TopTop
Begin typing your search above and press return to search.

ഗുരുനിന്ദ: ആശയവും ആവിഷ്‌കാരവും

ഗുരുനിന്ദ: ആശയവും ആവിഷ്‌കാരവും

ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ശ്രീകൃഷ്ണനില്‍ തുടങ്ങി നാരായണഗുരുവഴി ഇ എം എസ്സില്‍ എത്തി നില്ക്കുന്ന വിവാദങ്ങളുടെ ഒരു പരമ്പരക്ക് തന്നെ സാക്ഷ്യം വഹിക്കേണ്ടിവന്ന മലയാളി സമൂഹം അന്ധാളിപ്പിലാണോ, കൗതുകത്തിലാണോ, നിസ്സംഗതയിലാണൊ എന്ന് അറിയില്ല. ആദ്യം വൈരുദ്ധ്യാത്മകഭൗതീകവാദവും, ശാസ്ത്രീയസോഷ്യലിസവും ആശയാടിത്തറയായി സ്വീകരിക്കുന്ന ഒരു സംഘടന മതപരമായ ആഘോഷങ്ങളുടെ നടത്തിപ്പില്‍ പങ്കാളിയാവുന്നതിലെ വൈരുദ്ധ്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് മാധ്യമങ്ങള്‍ വികസിപ്പിച്ചെടുത്ത 'മതേതര ശ്രീകൃഷ്ണജയന്തി' വിവാദം. തുടര്‍ന്ന് ഘോഷയാത്രയുടെ ഭാഗമായ ഒരു ഫ്‌ലോട്ടില്‍ ആവിഷ്‌കരിക്കപ്പെട്ട നിശ്ചലദൃശ്യത്തെ വ്യാഖ്യാനിച്ച് ഉണ്ടാക്കിയ ഗുരുനിന്ദാവിവാദവും, ഗുരുപ്രതിമ തകര്‍ക്കലും. ഒടുവില്‍ ഇതാ എ കെ ആന്റണിയുടെ വക ഏറ്റവും പുതിയ വിവാദം. ഇ എം എസ് എണ്‍പതുകളില്‍ കുത്തിവച്ച വര്‍ഗ്ഗീയ വിഷത്തിന്റെ ബാക്കിയാണത്രേ മനുഷ്യരെ സംഘപരിവാരത്തിലേക്ക് നയിക്കുന്നത്!

കാലാകാലങ്ങളായി വിവാദനിര്‍മ്മിതികളും, അവയെ ഉപയോഗിച്ചുള്ള മുതലെടുപ്പുകളും, പരസ്പരം പഴിചാരലും ഒക്കെ രാഷ്ട്രമീമാംസയുടെ ഭാഗമാണെന്ന് പറയാം. വാര്‍ത്തകള്‍ എന്ന നിലയില്‍ മാദ്ധ്യമങ്ങള്‍ അവയെ ഏറ്റെടുക്കുന്നതും കൊഴുപ്പിക്കുന്നതും പതിവാണ്. എന്നാല്‍ കോര്‍പ്പറേറ്റ് ദൃശ്യമാദ്ധ്യമങ്ങളുടെ കാലത്ത് വിവാദവ്യവസായത്തിന്റെ ഘടന കീഴ്‌മേല്‍ മറിയുന്നു. രാഷ്ട്രീയ സംഘടനകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങളെ ഉപജീവിക്കുന്ന മാധ്യമ വ്യവസായം എന്നത് ഇന്ന് മാധ്യമ വ്യവസായം സൃഷ്ടിക്കുന്ന വിവാദങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ദേശ രാഷ്ട്രീയം എന്നാകുന്നു. കിംഗ് മേക്കര്‍ മാറുകയാണ്.

വിവാദങ്ങളുടെ ഉള്ളടക്കം; ഒന്നാം വിവാദം
ബഹളങ്ങള്‍ മാറ്റിവച്ചാല്‍ എന്താണ് ഈ വിവാദങ്ങളുടെ ഉള്ളടക്കം? ആദ്യവിവാദം ഭൗതീകവാദം പ്രത്യയശാസ്ത്ര അടിത്തറയാക്കുന്ന ഒരു സംഘടന മതപരമായ ആഘോഷങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് ശരിയാണൊ എന്നതാണ്. എന്നാല്‍ ഇവിടെ ഭൗതീകവാദത്തിനൊപ്പമുള്ള വൈരുദ്ധ്യാത്മകം എന്ന വിശേഷണം വാദ വിവാദങ്ങളിലേക്ക് വരുന്നതേയില്ല.

കമ്യൂണിസം മുന്നോട്ട് വെക്കുന്ന ഭൗതീകവാദം രേഖീയമായ ഒന്നല്ല. വര്‍ഗ്ഗപരമെന്ന് അത് വ്യാഖ്യാനിക്കുന്ന ചൂഷണങ്ങള്‍ നിലനില്ക്കുംകാലം മതത്തിന്, അത് മുന്നോട്ട് വയ്ക്കുന്ന ആത്മീയ ദര്‍ശനത്തിന്, മനുഷ്യസമൂഹത്തില്‍ സാന്ത്വനത്തിന്റെതായ (പരിഹാരത്തിന്റേതല്ല) ഒരു പങ്ക് വഹിക്കാനുണ്ട് എന്ന തിരിച്ചറിവിനെ 'റിലിജ്യന്‍ ഇസ് ദി ഓപിയം ഓഫ് പീപ്പിള്‍' എന്ന വാചകത്തെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് വ്യാഖ്യാനിച്ച് തമസ്‌കരിക്കുകയാണ് വലത് രാഷ്ട്രീയം ചെയ്യുന്നത്. ഓപ്പിയം എന്നത് അന്ന് കേവലം ഒരു മയക്കുമരുന്നിനുപരി വേദനാസംഹാരി എന്ന നിലയില്‍ വൈദ്യശാസ്ത്രം പോലും ഉപയോഗിക്കുന്ന ഒന്നായിരുന്നു. ഈ മെറ്റാമോഡേണ്‍ കാലത്തും കാന്‍സര്‍ പോലുള്ള അസുഖങ്ങളുടെ അവസാന ഘട്ടത്തില്‍ മരുന്ന് ഇത്തരം വേദനാ സംഹാരികളിലേയ്ക്ക് മാത്രമായി ചുരുങ്ങുന്നത് നമുക്കറിയാം. അതുകൊണ്ട് തന്നെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന തെറ്റായ വിവര്‍ത്തനത്തിന്റെ ഉത്തരവാദം ചുമത്തി കമ്യൂണിസം കേവല ദൈവനിരാസത്തിന്റേതായ ഒരു പ്രത്യയശാസ്ത്രമാണെന്ന് വാദിക്കുന്നത് വസ്തുതാവിരുദ്ധമാണ്. ഇത് കാണാതെയാണ് പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യം എന്നൊക്കെ പറഞ്ഞ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.

തൊണ്ണൂറു ശതമാനവും ആസ്തികരായുള്ള ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ലമെന്ററി ജനാധിപത്യ പാര്‍ട്ടി അവരുടെ പ്രത്യയശാസ്ത്ര അടിത്തറയായ ഭൗതീകവാദത്തിലും, ശാസ്ത്രീയസോഷ്യലിസത്തിലും ഇനി കാലികമായ ചില നീക്കുപോക്കുകള്‍ നടത്താന്‍ തീരുമാനിച്ചാല്‍ തന്നെ അതില്‍ ആശങ്കപ്പെടേണ്ടതും, വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടതും ആ പ്രത്യയശാസ്ത്ര ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനയുടെ അംഗങ്ങളും അനുഭാവികളുമായി നിലകൊള്ളുന്നവരാണ്. തങ്ങളുടെ അധികാരതാല്പര്യങ്ങള്‍ക്കായി സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലാകെ വിശ്വാസത്തെയും അതില്‍ കേന്ദ്രീകരിക്കുന്ന യുക്തിഘടനയേയും, സ്വത്വബോധത്തെയും ധ്രുവീകരിച്ച് ഉപയോഗിച്ചുവരുന്ന വലത് യാഥാസ്തിതിക രാഷ്ട്രീയസംഘടനകള്‍ക്ക് ഇതില്‍ വിമര്‍ശനം പോയിട്ട് വാ തുറക്കാനുള്ള യോഗ്യതപോലുമില്ല.

ചര്‍ച്ചകളില്‍ ഇരുപക്ഷത്തിന്റെയും അഭിപ്രായം ജനങ്ങളിലേക്ക് എത്തിക്കുകയും ഒഴിഞ്ഞുമാറല്‍, വസ്തുതാവിരുദ്ധമായ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ തന്ത്രങ്ങളെ അപ്പപ്പോള്‍ ഇടപെട്ട് തുറന്നുകാട്ടുകയും ചെയ്യുക എന്നതാണ് ഒരു വാര്‍ത്താ അവതാരകന്റെ പങ്ക്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ അതായിരുന്നുവോ അവര്‍ ചെയ്തത്?

രണ്ടാം വിവാദം
ടാബ്ലോ എന്ന കലാരൂപം മലയാളി ആദ്യമായി കാണുന്ന ഒന്നല്ല. ആഘോഷങ്ങളിലും ഘോഷയാത്രകളിലും തുടങ്ങി ആണ്ടോടാണ്ട് സ്‌കൂള്‍ തലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ, ജില്ലാ, ഉപജില്ലാ, സംസ്ഥാന കലോത്സവങ്ങളില്‍ ഒക്കെയും മത്സരയിനമായി വരുന്ന ഒന്നാണിത്. പുരാണേതിഹാസങ്ങളില്‍ നിന്ന് തുടങ്ങി സാഹിത്യത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും ഒക്കെ കണ്ടെടുക്കപ്പെട്ട മുഹൂര്‍ത്തങ്ങളുടെ എത്രയോ സ്വതന്ത്ര, പ്രതീകാത്മക ആവിഷ്‌കാരങ്ങള്‍ കണ്ടിരിക്കുന്നു അത്തരം വേദികള്‍. അന്നൊന്നും ദൃശ്യങ്ങളെ കേവലാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചുകൊണ്ട് വിവാദങ്ങളും അതെ തുടര്‍ന്ന് ഹിംസോന്മുഖമായ ആള്‍ക്കൂട്ട രൂപീകരണവും നടന്നതായി അറിവില്ല.

വിവാദമായ ടാബ്ലോയിലും 'സാധാരണക്കാര്‍ക്ക്' മനസിലാകാത്തതോ, അവരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ ആയ ഒന്നും ഉണ്ടായിരുന്നില്ല. ഗുരുദര്‍ശനമായ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതിലെ 'ഒരു' വിനെ വെട്ടി പലതാക്കി അദ്ദേഹത്തെ സാംസ്‌കാരികമായി കുരിശില്‍ തറച്ച സംഘപരിവാരത്തെ വിമര്‍ശിക്കുന്ന ആ ദൃശ്യം മനസിലാക്കാന്‍ വ്യാഖ്യാതാക്കളെ പുറത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ മനോരമ ചാനല്‍ പൊടുന്നനേ അതില്‍ ഗുരുനിന്ദ കണ്ടു. അതോടെ 'രാഖി' കെട്ടിയ എസ് എന്‍ ഡി പി(?)ക്കാര്‍ തെരുവിലിറങ്ങി സി പി എം വിരുദ്ധ കലാപം ആരംഭിച്ചു. പിന്നെ അക്രമമായി, ഫ്‌ലക്‌സ് വലിച്ചു കീറലായി.

ഇത്തരം ഒരു നിശ്ചലദൃശ്യം കണ്ട് മുറിവേറ്റ് തെരുവിലിറങ്ങി പേക്കൂത്താടാന്‍ എസ് എന്‍ ഡി പി നേതൃത്വം ഇന്ന് ഊറ്റം കൊള്ളുന്ന ഈഴവസമുദായത്തില്‍പ്പെട്ട യുവാക്കള്‍ക്ക് ഭ്രാന്തൊന്നുമില്ല. അതുകൊണ്ട് തന്നെയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്നത് ചില സാധാരണ സംഭവങ്ങള്‍ ആയിരുന്നില്ല, കൃത്യമായി എഴുതി സംവിധാനം ചെയ്യപ്പെട്ട ഒരു ഫാസിസ്റ്റ് തിരക്കഥ ആയിരുന്നു എന്ന് സംശയിക്കെണ്ടിവരുന്നത്. തീര്‍ച്ചയായും പേ ബാധിച്ചിട്ടുണ്ട്. പക്ഷേ ആ ഭ്രാന്തന്‍ നായയുടെ കടിയേറ്റത് സാധാരണക്കാരായ ഈഴവ സമുദായാംഗങ്ങള്‍ക്കോ, എസ് എന്‍ ഡി പിക്കാര്‍ക്കോ അല്ലെന്ന് ഉറപ്പ്. പിന്നെ ആര്‍ക്ക്?

മൂന്നാം വിവാദം
കേരള രാഷ്ട്രീയത്തില്‍ നിന്ന് നിര്‍ബന്ധിത വനവാസത്തിന് ഇറക്കി വിടപ്പെട്ട ആന്റണി ഇപ്പോള്‍ മലയാളം വാര്‍ത്തകള്‍ കാണാറുണ്ടോ എന്ന് അറിയില്ല. എന്തായാലും കേരളത്തില്‍ ഗുരുനിന്ദ നടന്നു എന്നും, അത് ചെയ്തത് സി പി എംകാരാണെന്നും പുള്ളിക്ക് ഉറപ്പാണ്. ആ ഉറപ്പ് ഇന്നുണ്ടായതുമല്ല, രണ്ടു, മൂന്ന് പതിറ്റാണ്ട് പഴക്കമുള്ളതാണ്. കാര്യം മാത്രമല്ല, കാരണവും അദ്ദേഹത്തിനറിയാം. സംഭവം പണ്ട് ഇ എം എസ് കുത്തിവച്ച വിഷം പതിറ്റാണ്ടുകളിലൂടെ പ്രതിപ്രവര്‍ത്തിച്ച് ഉണ്ടായതാണ്.

ബാബറി മസ്ജിദ് വിഷയത്തിലും, സൈറാബാനു കേസിലും അടക്കം കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടെന്താണെന്നും, 'എട്ടും കെട്ടും പത്തും കെട്ടും, ഇ എം എസ്സിന്റെ ഓളേം കെട്ടും', 'പാളേല്‍ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്നു വിളിപ്പിക്കും' 'ചാത്തന്‍ പൂട്ടാന്‍ പോകട്ടെ ചാക്കോ നാടു ഭരിക്കട്ടെ', 'ഗൗരിച്ചോത്തിയുടെ കടിമാറ്റാന്‍ കൂട്ടിയതാണീ മുക്കൂട്ട്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ആര് ചൊല്ലി വിളിപ്പിച്ചതാണെന്നും ചരിത്രബോധമുള്ള മലയാളിയുടെ ഓര്‍മ്മയില്‍ നിന്ന് അത്ര എളുപ്പമൊന്നും മായില്ല.

പിന്നെ ഒരു സാധ്യത മലയാളി മധ്യവര്‍ഗ്ഗത്തിന് പൊതുവില്‍ ചരിത്രം അത്ര പഥ്യമല്ല എന്നതിലാണ് . പുതു തലമുറയിലാവട്ടെ ആര്‍ട്‌സ് വിഷയങ്ങളൊടുള്ള വിപ്രതിപത്തി പ്രകടവുമാണ്. പക്ഷേ അതുകൊണ്ട് മാത്രം തന്റെയീ ചരിത്രവിരുദ്ധമായ വാചകം ഓഡിറ്റ് ചെയ്യപ്പെടാതെ പോകും എന്ന് ആന്റണി കരുതുന്നത് കണ്ണടച്ച് ഇരുട്ടാക്കലാകും. പുതുതലമുറയിലെ തന്റെ അനുകര്‍ത്താക്കളില്‍ ഒരാളായ ബലറാമിന് അടുത്തിടെ പറ്റിയ അക്കിടിയെങ്കിലും ഇത്തരുണത്തില്‍ ആന്റണി ഓര്‍ക്കേണ്ടതായിരുന്നു. സി പി എമ്മിനെ നവമാധ്യമങ്ങള്‍ വെട്ടിലാക്കി എന്ന് പറഞ്ഞുകൊണ്ട് മനോരമ നടത്തിയ മലക്കം മറിച്ചില്‍ കണ്ടൊന്നും ആശ്വസിച്ചിട്ട് കാര്യമില്ല. സൈബര്‍ ലോകം ചരിത്രബോധമുള്ള ഉല്പതിഷ്ണുക്കളുടെതു കൂടിയാണ്. അവിടെ നടക്കുന്ന ഓഡിറ്റിങ്ങ് കോര്‍പ്പറേറ്റുകള്‍ കോണ്‍ഗ്രസിന് കൊടുക്കുന്ന കണക്ക് പോലെയല്ല എന്നെങ്കിലും തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓര്‍ക്കേണ്ടതുണ്ട്.

ഫാസിസ്റ്റ് തിരക്കഥ
വര്‍ഷങ്ങള്‍ക്ക് മുമ്പ് എം എഫ് ഹുസൈന്റെ ചിത്രത്തിനെതിരെയും മീരാനായരുടെ സിനിമയ്‌ക്കെതിരേയും നടന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ മുതല്‍ അടുത്തിടെ നടന്ന പെരുമാള്‍ മുരുഗന്റെയും ഈ കേരളത്തില്‍ തന്നെയുള്ള എം എം ബഷീര്‍ എന്ന മനുഷ്യന്റെയും സാംസ്‌കാരികമായ വായടപ്പിക്കല്‍ വരെയുള്ള സംഭവങ്ങള്‍ വിശ്വാസത്തെ വ്രണപ്പെടുത്തി, സമുദായത്തെ അവഹേളിച്ചു തുടങ്ങിയ വാദങ്ങള്‍ നിരത്തിയാണ് ന്യായീകരിക്കപ്പെട്ടത്. ഇപ്പോള്‍ നടക്കുന്ന അക്രമാസക്തമായ പ്രതികരണങ്ങള്‍ക്കും അത് തന്നെ ന്യായം. ഈഴവസമുദായം ദൈവമായി കാണുന്ന നാരായണഗുരുവിനെ അപമാനിച്ചത്രേ! അന്നും ഇന്നും ഈ ഫാസിസ്റ്റ് തിരക്കഥയ്ക്ക് പിന്നില്‍ സംഘപരിവാര്‍ ശക്തികള്‍ തന്നെയാണ്. അവരുടെ പുറംചട്ട മാറിക്കൊണ്ടിരിക്കും എന്ന് മാത്രം. കേരളത്തില്‍ എത്തുമ്പോള്‍ കാവി മഞ്ഞയായി മാറുന്നു. ഈ തിരക്കഥയില്‍ ഈഴവര്‍ക്ക് ഒരു സമുദായം എന്ന നിലയില്‍ ഒരു പങ്കുമില്ല; തിരിച്ചറിയല്‍ രേഖകള്‍ പ്രകാരം ഹിന്ദുവായി രേഖപ്പെടുത്തപ്പെടുന്നവര്‍ക്ക് ഹിന്ദുത്വരാഷ്ട്രീയത്തില്‍ എന്ന പോലെ. എന്നാല്‍ സാമുദായിക നേതൃത്വങ്ങള്‍ക്കും, സംഘടനകള്‍ക്ക് തന്നെയും ഇതില്‍ സഹവര്‍ത്തിത്വമുണ്ട്. ആ പശ്ചാത്തലത്തില്‍ വേണം വെള്ളാപ്പള്ളി-അമിത് ഷാ കൂടിക്കാഴ്ചയുടെ സാമൂഹ്യരാഷ്ട്രീയ സ്വാധീനവും വായിക്കാന്‍.

മതം, സമുദായം, വംശം, വര്‍ണ്ണം തുടങ്ങി ലഭ്യമായ എല്ലാ സ്വത്വഘടകങ്ങളെയും ഉപയോഗിച്ചാണ് ഫാസിസം അതിന്റെ ധ്രുവീകരണ അജണ്ട നടപ്പിലാക്കുന്നത്. അതിന്റെ ലക്ഷ്യമാകട്ടെ നിലനില്ക്കുന്ന, പരാധീനതകള്‍ക്കുള്ളില്‍ നിന്നാണെങ്കില്‍ കൂടി സമഗ്ര മാനവികത ലക്ഷ്യം വയ്ക്കുന്ന സ്വത്വസങ്കല്പത്തെ തകര്‍ക്കുക എന്നതും. അതുകൊണ്ട് തന്നെ അവര്‍ ജാതി, മത, വംശ, വര്‍ണ്ണാധിഷ്ഠിതമായ സ്വത്വഘടനകളെ, അവയുല്പാദിപ്പിക്കുന്ന സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ മറ്റാരും അഭിസംബോധന ചെയ്യുന്നില്ല എന്ന് വാദിക്കുകയും ചെയ്യും. എന്നാല്‍ അഭിസംബോധന ചെയ്യുക എന്നതും ഉപയോഗിക്കുക എന്നതും രണ്ടാണ്. അത് സമര്‍ത്ഥമായി തമസ്‌കരിക്കുകയും ചെയ്യും. കാഞ്ചാ എലയ്യയെ പോലെയുള്ള ധിഷണാശാലികളുടെപോലും പ്രീതി ഇടക്കാലത്ത് അവര്‍ പിടിച്ച് പറ്റിയത് ഇങ്ങനെയാണ്. അതിന് സാധ്യമായി കഴിഞ്ഞാല്‍ പിന്നെ അക്രമാസക്തമായ ഒരു മത, സാമുദായിക ധ്രുവീകരണത്തിന് തുടക്കം കുറിക്കുക എളുപ്പമാണ്.

നാരായണ ഗുരു ഈഴവരുടെ, അവരുടെ മാത്രം ദൈവമാണ് എന്നൊക്കെ എസ് എന്‍ ഡി പി നേതൃത്വം വികാരം കൊള്ളുമ്പോള്‍ ഒച്ചപ്പെടുന്നത് ആ സംഘപരിവാര്‍ ധ്രുവീകരണ പടയോട്ടത്തിന്റെ ശബ്ദമാണ്.

സ്വത്വരാഷ്ട്രീയം ഉപകരണമാകുമ്പോള്‍
സ്വത്വം എന്നത് സാമൂഹ്യവും, സാംസ്‌കാരികവുമായ ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് ഒരടരുമാത്രം ഉള്ള കേവലമായ ഒരു ഏകകം അല്ല താനും. രേഖീയമല്ലാത്ത സ്വത്വ വിചാരങ്ങളുടെ പ്രസക്തി ഇവിടെയാണ്. എന്നാല്‍ കേവലം രേഖീയമായ ആഖ്യാനങ്ങളായി ചുരുങ്ങുമ്പോള്‍ ഫലത്തില്‍ സംഭവിക്കുന്നത് അവ മേല്പറഞ്ഞ ധ്രുവീകരണത്തിന്റെ, ആ സംഘപരിവാര്‍ അജണ്ടയുടെ പരോക്ഷ ഉപകരണങ്ങളായി മാറുക എന്നതാണ്. ഇത്തരം ഒരു ഉപകരണവല്‍ക്കരണത്തിന്റെ ഭാഗമായാണ് മാനവികതയുടെ മുഴുവന്‍ നായകരാകാന്‍ പോന്നത്ര വലിപ്പമുള്ള സാംസ്‌കാരിക നായകന്മാര്‍ ഇന്ന് അതാത് സമുദായങ്ങളുടെ കള്ളികളിലേയ്ക്ക് മാത്രമായി വെട്ടിയൊതുക്കപ്പെടുന്നത്.

അടുത്തിടെ ആഗോളശ്രദ്ധ നേടിയെടുത്ത തെരുവ് കല (ഗ്രാഫിറ്റി ആര്‍ട്ട്) യുടെ ഒരു പ്രചാരകനാണ് 'ഗസ് ഹൂ'. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്നും ഇന്ത്യയില്‍ പലയിടങ്ങളിലായി തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നു. സമകാലിക സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രവണതകളെ, അതിലെ ചരിത്രപരമായ സംഘര്‍ഷങ്ങളെ, വൈരുദ്ധ്യങ്ങളെ ഒക്കെ തെരുവുകലയുടെ പരിമിതികളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഭൂമികയില്‍ നിന്ന് വരഞ്ഞിടുകയാണ് ആ മനുഷ്യന്‍. പ്രത്യക്ഷത്തില്‍ ലളിതവും, എന്നാല്‍ ഗൗരവമുള്ള പരോക്ഷ വിവക്ഷകളെ പ്രത്യക്ഷ ലാളിത്യത്തില്‍ ഒളിപ്പിക്കുന്നതുമായ ആ വര, ചിന്ത എന്ന മൂല്യത്തിന്റെ ഉല്പാദനത്തെ ലക്ഷ്യം വയ്ക്കുന്ന കലാബന്ധിയായ ചില മുന്‍കൈകള്‍ (ഇനിഷ്യേറ്റീവ്‌സ്) ആയിരുന്നു. അത്തരം ഒന്നായിരുന്നു അയ്യങ്കാളി, ചെഗുവേര എന്ന രണ്ട് സാംസ്‌കാരിക ബിംബങ്ങളുടെ സംയുക്തമാകുന്ന തെരുവ് ചിത്രം. എന്നാല്‍ അത് സ്വത്വവാദികളില്‍ നിന്ന് അക്രമാസക്തമായ പ്രതികരണങ്ങള്‍ ആണ് ഉല്പാദിപ്പിച്ചത്.

ആഗോളതലത്തില്‍ ഒരുപക്ഷേ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ജനപ്രിയമായ ബിംബമായി മാറിയ വ്യക്തിത്വമാണ് ചെഗുവേരയുടേത്. അയ്യങ്കാളിയാവട്ടെ മാനവികമായ മൂല്യങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് കേരളീയ ചരിത്രത്തില്‍ ഉണ്ടായ പ്രോജ്വലമായ മറ്റൊരു ബിംബവും. ഒടുങ്ങാത്ത പോരാട്ടവീര്യത്തിന്റേതായ ഒരു പൊതു ഘടകമാണ് ബൊളീവിയയില്‍ നിന്ന് കേരളത്തിലേയ്ക്ക് നീളുന്ന ആവിഷ്‌കാരത്തിന്റെ വരയില്‍ ഇവരെ കൂട്ടി യോജിപ്പിക്കുന്നത്. എന്നാല്‍ അതും അപകീര്‍ത്തികരമായി വ്യാഖ്യാനിക്കപ്പെട്ടു. എന്താണ് അതിന്റെ മാനദണ്ഡം എന്ന് ചോദിച്ചാല്‍ അവര്‍ ഞങ്ങളുടെ നേതാക്കളായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ഞങ്ങളുടെ മാത്രം വികാരമാണ്. അത് വ്രണപ്പെട്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നതാണ് മറുപടി.


കടപ്പാട്: GuessWho

ഞങ്ങളുടെ മാത്രം നായകര്‍, ഞങ്ങളുടെ മാത്രം വികാരം
നാരായണ ഗുരു ഈഴവരുടെ മാത്രം നേതാവാകുമ്പോള്‍ സംഭവിക്കുന്നത് മുഴുവന്‍ മാനവികതയ്ക്കും അവകാശപ്പെട്ട ചരിത്രപരമായ ഒരു സഞ്ചിത സാസ്‌കാരിക മൂലധനത്തിനുമേല്‍ ചരിത്രപരമായി ഉണ്ടാകേണ്ടുന്ന തുടര്‍ച്ചകള്‍, തുടര്‍നിര്‍ദ്ധാരണ പ്രക്രിയകള്‍ നിലയ്ക്കുക എന്നതാണ്. അത് തന്നെയാണ് അയ്യങ്കാളിയുടെ കാര്യത്തിലും സംഭവിച്ചത്. എന്നാല്‍ വ്യത്യസ്തകാരണങ്ങളാല്‍ സഹോദരന്‍ അയ്യപ്പന്‍, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങി കണ്ഠന്‍ കുമാരനും, ആര്യാട് ഊപ്പയും വരെയുള്ള നേതാക്കള്‍ ഈ വികാരത്തിന് പുറത്താണ്.

സഹോദരന്‍ അയ്യപ്പന്‍ ഈഴവനാണ്, ഗുരുവും ആശാനുമായൊക്കെ അടുത്ത് സഹവര്‍ത്തിച്ചിരുന്ന ആളാണ്, എങ്കിലും അയാളുടെ സ്വത്വം ഈഴവ സ്വത്വമായല്ല, യുക്തിവാദി സ്വത്വമായാണ് എണ്ണപ്പെടുന്നത്. പൊയ്കയില്‍ അപ്പച്ചന്‍ ഒടുവില്‍ സ്വന്തം മതം ഉണ്ടാക്കിയ ആളാണ്. അതുകൊണ്ട് അതാണ് അയാളുടെ സ്വത്വം. കണ്ഠന്‍ കുമാരനും, ആര്യാട് ഊപ്പയുമൊക്കെ ഈ ഉത്തരാധുനിക രാഷ്ട്രീയ ഉണര്‍വുകള്‍ക്കും പുറത്ത് നിര്‍ത്തപ്പെടുന്ന സാംബവസമുദായത്തിന്റെ നേതാക്കളാണ്.

എന്നാല്‍ പ്രശ്‌നം ഇതൊന്നുമല്ല. നാലും മൂന്നും ഏഴ് തികച്ചില്ലാത്ത യുക്തിവാദി സമൂഹത്തെയോ, ഒടുവില്‍ കരുണാകര ഗുരുവായി തീര്‍ന്ന അപ്പച്ചന്റെ അനുയായികളെയോ, ഒരിടത്തും ഗണനീയമായ ഒരു പാര്‍ലമെന്ററി രാഷ്ട്രീയ ശക്തിയാകാന്‍ പോന്നത്ര എണ്ണമില്ലാത്ത സാംബവര്‍ ഉള്‍പ്പെടെയുള്ള ദളിത് സ്വത്വവിഭാഗങ്ങള്‍ക്കോ ഈ ധ്രുവീകരണ അജണ്ടയില്‍ പങ്കുകാരാകാനുള്ള ശേഷിയില്ല. അതുകൊണ്ട് തന്നെ ആ സ്വത്വങ്ങളില്‍ സംഘപരിവാര്‍ നിര്‍മ്മിതികളും ഇല്ല. ഇവിടെയാണ് അഭിസംബോധനയും ഉപയോഗവും തമ്മിലുള്ള വ്യത്യാസം. അത് മനസിലാക്കാന്‍ വൈകിക്കുംവണ്ണം രേഖീയമായി സ്വത്വബോധം നിലനിര്‍ത്തപ്പെടുന്ന ഇടങ്ങളില്‍ വ്രണങ്ങളും അവയുടെ നിര്‍മ്മിതിയിലൂടെ കൊഴുക്കുന്ന വിഘടന രാഷ്ട്രീയവും മാനവികതയ്ക്ക് തന്നെ അപകടമാകും വിധം ഹിംസാത്മക മാനങ്ങളിലേയ്ക്ക് വളരും.

ആ ഹിംസാത്മകതയുടെ ആഖ്യാനങ്ങളാണ് നാരായണ ഗുരുവിനെ സ്‌നേഹിക്കുകയും, ആ ആശയപ്രപഞ്ചത്തെ പിന്‍പറ്റുകയും ചെയ്യുന്നത് ഞങ്ങള്‍ മാത്രമാണെന്നും, അതുകൊണ്ട് തന്നെ ഗുരു വിമര്‍ശിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് മാത്രമേ വേദനിക്കൂ എന്നും ഉള്ള വിഘടനാത്മകമായ സ്വത്വബോധത്തിന്റെ ഇടുങ്ങിയ തെരുവുകളില്‍ ഇന്ന് കോര്‍പ്പറേറ്റ് ഫാസിസത്തിന്റെ സംഘപരിവാര്‍ ബ്രാന്‍ഡ് സ്പോണ്‍സര്‍ ചെയ്ത് നടപ്പിലാക്കുന്നത്. അവിടെ അദ്ദേഹം ഇന്ന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കൂട് കായികമായി സ്ഥടികനിര്‍മ്മിതവും ക്ഷണഭംഗുരവും, എന്നാല്‍ സാംസ്‌കാരികമായി ഉരുക്ക് നിര്‍മ്മിതവും ചരിത്രവിരുദ്ധവുമായ ഒരു തടവറയായി മാറുന്നു. അത്തരം ഒരു കൂട്ടില്‍ വിമോചനാത്മകമായ ആ ആശയ ലോകത്തെ തടവില്‍ പാര്‍പ്പിക്കുക എന്നതാണ് ഞങ്ങളുടെ മാത്രം നായകന്‍, ഞങ്ങളുടെ മാത്രം വികാരം എന്ന ബോധം സാദ്ധ്യമാക്കുന്നത്. അതിനുപിന്നിലെ കായികമായ ധ്രുവീകരണത്തിന്റെയും, സാംസ്‌കാരികമായ ശോഷിപ്പിക്കലിന്റെയും അജണ്ട സംഘപരിവാറിന്റേതും. അതിനെ പിന്‍പറ്റുകയും, ഒരു സമുദായത്തെ മുഴുവന്‍ അത്തരം ഒരു അജണ്ടയ്ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്യുന്നതിനു പിന്നില്‍ എസ് എന്‍ ഡി പി നേതൃത്വത്തിലെ വ്യക്തികള്‍ക്ക് വ്യക്തിഗത താല്പര്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അത് സമുദായത്തില്‍, അതിലെ മനുഷ്യരില്‍, അവരുടെ തിരിച്ചറിവിലും, വിവേചനാധികാരത്തിലും മൊത്തമായി കെട്ടിവയ്ക്കുക എത്ര ഭദ്രമായി രചിക്കപ്പെട്ടാലും ഒരു സംഘപരിവാര്‍ ആഖ്യാനത്തിന് കഴിയുകയില്ല തന്നെ. അത് ഒരു പ്രതീക്ഷയാണ്, അത് തന്നെ ബോധ്യവും.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories