TopTop
Begin typing your search above and press return to search.

സി പി എം, സി പി ഐ പോര്; തറവാടിന്റെ ബാക്കി കഴുക്കോലുകൾ കൂടി ഊരി മാറ്റുന്ന അവസാനത്തെ പണി

സി പി എം, സി പി ഐ പോര്; തറവാടിന്റെ ബാക്കി കഴുക്കോലുകൾ കൂടി ഊരി മാറ്റുന്ന അവസാനത്തെ പണി

രാജ്യം കാവി പുതച്ചു കൊണ്ടിരിക്കുമ്പോൾ അതിനെതിരെ കൈകോർക്കേണ്ട രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരേ മുന്നണിയിൽ നിന്നുകൊണ്ട് പരസ്പരം കടിച്ചുകീറുന്ന ഒരു കാഴ്ചയാണ്‌ കേരളത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. അമ്മയെ തല്ലിയാൽ രണ്ടുണ്ട് ന്യായം എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു വന്നാൽ കാണാൻ എന്തൊരു ചേല് എന്ന മട്ടിൽ ജനം തങ്ങളെ നോക്കി പരിഹസിക്കുന്നത് ഇവർ മാത്രം എന്തുകൊണ്ട് കാണുന്നില്ലായെന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

ഇപ്പോഴത്തെ തല്ലുകൂടൽ ലക്ഷ്മി നായർ കുടുംബവും അവർ നടത്തുന്ന നിയമ പഠന കേന്ദ്രവും ആയി ബന്ധപ്പെട്ടു ഉള്ളതാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അണ്ടിയോ മാവോ ഇതിൽ ഏതാണ് മൂത്തത് അല്ലെങ്കിൽ മുട്ടയോ കോഴിയോ ഏതാണ് ആദ്യം ഉണ്ടായത് എന്നൊക്കെ ചോദിച്ചു തർക്കിക്കുന്ന മൂപ്പിളമ തർക്കത്തിനുമപ്പുറം കുറച്ചുകൂടി ഗൗരവതരം എന്ന് നിരീക്ഷിക്കാതെ തരമില്ല.

ഇന്ത്യ മഹാരാജ്യത്തു ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുളപൊട്ടിയത് എന്നാണെന്നു ചോദിച്ചാൽ നമ്മുടെ സി പി ഐക്കാരും സി പി എമ്മുകാരും പറയുന്ന വര്‍ഷം ഏതാണ്ട് ഒന്ന് തന്നെയാണ്-1935. എന്നാൽ കാൺപൂരിൽ നടന്ന ഒരു യോഗത്തിൽ വെച്ചാണ് ഇങ്ങനെയൊരു ചുകപ്പ് കൊടിക്കാർ ഇന്ത്യയിൽ എത്തിയതെന്ന് ഒരു കൂട്ടരും അതല്ല താഷ്‌ക്കന്റിൽ നടന്ന ഒരു അതീവ രഹസ്യ യോഗത്തിന്റെ ഫലമാണ് ഇതെന്ന് മറ്റൊരു കൂട്ടരും പണ്ട് മുതൽക്കേ തർക്കിച്ചു വരുന്ന കാര്യമാണ്. ഇങ്ങനെയൊരു തർക്കം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവി സംബന്ധിച്ചും നിലനിൽക്കുണ്ട്. കണ്ണൂർ പിണറായിക്കടുത്ത പാറപ്പുറത്തു നടന്ന രഹസ്യ സമ്മേളനത്തിലാണ് പിറവിയെന്ന് ഇരു കമ്മ്യൂണിസ്റ്റുകളും പറയുമ്പോൾ അത് അങ്ങനെയല്ല കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എൻ സി ശേഖറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കുന്നറയിൽ പിറവി കൊണ്ട കമ്മ്യൂണിസ്റ്റ് ലീഗ് ആണെന്ന് വാദിക്കുന്നവരും ഉണ്ട്.

ഇതൊക്കെ ഇപ്പോൾ പറഞ്ഞത് പിറവി സംബന്ധിച്ച ചില്ലറ തർക്കങ്ങൾ നിലനിൽക്കുമ്പോഴും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായി മാറാൻ കഴിഞ്ഞ ഒരു വലിയ വിപ്ലവ പാർട്ടിയുടെ ഇന്നത്തെ ഗതികേട് കണ്ട് മനസ്സു മടുക്കുന്നതിനാൽ കൂടിയാണ്. 1952 ൽ മുഖ്യ പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നിപ്പോൾ പ്രധാനമായും കേരളം, ത്രിപുര എന്നിങ്ങനെ രണ്ടു സംസ്‌ഥാനങ്ങളിലേക്ക് ഒതുങ്ങിയിപ്പോയിരിക്കുന്നു. നാലു ദശാബ്ദം വാണ പശ്ചിമ ബംഗാളിൽ പഴയ കാല ദുഷ്ചെയ്തികൾക്കു മറുപടി പറഞ്ഞു തുലയുന്ന വല്ലാത്തൊരു ഗതികേട്. മറ്റാരും വരുത്തി വെച്ചതല്ല. സ്വയം വരുത്തി വെച്ചതാണ്. വിനാശകാലേ വിപരീത ബുദ്ധി എന്നൊക്കെ പറയുംപോലെ. ഇനിയിപ്പോൾ ബംഗാളിലേക്കുള്ള ചുവന്ന പാത എന്ന് തുറന്നു കിട്ടുമെന്ന് ഒരു ഗ്രാഹ്യവും ഇല്ലാത്ത അവസ്ഥയിലാണ് സി പി എമ്മും അവിടുത്തെ ഇടതു മുന്നണിയും. മമത ഇന്നിപ്പോൾ ബംഗാളികളുടെ സ്വന്തം ദുർഗ്ഗയാണ്. ഉറഞ്ഞു ചാടുകയാണ് അവരും. കോൺഗ്രസ്സുമായി നടത്തിയ നീക്കുപോക്കുകൾ പാളിപ്പോയതിന്റെ ജ്യാള്യതയിലാണ് സി പി എമ്മും സഖ്യ സേനയും. മോദിത കാലത്തിൽ ദുർഗയെ മാറ്റി ശ്രീരാമനെ പ്രതിഷ്ഠിക്കാൻ ഒരുങ്ങുകയാണ് മോദി പാർട്ടി.

ബംഗാൾ എന്നല്ല പഞ്ചാബിലും മുംബൈയിലും തമിഴ്നാട്ടിലും തമ്മിലടിച്ചു മേൽവിലാസം പോലും നഷ്ടപ്പെടുത്തിയ രണ്ടു കമ്മ്യൂണിസ്റ്റുകളാണ് കേരളത്തിലെ തിണ്ണ മിടുക്കുകാട്ടി ജനം കൈയ്യിൽ വെച്ച് തന്ന ഭരണം കുളമാക്കാൻ ശ്രമിക്കുന്നത്. ആന്ധ്രയിൽ കാര്യങ്ങൾ പണ്ടേ കൈവിട്ടു പോയതാണ്. മാവോയിസ്റ്റുകളോടുള്ള സി പി എം വിരക്തിക്കും കലിക്കും പിന്നിൽ തെളിയുന്ന ചിത്രം മറ്റൊന്നല്ല.

സത്യത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിലേക്ക് വഴിവെച്ചത് ഡാങ്കെയുടെ ചില കടുത്ത നിലപാടുകൾ തന്നെയായിരുന്നു. ഡാങ്കെയുടെ പ്രതിപത്തി സോവിയറ്റ് യുണിയനോട്. കേരളത്തിലെ പഴയ കോൺഗ്രസ്സിൽ നിന്നും പുറത്തുവന്ന ഇ എം എസ്, എ കെ ജി തുടങ്ങിയവർക്ക് സ്നേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട്. വെറുതെ ചൈനയെ കയറി പ്രണയിച്ചതല്ല അവർ. നെഹ്രുവിനും സംഘത്തിനും പിന്തുണ നൽകുന്ന സോവിയറ്റ് നിലപാടുകളോടുള്ള കടുത്ത വിയോജിപ്പും ചെങ്കോട്ടയിൽ ചെങ്കൊടി പാറിക്കാനുള്ള അടങ്ങാത്ത അഭിനിവേശവും അതിനൊപ്പം ഉണ്ടായിരുന്നു. 1962ലെ ഇൻഡോ-ചൈന യുദ്ധം ഇതിനൊരു നിമിത്തം ആയെന്നുമാത്രം. ഒടുവിൽ ചൈനീസ് ചാരന്മാർ എന്ന് മുദ്രകുത്തപ്പെട്ടവർ ഒരു ഭാഗത്തും സോവിയറ്റ് അനുഭാവികൾ മറ്റൊരു പക്ഷത്തും അണിനിരന്നപ്പോൾ അടിച്ചമർത്തപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ഒരു ജനതയുടെ സ്വപ്നങ്ങളെ തകർത്തു തരിപ്പണമാക്കികൊണ്ടു ഏറെ പ്രതീക്ഷ ജനിപ്പിച്ച വലിയൊരു മുന്നേറ്റത്തിന്റെ ചാലക ശക്തി ആകേണ്ടിയിരുന്ന ആ പ്രസ്ഥാനം 1964ൽ പിളർന്നു. ഡാങ്കേക്കൊപ്പം നിലയുറപ്പിച്ച വലിയേട്ടൻ ആകേണ്ടിയിരുന്നവർ ചെറിയേട്ടനും മറുകൂട്ടർ വലിയേട്ടനും ആവുന്ന കാഴ്ചയാണ് പിനീട് കണ്ടത്. കൂട്ടത്തിൽ കിടക്കുന്നവനെ രാപ്പനി അറിയാവൂ എന്ന് പറഞ്ഞതുപോലെയായി കുടപ്പിറപ്പുകൾ തമ്മിലുള്ള തുടർ പോരാട്ടങ്ങൾ, പ്രതേകിച്ചും കേരളത്തിൽ.

അറുപത്തി നാലിലെ പിളർപ്പിന് ശേഷം അറുപത്തി ഏഴിൽ സപ്ത കക്ഷി മുന്നണിയുടെ ഭാഗമായി കേരളത്തിൽ അധികാരത്തിൽ വന്ന കാലത്താണ് ലോ അക്കാദമിക്ക് മൂന്ന് വർഷ പാട്ട കരാർ പ്രകാരം സി പി ഐക്കാരനും അന്നത്തെ ഇ എം എസ് സർക്കാരിൽ കൃഷി മന്ത്രിയുമായിരുന്ന എം എൻ ഗോവിന്ദൻ നായർ ഭൂമി നൽകി വാഴിച്ചതു. അന്ന് റവന്യു വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയുടെ എതിർപ്പിനെ മറികടന്നായിരുന്നു ഇതെന്നും ഓർക്കണം. ഇതൊന്നും സി പി ഐ മറന്നിട്ടില്ല എന്ന് തന്നെയാണ് ഇന്നലത്തെ മുഖ പത്രത്തിലെ രണ്ടു ലേഖനങ്ങൾ വാദിക്കുന്നത്. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് നിയമം പഠിക്കാൻ ഒരു കലാശാല ഉണ്ടാക്കുന്നതിനു ഇത്തിരി ഭൂമി നൽകിയതിന് എന്തിനാ തങ്ങളോട് മെക്കിട്ടു കേറുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതിന്റെ പിന്നിലെ യുക്തിയും അത് തന്നെയാണ്. ഇന്നിപ്പോൾ ഭൂമി സ്വകാര്യ സ്വത്ത് എന്ന നിലയിൽ ലക്ഷ്മി വിലാസംകാർ വെച്ച് അനുഭവിക്കുന്നതിൽ സി പി ഐ കാണിക്കുന്ന അമർഷം പക്ഷെ ആ പാർട്ടിയുടേത് മാത്രമാക്കി ചുരുക്കി കാണാൻ ആവില്ലെന്നത് മറ്റൊരു സത്യം.

എന്നാൽ ഇത് മാത്രമാണോ കേരളത്തിൽ സി പി ഐ-സി പി എം പോരിന് ആധാരം എന്ന ചോദ്യം അപ്പോഴും പ്രസക്തമാകുന്നു. വീണ്ടും ഇണ പിരിഞ്ഞു കോൺഗ്രസ് ലാവണത്തിൽ എത്തി ഭരണം നടത്തിയ കാലത്താണ് സി പി ഐക്കു മറ്റൊരു അക്കിടി പിണഞ്ഞത്. അതാവട്ടെ നിനച്ചിരിക്കാതെ വന്ന അടിയന്തിരാവസ്ഥയും രാജൻ കേസും ഒക്കെ ആയിരുന്നു. കരുണാകരനോടൊത്തു അച്യുതമേനോൻ ഭരിച്ചു തകർക്കുമ്പോൾ വന്നുപെട്ട ഈ രണ്ടു സംഭവങ്ങളും ഇന്നും സി പി ഐക്കാരെ വല്ലാതെ വേട്ടയാടുന്നുണ്ട് അന്ന് പ്രതിപക്ഷമായിരുന്ന സി പി എം ഇടയ്ക്കിടെ ഇക്കാര്യങ്ങൾ പറഞ്ഞു കുത്തി നോവിക്കുന്നത് സി പി ഐക്കു ഒട്ടും പൊറുക്കാനാവുന്നില്ല. അവസരം കിട്ടുമ്പോഴൊക്കെ അവർ തിരിഞ്ഞു കുത്തുന്നതും ഇതുകൊണ്ട് തന്നെയാണ്. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണ്.

സി പി എം വിട്ടു ചിലരൊക്കെ സി പി ഐ യിൽ ചേരുന്ന പ്രവണത അടുത്തകാലത്തായി ശക്തമാണ്. കമ്മ്യൂണിസ്റ്റുകാരൻ മറ്റൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അതും ഒരേ മുന്നണിയിൽ നിൽക്കുന്ന ഒരു പാർട്ടിയിൽ ചേരുന്നതിനെ സി പി എം എന്തിനു എതിർക്കുന്നുവെന്നാണ് സി പി ഐ ചോദ്യം. ആ ചോദ്യം തികച്ചും പ്രസക്തവുമാണ്. സി പി എം വിടുന്നവർ ബി ജെ പിയിലോ കോൺഗ്രസ്സിലോ ചേർന്നാൽ പീഡിപ്പിച്ചോ പേടിപ്പിച്ചോ അല്ലെങ്കിൽ വെട്ടിയോ കുത്തിയോ കൊല്ലാം. സി പി ഐക്കാരൻ ആയാൽ ജീവന് സംരക്ഷണം കിട്ടുമല്ലോ എന്ന് കരുതിയാവണം പലരും ഇങ്ങനെ ചെയ്യുന്നത്. ഇനിയിപ്പോൾ ഇതിന്റെ പേരിൽ സിപി ഐ വളർന്നു കാലക്രമേണ വലിയേട്ടൻ ആയി മാറിക്കളയുമോ എന്നൊരു പേടി സി പി എം കൊണ്ട് നടക്കുന്നുവോ എന്ന് പോലും സി പി ഐ ചിന്തിച്ചുപോയാല്‍ അതിനവരെ കുറ്റം പറയാൻ ആവില്ല.

കേരളത്തിൽ കൈയിൽ കിട്ടിയ ഭരണം വെച്ച് സി പി ഐ യും സി പി എമ്മും ലോ അക്കാദമി വിഷയത്തിൽ പരസ്പരം കടിച്ചു കീറുമ്പോൾ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന കാവിക്കാരെ അവർ എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിനൊന്നും അത്ര പ്രസക്തി പോര. കാരണം ഒരേ തറവാട്ടിൽ പിറന്നു പരസ്പരം മല്ലടിച്ചു വളർന്നവരാണ് അവർ. പണ്ടേ ശിഥിലമായ തറവാടിന്റെ ബാക്കി കഴുക്കോലുകൾ കൂടി ഊരി മാറ്റേണ്ട ജോലി കൂടിയേ ബാക്കിയുള്ളു. ഇങ്ങനെ പോയാൽ അതും അവർ വളരെ ഭംഗിയായി നിർവഹിക്കും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories