍ എല്ലായിടത്തും എത്തും. ചിലപ്പോള്‍ പാലത്തിന്റെയടുത്ത് ബൈക്ക് വച്ചിട്ട് കോഴിക്കോട്ടേക്ക് ബസ് കയറും. മെഡിക്കല്‍ കോളേജിലോ മറ്റോ ആരെയെങ്കിലും നാട്ടീന്നു എത്തിച്ചിട്ടുണ്ടോയെന്നന്വേഷിക്കും. അതൊരു പതിവായിരുന്നു. ഇപ്പോഴും ടിപിയെന്ന വികാരം ഒഞ്ചിയത്തുകാരില്‍ നിറഞ്ഞു നില്‍ക്കുന്നതിന്റെ കാരണം അവരനുഭവിച്ച ആ കരുതലും സ്‌നഹവുമായിരുന്നു... സംസാരം തുടരുന്നതിനിടയില്‍ വള്ളിക്കാടു പിന്നിടുമ്പോള്‍ ആ പൊലീസ് വാന്‍ അതേ സ്ഥലത്ത് കിടപ്പുണ്ടായിരുന്നു...

മതിയാകുമോ മുഖ്യമന്ത്രി ഈ സംരക്ഷണം? അതായിരുന്നു മനസില്‍ അപ്പോള്‍ ഉയര്‍ന്ന ചോദ്യം...

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)


Next Story

Related Stories