TopTop
Begin typing your search above and press return to search.

എകെ ആന്‍റണിയെ മൗനിബാബയെന്ന് സി ആര്‍ മഹേഷ് വിളിച്ചതിന് കാരണങ്ങളുണ്ട്

എകെ ആന്‍റണിയെ മൗനിബാബയെന്ന് സി ആര്‍ മഹേഷ് വിളിച്ചതിന് കാരണങ്ങളുണ്ട്

തിരുവായ്ക്ക് എതിര്‍വായില്ലാതെ കഴിഞ്ഞ കുറെക്കാലമായി സര്‍വ്വ കോണ്‍ഗ്രസുകാരും പഞ്ചപുച്ഛമടക്കി തൊഴുതു നിന്നിരുന്ന എ കെ ആന്റണിയെ മൗനിബാബയെന്നു വിളിക്കാനുള്ള കെല്‍പ്പും ഒരു യൂത്ത് കോണ്‍ഗ്രസുകാരന് ഉണ്ടായിരിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ കൊല്ലം ജില്ല പ്രസിഡന്റും ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സി ആര്‍ മഹേഷാണ് ഈ ധൈര്യം കാണിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ യുഡിഎഫും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞപ്പോഴും ആയിരത്തില്‍പ്പരം വോട്ടുകള്‍ക്കു മാത്രം കരുനാഗപ്പള്ളിയില്‍ തോറ്റുപോയ അതേ സി ആര്‍ മഹേഷ്.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ നിന്നാണ് സിആര്‍ മഹേഷിന്റെ കെ എസ് യു പ്രവര്‍ത്തനം തുടങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസുകാരും തലയില്‍വച്ചു കൊണ്ടു നടക്കുന്ന പി സി വിഷ്ണുനാഥിനു സാധിക്കാതെ പോയതാണ് അതേ കാലയളവില്‍ ഡി ബി കോളേജില്‍ പഠിച്ചിരുന്ന മഹേഷ് നേടിയത്; കോളേജ് യൂണിയന്‍ ചെയര്‍മാന്‍

സ്ഥാനം. ഒരുവശത്ത് സിപിഎമ്മുകാരുടെയും മറുവശത്ത് ആര്‍എസ്എസ്സുകാരുടെയും ഭീഷണിക്കു മുന്നില്‍ അടിക്ക് അടി എന്ന നിലപാടുമായി തന്നെയാണ് അയാള്‍ മുന്നോട്ടുപോയത്. പിന്നീട് നടന്ന കെ എസ് യു സംഘടന തെരഞ്ഞെടുപ്പില്‍ പി സി വിഷ്ണുനാഥ് സംസ്ഥാന പ്രസിഡന്റ് ആയെങ്കിലും ഗ്രൂപ്പു നേതാക്കന്മാരുടെ കണ്ണില്‍ സി ആര്‍ മഹേഷിനെ പോലുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ പെട്ടതേയില്ല. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ കൊല്ലം ജില്ല സെക്രട്ടറിയായ മഹേഷ് തുടര്‍ന്ന് ജില്ല പ്രസിഡന്റായി. സമരത്തിനു മുന്നേ പൊലീസിനെ വിളിച്ചു ധാരണയില്‍ എത്തുന്ന പതിവു രീതികളല്ല, എതിര്‍ക്കാന്‍ വരുന്നവരെ നേരിട്ട-അതെത്ര ഉന്നത ഉദ്യോഗസ്ഥനാണെങ്കിലും- സമരചരിത്രമാണ് മഹേഷിന്റേത്. ഹൃദയംകൊണ്ടു വര്‍ത്തമാനം പറയാനും ചങ്കുറപ്പോടെ പ്രശ്‌നങ്ങളെ നേരിടാനും കഴിയുന്നവനായതുകൊണ്ട് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സി ആര്‍ മഹേഷ് തന്നെയാണ് ഒന്നാമന്‍.

ചെറുപ്പത്തിന്റെ യാതൊരു വൈകാരികതകളും ഇല്ലാത്ത ഡീന്‍ കുര്യാക്കോസ് കേരളീയ യുവത്വത്തിന്റെ മുന്നിലല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും അപ്രസക്തനാണ്. കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സ്ഥാപകനേതാക്കള്‍ മൗനം ഉടയ്ക്കണമെന്നു സി ആര്‍ പറഞ്ഞത് ആദ്യമായല്ല. രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരം നെയ്യാര്‍ഡാമില്‍ നടന്ന മൂന്നു ദിവസത്തെ യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ അഖിലേന്ത്യ നേതൃത്വം സംഘടന തെരഞ്ഞെടുപ്പിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരേ തുറന്നടിച്ചിരുന്നു സി ആര്‍ മഹേഷ്. ക്യാമ്പിന്റെ് രണ്ടാം ദിവസം രാഹുല്‍ ഗാന്ധിയുടെ ഉപദേശകരും സംഘടന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുകാരും കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ വിരട്ടാന്‍ തിരുവനന്തപുരത്തേക്ക് പറന്നെത്തിയെങ്കിലും ബ്ലോക്ക് പ്രസിഡന്റുമാര്‍ മുതല്‍ മുകളിലേക്കുള്ള യൂത്ത് കോണ്‍ഗ്രസുകാരുടെ പൊതുവികാരം കണ്ട് ഭയന്നു പിന്മാറുകയായിരുന്നു എന്നുള്ളതാണു സത്യം. അന്ന് സി ആര്‍ മഹേഷിനെ പരസ്യമായി പിന്തുണയ്ക്കാന്‍ എ കെ ആന്റണി തയ്യാറായി എന്നുള്ളതും ശ്രദ്ധേയമാണ്. ആ പിന്തുണ സി ആര്‍ മഹേഷിന്റെ അഭിപ്രായങ്ങള്‍ക്കായിരുന്നില്ല, മറിച്ച് തുറന്നു പറച്ചിലിന്റെ പേരില്‍ ഡല്‍ഹിയില്‍ നിന്നും അച്ചടക്ക നടപടി ഉണ്ടാകില്ല എന്ന പ്രസ്താവന മാത്രമായിരുന്നു.

മതമേലധ്യക്ഷന്മാരുമായി സംസാരിക്കുന്നു എന്നതിന്റെ പേരില്‍ കേരളത്തില്‍ എത്തിയ ഇന്ദിര ഗാന്ധിയെ കാണാന്‍ വിസമ്മതിച്ച ആ പഴയ എകെ ആന്റണി ഇന്നു മൗനി ബാബയായി തുടരുന്നു, കെപിസിസിക്ക് നാഥനില്ലാത്ത ദുരവസ്ഥ, പൊതുസ്വീകാര്യത ബോധ്യപ്പെടുത്താനാകാത്ത രാഹുല്‍ ഗാന്ധിയുടെ നേതൃത്വം; സി ആര്‍ മഹേഷ് മുന്നോട്ടുവച്ച ഈ മൂന്നു ചോദ്യങ്ങളും ഉള്ളിലില്ലാത്ത ഏതു കോണ്‍ഗ്രസുകാരനാണ് കേരളത്തില്‍ ഉള്ളത്? പക്ഷേ പൂച്ചയ്ക്കു മണികെട്ടാന്‍ ഈ ചെറുപ്പക്കാരനെ ഉണ്ടായുള്ളൂ എന്നതാണു സത്യം.

ആര്‍ക്കങ്കിലും വേണ്ടി ചാവേര്‍ ആകുന്ന ഒത്തിരി തുറന്നുപറച്ചിലുകാര്‍ കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് അതുപോലെ കാണേണ്ടതില്ല. കൊല്ലത്തെ തഴവ എന്ന പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന, രാവിലെ നാട്ടുവഴികളിലൂടെ നടന്നും, നാലുംകൂട്ടി മുറുക്കി നാട്ടുകാരോട് കുശലം പറഞ്ഞ്, അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് നടന്നുപോകുന്ന ഒരു ചെറുപ്പക്കാരന്, നാട്ടിന്‍പുറത്ത ചായക്കടയില്‍ ഇരുന്ന് ഇന്നും ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഒരു യുവാവിന് ഇങ്ങനെയൊക്ക പറയാനേ പറ്റൂ. ഈ രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുമ്പോള്‍, ആ കടുത്ത അന്ധകാരത്തില്‍ ഇതുപോലുള്ള ചെറുതിരികളെങ്കിലും തെളിയണ്ടേ...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories