TopTop
Begin typing your search above and press return to search.

കേവലസ്ത്രീവാദപ്പിടിയില്‍പ്പെട്ട വിപ്ലവത്തിരുവാതിര

കേവലസ്ത്രീവാദപ്പിടിയില്‍പ്പെട്ട വിപ്ലവത്തിരുവാതിര

ഭര്‍ത്താക്കന്മാരുടെ കൂടെയല്ലാതെ വേലക്കാര്‍ക്കൊപ്പമുള്ള സ്ത്രികളുടെ സഞ്ചാരം, നായര്‍ഭവനങ്ങളില്‍ പോയി നടത്തുന്ന കൈകൊട്ടിക്കളി – ഇതൊക്കെ പലതരം രഹസ്യബന്ധങ്ങള്‍ക്ക് കാരണമാകുമെന്നും അതുകൊണ്ട് നമ്പൂതിരിയുവാക്കള്‍ ജാഗരൂകരായിരിക്കണമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലാണ് മലയാളമനോരമ മുന്നറിയിപ്പുനല്‍കിയത്. ഇല്ലത്തുള്ള പുരുഷകേസരികള്‍ സംബന്ധത്തിനു പുറപ്പെട്ടാല്‍പ്പിന്നെ വേലക്കാരും അന്തര്‍ജനങ്ങളും കൂടി 'സദാചരവിരുദ്ധപ്രവര്‍ത്തനം' നടത്തുമെന്നായിരുന്നു അന്ന് മനോരമയുടെ ഫോര്‍ത്ത് എസ്‌റ്റേറ്റ് ഉല്‍ക്കണ്ഠ. ഈ ഉല്‍ക്കണ്ഠയിലേക്കു കണ്ണിചേര്‍ന്ന കലാരൂപമാണ് കൈകൊട്ടിക്കളി. പെണ്ണുങ്ങളെ ചീത്തയാക്കുമോ എന്നു സദാചാരവാദികള്‍ക്ക് ഭയം തോന്നിയ കളി. ഏത്? കഴിഞ്ഞദിവസം ആലപ്പുഴയില്‍ പാര്‍ട്ടിസമ്മേളനത്തിനു മുന്നോടിയായി നടന്ന ആ കളിയില്ലേ? അതേ കളിയുടെ പ്രാഗ്രൂപം തന്നെയാണത്. വിപ്ലവത്തിരുവാതിര എന്നൊന്നും പറയണ്ട സഖാക്കളേ. അല്ലെങ്കിലും തീരെ വിപ്ലവമില്ലാത്തതൊന്നുമല്ല തിരുവാതിര. എനിയ്ക്കാ പേരിലേയുള്ളൂ ഇത്തിരി കല്ലുകടി – ഏതാണ്ടു ചുംബിലാബും ലാലിസവും പോലൊരു വികലനാമം.ഇതുപറയുമ്പോഴേയ്ക്കും കേരളത്തിലെ കേവലസ്ത്രീവാദികള്‍ക്ക് ചൊടിയ്ക്കും. പുരുഷന്മാരെ കാണിക്കാനായി സ്ത്രീകള്‍ മുറ്റത്ത് കളിയ്ക്കുന്ന എന്തോ ഒരു അശ്ലീലക്കളിയാണിതെന്നും അതു നോക്കി വെറ്റിലയില്‍ ചുണ്ണാമ്പുതേച്ച് എപ്പോഴുമൊരു വഷളച്ചിരിയുമായി പൂമുഖത്തൊരു ഫ്യൂഡല്‍ പുരുഷാധിപതി സ്ത്രീശരീരം നോക്കിയിരിപ്പുണ്ടെന്നും ആണ് അവരുടെ മനസ്സിലെ 'തിരുവാതിരവിഷ്വല്‍'. കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ഷാജി കൈലാസിന്റെയും രഞ്ജിത്തിന്റെയും സിനിമയിലെ നിലവിളക്കും സെറ്റുമുണ്ടും ചാരുകസേരയും മുറുക്കും ചേര്‍ന്ന ഒരന്തരീക്ഷത്തിലാണ് അവര്‍ കൈകൊട്ടിക്കളിയേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ചരിത്രമൊക്കെ ജന്മനാ കാണാപ്പാഠമായാണ് കേരളത്തിലെ കേവലവാദികള്‍ പിറന്നുവീഴുന്നത് എന്നതുകൊണ്ട് കൈകൊട്ടിക്കളിയുടെ സാംസ്‌കാരിക, സാമൂഹികപരിസരമൊക്കെ അവര്‍ക്കു മനക്കണക്കില്‍ ഗണിച്ചറിയാനും കഴിയും. തര്‍ക്കിച്ചിട്ടുകാര്യമില്ല, പരപുച്ഛമെന്ന സ്ഥായിയിലാണ് കേവലവാദികളുടെ ആട്ടപ്രകാരം. അതുകൊണ്ട് നമുക്കവരെ വിടുക.'വീരവിരാട' എന്ന, 'വേണിയഴിഞ്ഞും, നവസുമശ്രേണി പൊഴിഞ്ഞും, പാണിവളകള്‍ കിലുക്കിയും, ചേണൊറ്റകൊങ്ക കുലുക്കിയും' കുമ്മിയടിയ്ക്കാനായി സ്ത്രീകള്‍ പരസ്പരം ആവശ്യപ്പെടുന്ന ആണ്‍നോട്ടകുമ്മി ഉത്തരാസ്വയംവരം ആട്ടക്കഥയുടെ ഭാഗമാണ്. വിഷയാസക്തനായ ഉത്തരകുമാരന്‍ തന്റെ പത്‌നിമാര്‍ക്കൊപ്പം അന്തപ്പുരത്തിലിരിയ്ക്കുമ്പോള്‍ ഉത്തരനെ സന്തോഷിപ്പിയ്ക്കാനായി പത്‌നിമാര്‍ നടത്തുന്നൊരു നൃത്തമെന്നാണ് കഥാസന്ദര്‍ഭം. കുലുങ്ങുന്ന കൊങ്കയും അഴിഞ്ഞവേണിയും കാണുന്ന പുരുഷക്കണ്ണ് ഇരയിമ്മന്‍ തമ്പിയുടേതുമാത്രമല്ല, കഥാപാത്രമായ ഉത്തരന്റേതുകൂടിയാണ്. എന്നാല്‍ കഥകളിയില്‍ നിന്ന് 'വീരവിരാട' പുറത്തുചാടുകയും സ്ത്രീകളുടെ സ്ഥിരം കുമ്മിപ്പാട്ടായി മാറുകയും ചെയ്തതോടെ അതില്‍ നിന്ന് കഥാപാത്രഘടകം മാഞ്ഞുപോയി, തമ്പിയുടെ ആണ്‍നോട്ടം മാത്രം നിലനില്‍ക്കുകയും ചെയ്തു. ഈ കുമ്മിയിലെ സൗന്ദര്യദര്‍ശനം മാത്രം പങ്കുവെക്കുന്ന/പങ്കുവെച്ച ഒരു പാരമ്പര്യകേരളീയകാബറേ ആണ് കൈകൊട്ടിക്കളി എന്നാണ് വിമര്‍ശകരുടെ വാദം. ഫ്യൂഡല്‍ , സവര്‍ണ്ണം എന്നീ വിശേഷണങ്ങളും മേമ്പൊടിയ്ക്കുണ്ട്. അതൊന്നും പാര്‍ട്ടിസമ്മേളനത്തിന്റെ പരിപാവനസ്ഥലത്ത് പാടില്ല എന്നും നിര്‍ദേശമുണ്ട്. പട്ടച്ചാരായമൊഴിച്ച് കൊട്ടാരം നാറ്റിച്ചൂ എന്ന മട്ടിലാണ് പരിദേവനങ്ങളുടെ ശ്രുതി.

കേരളത്തിന്റെ പെണ്ണരങ്ങ് – കാലവും കലാവിഷ്‌കാരവും
മനുഷ്യാനുഭവങ്ങള്‍ കലമ്പുന്ന സവിശേഷരംഗഭൂമിയാണ് അരങ്ങ്. അവിടെ ആണും പെണ്ണും പങ്കെടുക്കാതെ വയ്യ. എത്ര മാറ്റിനിര്‍ത്തിയാലും ഇരവല്‍ക്കരിക്കപ്പെട്ടാലും പെണ്ണിനെ പൂര്‍ണമായൊഴിച്ചു നിര്‍ത്തി അരങ്ങു രൂപപ്പെടുത്താന്‍ ഇന്ത്യയിലെ ആണ്‍കോയ്മാപ്രത്യയശാസ്ത്രത്തിന് ഒരുകാലത്തും കഴിഞ്ഞിട്ടില്ല. അഥവാ, അങ്ങനെ കഴിഞ്ഞെന്നു വിശ്വസിച്ച ഓരോ ഇടങ്ങും സ്ത്രീകള്‍ തന്റേടം കൊണ്ട്, തന്റേതായ ഇടം കൈക്കൊണ്ട് – നേടിയെടുത്തിട്ടുമുണ്ട്. പക്ഷേ അവയെല്ലാം സാദ്ധ്യമാവുന്നത് നവോദ്ഥാനഘട്ടത്തിനു ശേഷമാണ്. പണ്ടേ തീയറ്ററിലേക്കു കണ്ണിചേര്‍ന്ന നങ്ങ്യാരെപ്പോലെ അപൂര്‍വ്വം സ്ത്രീസമൂഹങ്ങളെ കേരളത്തിനുള്ളൂ. കാക്കരശ്ശിയും പൊറാട്ടും പോലുള്ള കലകളിലെ സ്ത്രീസാന്നിദ്ധ്യവും പുള്ളുവത്തിയെപ്പോലുള്ള പാട്ടുകാരികള്‍ നിര്‍മ്മിച്ച അപരലോകവും ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ മിക്ക പെണ്ണിടങ്ങളും ആവിഷ്‌കാരശൂന്യമാക്കി നിലനിര്‍ത്താന്‍ ആണ്‍കോയ്മ ജാഗ്രത കാണിച്ചിട്ടുണ്ട്. കാരണം ലളിതമാണ്, കല അടിസ്ഥാനപരമായി കലാപസാദ്ധ്യതയാണ് എന്നു ആരെക്കാളും നന്നായി അധികാരത്തിനറിയാം. കലയിലേക്കു കണ്ണിചേര്‍ന്ന പെണ്ണിനെ അടിച്ചുകൊന്നും അവശയാക്കിയും ഭ്രഷ്ട് കല്‍പ്പിച്ചും ആണ് ആണധികാരവ്യവസ്ഥ അതിന്റെ തനതുകലാവാര്‍പ്പുകള്‍ പണിതുണ്ടാക്കിയത്.വാസ്തവത്തില്‍ ലാസ്യമെന്നാല്‍ സ്ത്രൈണതയുടെ തുടക്കവും ഒടുക്കവുമെന്നു നിര്‍വ്വചിച്ചതു തന്നെ പെണ്മനമല്ല, ആണ്‍കോയ്മയാണ്. എല്ലാ പെണ്ണാട്ടങ്ങളെയും ഓമനത്തമുള്ളതാക്കി മാറ്റിയത് ഒരു രാഷ്ടീയപ്രക്രിയയാണ്. 'പെണ്ണിന് അതേ ആവുകയുള്ളൂ' എന്ന രക്ഷാകര്‍തൃബോധവും കൊണ്ട് പുരുഷന്‍ നടത്തിയ ഈ ലാസ്യമൗലികവാദം വാസ്തവത്തില്‍ പെണ്‍സര്‍ഗാത്മകതയുടെ ഉഗ്രസാദ്ധ്യതകളെ അലസിപ്പിയ്ക്കാനുള്ള ഒന്നാന്തരം ആയുധമായിരുന്നു. മോഹിനിയാട്ടമടക്കമുള്ള പെണ്‍കലകളുടെ വികാസത്തെയും സര്‍ഗാത്മകതയുടെ കുതിച്ചുചാട്ടത്തെയും തടസ്സപ്പെടുത്തിയതു തന്നെ ഈ അഷ്ടനായികാബദ്ധമായ പുരുഷകലാബോധമാണ്. 'നിങ്ങളെങ്ങനെ നിങ്ങളെ ആവിഷ്‌കരിക്കണമെന്ന് നിങ്ങളേക്കാള്‍ നന്നായി ഞങ്ങള്‍ക്കറിയാം' എന്ന പുരുഷന്റെ ഈ രക്ഷാകര്‍തൃബോധമാണ് നൂറ്റാണ്ടുകളോളം പെണ്‍കലാലോകത്തെ പിറകിലേക്കു വരിഞ്ഞുകെട്ടിയതും.നോക്കുക, ആദിവാസികളുടേതടക്കം പലതരം രുചിവൈവിദ്ധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ മലയാളിക്കുണ്ട്. ആരാണീ രുചിവൈവിദ്ധ്യങ്ങളുണ്ടാക്കിയത്? സ്വാദിന്റെ, രസത്തിന്റെ പലജാതി പരീക്ഷണങ്ങളിലൂടെ കടന്നുപോയത് മലയാളിപ്പെണ്ണിന്റെ സര്‍ഗാത്മകതയാണ്. കലയില്‍ സാദ്ധ്യമാകാതെ പോയ സര്‍ഗാത്മകത മുഴുവന്‍ സ്ത്രീസമൂഹം കലവറയില്‍ കണ്ടവയോട് തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന്‍ മലയാളി പുരുഷന്‍ അവന്റെ രുചിപ്പലമയെപ്പറ്റി വീരസ്യം പറയുന്നത്. അടുക്കള അരങ്ങായത് അങ്ങനെയായിരുന്നു. 'എന്റെ അമ്മ ആര്‍ക്കുമറിയാത്ത ചില വിഭവങ്ങള്‍ ഉണ്ടാക്കിത്തന്നിരുന്നു' എന്നു പറയുമ്പോള്‍ അതിലൊരു തിരസ്‌കാരത്തിന്റെ പിന്നനുഭവമുണ്ട്. സ്വത്വാവിഷ്‌കരണത്തിനുള്ള മറ്റു സാദ്ധ്യതകളെല്ലാം ആണധികാരവ്യവസ്ഥ തുറുങ്കിലടച്ചപ്പോള്‍ ആഹാരവസ്തുക്കളിലെ ആത്മസമര്‍പ്പണമായി പരിണമിക്കപ്പെട്ടു പെണ്മയുടെ സൂക്ഷ്മകലാശേഷി. മലയാളിയുടെ ഊണിടങ്ങളില്‍ വിളമ്പിവെച്ചത് ഇരയുടെ രക്തവും മാംസവുമാണ് എന്നര്‍ത്ഥം. സ്ത്രീകള്‍ക്കു വരുന്ന മാനസികപ്രശ്‌നങ്ങളില്‍ പലതിനും കാരണം അടിച്ചമര്‍ത്തപ്പെട്ട സര്‍ഗാത്മകതയാണ് എന്ന് ഇന്നു മോഡേണ്‍ സയന്‍സ് കണ്ടെത്തുമ്പോള്‍, ഈ ചരിത്രം നാമോര്‍ക്കണം. ഭ്രാന്തികളാവാതെ അവര്‍ പിടിച്ചുനിന്നത് ഇങ്ങനെക്കൂടിയാണ്.
കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍കൈകൊട്ടിക്കളിയുടെ കാണാത്ത കാന്‍വാസ്
വിപ്ലവത്തിരുവാതിര നടന്ന അതേ ആലപ്പുഴയില്‍ 'ആടുകളി' എന്ന്‍ പണ്ടൊരു വിനോദമുണ്ടായിരുന്നെന്ന് ചരിത്രം പറയും. പരസ്പരം 'നോട്ട'മിട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരവസരമായിരുന്നു ഈ വിനോദമെന്ന് കെ പി പത്മനാഭമേനോന്‍ പഴമക്കാരെ ഉദ്ധരിച്ചു പറയുന്നുണ്ട്. 'ആടുകളിക്കു കൂടിയാള്‍ക്ക് അടുപ്പുകത്തിക്കാനാവില്ല' എന്നുമുണ്ടത്രേ പഴമക്കാര്‍ക്ക് ശൈലി. അടുപ്പുകത്തിക്കേണ്ട പെണ്ണുങ്ങള്‍ക്ക്, അതായത് 'കുലസ്ത്രീ'കള്‍ക്ക് ചേര്‍ന്നതല്ല അത്തരം വിനോദങ്ങളെന്നര്‍ത്ഥം.എന്നാല്‍, അന്തര്‍ജനവും അമ്പലവാസിപ്പെണ്ണും നായര്‍സ്ത്രീയും തീയ്യത്തിയും മണ്ണാത്തിയും വരെ കളിച്ച കളിയായി ഒന്നുണ്ടായിരുന്നു – അതാണ് കൈകൊട്ടിക്കളി. 'ഓട്ടുവളയിട്ട കൈകള്‍ വേദനിയ്ക്കുവോളം കൈകൊട്ടിക്കളിച്ച് ദേഷ്യം മാറ്റിയ' ഒരു ഓപ്പോളെ ദേവകി നിലയങ്കോട് ഓര്‍ക്കുന്നുണ്ട്. ദേഷ്യം മാറ്റാനും സന്തോഷിയ്ക്കാനും കരച്ചിടക്കാനും വാല്‍സല്യപ്പെടാനും ഇതിനെല്ലാമുപരി ഞാനെന്ന ഒരു ജീവി ഞാനായി ജീവിച്ചിരിപ്പുണ്ടെന്നൊന്ന് സ്വയം ബോദ്ധ്യപ്പെടാനും അന്ന് അന്തര്‍ജനങ്ങള്‍ കൈകൊട്ടിക്കളിച്ചിട്ടുണ്ട്. അതൊക്കെ ആണ്‍നോട്ടത്തിന്റെ ഇടങ്ങളില്‍ ആണ്‍കാഴ്ച്ചക്കു വേണ്ടി പെണ്ണുങ്ങളെക്കൊണ്ടു നടത്തിച്ച കൊങ്കകുലുക്കിനൃത്തമെന്നാണോ കരുതുന്നത്? ഒരിക്കലുമല്ല. ഒരാണും കാണാത്ത ഇടങ്ങളിലാണ് എത്രയോ നാഴികകള്‍ കൈകൊട്ടിക്കളിച്ചതെന്ന് കൈകൊട്ടിക്കളിക്കാരികളോട് സംസാരിച്ചവര്‍ക്കറിയാം. നായര്‍സ്ത്രീകളും അന്തര്‍ജനങ്ങളും തൊട്ടുകളിയ്ക്കുന്ന തിരുവാതിരയും തൊടാതെ കളിയ്ക്കുന്ന തിരുവാതിരയുമൊക്കെ തിരുവാതിരക്കളിയുടെ ഭാഗമായിരുന്നു. പോരാ, ദലിത് സ്ത്രീകളില്‍ വരെ കൈകൊട്ടിക്കളിയുണ്ടായിരുന്നു മദ്ധ്യകേരളത്തില്‍. മണ്ണാത്തിപ്പെണ്ണിനോട് ചീരപ്പാട്ടുപാടി പണ്ടൊരഹങ്കാരിയന്തര്‍ജനം തോറ്റ കഥ പഴയ നായര്‍സ്ത്രീകള്‍ പറയും. എഴുപതുപിന്നിട്ട ദലിത് സ്ത്രീകളുടെ കൈകൊട്ടിക്കളി ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാം ചെറുപ്പത്തില്‍ അവരുടെ മുത്തശ്ശിമാരില്‍ നിന്ന് പഠിച്ചെടുത്തതുമാണവ. 'ഇട്ടിത്തുപ്പനും' 'ചീര'യും പോലുള്ള പഴയ കൈകൊട്ടിക്കളിപ്പാട്ടുകളില്‍ അവര്‍ക്ക് അവരുടേതായ ഈണവഴികളുമുണ്ട്.പൊതുവേ വിലക്കുകളില്ലാത്തതാണ് കൈകൊട്ടിക്കളി പോലുള്ളവയെങ്കിലും സവിശേഷസാഹചര്യങ്ങളില്‍ മറിച്ചുള്ള ചരിത്രവസ്തുതകളുണ്ട്. വടക്കേ മലബാറില്‍ സ്ത്രീകള്‍ കോരപ്പുഴ കടക്കരുതെന്നായിരുന്നു നിയമം. കോരപ്പുഴ കടന്നാല്‍ ഭ്രഷ്ടാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് 'പാട്ടുപാടിക്കളിയ്ക്കാന്‍' പുഴകടന്നു രഹസ്യമായിപ്പോയ സ്ത്രീയെ ഭ്രഷ്ട് കല്‍പ്പിക്കുന്നത്. വിശദവിവരങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് മലബാറില്‍ ഗവേഷണം നടത്തിയ നരവംശശാസ്ത്രജ്ഞന്‍ ഫ്രെഡ് ഫാസറ്റിന്റെ രേഖയിലുണ്ട്. ആലോചിച്ചുനോക്കുക, ഒരു കലാപ്രകടനത്തില്‍, പ്രകടനമെന്നാല്‍ മറ്റാര്‍ക്കെങ്കിലും വേണ്ടിയല്ല, സ്വന്തം സ്വത്വാവിഷ്‌കരണതാല്പര്യത്തില്‍ മാത്രം ആവേശഭരിതയായി ഒരു സ്ത്രീ പുഴ കടന്നുപോയതിനു ലഭിച്ച ഭ്രഷ്ട്! എത്രമേല്‍ ആ സ്ത്രീ സ്വയം പ്രകാശിപ്പിക്കാനാവാതെ വീര്‍പ്പുമുട്ടിയിരിയ്ക്കണം!എഴുത്തും മെയ്യെഴുത്തും


ഒരുഘട്ടത്തിലെ മലയാളസാഹിത്യം ഏതാണ്ട് സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിപ്പാട്ടുണ്ടാക്കുന്നതില്‍ നിമഗ്‌നമയിരുന്നു എന്ന് എം ലീലാവതി നിരീക്ഷിയ്ക്കുന്നുണ്ട്. അവയുടെ ന്യൂനതകളെല്ലാം അംഗീകരിച്ചാലും, ഇപ്രകാരം ഒരു സ്ത്രീയാവിഷ്‌കരണത്തിനു ചേര്‍ന്ന എഴുത്തുകള്‍ സാഹിത്യം ഭരിച്ചൊരു ഘട്ടമുണ്ടായിരുന്നു എന്നത് അത്ര മോശം കാര്യമായി എനിക്കു തോന്നുന്നില്ല. പ്രശസ്തവും അപ്രശസ്തവുമായ കഥകളിപ്പദങ്ങള്‍, അനേകം നാടന്‍ ശീലുകള്‍, കുമ്മിയും കുറത്തിയും വഞ്ചിയും പോലുള്ള ഗാനമട്ടുകള്‍ എല്ലാം അതിന്റെ വസന്തമാഘോഷിച്ച ഘട്ടമാണത്.

മെയ്യെഴുത്തില്‍ അഥവാ നൃത്തത്തിലെ അതീവലളിതമായ ചില ചുവടുകളും ആംഗികപ്രകരണവുമാണ് കൈകൊട്ടിക്കളി നിലനിര്‍ത്തിയത്. പൊതുവേ കേരളീയകലകള്‍ക്കുള്ള 'അരയ്ക്കു വായുകൊടുത്ത് താണുനില്‍ക്കുക' എന്ന സമ്പ്രദായം അതിന്റെ മൂര്‍ത്തമായ അളവില്‍ അല്ലെങ്കിലും കൈകൊട്ടിക്കളിയിലും വന്നു. അതിന്റെ അതിഭാവുകത്വവല്‍ക്കരിച്ചാണ് ഇപ്പോള്‍ യുവജനോല്‍സവതിരുവാതിരയില്‍ കാണുന്ന 'ബാക്ക്‌സ്‌പോഞ്ച്' തിരുകിയുണ്ടാക്കിയ കൃത്രിമനിതംബഭാരമൊക്കെ കടന്നുവന്നത്. ആദിവാസിനൃത്തം മുതല്‍ സംഘനൃത്തങ്ങള്‍ക്കുള്ള പൊതുസ്വഭാവമായ, മുഖം ആധുനികസ്‌റ്റേജിന്റെ നിലയില്‍ മുന്നിലേക്കു കാണിക്കാതെ നിന്ന് വൃത്താകൃതിയില്‍ പാട്ടുപാടി ചുവടുകള്‍ വെക്കുന്നതാണ് രീതി. യുവജനോല്‍സവമടക്കമുള്ള മല്‍സരങ്ങളിലേക്കു വന്നപ്പോഴാണ് ഏതാണ്ടൊരു നിയതനൃത്തഛായ കൈകൊട്ടിക്കളി ആര്‍ജ്ജിച്ചത്. അത് കൈകൊട്ടിക്കളിയുടെ ജൈവകലാകാരികള്‍ അംഗീകരിക്കുകയുമില്ല. അനായാസം കൈകള്‍ വശങ്ങളിലേക്കു വെച്ചു മാറിയും വീശിയെറ്റുത്തും തോളുകളിലേക്ക് ചേര്‍ത്തും കൂട്ടിയടിച്ചും കൈകള്‍ കോര്‍ത്തും എല്ലാം കൈകൊട്ടികളില്‍ നിര്‍മ്മിക്കപ്പെടുന്ന സംഘകലയുടെ സിംഫണി ആണ് അവര്‍ പ്രധാനമായും ആസ്വദിക്കുന്നത്. മണിക്കൂറുകളോളം ലളിതമായ ചില ചുവടുകള്‍ കൊണ്ട് പാട്ടുപാടി അവര്‍ കളിച്ചുവെന്നിരിയ്ക്കും. മോഹിനിയാട്ടത്തിന്റെ 'ചാരി'കളെപ്പോലെ ചിലത് തെക്കോട്ടുള്ള കൈകൊട്ടിക്കളികളില്‍ കാണാമെങ്കിലും അവയും തികഞ്ഞ വടിവിലൊന്നുമല്ല, അനായാസതയിലാണ് അവര്‍ ചെയ്യാറുള്ളത്. അടിസ്ഥാനപരമായും ആത്യന്തികമായും ഞങ്ങള്‍ ചെയ്യുന്നത് ഒരു ലളിതസംഘകലാവിഷ്‌കരണമാണ് എന്ന് നല്ല കൈകൊട്ടിക്കളി എപ്പോഴും സ്വയംപ്രകാശിപ്പിയ്ക്കുന്നു. വരുന്ന പിഴവുകള്‍ പോലും അത്ര വലിയ പ്രശ്‌നമൊന്നുമല്ല. പിഴവുകള്‍ കുടി ചേര്‍ന്നാണ് ഒരു സംഘകലയുടെ പ്രത്യക്ഷമെന്ന് അവര്‍ക്കു നന്നായറിയാം.വിപ്ലവത്തിരുവാതിരയുടെ ആലപ്പുഴപ്പാഠം


ആലപ്പുഴയില്‍ നടന്ന വിപ്ലവത്തിരുവാതിര അവിടെ വന്നുകൂടിയ ആയിരത്തോളം വരുന്ന സ്ത്രീകള്‍ പങ്കെടുത്തൊരു കലാപ്രകടനമായിരുന്നു. സാമ്പ്രദായിക കൈകൊട്ടിക്കളിയുടെ സാഹിത്യത്തില്‍ നിന്നു വിഭിന്നമായി പാര്‍ട്ടിസമ്മേളനവുമായി ബന്ധപ്പെട്ട ഒരു പാട്ടാണ് അവര്‍ പാടിയത്. തികഞ്ഞ അനായാസതയോടെ മിക്കവരും കളിച്ചു. പലര്‍ക്കും ഇടയ്ക്കു തെറ്റി, അതൊരു പ്രശ്‌നവുമായില്ല. അവരൊന്നിച്ച് സന്തോഷിയ്ക്കുകയും പിരിഞ്ഞുപോവുകയും ചെയ്തു. അതിനുശേഷം ആണ് കേരളത്തിലെ കേവലസ്ത്രീവാദത്തിന്റെ അസ്‌കിതകള്‍ ആരംഭിയ്ക്കുന്നത്. ചരിത്രം രഞ്ജിത്ത് സിനിമയില്‍ നിന്നായതുകൊണ്ട് കൈകൊട്ടിക്കളിയും കാബറേയും അവര്‍ക്കൊന്നുതന്നെ. കൂടുതലൊന്നും പഠിക്കേണ്ട കാര്യവുമില്ല.ആലപ്പുഴയിലെ ഈ സംഘത്തിരുവാതിര കൊണ്ട് ഇവിടെ ജനകീയജനാധിപത്യവിപ്ലവം വരാന്‍ പോകുന്നു എന്നൊന്നുമല്ല. കൈകൊട്ടിക്കളി കളിച്ചുതന്നെ വേണം, ഈയൊരു കലാരൂപം കൊണ്ടുതന്നെ വേണം പാര്‍ട്ടിസമ്മേളനത്തിന്റെ കലാപ്രാരംഭങ്ങളെന്നുമില്ല. കേരളത്തിലെ അതിവിപ്ലവകരമായ കലകളിലൊന്നാണ് കൈകൊട്ടിക്കളി എന്നുമില്ല. പക്ഷേ കൈകൊട്ടിക്കളി എന്നു കേള്‍ക്കുമ്പോഴേക്കും ആണുങ്ങള്‍ക്കുള്ള പൃഷ്ടസദ്യ എന്നു മാത്രം ചിന്തിക്കുന്നവരെയോര്‍ത്ത് സഹതപിയ്ക്കുകയേ വഴിയുള്ളൂ.നളചരിതത്തിലെ ഒരു അരങ്ങുകാണാപ്പദം കൈകൊട്ടിക്കളിക്കാര്‍ക്കു പ്രിയപ്പെട്ടതാണ് – 'വിഫലം തേ വൈരസേനേ'. കളിയരങ്ങിലില്ലാത്തതും എന്നാല്‍ കൈകൊട്ടിക്കളിക്കാര്‍ക്കു സുപരിചിതവുമായ ഈ പദത്തിന്റെ ചരണം കേള്‍ക്കുമ്പോഴേല്ലാം കൈകൊട്ടിക്കളിയിലേക്കു പ്രക്ഷേപിയ്ക്കപ്പെട്ട കേരളീയസ്ത്രീയുടെ കലാത്മകതയെയും ആണധികാരത്തിനു നേരെയുള്ള പരോക്ഷപ്രഖ്യാപനത്തെയും ഞാനോര്‍ക്കും. ആ വരികളോടെയും അതിന്റെ അര്‍ത്ഥത്തോടെയും തല്‍ക്കാലം നിര്‍ത്തുന്നു. കേവലസ്ത്രീവാദികള്‍ എന്തു പറഞ്ഞാലും സഖാക്കള്‍ ഇനിയും കൈകൊട്ടിക്കളിക്കാന്‍ തോന്നിയാല്‍ അതു തന്നെ കളിയ്ക്കും എന്ന പ്രത്യാശയോടെ..'വികൃതഹൃദയ, ഞങ്ങള്‍ വികിരങ്ങളല്ലാ,
വെറുതേ ഞങ്ങളെക്കൊല്‍വാന്‍ തവതരമില്ലാ;
വിരവില്‍ നിന്നെച്ചതിച്ച വിരുതുള്ള ഞങ്ങളെല്ലാം
വിപുലമഹിമ തേടും ചൂതുകള്‍ ചൊല്ലാം…'വികൃതഹൃദയമുള്ളവനേ, ഞങ്ങള്‍ കേവലം പക്ഷികളല്ല. ഞങ്ങളെ അങ്ങനയങ്ങു കൊല്ലാന്‍ കഴിയുകയുമില്ല. കഴിവുള്ള ഞങ്ങള്‍ മഹിമ കലര്‍ന്ന ചതുരംഗക്കളത്തിലെ കരുക്കളാണ്...എന്ന്!
Next Story

Related Stories