TopTop
Begin typing your search above and press return to search.

സിപിഐയുടെ ധാര്‍മിക പ്രശ്നങ്ങളും ജയരാജന്റെ ആവലാതികളും

സിപിഐയുടെ ധാര്‍മിക പ്രശ്നങ്ങളും ജയരാജന്റെ ആവലാതികളും

കെ എ ആന്റണി

തെറ്റ് ആര്‍ക്കും സംഭവിക്കാം. തിരുത്താനുള്ള മനസാണ് വേണ്ടത്. ഇ പി ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ തിരുത്തി. പാര്‍ട്ടിയെ മാനിച്ച് അദ്ദേഹം മന്ത്രിസ്ഥാനവും രാജി വെച്ചു. കടിച്ചു തൂങ്ങാതെ ഒരു മന്ത്രി രാജി വെച്ചല്ലോ, നല്ല കാര്യം തന്നെയാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്തു സ്ഥിതി ഇതായിരുന്നില്ല. കടിച്ചു തൂങ്ങികളെ കൊണ്ട് ചാണ്ടിയും ജനവും പൊറുതി മുട്ടി. ആ പൊറുതി മുട്ടലിന്റെ പരിണാമമാണ് ഇന്നത്തെ പിണറായി സര്‍ക്കാര്‍.

കടിച്ചു തൂങ്ങലും ഉരുണ്ടു കളിയും പണ്ടും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും അവര്‍ക്കൊപ്പം ഭരണം പങ്കിടുന്നവര്‍ക്കും അസ്ഥിയില്‍ പിടിച്ച ഏര്‍പ്പാടായിരുന്നു. ഇതിനു ബാലകൃഷ്ണ പിള്ളയെ പോലെ ചില അപവാദങ്ങളും ഉണ്ടായിരുന്നു എന്നത് സത്യം. ഒരു തവണ കെ കരുണാകരന്‍ തന്നെ നല്ലൊരു മാതൃകയും ആയി. നിവര്‍ത്തികേട് കൊണ്ടായിരുന്നു അതെന്നത് മറ്റൊരു യാഥാര്‍ഥ്യം.

1957ലെ ഇ എം എസ് സര്‍ക്കാര്‍ പിരിച്ചു വിടപ്പെട്ടശേഷം കേരളം കണ്ടതത്രയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കീഴിലെ ചില കിട്ടുണ്ണി സര്‍ക്കസുകള്‍ തന്നെ. എന്നാല്‍ ഇടതു ഭരണത്തിന് എന്നും മാറ്റ് കൂടുതലായിരുന്നു. ബന്ധു നിയമനത്തില്‍ ആരോപണ വിധേയനായ ജയരാജനെ രാജിയിലേക്കു നയിക്കുക വഴി പിണറായി സര്‍ക്കാരും സിപിഎമ്മും തങ്ങള്‍ പിന്തുടരുന്നത് ആ പഴയ പാത തന്നെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്ത്യമാക്കിയിരിക്കുന്നു. രാജന്‍ കേസില്‍ അന്നത്തെ മുഖ്യ മന്ത്രിയാരുന്ന സി അച്യുതമേനോന്‍ കരുണാകരന്റെ രാജിയില്‍ പിടിച്ചു തൂങ്ങുകയായിരുന്നു എന്ന് ഏതു കാലത്താണാവോ നമ്മുടെ പഴയ സോവിയറ്റ് യൂണിയന്റെ ക്ലാവ് മാറാത്ത ഓര്‍മകളുമായി നടക്കുന്ന സിപിഐക്കാര്‍ മനസിലാക്കുക എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ലയനം നാടകത്തിലെ കലിപ്പാണോ അതോ ഇന്നും തങ്ങളെ കൊച്ചാക്കുന്ന സിപിഎമ്മിന്റെ വല്യേട്ടന്‍ സ്വഭാവമാണോ ഇതിനു പിന്നില്‍ എന്ന് അറിയില്ല. ചൈനീസ് ചാരന്മാര്‍ എന്ന് ഒരു കാലത്ത് നെഹ്‌റു പക്ഷം ചേര്‍ന്ന് ചിലരെയൊക്കെ തങ്ങളും കൂടി മുദ്ര കുത്തുമ്പോള്‍ കാര്യങ്ങള്‍ ഇത്രകണ്ടങ്ങു ഗതികേടിലാവുമെന്നു കരുതിയിരിക്കാനും ഇടയില്ല.

സിപിഐക്കാരുടെ സ്ഥിരം സന്ദര്‍ശന രാജ്യമായി മാറി പഴയ സോവിയറ്റ് യൂണിയന്‍. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഒരു പക്ഷം ചൈനീസ് ലൈനിന് ഒപ്പവും മറുപക്ഷം പഴയ പാര്‍ട്ടി സോവിയറ്റ് ചേരിയായും തുടര്‍ന്നപ്പോള്‍ ഒഴുകിയെത്തിയ സ്വപ്നരാജ്യ സന്ദര്‍ശനവും പഠന സൗജന്യങ്ങളും പാരയാവുമെന്ന് അന്നൊന്നും കരുതിയിരിക്കാന്‍ ഇടയില്ല. പണം ഉള്ള പാര്‍ട്ടിയും ഇല്ലാത്ത പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം ഒരു പക്ഷെ സിപിഐ തിരിച്ചറിഞ്ഞത് അക്കാലത്തു തന്നെ ആവണം. എസ്എ ഡാങ്കേ അപ്പോഴേക്കും അവര്‍ക്കും അനഭിമതനായി മാറിയിരുന്നു.

വീണ്ടും സിപിഎമ്മിനൊപ്പം സംഘം ചേര്‍ന്ന സിപിഐ ഇപ്പോഴും ഇടതു കമ്മ്യൂണിസ്റ്റ് പാളയത്തിലാണ്. കാര്യം ശരിയാണെങ്കിലും ഇടയ്‌ക്കൊക്കെ ഒരു വലതുപക്ഷ വ്യതിയാനം ചില ചിന്തകളില്‍ എങ്കിലും ഉണ്ടാകുന്നു എന്നത് തികച്ചും സ്വാഭാവികം മാത്രം.സിപിഐ യുടെ ഉരുണ്ടു കളിയും മാന്യത ചമയലും തത്കാലം അവിടെ നില്‍ക്കട്ടെ. ഇ പി ജയരാജനിലേക്കു തന്നെ മടങ്ങാം. ഇപ്പോള്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത് അദ്ദേഹം മാത്രമാണല്ലോ. തന്നെ മാധ്യമങ്ങള്‍ വേട്ടയാടി എന്നും താന്‍ ശുദ്ധനാണെന്നുമാണ് ജയരാജനറെ വാദം. അദ്ദേഹം അക്കാര്യം വളരെ വികാരഭരിതനായി തന്നെ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. നല്ലൊരു മനസ്സുണ്ട് ഇപിക്ക് എന്ന് വേണം ഇന്നത്തെ നിയമസഭാ പ്രസംഗം കേട്ടാല്‍ തോന്നുക. സത്യത്തില്‍ അദ്ദേഹം ഒരു നല്ല മനുഷ്യന്‍ തന്നെ. അതുകൊണ്ട് തന്നെയാവണമല്ലോ കുടുംബക്കാരെ ആദ്യം പരിഗണിച്ചതും. ഒരാള്‍ മന്ത്രിയായിപ്പോയി എന്നതുകൊണ്ട് ബന്ധുക്കളെ നിയമിക്കുന്നതില്‍ തെറ്റ് പറയാനാവില്ല. ചട്ടങ്ങള്‍ പാലിക്കണം, മതിയായ യോഗ്യത വേണം എന്നു മാത്രം.

എന്നു കരുതി ജയരാജന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞതത്രയും ഒറ്റയടിക്ക് വിഴുങ്ങാന്‍ കഴിയില്ല. പൊതുമേഖല സ്ഥാപങ്ങള്‍ മുഴുവന്‍ നഷ്ടത്തിലാണ്. പലതും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞത് തികച്ചും ശരി തന്നെ. ഭരിക്കുന്നവര്‍ മാത്രമല്ല അവരുടെ ശിങ്കിടികളായി ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തിയവര്‍ തൊട്ടു ചില ജീവനക്കാരുടെ പങ്കും ഇക്കാര്യത്തില്‍ തള്ളിക്കളയാനാവില്ല. ഇത്തരം ഏര്‍പ്പാടുകള്‍ സാധാരണ നിലയില്‍ നടുന്നുവന്നിരുന്നത് യുഡിഎഫ് ഭരണ കാലത്തായിരുന്നു എന്നത് ശരിതന്നെ. എന്നു കരുതി യുഡിഫ് ചെയ്തതത്രയും ശരിയെന്നു കരുതി ഒരു ജാമ്യം എടുക്കുന്നത് എത്ര കണ്ടു ശരിയെന്നു സഖാവ് ജയരാജന്‍ തന്നെ മറുപടി പറയേണ്ട കാര്യമാണ്.

അദ്ദേഹം ഇന്ന് നിയമസഭയില്‍ നടത്തിയത് പഴമുറ അടവ് തന്നെ ആണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ സ്വന്തക്കാരെ നിയമിച്ചത് കൊണ്ട് കാര്യമുണ്ടോ? കുടംബസ്വത്തിന്റെ കാര്യത്തിലാണെകില്‍ പോലും ഇപ്പോള്‍ കച്ചവടം നന്നായി അറിയുന്നവര്‍ പുറത്തു നിന്നും ഏതെങ്കിലും വിദഗ്ധരെ നിയമിക്കുന്ന ഇക്കാലത്തു സര്‍ക്കാര്‍ സ്വത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരു ന്യായവാദം എത്രകണ്ടു അംഗീകരിക്കാന്‍ കഴിയും?

നിയനമങ്ങളെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് മുഖ്യമന്ത്രി ഇന്നു നിയമസഭയില്‍ പറഞ്ഞത്. ചില നിയമനങ്ങള്‍ തന്റെ ശ്രദ്ധയില്‍ വരാതെ തന്നെ അതാതു മന്ത്രിമാര്‍ നടത്തുന്നതാണെന്നും മുഖ്യന്‍ പറഞ്ഞു. ഇത് തന്നെയായിരുന്നു അദ്ദേഹം നേരത്തെയും പറഞ്ഞത്. ഇക്കാര്യത്തില്‍ പിണറായിയെ വിശ്വസിക്കാനാണ് എനിക്ക് താല്‍പ്പര്യം. ഒന്നുമല്ലെങ്കിലും കരുണാകരനെപ്പോലെയോ ഉമ്മന്‍ ചാണ്ടിയെ പോലെയോ അല്ല പിണറായി വിജയന്‍.


Next Story

Related Stories