TopTop
Begin typing your search above and press return to search.

സി പി ഐ എം 'ഫത്വ' ലക്ഷ്യമിടുന്നതാരെ?

സി പി ഐ എം ഫത്വ ലക്ഷ്യമിടുന്നതാരെ?

അഴിമുഖം പ്രതിനിധി

ഇന്നലെ അവസാനിച്ച ദ്വിദിന സംസ്ഥാന സമിതി യോഗത്തിനുശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരുവിധം എല്ലാം തന്നെ കൈയടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് പറയേണ്ടതുണ്ട്. പഴയ കാല സെല്‍ഭരണത്തിന് വിരാമമിടുന്നു എന്ന മട്ടിലാണ് കോടിയേരി ഇന്നലെ സംസാരിച്ചത്. അല്ലെങ്കിലും സെല്‍ഭരണത്തിന്റെ ദുഷ്‌കെടുതികള്‍ ഏറെ അനുഭവിച്ച ഒരു പാര്‍ട്ടി ബംഗാള്‍ നല്‍കിയ ഒരു പാഠം ഉള്‍ക്കൊള്ളാതെ വയ്യല്ലോ.

മൂന്ന് പതിറ്റാണ്ടിലേറെ സ്വന്തം കൈപ്പിടിയില്‍ കൊണ്ടു നടന്ന ഒരു സംസ്ഥാനത്തിന്റെ ഭരണമാണ് കോണ്‍ഗ്രസിന്റെ ബലഹീനതയില്‍ മനം നൊന്ത് പെണ്ണൊരുത്തി ദുര്‍ഗ്ഗയായി പുനരവതാരം ചെയ്ത് ചുവപ്പന്മാരില്‍ നിന്നും പിടിച്ചെടുത്തത്. പുതുകാല ദുര്‍ഗയായ മമതയെ തുരത്താന്‍ മുപ്പത് വര്‍ഷത്തിലേറെ പ്രതിപക്ഷത്തിരുന്ന് സഹായിച്ച കോണ്‍ഗ്രസിനെ കൂട്ടുപിടിക്കേണ്ട ഗതികേടിലേക്കാണ് യച്ചൂരിയും സംഘവും എത്തിച്ചേര്‍ന്നത്. എന്നിട്ടും മമതയെ തോല്‍പ്പിക്കാനായില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിന് ചില്ലറ നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്ത് വല്ലാത്തൊരു ഗതികേടില്‍ എത്തി നില്‍ക്കുകയാണ് സിപിഐഎം. ബംഗാള്‍ എന്ന് കേള്‍ക്കുമ്പോള്‍ വിജൃംഭിതരായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്ന് ബംഗാളിലേക്ക് പോകാന്‍ തന്നെ മടിയാണ്. മമതയുടെ പാര്‍ട്ടിയുടെ കൊല്ലുംകൊലയും പാര്‍ട്ടി മുഖപത്രങ്ങളില്‍ വലിയ തലക്കെട്ടുകളാകുന്നുണ്ട്. എന്നാല്‍ ബംഗാളികള്‍ മൊത്തത്തില്‍ പണി തേടി കേരളത്തിലേക്ക് പലായനം ചെയ്തതു കൊണ്ടാണോയെന്ന് അറിയില്ല, കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബംഗാളില്‍ ഇപ്പോള്‍ എന്തു നടക്കുന്നുവെന്നതിനെ കുറിച്ച് വലിയ വേവലാതികളൊന്നുമില്ലാത്തത്. അല്ലെങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ തുടക്കത്തില്‍ തന്നെ എതിര്‍ത്തവരാണ് കേരളത്തില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ. മുന്‍ പിബി അംഗമാണെങ്കിലും പാര്‍ട്ടിയില്‍ തന്റെ ഘടകം സംസ്ഥാന സമിതിയിലെ ക്ഷണിതാവ് പദവിയിലേക്ക് ഒതുങ്ങിയ വിഎസ് അച്യുതാനന്ദന്‍ മാത്രമാണ് ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് ബാന്ധവത്തിന് കൈയ്യടിച്ചു പ്രോത്സാഹനം നല്‍കിയത്.

ഇക്കാര്യങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞ ചില കാര്യങ്ങളില്‍ പരോക്ഷമായെങ്കിലും വൈരുദ്ധ്യം കാണാതെ വയ്യ. സെല്‍ഭരണം പൂര്‍ണമായി അവസാനിച്ചു എന്ന് പറയുമ്പോഴും അതിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് സംശയം ഉളവാക്കുന്നതാണ് പുതിയ പെരുമാറ്റ ചട്ടത്തില്‍ പറയുന്ന ചില കാര്യങ്ങള്‍.

പെരുമാറ്റ ചട്ടത്തില്‍ പറയുന്ന കാര്യങ്ങള്‍ മൊത്തത്തില്‍ ഇങ്ങനെയാണ്.

1) സിപിഐഎം മന്ത്രിമാര്‍ എല്‍ഡിഎഫ് പ്രകടന പത്രികയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം.

2) സര്‍ക്കാര്‍ നയപരമായി തീരുമാനം എടുക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ച നടത്തിയതിനുശേഷമേ മന്ത്രിമാര്‍ തീരുമാനം എടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാവൂ.

3) ഭരണ രംഗത്ത് ആരെങ്കിലും തെറ്റായി ഇടപെടുന്നുവെങ്കില്‍ കര്‍ശനമായി തടയണം. ഓരോ പ്രവര്‍ത്തിയും ജനങ്ങളുടെ ഓഡിറ്റിങ്ങിന് വിധേയമാണെന്ന തിരിച്ചറിവുണ്ടാകണം.

4) പൊതുപരിപാടിയില്‍ ഒന്നിലേറെ മന്ത്രിമാര്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം.

5) സ്വകാര്യ വ്യക്തികളുടെ പരിപാടികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. അത്യാവശ്യം പങ്കെടുക്കേണ്ട പരിപാടികള്‍ ആണെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങണം. സംസ്ഥാന നേതൃത്വത്തേയും അറിയിക്കണം.


6) ലഭിക്കുന്ന പരാതിയില്‍ നിശ്ചയിച്ച സമയത്ത് തീരുമാനം എടുക്കണം.

7) സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളെ വിശ്വാസത്തിലെടുക്കണം.

8) ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കണം. യുഡിഎഫ് സര്‍ക്കാര്‍ പകപോക്കലിന്റെ ഭാഗമായി സ്വീകരിച്ച എല്ലാ നടപടികളും പുനഃപരിശോധിക്കുകയും തെറ്റുതിരുത്തുകയും ചെയ്യും.

9) വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ മന്ത്രിമാര്‍ കൂടുതല്‍ സമയം കണ്ടെത്തണം. ആഴ്ചയില്‍ അഞ്ചു ദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണം.

10) മന്ത്രി ഓഫീസില്‍ വരുന്നവരോട് മാന്യമായി സഹകരിക്കണം. അതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. സന്ദര്‍ശകര്‍ക്ക് നിശ്ചിത സമയം നല്‍കണം.

11) സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു കൊണ്ട് സംഘടന ജനങ്ങളില്‍ നിന്ന് അകലരുത്. സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും സ്വാധീനം പൊതുജനങ്ങള്‍ക്കു നേരെ പ്രയോഗിക്കരുത്.

ഇത്രയാണ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സംഘടനകള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി സംസ്ഥാന സെക്രട്ടറി നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍. ഇക്കൂട്ടത്തില്‍ ഒരുകാര്യം അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്തവണ്ണം അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള എല്‍ഡിഎഫ് ബന്ധം സൗഹാര്‍ദ്ദപരമായിരിക്കും.

ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റയുടന്‍ തന്നെ പിണറായി വിജയന്‍ വ്യക്തമാക്കിയ രണ്ട് കാര്യങ്ങളുണ്ട്. അതിലൊന്ന് മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്നത്. മറ്റൊന്ന് കേന്ദ്ര സര്‍ക്കാരുമായുള്ള പുതിയ സംസ്ഥാന സര്‍ക്കാരിന്റെ ബന്ധത്തെ കുറിച്ചുള്ളതുമാണ്. കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയന്‍ മനസ്സില്‍ കാണുന്നതും പ്രഖ്യാപിച്ചതുമായ കാര്യങ്ങള്‍ മാത്രമാണോ വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ട്ടിയുടേതായി പറഞ്ഞത് എന്ന സംശയം തീര്‍ച്ചയായും ഉയര്‍ന്നേക്കാം. എന്നു കരുതി ഈ പറഞ്ഞതിലൊന്നും വലിയ കുറ്റം ആരോപിക്കാനുമാകില്ല.

സ്വകാര്യ വ്യക്തികളുടെ പരിപാടികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം എന്ന നിര്‍ദ്ദേശം മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും മുന്നോട്ടു വച്ചിരുന്നു. എന്നിട്ടും തിരുവഞ്ചൂരിനെ പോലുള്ള ചില മന്ത്രിമാര്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഷാലു മേനോന്റെ ഗൃഹപ്രവേശന ചടങ്ങില്‍ തലകാണിച്ച് കരിക്ക് കുടിച്ചു മടങ്ങിയെങ്കിലും വിവാദത്തില്‍പ്പെട്ടു.

ഇതേപോലെ ചില അപകടങ്ങള്‍ നേരത്തെ സിപിഐഎം നേതാക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. ഇത് തന്നെയാകണം ഒരു മുന്‍കരുതല്‍ എന്നവണ്ണം സിപിഐഎമ്മും പുതിയ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ അത്യാവശ്യം പങ്കെടുക്കേണ്ട പരിപാടികള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ അനുമതിയും സംസ്ഥാന നേതൃത്വത്തിന്റെ അറിവും ഉണ്ടാകണം എന്നത് ജനകീയരായ ചില സിപിഐഎം നേതാക്കള്‍ക്കെങ്കിലും പാരയാകാന്‍ ഇടയുണ്ട്.

ഭരണ രംഗത്ത് ആരെങ്കിലും തെറ്റായി ഇടപെടുന്നുവെങ്കില്‍ കര്‍ശനമായി തടയണം എന്ന് പറയുന്നിടത്തും ചില്ലറ കുശുമ്പ് അനുഭവപ്പെടുന്നുണ്ട്. വേണ്ടിടത്തും വേണ്ടാത്തയിടത്തും കയറി ഇടപെടുന്ന വിഎസ് അച്യുതാനന്ദനെ പോലെയുള്ള ചില നേതാക്കളെ ലക്ഷ്യം വച്ചു കൊണ്ടുള്ളതാണിതെന്നു വേണം കരുതാന്‍. മുല്ലപ്പെരിയാര്‍, ആതിരപ്പള്ളി വിഷയത്തില്‍ പിണറായി പറഞ്ഞ കാര്യങ്ങള്‍ക്ക് എതിരെ കത്തെഴുതിയ വിഎസ് ജാഗ്രവത്തായിരുന്നാല്‍ നന്ന്. പുതിയ സ്ഥാന മാനങ്ങള്‍ ഇനിയും തീരുമാനിക്കപ്പെടേണ്ടതുണ്ട്. അത്തരം സ്ഥാനമാനങ്ങള്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കാനുള്ള ഒന്നല്ലയെന്ന കൃത്യമായ സന്ദേശവും ഈ പെരുമാറ്റച്ചട്ടത്തില്‍ അന്തര്‍ലീനമാണ്.


Next Story

Related Stories