TopTop
Begin typing your search above and press return to search.

എതിര്‍ത്തത് പട്ടാളത്തെയല്ല, പട്ടാള നിയമത്തെ; വിശദീകരണവുമായി കോടിയേരി

എതിര്‍ത്തത് പട്ടാളത്തെയല്ല, പട്ടാള നിയമത്തെ; വിശദീകരണവുമായി കോടിയേരി

ദേശീയമാധ്യമങ്ങള്‍ അടക്കം ചര്‍ച്ചയാക്കിയ ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൈന്യത്തെ താന്‍ അപമാനിച്ചിട്ടില്ലെന്നും അഫ്‌സ്പ എന്ന പട്ടാളനിയമത്തെയാണ് എതിര്‍ത്തതെന്നും കോടിയേരി പറയുന്നു. തനിക്കെതിരേ ഇപ്പോള്‍ നടക്കുന്നത് സംങപരിവാറിന്റെ രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കോടിയേരി പറഞ്ഞു.

കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്ത്യന്‍ സേനയെ ഞാന്‍ അപമാനിച്ചു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചരണമാണ്.

കാശ്മീരിലും നാഗാലാന്‍ഡിലും മണിപ്പൂരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ 'അഫ്‌സ്പ' കേരളത്തിലും നടപ്പിലാക്കണമെന്ന് വാദിക്കുന്ന ആര്‍ എസ് എസ് നിലപാടിനെയാണ് ഞാന്‍ എതിര്‍ത്തത്. കണ്ണൂരില്‍ അത്തരം കരിനിയമം പ്രയോഗിക്കേണ്ട ഒരാവശ്യവുമില്ല. 'അഫ്‌സ്പ'യെ എതിര്‍ത്താല്‍ സൈന്യത്തെ എതിര്‍ക്കലാണ് എന്ന വ്യാഖ്യാനം സംഘപരിവാര്‍ ഗൂഡാലോചനയുടെ ഉല്‍പ്പന്നമാണ്.

ന്യൂനപക്ഷ സാംസ്‌കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച 'മുഖ്യധാരാ രാഷ്ട്രീയവും മുസ്ലീം ന്യൂനപക്ഷങ്ങളും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോള്‍ ആ പ്രസംഗത്തിലെ ചില വരികള്‍ അടര്‍ത്തിയെടുത്താണ് ചില മാധ്യമങ്ങളും സംഘപരിവാര്‍ പ്രവര്‍ത്തകരും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ബി ജെ പി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒരു വ്യാജവീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച്, സിപിഐ എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനമെന്ന് ആരോപിച്ച് പ്രചരിപ്പിച്ചിരുന്നു. സംഘികള്‍ ആ നുണപ്രചരണം ഏറ്റെടുത്ത് പൊലിപ്പിച്ചു. നിയമ നടപടിയുണ്ടാവുന്ന ഘട്ടമായപ്പോള്‍ കുമ്മനം രാജശേഖരന്‍ പ്രസ്തുത ആരോപണത്തില്‍ നിന്ന് പിന്‍മാറി. അതുപോലെയാണ് ചില മാധ്യമങ്ങളുടെ സഹകരണത്തോടെ സംഘികള്‍ നടത്തുന്ന ഈ പ്രചരണവും. പച്ചക്കള്ളമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പടച്ചുവിടുന്നത്. ഇത് ആര്‍ എസ് എസ് രീതിശാസ്ത്രമാണ്.

ഇത്തരം ആസൂത്രിത കുപ്രചരണങ്ങള്‍ ആരും വിശ്വസിക്കരുത്. ഇത് പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാന്‍ സഖാക്കളും സുഹൃത്തുക്കളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Next Story

Related Stories