TopTop
Begin typing your search above and press return to search.

വിരട്ടലും വിലപേശലും നടക്കില്ല ; വി എസിന് മുന്നറിയിപ്പുമായി സി പിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം

വിരട്ടലും വിലപേശലും നടക്കില്ല ; വി എസിന് മുന്നറിയിപ്പുമായി സി പിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം

അഴിമുഖം പ്രതിനിധി

പാര്‍ട്ടിക്ക് കീഴടങ്ങാതെ ഭിന്നിച്ച് നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോട് പാര്‍ട്ടിക്ക് കീഴ്‌പ്പെടാന്‍ ഉപദേശിച്ചു കൊണ്ട് സിപിഎമ്മിന്റെ നാല് ദിവസം നീണ്ടുനിന്ന 21-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ സമാപനമായി. സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ വിഎസിന്റെ പേരെടുത്ത് പറഞ്ഞ് പ്രസംഗിച്ചത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാത്രമാണ്. എന്നാല്‍ സ്ഥാനമൊഴിയുന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയനാകട്ടെ വിഎസ് നയിച്ച സമരങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് പാര്‍ട്ടി അച്ചടക്കത്തിന് വഴങ്ങുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന്റെ പേര് പറയാതെ സൂചിപ്പിക്കുകയായിരുന്നു. പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പാര്‍ട്ടി അച്ചടക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ മറ്റുള്ളവരാരും വിഎസ് പ്രശ്‌നത്തെ കുറിച്ച് പരാമര്‍ശച്ചതേയില്ല. വിഎസിനെ അനുനയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ച സീതാറാം യെച്ചൂരി വിഷയത്തില്‍ പാലിച്ച മൗനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ അണികളെ സാക്ഷി നിര്‍ത്തി വിഎസിന്റെ അഭാവം നിരാശാജനകമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ വിഎസ് വഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹം പാര്‍ട്ടിയുടെ അവിഭാജ്യഘടമകമാണ്. നമ്മുടെ പോരാട്ടങ്ങളോടൊപ്പം വിഎസ് ഉണ്ടാവണമെന്നാണ് ആഗ്രഹം. എന്നാല്‍ നിരവധി മഹാരഥന്മാര്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് സിപിഎം എന്നും ആരും പാര്‍ട്ടിക്ക് അതീതരല്ലെന്നും കാരാട്ട് ഓര്‍മിപ്പിച്ചു.

ആഗോളതലത്തില്‍ ഇടതുപക്ഷം പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിക്കുന്ന കാലമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലെ ഗ്രീസിലും ഇടതുപാര്‍ട്ടികള്‍ അധികാരത്തിലേറുകയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെയും യൂറോപ്യന്‍ ബാങ്കിന്റെയും മറ്റ് അന്താരാഷ്ട്ര കുത്തകളുടെയും വായ്പ നിബന്ധനകള്‍ പാലിക്കില്ലെന്ന് പുതുതായി ഗ്രീസില്‍ സ്ഥാനമേറ്റ സര്‍ക്കാര്‍ അസന്ധിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ വളര്‍ന്നുവരുന്ന വര്‍ഗ്ഗീയതയ്‌ക്കെതിരെയും കേരള സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും പാര്‍ട്ടി ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും കാരാട്ട് പ്രഖ്യാപിച്ചു.

നാലാം ലോക വിവാദം, കവിയൂര്‍-കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട വിഐപി വിവാദം, കൃഷ്ണപിള്ള സ്മാരക ആക്രമണം വരെയുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ച പിണറായി വിജയന്‍ ഇതെല്ലാം പാര്‍ട്ടിക്ക് നേരിടാന്‍ സാധിച്ചതായി അവകാശപ്പെട്ടു. പാര്‍ട്ടിയില്‍ ചില അനാശാസ്യ പ്രവണതകള്‍ നിലനിന്നിരുന്നു എന്നും അതെല്ലാം പടിപടിയായി ഇല്ലാതാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചുവെന്നും ഇതിന് അഖിലേന്ത്യ നേതൃത്വത്തിന്റെ പിന്തുണയും ഉപദേശവും ഇടപെടലും ഉണ്ടായിരുന്നുവെന്നും പിണറായി പറഞ്ഞു. സ്വന്തം ജീവന്‍ ബലി കൊടുത്ത രക്തസാക്ഷികളെക്കാള്‍ വലിയ ത്യാഗമൊന്നും ആരും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ എല്ലാവരും പാര്‍ട്ടിക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കണമെന്നും വിഎസിന്റെ പേരെടുത്ത് പറയാതെ പിണറായി പറഞ്ഞുവച്ചു. ആരെയും പേടിയില്ലെങ്കില്‍ വീട്ടിലെ തൂണിനെയെങ്കിലും പേടിക്കണമെന്ന് തന്റെ നാട്ടില്‍ ഒരു ചൊല്ലുണ്ടെന്നും പിണറായി പറഞ്ഞുവച്ചു.88 അംഗ സംസ്ഥാന സമിതിയെയാണ് തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി സമ്മേളനം തീരുമാനിച്ചതെന്നും അതില്‍ 87 പേരെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞത് അണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. എന്നാല്‍ സിപിഎമ്മിന്റെ ശക്തി സംഘടനയുടെ കരുത്താണെന്നും അത് വ്യക്തി കേന്ദ്രീകൃതമല്ലെന്നും ഓര്‍മ്മിപ്പിക്കാനും കോടിയേരി മറന്നില്ല. എംവി രാഘവനെ പുറത്താക്കിയപ്പോള്‍ പാര്‍ട്ടി മലബാറില്‍ തകരുമെന്നും കേരളത്തില്‍ ഒരിക്കലും അധികാരത്തില്‍ വരില്ലെന്നും പറഞ്ഞവരുണ്ട്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. ഗൗരിയമ്മ പാര്‍ട്ടി വിട്ടുപോയതും കോടിയേരി ചൂണ്ടിക്കാട്ടി. ആരും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഒരു നേതാവും ഒരു വ്യക്തിയും പാര്‍ട്ടിക്ക് അതീതനല്ല. ജനങ്ങളാണ് പാര്‍ട്ടിയെ നയിക്കുന്നത്. ജനങ്ങളാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. ഗൗരിയമ്മയെ കുഴപ്പത്തിലാക്കിയത് കെ വേണു ആണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ടെലിവിഷന്‍ ചാനലുകളില്‍ കയറിയിരുന്ന് പാര്‍ട്ടി തകരുമെന്ന് പ്രചരിപ്പിക്കുകയാണെന്നും എന്നാല്‍ അതെല്ലാം നൈമിഷികമാണെന്നും ചരിത്രം തെളിയിച്ചു. പിണറായിയെ തുടര്‍ച്ചയായി വേട്ടയാടിയവരാണ് ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെന്നും കോടിയേരി പറഞ്ഞു. വിഎസിനെതിരെ ഒരു ഒളിയമ്പെന്ന പോലെ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ ശക്തമായി ന്യായീകരിച്ചുകൊണ്ടാണ് പുതിയ സെക്രട്ടറി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അച്ചടക്കം പട്ടാള അച്ചടക്കകമല്ലെന്നും അത് വിപ്ലവ അച്ചടക്കമാണെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സ്വയം നിര്‍ണയിക്കുന്ന അച്ചടക്കമാണത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് ചര്‍ച്ച ചെയ്ത് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊണ്ടാല്‍ അത് നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും എസ് ആര്‍ പി ഓര്‍മിപ്പിച്ചു. സിപിഎമ്മിനെ അഖിലേന്ത്യതലത്തില്‍ എങ്ങനെ ശക്തിപ്പെടുത്താം എന്ന് തീരുമാനിക്കുന്നതിനായി പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പ്ലീനം വിളിച്ചു കൂട്ടുമെന്നും രാമചന്ദ്രന്‍ പിള്ള അറിയിച്ചു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക, വര്‍ഗ്ഗീയ പ്രീണന നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പക്ഷെ വിഎസ് വിഷയത്തില്‍ തികഞ്ഞ മൗനം പാലിച്ചു എന്നതും ശ്രദ്ധേയമാണ്. സമാപന സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, എ കെ പദ്മനാഭന്‍, എം എ ബേബി തുടങ്ങിയവരും സംസാരിച്ചു. നേതാക്കന്മാര്‍ എല്ലാവരും പ്രസംഗിച്ചപ്പോഴും സദസില്‍ നിന്ന് നീണ്ട കരഘോഷങ്ങളോ ആര്‍പ്പുവിളികളോ ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .


Next Story

Related Stories