TopTop
Begin typing your search above and press return to search.

പാര്‍ട്ടിക്കുമേല്‍ ചാഞ്ഞ മരം ഇത്തവണ വെട്ടുമോ?

പാര്‍ട്ടിക്കുമേല്‍ ചാഞ്ഞ മരം ഇത്തവണ വെട്ടുമോ?

എ. എം യാസര്‍

പുരോഗമന മനോഭാവമുളളവരും പിന്തിരിപ്പന്മാരുമായ രണ്ടുവിഭാഗം നേതാക്കള്‍ സ്വാതന്ത്ര്യസമരകാലത്തെ കോണ്‍ഗ്രസിലുണ്ടായിരുന്നതായി അബ്ദുള്‍ കലാം ആസാദ് അദ്ദേഹത്തിന്റെ 'ഇന്ത്യ വിന്‍സ് ഫ്രീഡം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ചെയ്യണമെന്ന് ഉദ്ദേശിച്ചുറപ്പിച്ച കാര്യം ചെയ്തു തീര്‍ക്കുന്നതില്‍ നിന്നും ഒരാളെ പിന്തിരിപ്പിക്കുന്ന ഒരു മനോഭാവം എല്ലാ വ്യക്തികളിലുമുണ്ടെന്ന് മന:ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. അത്തരം പിന്തിരിപ്പന്‍ തോന്നലുകളെ മറികടക്കാന്‍ ഏകാഗ്രത ഉണ്ടായാല്‍ മതിയെന്നാണ് 'ദി പവര്‍ ഓഫ് കോണ്‍സെന്‍ട്രേഷന്‍' എന്ന പുസ്തകത്തില്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു വ്യക്തിയെ ഒരു ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കാനുളള ശ്രമം അയാളില്‍ നിന്നു തന്നെയുണ്ടാവുമെന്നത് ഒരു പ്രകൃതി നിയമമാണെന്നാണ് ഈ പുസ്തകത്തിലെ ഒരു കണ്ടത്തല്‍.

സി.പി.ഐ.എമ്മിനെ പോലെ കരുത്തുളള ഒരു ജനകീയ പാര്‍ട്ടിക്കും അതിന്റെ അജണ്ട നടപ്പിലാക്കുന്നതില്‍ നിന്നും അതിനെ സ്വയം പിന്തിരിപ്പിക്കുന്ന ഒരു 'സ്വഭാവ'മാണ് സഖാവ് വി.എസ് അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ പിന്തിരിപ്പന്‍ മനോഭാവം ഉള്‍ക്കാളളുന്നതിന് പാര്‍ട്ടിയുടെ അടിസ്ഥാന തത്വത്തിന് വിയോജിപ്പുണ്ടാവില്ല. കാരണം മാര്‍ക്‌സിസ്റ്റ് ലെനിനിസറ്റ് നിരിക്ഷണങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണത്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്‌ തത്വങ്ങളുടെ അടിസ്ഥാന വാദവുമാണ്. എന്നിട്ടുമെന്തെ കഴിഞ്ഞ ദിവസം ആ പാര്‍ട്ടിയുടെ സംസ്ഥാനഘടകം അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കിയത്? 'വൈരുദ്ധ്യാധിഷ്ഠിത' ചിന്തകളില്‍ നിന്നും സംസ്ഥാന ഘടകം പിന്തിരിയുന്നതാണോ? അല്ലെന്നാണ് ആ പാര്‍ട്ടിയുമായി അത്രയ്ക്കു ബന്ധമുളളവര്‍ പറയുന്നത്. പാര്‍ട്ടിയിലെ ഏതു പ്രവണതകളും ചര്‍ച്ച ചെയ്യാന്‍ വേദികളുണ്ട്. ആ വേദികള്‍ക്കു പുറമെ പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകരോട് തന്റെ ചിന്തകള്‍ പങ്കുവെക്കുന്നത് ഒരു പാര്‍ട്ടി അംഗവും ചെയ്യാന്‍ പാടിലാത്ത കുറ്റമാണെത്രെ. അതുമല്ല പാര്‍ട്ടിയുടെ മുഖ്യ ഘടകങ്ങളും ചര്‍ച്ച ചെയ്ത ഒരു കത്ത് സംസ്ഥാനസമേളനത്തിന് കൊടി ഉയരുന്നതിന്റെ മണിക്കൂറുകള്‍ മുമ്പെ ഒരു മാധ്യമത്തിന് നല്‍കുകയെന്നത് പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണ്. ആ പാര്‍ട്ടിയെ ഇഷ്ടെപ്പെടുന്ന ആര്‍ക്കും അത് സഹിക്കില്ല. അതാണ് അദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രമേയത്തിന്റെ കാതലും.

'പാര്‍ട്ടി വിരുദ്ധമനോഭാവം' വി.എസില്‍ ആരോപിക്കുന്നത് ആ പാര്‍ട്ടിയുടെ അടിസ്ഥാനതത്വങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ശരിയുമാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി പാര്‍ട്ടിയുടെ ഏകാഗ്രത തെറ്റിക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ വി.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നത് മറ്റുപാര്‍ട്ടികളിലെ നേതാക്കള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. ശക്തമായ ഒരു ബദല്‍ എവിടെയും മുന്നോട്ടുവയ്ക്കാനാവാതെ പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാന്‍ അദ്ദേഹം ധൈര്യപെടുന്നത് ഏതിര്‍ പാര്‍ട്ടികളിലെ നേതാക്കള്‍ക്കുപോലും ഉള്‍ക്കൊളളാനാവാത്ത ദുഃസ്വഭാവമായി തന്നെ കരുതേണ്ടതുണ്ട്. വി.എസ് എന്ന കമ്യൂണിസ്റ്റ് കാരണവര്‍ക്ക് കേരളം നല്‍കിവരുന്ന സനേഹാദരവ് അദ്ദേഹം തന്നെ വേണ്ടെന്നുവെയ്ക്കുന്ന നടപടികളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടാവുന്നു. അത് പാര്‍ട്ടിവിരുദ്ധ മനോഭാവമെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞുവെന്നത് പോസറ്റീവായി കാണേണ്ടി വരും.പാര്‍ട്ടിക്ക് വേരില്ലാത്ത മറ്റുസംസ്ഥാനങ്ങള്‍ ശ്രദ്ധിക്കാനോ ദേശിയ അജണ്ട നടപ്പിലാക്കാനോ ആയിരുന്നില്ല കഴിഞ്ഞ 10 വര്‍ഷക്കാലമായി സി.പി.എം കേന്ദ്ര കമ്മിറ്റിയും പി.ബിയുമെന്നത് വി.എസ് ഓര്‍ക്കേണ്ടിയിരുന്നു. വിഭാഗീയത സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചവരെ കണ്ടെത്തുന്നതിനു പകരം വിഭാഗീയതയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെന്ന വിഷയം ചര്‍ച്ചയ്ക്കുവരാന്‍ പോകുന്നേയുളളൂ. വി.എസിന്റെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ സ്വഭാവപരിണാമത്തെ വിലയിരുത്താന്‍ അദ്ദേഹത്തിന്റെ പ്രസ്ഥാവനകളും അതിന്റെ ഉറവിടവും പരിശോധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിവിരുദ്ധ മനോഭാവത്തെ കണ്ടെത്താനാവും. ധീരനായ ഒരു കമ്മ്യുണിസറ്റ് എന്നര്‍ത്ഥത്തില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ആത്മചരിത്രം സി.പി.എമ്മിന്റെ കൂടി ചരിത്രമാണെന്നും സിപി.എമ്മിന്റെ ചരിത്രം അദ്ദേഹത്തിന്റെ ആത്മകഥയമാണെന്ന് ബോധ്യം ഇപ്പോള്‍ സഖാവ് പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ പാര്‍ട്ടി ഘടകത്തിനുണ്ട്. കേന്ദ്ര പാര്‍ട്ടി നേതാക്കള്‍ക്കും ഉണ്ടെന്നതാണ് ശരി. അതുകൊണ്ടുമാത്രമാണ് കോലുമുറിച്ചിടാന്‍ തുനിയാതെ നേതാക്കള്‍ കാത്തിരുന്നത്. ഇപ്പോള്‍ കാത്തിരിക്കുന്നതും.

വി.എസ് എന്ന വ്യക്തി പുരയ്ക്കുമേല്‍ ചാഞ്ഞുനില്‍ക്കുന്ന മരമായിട്ടും മുറിച്ചുകളയാതെ ചേര്‍ത്തുപിടിക്കണമെന്ന് കേന്ദ്രനേതാക്കള്‍ ആഗ്രഹിക്കുമ്പോഴും അദ്ദേഹത്തിന്റെ അണികളെന്നു കരുതുന്നവരുടെ ഭാഗത്തുനിന്നും ദ്രോഹനടപടികള്‍ നിരന്തരമുണ്ടായികൊണ്ടിരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ മാധ്യമസ്ഥാപനങ്ങളില്‍ പോലും വി.എസ് പക്ഷക്കാര്‍ എന്ന് അറിയപെടുന്നുവര്‍ സ്വത്തുക്കള്‍ നഷ്ടപ്പെടുത്തുകയും സ്ഥാപനങ്ങളുടെ പ്രതിഛായ വികൃതമാക്കുകയും ചെയ്യുന്ന പ്രവണതകളുണ്ട്. അതിനപ്പുറമാണ് പാര്‍ട്ടിയുടെ അകത്ത് പുരോഗമനപരമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിന് പരസ്യമായി ചെക്ക് നല്‍കുക. നാദാപുരത്ത് സഖാവ് ഷിബിന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ വീടുകളും സ്വത്തുക്കളും തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയത് വി.എസ് പക്ഷക്കാരെന്ന് രഹസ്യമായി വിശ്വസിക്കുന്നവരാണെന്നും മുസ്ലീം ലീഗിനെ മുന്നണിയിലെടുക്കണെമെന്ന് നിലപാട് പാര്‍ട്ടി ചര്‍ച്ച ചെയ്യാതിരിക്കാനുളള താക്കീതായിരുന്നുവെന്ന് ചിന്തിക്കുന്നവരുണ്ട്. അതിന്റെ ശരി അതല്ലെന്ന് വിശ്വസിക്കാം. എങ്കിലും അത്തരം പ്രതിലോമ ചിന്തകള്‍ മുളപൊട്ടുന്ന മനസുകളായി ആ പക്ഷം മാറിയത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

വി.എസിന്റെ പല നിലപാടുകളിലും ഊര്‍ജം ലഭിച്ചവര്‍ പാര്‍ട്ടിയെ ഏതെല്ലാം തരത്തില്‍ പിളര്‍ത്താന്‍ സാധിക്കുമോയെന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലിയില്‍ യുക്തിവാദി സംഘം ഹിന്ദു യുക്തിവാദികളും മുസ്ലീം യുക്തിവാദികളുമായി പിരിഞ്ഞതിന്റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ ഏതു പാര്‍ട്ടിക്കാരും മൂക്കത്തു വിരല്‍ വെച്ചുപോകും. അതിനെല്ലാം പ്രത്യക്ഷത്തില്‍ വി.എസ് ഉത്തരവാദിയായിരിക്കില്ല. പാര്‍ട്ടിയുടെ പതനം ആഗ്രഹിച്ച് കുപ്പായം തയ്യ്ച്ചവരുടെ പിന്തുണ നേടാന്‍ വി.എസ് പക്ഷത്തിനായെന്നത് കാണാതിരിക്കാന്‍ വയ്യ.ഇതല്ലൊം പാര്‍ട്ടിക്കു പുതിയ വെല്ലുവിളികള്‍ നല്‍കുമ്പോഴും പാര്‍ട്ടി ജനാധിപത്യസംവിധാനത്തോട് കൂടതല്‍ ഫിറ്റാവുന്നുവെന്നതാണ് സത്യം. കേരളത്തില്‍ സുസ്ഥിരമായ ഭരണം കാഴ്ചവെയക്കാന്‍ പാര്‍ട്ടി എന്തുകൊണ്ടും ശക്തമാണെന്ന് കേരള ജനതക്കറിയാം. ഒരു ജനതയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ സ്വതവെ ദുര്‍ബലരും പിന്തിരിപ്പന്മാരുമായ വി.എസ് പക്ഷത്തിനാവില്ലെന്നതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമെന്നാണ് അകത്തുനിന്നറിയുന്നത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസറ്റ് പാര്‍ട്ടിയെ സംമ്പന്ധിച്ചിടത്തോളം അതിന് ജനതാല്‍പര്യത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഭരണതലത്തില്‍ കാര്യക്ഷമതയും വര്‍ഗരഹിതമായ സമൂഹനിര്‍മാണം സ്വപ്നവും കാണുന്ന സി.പി.ഐമ്മിന്റെ ആര്‍ജവത്തെ ഊര്‍ജത്തെ ഒരു തെറ്റിദ്ധാരണയുടെ പേരിലും ചോര്‍ത്തികളയാതിരിക്കാന്‍ ആ പാര്‍ട്ടിക്ക് നിലപാടെടുക്കേണ്ടിവരും. അത് ആ പാര്‍ട്ടിയുടെ അഭ്യന്തരകാര്യമാണ്. പിന്നോട്ടേക്കു നയിക്കുന്ന ഒരു വിഭാഗവും മുന്നോട്ടേക്കു നയിക്കുന്ന ഒരു വിഭാഗവും ഉണ്ടാവുമ്പോള്‍ ഭരണനിര്‍വഹണമെന്നത് മാത്രമല്ല സ്വയം നിലനില്‍പ്പു തന്നെ അവതാളത്തിലാവുമെന്നത് ഇരു വിഭാഗവും ചിന്തിക്കേണ്ടതാണ്.

പ്രായമായെന്നതുകൊണ്ട് മൂലയിലിരുത്തണമെന്നല്ല. പ്രായത്തിന്റെ വെളിച്ചം ഉപയോഗപെടുത്തകയാണ് നല്ലത്. സമീപകാലത്ത് ഭരിച്ചവരില്‍ ഏറ്റവും നല്ല മുഖ്യമന്ത്രിയെന്ന പേരിനുപോലും അര്‍ഹതയുളള നേതാവിനെ മുതിര്‍ന്ന നേതാവായി പരിഗണിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. പക്ഷെ 'കോലിട്ടു തിരിക്കുന്ന' ഏര്‍പ്പാട് നിര്‍ത്തണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. അത്രത്തോളം താഴെ വരാന്‍ വി.എസിന് ആവുമോ? വി.എസിന്റെ മനസിലിപ്പോഴും ഒരുപാട് വിങ്ങലുകളുണ്ടോ? സ്വന്തം നാട്ടില്‍ നിന്നും അദ്ദേഹത്തിന്റെ പൊട്ടിത്തെറി ഇനിയും ഉണ്ടാവുമോ? സി.പി.എമ്മിന്റെ അമരത്ത് ഇനിയും ഒരു നമ്പ്യാര്‍ വരുമോ? ഇതെല്ലാം കാത്തിരുന്നു കാണേണ്ട കാര്യം. മുഖ്യമന്ത്രിയായിരിക്കെ തന്നെ 'ക്ഷ' വരപ്പിച്ച അയാള്‍ സെക്രട്ടറിയായാല്‍?

സിവില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുകയും ഭരണതലത്തില്‍ സ്ഥിരത ഉറപ്പു നല്‍കുകയും ചെയ്ത് മുന്നോട്ടുപോവുന്ന പാര്‍ട്ടിയും പിന്നോട്ട് നയിക്കുന്ന വി.എസും ആസാദിന്റെ കാലത്തെ കോണ്‍ഗ്രസിനെ പോലെ തുടരുകയാണെങ്കില്‍ വൈകാതെ പാര്‍ട്ടി കെജ്രിവാളിന്റെ കാലത്തെ കോണ്‍ഗ്രസിനെ പോലെയാവും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are personal


Next Story

Related Stories