TopTop
Begin typing your search above and press return to search.

സിപിഎം ഒരു കോര്‍പ്പറേറ്റ് സ്ഥാപനം; ഇപ്പോ നടക്കുന്നത് കുശുമ്പും കുന്നായ്മകളും-ജോയ് മാത്യു

സിപിഎം ഒരു കോര്‍പ്പറേറ്റ് സ്ഥാപനം; ഇപ്പോ നടക്കുന്നത് കുശുമ്പും കുന്നായ്മകളും-ജോയ് മാത്യു

കേരളീയരെ തെറ്റിദ്ധരിപ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടുണ്ടെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. ഞങ്ങളാണ് ഇടതുപക്ഷമെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ലക്കം മാതൃഭൂമി വാരികയില്‍ താഹാ മാടായിയുമായി നടത്തിയ അഭിമുഖത്തിലാണ് ജോയ് മാത്യു ഇങ്ങനെ അഭിപ്രായപ്പെട്ടത്.

'ഒരു തൊഴിലാളിയോട് കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് തോന്നുന്നത് പേടിയാണോ സ്‌നേഹമാണോ? കേരളത്തില്‍ ഏത് പൊതുമേഖലാ സ്ഥാപനമാണ് ലാഭത്തില്‍ ഓടുന്നത്? എന്തുകൊണ്ടാണ് തൊഴിലാളി സമരത്തിന് പഴയതുപോലെ പിന്തുണ കിട്ടാത്തത്? തൊഴിലാളികളെ ഈ വിധം നിര്‍ജ്ജീവമാക്കുന്നതില്‍ അവരില്‍ ജനവിരുദ്ധമായ ഒരു തൊഴിലാളി ബോധമുണ്ടാക്കുന്നതില്‍ സിപിഎം പങ്കുവഹിച്ചിട്ടുണ്ട്'- അദ്ദേഹം പറയുന്നു.

സിപിഎമ്മില്‍ നിലവിലുള്ളത് വ്യക്തികള്‍ തമ്മിലുള്ള കുശുമ്പും കുന്നായ്മകളുമാണ്. വിഎസ് ഇപ്പോഴും ഫൈറ്റ് ചെയ്യുകയാണ്. പിണറായി വിജയനാണെങ്കില്‍ പാര്‍ട്ടി എന്ന സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണം എന്നു ചിന്തിക്കുന്ന ആളാണ്. അഖിലേന്ത്യ തലത്തില്‍ തന്നെ ഒരുപാട് ആസ്തിയുള്ള പാര്‍ട്ടികളിലൊന്നാണ് സിപിഎം. പാര്‍ട്ടി ഒരു എസ്റ്റാബ്ലിഷ്‌മെന്റാകുമ്പോള്‍ അതിനെ മുമ്പോട്ട് കൊണ്ടുപോകാന്‍ ഒരുപാട് കോംപ്രമൈസ് ചെയ്യേണ്ടി വരും. വാസ്തവത്തില്‍ ഈ പാര്‍ട്ടിയെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനമെന്നല്ലാതെ മറ്റെന്താണ് പറയുക?

കാലാകാലം നമുക്ക് മുന്നണിയായിട്ടു പോയാല്‍ മതി, അധികാരത്തിലിരുന്നാല്‍ മതി എന്ന് ചിന്തിക്കുന്ന പാര്‍ട്ടിയാകുമ്പോള്‍ കോംപ്രമൈസ് ചെയ്യേണ്ടിവരും. മുതലാളിത്ത പാര്‍ട്ടിയാണെന്ന് പറയാനാകില്ലെങ്കിലും സിപിഎം ഇപ്പോള്‍ കാണിക്കുന്നത് ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ സ്വഭാവമാണെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം എന്തെങ്കിലും നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ള ഒരേയൊരു പാര്‍ട്ടി സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ കൊടുത്ത കേസിലാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ സുപ്രിംകോടതി വിധിച്ചത്. കെഎസ്‌യുവിനെയോ എബിവിപിയെയോ പറ്റി അങ്ങനെ പറയാറില്ല. സിപിഎമ്മിനെക്കുറിച്ച് പ്രതീക്ഷയുള്ളതിനാല്‍ തന്നെയാണ് എന്ത് പ്രശ്‌നവും വരുമ്പോള്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നതും.

നമ്മുടെ എഴുത്തുകാര്‍ കേരളത്തിലെ ജനങ്ങളെ റപ്രസന്റ് ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ പതിനായിരം കോപ്പിവരെയാണ് പ്രധാനപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ വിറ്റുപോകുന്നത്. ഇവിടെയുള്ള ശാസ്ത്രജ്ഞരേക്കാളും മറ്റ് വിദഗ്ധരേക്കാളും ആയിരം കോപ്പി മാത്രം വിറ്റുപോകുന്ന എഴുത്തുകാരെ മാധ്യമങ്ങള്‍ കൊണ്ടാടുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ എഴുത്തുകാര്‍ ഒരു സംഭവമല്ല. മൂന്നുകോടി ജനങ്ങളില്‍ വളരെ ചെറിയ ശതമാനം ജനങ്ങളെ പോലും അവര്‍ റെപ്രസന്റ് ചെയ്യുന്നില്ല.

നമ്മുടെ പത്രക്കാര്‍ സാഹിത്യകാരന്മാരെ ബുദ്ധിജീവികളാക്കുന്നതായും അദ്ദേഹം ആരോപിച്ചു. സാഹിത്യകാരന്മാര്‍ ബുദ്ധിജീവികളല്ല. അവര്‍ എഴുത്തുകാര്‍ മാത്രമാണ്. എഴുത്തുകാരെ ബുദ്ധിജീവികളായി അവതരിപ്പിക്കുന്ന രീതി ലോകത്തെവിടെയുമില്ല. ഇത് ഒരുപാട് ദോഷം ചെയ്യുന്നുണ്ട്.

അല്‍പ്പന്മാരുടെ ആകാശഗംഗയാണ് സാഹിത്യലോകമെന്നും അദ്ദേഹം ആരോപിച്ചു. പുസ്തകം അച്ചടിക്കുന്നതിലല്ല, സ്വന്തം ബയോഡേറ്റ അച്ചടിച്ചുവരുന്നതിലാണ് പലര്‍ക്കും താല്‍പര്യം. കഥയേക്കാള്‍ വലുതായിരിക്കും ചിലരുടെ ജീവചരിത്രക്കുറിപ്പ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സാഹിത്യസമ്മേളനത്തിന് സമ്മാനം കിട്ടിയത് മുതല്‍ ചിലര്‍ എഴുതും.


Next Story

Related Stories