TopTop
Begin typing your search above and press return to search.

പിണറായിക്കുശേഷം വരുന്ന പിണറായിയും തെരുവിലേക്കിറങ്ങുന്ന അച്യുതാനന്ദനും

പിണറായിക്കുശേഷം വരുന്ന പിണറായിയും തെരുവിലേക്കിറങ്ങുന്ന അച്യുതാനന്ദനും

ഫിറോസ് സാലി മുഹമ്മദ്

സിപിഎം സംസ്ഥാന സമ്മേളനം സ്മരണകളുറങ്ങുന്ന രണസ്മാരകങ്ങളുടെ മണ്ണില്‍, അഥവാ സഖാവ് പി.കൃഷ്ണപിള്ളയുടെ സ്മാരകം സഖാക്കള്‍ തന്നെ തകര്‍ത്ത വിപ്ലവമണ്ണില്‍ തുടരുകയാണ്. കേരളത്തിലെ സിപിഎമ്മിന്റെ കുംഭമേളയാണ് സംസ്ഥാനസമ്മേളനം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കമ്യൂണിസ്റ്റ്‌വര്യന്‍മാര്‍ സമ്മേളനത്തില്‍ ഒത്തുകൂടും. വന്നതും വന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ വിപ്ലവങ്ങളെക്കുറിച്ച് ആഴത്തിലും പരപ്പിലും ചര്‍ച്ചകള്‍ നടക്കും. എല്ലാവര്‍ക്കും ലാല്‍സലാമായിരിക്കട്ടെ എന്ന് പ്രതിനിധികളും എപ്പോഴുമെപ്പോഴും ലാല്‍സലാമായിരിക്കട്ടേയെന്ന് നേതൃത്വവും സ്തുതിചൊല്ലിപ്പിരിയും. അതാണ് പാര്‍ട്ടി ലൈന്‍. അതാണ് പതിവ്.

ആലപ്പുഴ സമ്മേളനത്തിന്റെ കലാസംവിധാനം, ഗാനരചന, സംഗീതം, കൊറിയോഗ്രാഫി തുടങ്ങി ഒട്ടേറെക്കാര്യങ്ങള്‍ നിര്‍വഹിച്ചത് ജി.സുധാകരനാണ്. അതുകൊണ്ട് വിപ്ലവത്തിരുവാതിരയായിരുന്നു സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം. വിപ്ലവവും തിരുവാതിരകളിയും എങ്ങനെ യോജിക്കും എന്നതില്‍ സംശയിക്കേണ്ടതില്ല. ന്യൂജനറേഷന്‍ കാലത്ത് വിപ്ലവവും സമരവുമൊക്കെ ഒരു തിരുവാതിരക്കളിയാണ്. വിപ്ലവത്തിരുവാതിര മാത്രമല്ല വിപ്ലവ ഡപ്പാംകൂത്ത്, വിപ്ലവ സിനിമാറ്റിക് ഡാന്‍സ്, വിപ്ലവ ഡിജെ നൈറ്റ് തുടങ്ങിയവയും ആസൂത്രണം ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ പാല്‍പ്പായസത്തെ കമ്യൂണിസ്റ്റ് ആക്കിയതാണ് ഈ സമ്മേളനത്തിന്റെ മറ്റൊരു നേട്ടം. കട്ടന്‍ ചായക്കും പരിപ്പുവടക്കും പകരം അമ്പലപ്പുഴ പാല്‍പ്പായസവും ഉണ്ണിയപ്പവും ഇനിമുതല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭക്ഷണമാകും. ഷവര്‍മ്മ കൂടി ഉള്‍പ്പെടുത്തുന്ന നിയമഭേദഗതി ഈ സമ്മേളനത്തിലുണ്ടാകുമെന്നും കേള്‍ക്കുന്നു.

വിഎസ് അച്യുതാനന്ദന്റെ വിയോജനക്കുറിപ്പിന്റെ റിലീസ് സമ്മേളനത്തിന് മുന്‍പ് തന്നെ ബൂര്‍ഷ്വാ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും നടന്നു. പിണറായി സഖാവിനെ കുറിപ്പില്‍ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് വളയല്‍ സമരം ടോയ്‌ലറ്റ് വിപ്ലവമാക്കി ഉയര്‍ത്തിയതില്‍ പിണറായി വഹിച്ച പങ്കിനെക്കുറിച്ച് സുവര്‍ണ്ണലിപികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ എസ് പിയെ മുന്നണിയില്‍ നിന്ന് ആട്ടിപ്പുറത്താക്കിയതിനും ആര്‍ എസ് പി മുന്നണി വിട്ടപ്പോള്‍ പ്രേമചന്ദ്ര സഖാവിനെ പരനാറിയെന്ന് വിളിച്ച് പത്ത് വോട്ട് കിട്ടേണ്ടിടത്ത് നൂറു വോട്ട് കളഞ്ഞ് പിബി അംഗത്തെത്തോല്‍പ്പിച്ചതിനും കുറിപ്പില്‍ പ്രത്യേക അഭിനന്ദനമുണ്ട്. 40 വര്‍ഷം സിപിഎമ്മിന്റെ ചോരച്ചെങ്കൊടിയേന്തി പാര്‍ട്ടിക്കുവേണ്ടി ജീവിച്ച സഖാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതിന് പിന്നില്‍ സഖാവ് പിണറായി വഹിച്ച പങ്ക് നിസ്തുലമായിരുന്നെന്നും വിഎസ് കുറിപ്പില്‍ വിവരിക്കുന്നു. പിണറായി സഖാവാണ് ലോകം കണ്ട ഏറ്റവും മഹാനായ സെക്രട്ടറി എന്നാണ് വിഎസിന്റെ ബദല്‍ കുറിപ്പിന്റെ സാരാംശം. വിഎസ്സിന്റെ ബദല്‍ കുറിപ്പ് പത്രങ്ങളിലും ചാനലുകളിലും പ്രധാന വിഭവമായത് കണ്ടിട്ടാകണം പിണറായി സഖാവും പത്രസമ്മേളനവുമായി രംഗപ്പെട്ടു. സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സംസ്ഥാന സെക്രട്ടേറിയറ്റ് പാസ്സാക്കി എന്നുപറയപ്പെടുന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടു. വിഎസ് പാര്‍ട്ടി വിരുദ്ധനാണ്. തരംതാണവനാണ്, വിഭാഗീയവാദിയാണ് എന്നിങ്ങനെ ഒരു കമ്യൂണിസ്റ്റിന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്നയാളാണെന്ന് പിണറായി പുകഴ്ത്തി. കടുത്ത പാര്‍ട്ടിശത്രുക്കള്‍ക്കെതിരേ ഉപയോഗിക്കാറുള്ള എല്ലാ പദപ്രയോഗങ്ങളും പിണറായി വാര്‍ത്താസമ്മേളനത്തില്‍ വിഎസിനെതിരേ ഉപയോഗിച്ചു. അധികം താമസിയാതെ തന്നെ അയാളുടെ വാക്കുകള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് വിഎസ് പൊട്ടിത്തെറിച്ചു. ഇതാണ് സമ്മേളനം. ഇതാവണം സമ്മേളനം.1964 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിവന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റ് രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു സഖാവാണ് വിഎസ്. നവതി പിന്നിട്ട ആ വന്ദ്യവയോധികന് സ്വന്തം മണ്ണില്‍ താന്‍ രൂപീകരിച്ച പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന നഗരിയില്‍ വച്ച് നല്‍കാവുന്ന ഏറ്റവും മഹത്തരമായ ആദരിക്കല്‍ച്ചടങ്ങാണ് പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണില്‍ നടന്നത്. പക്ഷേ വെട്ടിനിരത്തലിന്റെയും ചിറകരിയിലിന്റെയും പേരില്‍ പാര്‍ട്ടിയില്‍ത്തന്നെ കുപ്രസിദ്ധനായ വിഎസ് സ്വന്തം മണ്ണില്‍ ചിറകരിഞ്ഞ് വീഴ്ത്തപ്പെടുന്നത് കാലത്തിന്റെ കണക്കുചോദിപ്പാകാം. അത് ചരിത്രത്തിന്റെ തിരിച്ചടിയാകാം. പക്ഷേ പാര്‍ട്ടിയുടെ സ്ഥാപക നേതാവ് തരംതാണവനും വിഭാഗീയപ്രവര്‍ത്തകനുമെന്ന് പിണറായി വിജയന്‍ ലോകത്തോട് വിളിച്ചുപറഞ്ഞ ആ വാര്‍ത്താസമ്മേളനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റിന്റെ ചരിത്രത്തില്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തപ്പെടും. അത് ചരിത്രത്തിലെ ഒരു ചുവന്ന അധ്യായമായി പൊള്ളിക്കിടക്കും. തീര്‍ച്ച.

വിപ്ലവങ്ങള്‍ ചരിത്രത്തിന്റെ വാഹനങ്ങളാണ് എന്നാണ് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കില്‍ വിഎസ്സിനെയും പിണറായിയെയും പോലെയുള്ള വിപ്ലവകാരികളെ ചരിത്രത്തിന്റെ വാഹനങ്ങളുടെ പഞ്ചറായ ടയറുകളാണ് എന്ന് പറയേണ്ടിവരും. ഇനിയൊരങ്കത്തിന് ബാല്യമോ അംഗബലമോ ആയുധബലമോ ഇല്ലാത്ത വിഎസിന്റെ ഈ ബദല്‍ രേഖ എന്തിനുവേണ്ടിയാകാം. നിലനില്‍പ്പിനുവേണ്ടിയുള്ള പത്തൊന്‍പതാം അടവാണ് ഇതെന്ന് പാര്‍ട്ടി സൈദ്ധാന്തികര്‍ കണ്ടെത്തുന്നു. പിണറായിയെ ഇനിയുള്ള കാലത്ത് പിന്‍തുടര്‍ന്ന് ചൊറിഞ്ഞുകൊണ്ടിരിക്കുക എന്നതു മാത്രമാണ് വിഎസിന് ഇനി ബാക്കിയുള്ള ഏക വിപ്ലവപ്രവര്‍ത്തനം എന്ന് വാദിക്കുന്നവരും കുറവല്ല. 'അത്യനര്‍ഘമാമീ മുഹൂര്‍ത്തത്തില്‍ ഉത്തമേ നീ മരിക്കണം ഞാനും മരിക്കണം'-അങ്ങനെയൊണല്ലോ കവിവാക്യം. നാടകാന്തം കവിത്വം തന്നെ.

പിണറായി ഒഴിയുമ്പോള്‍
ഒരാള്‍ക്ക് ശേഷം പ്രളയം എന്നൊരു രീതി കമ്യൂണിസ്റ്റ് പാര്‍ട്ടികളിലില്ല. പിണറായി മാറിയാല്‍ പിണറായിയോളം വരില്ലെങ്കിലും രണ്ടയലത്തൊക്കെയെത്തുന്ന പലരുണ്ട് സിപിഎമ്മില്‍. എങ്കിലും പിണറായിയെന്നാല്‍ പാര്‍ട്ടിയായിരുന്നു. 'പ്രസാദം വദനത്തിങ്കല്‍, കാരുണ്യം ദര്‍ശനത്തിലും, മാധുര്യം വാക്കിലും ചേര്‍ന്നുള്ളവനേ പിണറായി വിജയന്‍' എന്നു തിരുത്തപ്പെടും കവിവാക്യം.

വിഎസ് പക്ഷമെന്ന പടുകൂറ്റന്‍ ഗ്രൂപ്പിനെ ഒരു ക്രിക്കറ്റ് ടീമുണ്ടാക്കാനുള്ള അംഗബലം പോലുമില്ലാത്തവണ്ണം ചുരുട്ടിക്കൂട്ടിയ ആളാണ് സഖാവ് പിണറായി. ബിഷപ്പിന് നികൃഷ്ടജീവിപ്പട്ടം നല്‍കിയും കുലം വിട്ടുപോയവര്‍ക്ക് കുലംകുത്തിപ്പട്ടം നല്‍കിയും പ്രേമചന്ദ്രന് പരനാറിപ്പട്ടം നല്‍കിയും സഖാവ് കാലാകാലങ്ങളില്‍ വിനയാന്വിതനായി. സഖാവ് പിണറായിയുടെ ശ്രമഫലം ഒന്നുകൊണ്ടു മാത്രമാണ് എല്‍.ഡി.എഫില്‍ നിന്നും സോഷ്യലിസ്റ്റ് ജനത, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തുടങ്ങിയ ബൂര്‍ഷ്വാപാര്‍ട്ടികളെ ഒഴിപ്പിക്കാനായത്. ഇങ്ങനെയൊക്കെയുള്ള പിണറായി സഖാവ് സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ അത് പാര്‍ട്ടിക്ക് കനത്ത നഷ്ടം തന്നെയാണ്.പിണറായിക്ക് ശേഷം ആര് എന്നതാണ് ഈ സമ്മേളനം ചര്‍ച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തികപ്രശ്‌നം. പിണറായി മാറിയാല്‍ കോടിയേരി എന്നാണ് പാര്‍ട്ടി ചട്ടങ്ങളിലെ 51-ാം ഖണ്ഡികയില്‍ സൂചിപ്പിച്ചിട്ടുള്ളത്. സി.പി.എമ്മിനെ സംബന്ധിച്ച് കണ്ണൂരാണ് കേരളത്തിന്റെ തലസ്ഥാനം. സെക്രട്ടറിയെ കണ്ണൂരില്‍ നിന്നും ഉത്പാദിപ്പിക്കുന്നതാണ് പാര്‍ട്ടിക്ക് സന്തോഷം. മാത്രമല്ല പിണറായിക്കൊപ്പം ഒരേ കളരിയില്‍ പതിനെട്ടടവും പഠിച്ചയാളാണ് പി.ബി അംഗം കൂടിയായ കോടിയേരി.

പാര്‍ട്ടി ഖണ്ഡികയില്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും പിണറായിക്ക് താത്പര്യം തനിക്ക് ശേഷം ഇ.പി. ജയരാജന്‍ വരുന്നതാണ്. പിണറായിക്ക് ശേഷം പ്രളയം വരുന്നതിനെക്കാള്‍ പിണറായി തന്നെ വരുന്നതാണ് പിണറായിക്ക് ഇഷ്ടം. അഥവാ ഇ.പി. ജയരാജന്‍ വരുന്നതാണ് പിണറായിക്കിഷ്ടം. ഇവര്‍ക്ക് രണ്ടിനും താത്പര്യം ഇല്ലെങ്കില്‍ മാത്രം ഗോവിന്ദന്‍ മാഷോ, എം.എ. ബേബിയോ പരിഗണിക്കപ്പെടും. പാര്‍ട്ടി സി.പി.എം ആയതുകൊണ്ട് അപ്രതീക്ഷിത സെക്രട്ടറി, അഡ്ജസ്റ്റ്‌മെന്റ് സെക്രട്ടറി തുടങ്ങിയ രീതികളിലൂടെ മറ്റാരെങ്കിലും വരികയും ചെയ്യാം. സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ പാര്‍ട്ടി ചുമതലയോ, പാര്‍ലമെന്ററി സ്ഥാനമോ ഇല്ലാത്ത പിണറായി സഖാവ് എന്ത് ചെയ്യും? പിണറായി സഖാവ് പ്രതിച്ഛായയുണ്ടാക്കുന്ന ഒന്നര വര്‍ഷമാണ് വരാന്‍ പോകുന്നത്. രാഷ്ട്രീയ ബ്യൂട്ടിപാര്‍ലറുകളില്‍ നിരന്തര ഫെയ്ഷലിംഗ് ചെയ്ത് സഖാവ് സുന്ദരനാകും. ജനപ്രിയനാകുന്നതാണ് ആദ്യപടി. ചിരിച്ചു തുടങ്ങും. തമാശ പറയും. അന്ധവിശ്വാസങ്ങള്‍ക്കും അഴിമതിക്കുമെതിരേ വാചാലനാകും. മുന്‍പ് അച്ചുമാമന്‍ കാണിച്ചതൊക്കെ അനുകരിക്കും. നരേന്ദ്ര മോദിയെ അനുകരിച്ച് 'അബ്കി ബാര്‍ പിണറായി വിജയന്‍', ലോഹ പുരുഷ്, വിപ്ലവ സൂര്യന്‍, അറുപതിഞ്ച് നെഞ്ച് എന്നൊക്കെ പ്രചാരങ്ങള്‍ അഴിച്ചുവിടും. പിണറായിയുടെ പൊളിറ്റിക്കല്‍ മെയ്‌ക്കോവര്‍ കണ്ട് കേരളം കോരിത്തരിക്കും.

അപ്പോള്‍ വിഎസോ?
അപ്പോള്‍ വി.എസ്. എന്ത് ചെയ്യും. വി.എസിന് ഇനി എന്തും ചെയ്യാം. പാര്‍ട്ടിയുടെ വേലിക്കകത്തുള്ള വിശ്രമജീവിതം നിഷേധിച്ച് വി.എസ്. തെരുവിലേക്കും ജനങ്ങളിലേക്കും ഇറങ്ങും. ഒരുപടി കൂടി കടന്ന് വേണമെങ്കില്‍ ഒരു ആം ആദ്മി ആകാം. 'പാഞ്ച് സാല്‍ അച്ചുമ്മാന്‍...അച്ചുമ്മാന്‍' എന്നൊരു പ്രചാരണ ഗാനം അതിശയോക്തിപരമെങ്കിലും അസംഭവ്യമല്ല.


(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are personal


Next Story

Related Stories