TopTop
Begin typing your search above and press return to search.

കമ്പദുരന്തത്തെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോവരുത്!

കമ്പദുരന്തത്തെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോവരുത്!

പതിവ് ചിട്ടപ്പടികള്‍ ഒന്നും ബാക്കി വയ്ക്കാതെ ഒരു ദുരന്തം കൂടി കഴിഞ്ഞു. ഇനി അതിന്റെ തുടര്‍ചലനങ്ങള്‍ മാത്രം നിസ്സാരവും, ആസന്നവും, അത്യാസന്നവുമായ നിലകളില്‍ ആശുപത്രികളില്‍ അത്യാഹിതവിഭാഗത്തിനുള്ളിലും പുറത്തുമായി മിടിച്ചുകൊണ്ടിരിക്കുന്നു. അതിലൊന്നും കാത്തുനില്‍ക്കുക, കൂടെ നില്‍ക്കുകയല്ലാതെ ഇനി ആര്‍ക്കും ഒന്നും ചെയ്യാനില്ല. പിന്നെ സാദ്ധ്യമായത് വിശകലനങ്ങളും, നടന്നതില്‍ നിന്ന് പാഠം പഠിച്ചുകൊണ്ട് ഇത്തരം ഒന്ന് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികളുമാണ്. അതിന് കമ്പം നിരോധിക്കുകയൊന്നും വേണ്ട, പക്ഷേ ആഘോഷത്തില്‍ ചില വീണ്ടുവിചാരങ്ങള്‍ വേണ്ടിവരും. അതിനെങ്കിലും വല്ല സാദ്ധ്യതയുമുണ്ടോ?

പരവൂര്‍കാരനായ ഒരു സുഹൃത്ത് ആത്മരോഷം കൊണ്ട് കടുത്തുപോയ, ഒരുപക്ഷേ നിര്‍ദ്ദയമായ ഭാഷയില്‍ പറയുന്നത് ഒരു വന്‍ദുരന്തം ഒഴിവായി എന്നാണ്. 'കമ്പം നടന്നില്ലെങ്കില്‍ ചിലപ്പോള്‍ പരവൂര്‍ മുഴുവനായി കത്തിയേനെ. ഇതിപ്പോ പത്ത് നൂറ്റിപ്പത്ത് പേരല്ലേ കത്തിയുള്ളു!' എന്നാല്‍ ഈ വാക്കുകളിലെ സര്‍ക്കാസമല്ല കവിയും, കമ്പപ്രേമിയുമായ ശൈലന്റെ വാക്കുകള്‍ മുമ്പോട്ട് വയ്ക്കുന്നത്: 'ഓരോ വെടിക്കെട്ടുപ്രാന്തനും ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് മുന്നിലേക്ക് മുന്നിലേക്ക് തള്ളിത്തിരക്കി പോവുന്നത്. അപകടമായി ആനന്ദിക്കുമ്പോള്‍ അപകടം സ്വാഭാവികം. എല്ലാം നിരോധിച്ച് വീടിന് പുറത്തിറങ്ങാതെ വാതിലുകുറ്റിയിട്ട് ആന്‍ഡ്രോയിഡിന്റെ കീബോര്‍ഡിന് മുന്നില്‍ സാമൂഹിക പരിഷ്‌കര്‍ത്താവാകുന്നതാണ് കൂടുതല്‍ സുരക്ഷിതം..' ഇവിടെ പരിഹാസം കമ്പമെന്ന അപകടകരമായ ആനന്ദത്തിലെ സാഹസികതയുടെ അംശം ചോര്‍ത്തിക്കളയുന്നതായി ആദ്ദേഹം ആരോപിക്കുന്ന 'ആന്‍ഡ്രോയ്ഡ് സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ക്ക്' എതിരെയാണ്. ഇത് ഒറ്റപ്പെട്ട ഒരു വികാരമല്ല. ശൈലന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഞാന്‍ കണ്ടത് രെജേഷ് പോള്‍ എന്ന സുഹൃത്ത് വഴിയാണ്. ഇവരെ പോലെ ഒരുപാട് പേര്‍ ഈ വികാരം പങ്കുവയ്ക്കുന്നു.

ശരിയാണ്. അപകടങ്ങള്‍ വല്ലപ്പോഴും സംഭവിക്കുന്നവയാണ്. പക്ഷേ ആകാശത്ത് മുത്തുക്കുട നിവര്‍ത്തുന്ന, സൂര്യകാന്തിപൂ വിടര്‍ത്തുന്ന, ഓം ഗണപതായേ നമ എന്നെഴുതുന്ന, പത്തിരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിക്കുന്ന ശബ്ദ, വര്‍ണ്ണ വിസ്മയങ്ങള്‍ കൊണ്ട് കോര്‍ത്ത ലഹരി പക്ഷേ കമ്പപ്രേമികള്‍ ഓരോ നിമിഷവും അനുഭവിക്കുന്ന അനുഭൂതിയാണ്. അതിനാണ് ആരാധകര്‍ കൂടുതല്‍.

അപ്പോള്‍ ഇതില്‍ ഇനി എന്ത് വീണ്ടുവിചാരിക്കാന്‍!

ആനന്ദം പുറത്ത് നിര്‍ത്തുന്നവര്‍
അപകടം നടന്നാല്‍, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍, എന്തിന് വിഷമദ്യം കഴിച്ച് ആളുകള്‍ മരിച്ചാല്‍ പോലും എങ്ങനെ ഇത് നടന്നു, ആരാണിതിനുത്തരവാദികള്‍ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരും. ചര്‍ച്ചകള്‍ നടക്കും. അത്തരം അന്വേഷണങ്ങള്‍ സാമാന്യേന സാധൂകരിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഈ സംഭവത്തില്‍ അത്തരം അന്വേഷണങ്ങളും ചര്‍ച്ചകളും പോലും ഒരു വന്‍വിഭാഗം മനുഷ്യരാല്‍ വിമര്‍ശിക്കപ്പെടുന്നു. എന്താണ് കാരണം? അതിനുത്തരം മുകളില്‍ ഉദ്ധരിച്ച ശൈലന്റെ വാക്കുകളില്‍ ഉണ്ട്. നടന്നത് നടന്നു. 'അപകടമായി ആനന്ദിക്കുമ്പോള്‍ അപകടം സ്വാഭാവികം.' ഇതൊരു അവസരമായി എടുത്ത് ആ മാനവികമായ ആനന്ദാന്വേഷണത്തില്‍ വീണ്ടുവിചാരങ്ങളും, യുക്തിയും ഒക്കെ ചെലുത്തുന്നവര്‍ വീടിനു പുറത്തിറങ്ങാത്ത ആന്‍ഡ്രോയ്ഡ് സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ മാത്രമാണ് എന്ന പരിഹാസത്തിന് മൂര്‍ച്ചയുണ്ട്, ഭംഗിയുമുണ്ട്. പക്ഷേ ഇതിലെ സാമാന്യവല്‍ക്കരണങ്ങള്‍ പൊതുബോധത്തിന്റെ ചിലവില്‍ അതിന് പുറത്തുള്ള കുറെ മനുഷ്യരുടെ അസ്തിത്വത്തെ തന്നെ റദ്ദ് ചെയ്യുന്നില്ലേ എന്ന ഒരു സംശയം ബാക്കിയാവുന്നു.അപകടങ്ങളുമായി കളിക്കാനുള്ള സാഹസികരുടെ അവകാശം ആരും നിരോധിക്കുന്നില്ല. ഒരു ടയറില്‍ ഓടിയും, ആകാശത്ത് മലക്കം മറിഞ്ഞും നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസങ്ങളും, അത് കാണാന്‍ ടിക്കറ്റെടുക്കുന്ന മനുഷ്യരുടെ ആഘോഷലഹരി പോലും ആരും പാടില്ല എന്ന് പറയുന്നില്ല. പക്ഷേ തിരക്കുള്ള റോഡിലെ ട്രാഫിക്ക് ഐലന്‍ഡിലും ഇത് നടത്താന്‍ അനുമതി വേണമെന്ന വാദത്തിലോ? അങ്ങനെ ആരും വാദിക്കില്ല, വാദിച്ചാല്‍ അതിന് പൊതുസമ്മതി ലഭിക്കുകയുമില്ല. പക്ഷേ അമ്പലത്തിലും പള്ളിയിലും നടക്കുന്ന കമ്പക്കെട്ട് അങ്ങനെയല്ല. അതില്‍ മറ്റൊരുപാട് വികാരങ്ങള്‍ ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ വികാരങ്ങള്‍ കൂട്ടിവിളക്കുന്ന സംഘബോധം പലപ്പോഴും അതില്‍ പെടാത്തവരെയൊക്കെ പുറത്താക്കാറുമുണ്ട് എന്നതാണ് സത്യം. അതില്‍ ആ സംഘബോധത്തിന്റേതല്ലാത്ത നീതി യുക്തികളൊന്നും ബാധകമേ അല്ല.

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പം നടക്കുന്നത് ഇതാദ്യമായല്ല. ഓരോ കമ്പത്തിനും സമീപത്തുള്ള വീടുകളുടെ ജനാല ചില്ല് പൊട്ടും. അതിന് കാരണം ജനവാസകേന്ദ്രങ്ങളില്‍ നിന്ന് നിശ്ചിത അകലം പാലിച്ചുകൊണ്ടേ ഇത്തരം വെടിക്കെട്ടുകള്‍ നടത്താവു എന്ന നിയമം പാലിക്കാന്‍ തക്ക സ്ഥലവിസ്താരം ക്ഷേത്രത്തിനില്ല എന്നതാണ്. എല്ലാ വര്‍ഷവും കമ്പം നടക്കും. ചില്ല് പൊട്ടും. മാറ്റിയിടും. 'നാടിന്റെ ഉത്സവം, നാടിന്റെ കമ്പം' എന്ന പൊതുബോധത്തിന് എതിര് നില്ക്കാന്‍ ഭയമായതുകൊണ്ട് ആരും ഒന്നും പറയില്ല. പിറുപിറുക്കുന്നവരോട് കമ്പം നടക്കുമ്പോള്‍ ജനല്‍ തുറന്നിട്ടാല്‍ മതി എന്നൊക്കെയാണ് ഉപായങ്ങള്‍. അത് കേട്ട് പിന്നെയും നെറ്റി ചുളിക്കുന്നവരോട് അമ്പലത്തിന്റെ കീഴില്‍ കൊണ്ട് വീട് കെട്ടാന്‍ നിന്നെ അമ്പലക്കമ്മിറ്റി നിര്‍ബന്ധിച്ചോ എന്നാണ് മറുചോദ്യം. അതോടെ വായടയും. ഇക്കുറി ഒരു എണ്‍പതുകാരി സ്ത്രീയുടെ വാ അടഞ്ഞില്ല. അവര്‍ പരാതി എഴുതി നല്‍കാന്‍ തയ്യാറായി. അത് കൂടി പരിഗണിച്ച്, അന്വേഷണത്തില്‍ സാധുവായി കണ്ടതിനെ തുടര്‍ന്നാണ് കമ്പത്തിന് അനുമതി നിഷേധിച്ചത് എന്ന് ജില്ലാ കലക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ സ്ത്രീ ഇതോടെ പൊതുബോധത്തിന്, നാട്ടുകാര്‍ക്ക്, ഭക്തജനസമൂഹത്തിന്, കമ്പ പ്രേമികള്‍ക്ക് സ്വത്വവഞ്ചകിയായി മാറുന്നു. ഈ സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ കേവല കമ്പവിരോധികള്‍ അല്ല. അവര്‍ പറയുന്നത് ലോകത്ത് ഒരിടത്തും, ഒരു സാഹചര്യത്തിലും കമ്പം പാടില്ല എന്നുമല്ല. നിശ്ചിതദൂരപരിധിക്കുള്ളില്‍ ജനവാസകേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഇതുപോലുള്ള അപകടകരമാകാവുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ല എന്ന നിയമത്തിന്റെ പരിരക്ഷ അവര്‍ക്ക് ലഭ്യമാകണം എന്ന് മാത്രമാണ്. സമീപവാസിയായ ഒരു മനുഷ്യന്‍ തനിക്ക് ഈ ദുരന്തത്തില്‍ ഒരു അനുശോചനവും ഇല്ല എന്ന് തുറന്നടിച്ചു. കാരണം വര്‍ഷങ്ങളായി ഈ സാദ്ധ്യതയെ ചൂണ്ടിക്കാണിച്ച് പൊതുബോധത്തോട് സമരം ചെയ്ത് തോറ്റയാളാണത്. ഇങ്ങനെ കുറെ മനുഷ്യരുടെ പ്രശ്‌നങ്ങളെയാണ് 'ഓരോ വെടിക്കെട്ടുപ്രാന്തനും ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് മുന്നിലേക്ക് മുന്നിലേക്ക് തള്ളിത്തിരക്കി പോവുന്നത്' എന്ന ശൈലന്റെ പൊതുപ്രസ്താവം പുറത്താക്കുന്നത്. അതായത് കമ്പത്തിന് പ്രതികൂലമായ യുക്തികളെ, നിയമങ്ങളെ, വ്യക്തികളെ മുഴുവന്‍ ആ പൊതുപ്രസ്താവം തമസ്‌കരിക്കുന്നു. പാര്‍ശ്വവല്‍കൃതരുടെ അവകാശസംരക്ഷണം അട്ടിപ്പേറെടുത്തിരിക്കുന്ന ബുദ്ധിജീവികള്‍ ഇതില്‍ ഹത്യയൊന്നും കാണുന്നില്ലേ ? കിട്ടുന്നതെല്ലാം പ്രശ്‌നവല്‍ക്കരിക്കുന്ന, അതിലൊക്കെ ഫാസിസം ആരോപിക്കുന്ന ആരും പക്ഷേ ഇതൊന്നും കാണുകയുമില്ല, കണ്ടാല്‍ മിണ്ടുകയുമില്ല. ഹത്യകള്‍ ഹത്യയാകുന്നത് തന്നെ അവയില്‍ മതേതര ലിബറല്‍ യുക്തികള്‍ കലരുമ്പോഴാണല്ലൊ!

മതത്തിന്റെയല്ല ഉത്സവം, അമ്പലത്തിന്റെയല്ല കമ്പം
ദുരിതാശ്വാസപ്രവര്‍ത്തനമല്ലാതെ വേറെ സംസാരമൊന്നും പാടില്ല എന്ന പൊതുബോധത്തിന്റെ തിട്ടൂരം അവഗണിച്ചും പക്ഷേ ചാനലുകള്‍ രണ്ടുദിവസമായി ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. അതിലും, സൈബര്‍ മീഡിയയിലും മാറ്റമില്ലാതെ ഉയരുന്ന വാദങ്ങളാണ് ഉത്സവം ഒരു മതത്തിന്റെ അല്ല, കമ്പം അമ്പലത്തിലെ പൂജാവിധികളുടെയോ, ദൈവശാസ്ത്രത്തിന്റെയോ ഭാഗമല്ല എന്നൊക്കെയുള്ള വാദങ്ങള്‍. കരിമരുന്ന് കണ്ടുപിടിക്കുന്നതിന് മുമ്പും ദൈവങ്ങളും വിശ്വാസവും ഉണ്ടായിരുന്നു എന്നതിനാല്‍ അത് മനസിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ ഇവര്‍ തന്നെയാണ് നൂറ്റണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ് കമ്പം എന്ന് ചര്‍ച്ചയിലെ മറ്റൊരു സന്ധിയില്‍ പറയുന്നതും. പക്ഷേ ഈ വാദപ്രതിവാദങ്ങള്‍ ഒന്നും കണ്‍മുമ്പില്‍ ഉള്ള യാഥാര്‍ത്ഥ്യത്തെ കാണുന്നില്ല എന്നതാണ് ഖേദകരം.

പുറ്റിങ്ങല്‍ കമ്പത്തിന് അനുമതി നിഷേധിച്ച കലക്ടര്‍ മുസ്ലീം ആയതിന്റെ പേരില്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അനുമതി നിഷേധം എന്ന് വ്യാഖ്യാനിക്കപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഹിന്ദുക്കളുടെ ആരാധനാസ്വാതന്ത്ര്യത്തില്‍ ഇടപെട്ട് നാട്ടില്‍ സാമുദായിക പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്ന് കോപാകുലനായി ഒരു ജനപ്രതിനിധി അവരോട് ചോദിച്ചു എന്നും, അല്ല ജനപ്രതിനിധിയും മന്ത്രിയുമായ ഒരാള്‍ ചോദിച്ചു എന്നുമൊക്കെ വാര്‍ത്തകള്‍ ഉണ്ട്. സര്‍വ്വമതസ്ഥരുടെ ഒരു കൂട്ടായ്മ കമ്പമാണെങ്കില്‍ അതിന് ഒരു മുസ്ലിമായ കലക്ടര്‍ അനുമതി നിഷേധിച്ചത് നിയമപരമായ കാരണങ്ങള്‍ കൊണ്ടാണ്, അല്ലാതെ അവര്‍ മുസ്ലിം ആയതുകൊണ്ടല്ല എന്നെങ്കിലും വ്യക്തമാണല്ലോ. അപ്പോള്‍ പിന്നെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് പോലും ഇത്തരം വ്യാഖ്യാനങ്ങള്‍ എങ്ങനെ വന്നു? അനുമതി നിഷേധിക്കപ്പെട്ട ദിവസം മുതല്‍ കളക്ടര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ഉള്ളടക്കം മതപരം തന്നെ ആയിരുന്നു എന്ന് 'അതിനിഷ്‌കളങ്കന്മാര്‍ക്ക'ല്ലാതെ ആര്‍ക്കും മനസിലാകാതെയില്ല. ഉത്സവത്തില്‍ എല്ലാ മതസ്ഥര്‍ക്കും പങ്കെടുക്കാം. ആള്‍ക്കൂട്ടത്തെ മത തിരിച്ചറിയല്‍ യന്ത്രം ഘടിപ്പിച്ച കവാടത്തിലൂടെ ആഘോഷങ്ങളിലേക്ക് കടത്തിവിടുന്ന അവസ്ഥ കേരളത്തിലെങ്കിലും ഇനിയും ആയിട്ടില്ല.ഇനി അമ്പലത്തിന്റെയല്ല കമ്പം എന്ന വാദം എടുക്കാം. അമ്പലത്തില്‍ മാത്രമല്ല, പള്ളികളിലും മറ്റുമൊക്കെ കമ്പം നടക്കാറുണ്ട്. നടക്കുന്നിടത്തോളം എല്ലാം ശരിയാണ്. പക്ഷേ എന്നുവച്ച് ഉത്സവങ്ങള്‍ക്കും, അതിന്റെ ഭാഗമായി നടക്കുന്ന ഓരോ പ്രവര്‍ത്തികള്‍ക്കും അതാത് ആരാധനാലയങ്ങളുടെയും, അവയിലെ ദൈവങ്ങളുടെ പേരില്‍ നിര്‍മ്മിക്കപ്പെട്ട മതങ്ങളുടെയും രക്ഷാകര്‍തൃത്വം ഇല്ലെന്ന് കരുതരുത്. ഒരു തര്‍ക്കമോ, പ്രതിസന്ധിയോ ഉണ്ടാകുമ്പോള്‍ അത് അനിഷേദ്ധ്യമായി ഉയര്‍ന്നുവരുന്നത് കാണാം. പുറ്റിങ്ങലും അത് തന്നെയാണ് നടന്നത്. അമ്പലത്തിലെ മാത്രമല്ല, പള്ളിപ്പെരുനാളിന്റെ കമ്പത്തിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചാലും കളക്ടരുടെ മതവും ജാതിയും പ്രശ്‌നമാകും. പക്ഷേ ഒരു ദുരന്തം നടന്നാല്‍, അത് ഇത്തരത്തില്‍ മതപരവും സ്ഥലപരവും സ്ഥാപനബന്ധിയുമായ ഒരുപാട് ഏച്ചുകെട്ടുകള്‍ ഉള്ള, ആകസ്മികത പോലും അവകാശപ്പെടാനില്ലാത്ത കേവല ധാര്‍ഷ്ട്യങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാണെങ്കില്‍ കൂടി മിണ്ടാന്‍ പാടില്ല എന്ന അലംഘനീയമായ നിയമത്തിന് ജാതി, മത, സ്ഥല, സ്ഥാപന ഭേദമില്ല.

എങ്ങനെയീ ദുരന്തം?
എങ്ങനെ ഈ ദുരന്തമുണ്ടായി എന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്തേണ്ടത് പോലിസാണ്. പക്ഷേ കമ്പപ്രേമികളുടെ തന്നെ പൊതുപ്രസ്താവങ്ങളില്‍ നിന്ന് ഉണ്ടാവുന്ന ഊഹങ്ങളെ അങ്ങനെയങ്ങ് അസംബന്ധമായി തള്ളാനുമാവില്ല. നിയമവും ചട്ടവും നോക്കിയാലൊന്നും കമ്പം കൊഴുക്കില്ല എന്നതാണ് അതില്‍ പ്രധാനം. അതില്‍ കമ്പപ്പുരയില്‍ നിന്ന് ഇത്ര ദൂരം വിട്ടേ നില്‍ക്കാവൂ എന്ന കാണികള്‍ പാലിക്കേണ്ട നിയമം മുതല്‍ ഇത്ര അളവ് കരിമരുന്നേ പാടുള്ളു, ഇത്ര ഡെസിബല്‍ ശബ്ദമേ പാടുള്ളു, അമിട്ടും ഡൈനാമിറ്റും ഒന്നും പാടില്ല എന്നിങ്ങനെ നിരവധി നിബന്ധനകള്‍ പെടും.

കമ്പപ്പുരയില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രമേ കാണികളെ അനുവദിക്കാവു എന്ന നിയമം സാധാരണ പാലിക്കപ്പെടാറില്ല എന്നത് ഈ അപകടത്തെ അതിജീവിച്ചവരുടെ മൊഴികളില്‍ നിന്ന് തന്നെ വ്യക്തമാണ്. അനുവദനീയമായ അളവിലും അധികം കരിമരുന്ന് ഉപയോഗിച്ചാണ് മിക്കവാറും എല്ലാ മല്‍സരക്കമ്പങ്ങളും നടക്കുന്നതെന്നും പരിസരത്ത് തന്നെ പലയിടങ്ങളിലായി ഒളിപ്പിച്ചിരിക്കുന്ന കോപ്പുകള്‍ അതാത് സമയത്ത് കമ്പപ്പുരയില്‍ എത്തിക്കുകയാണ് പതിവെന്നും അതിനടുത്ത് തന്നെ സ്ഥാനം പിടിച്ച് കമ്പം കാണുന്ന അതിസാഹസികര്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നെ ഇതിലെ രാസവസ്തു. അത് അവര്‍ക്ക് വലിയ പിടിയില്ല. ഇനി അഥവ അവയില്‍ നിയമപരമായ വല്ല നിബന്ധനകളും ഉണ്ടെങ്കില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഒന്ന് എന്ന നിലയില്‍ അവര്‍ ഇപ്പോള്‍ 'കെട്ടിയിറക്കുന്ന' നിബന്ധനകളെ അംഗീകരിക്കുന്നുമില്ല. ശബ്ദത്തിന്റെ കാര്യമാണെങ്കില്‍ പത്തിരുപത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ മുഴുവന്‍ വീട്ടിന്റെ ടെറസില്‍ ഇരുന്നും ആസ്വദിക്കുന്ന കമ്പത്തിന്റെ ഒച്ചയെ ഡെസിബല്‍ കണക്കില്‍ എണ്ണുന്നതേ ഒരുതരം അസംബന്ധമാകും.

നിയമങ്ങള്‍ ഇതൊക്കെയാണ്. അതിനെ നമ്മള്‍ കാലാകാലമായി സമീപിച്ച് പോരുന്നതും ഇങ്ങനെയൊക്കെയാണ്. സകലകമ്പങ്ങളും അപകടമാകുന്നൊന്നുമില്ലല്ലൊ. ഈ ദുരന്തത്തിന് സാഹസികതയുടെ ഒരു പരിവേഷം കൂടി ചാര്‍ത്തി നല്‍കുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു. അന്തരിച്ച മനുഷ്യര്‍ക്കൊക്കെയും അത് പൊതുവില്‍ ഒരു ദുരന്തനായക പരിവേഷം നല്കുന്നു എന്നത് സത്യം. പക്ഷേ ദൂരെ നിന്ന് കമ്പം കണ്ട് തിരികെ പോകുന്നതിനിടയില്‍ ഫോണ്‍ വന്നതു കാരണം രണ്ട് കിലോമീറ്റര്‍ അകലെയുള്ള കവലയില്‍ ബൈക്ക് നിര്‍ത്തി സംസാരിച്ച് നിന്ന ചാത്തന്നൂര്‍കാരനും മരിച്ചവരില്‍ പെടുന്നു. സ്‌ഫോടനത്തില്‍ തെറിച്ച കോണ്‍ക്രീറ്റ് കഷണം തലയില്‍ വീണാണത്, അല്ലാതെ അപകടവുമായി കളിക്കാന്‍ മുന്നോട്ട് തിക്കി പോകുമ്പോഴായിരുന്നില്ല.പിന്നെ എന്താ പ്രശ്‌നം? അത് വളരെ ലളിതമാണ്. അമ്പലത്തിനടുത്ത് വീടുള്ളവര്‍ ഏതാനും കുടുംബങ്ങളാണ്. എന്നാല്‍ കമ്പപ്രേമികളോ വന്‍സംഖ്യ വരുന്ന ഒരു സമൂഹവും, ഒരു സ്വത്വ വിഭാഗം തന്നെയുമാണ്. അതായത് ഭൂരിപക്ഷത്തിന്റെ സന്തോഷത്തിനും ഉന്മാദത്തിനുമായി ന്യൂനപക്ഷം ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടിവരും എന്ന്. ആരാധനാലയങ്ങളുടെ പരിസരത്ത് ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ നമ്മള്‍ അന്യമതസ്ഥരെ അടുപ്പിക്കാറില്ല. അങ്ങനെ ചെയ്യുന്നവരെ അപവാദങ്ങളില്‍ നിന്ന് ഒഴിപ്പിക്കാറും ഇല്ല. ഇതിപ്പോ സ്വന്തക്കാര്‍ തന്നെ ഇങ്ങനെ തുടങ്ങിയാല്‍ അവരെ സ്വത്വവഞ്ചകര്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍!

നഗ്‌നമായ നിയമലംഘനങ്ങള്‍
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് ദുരന്തം വെറും യാദൃശ്ചികമല്ല, അതിന് പിന്നില്‍ നിയമലംഘനങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ട്; ഒപ്പം ഭൂരിപക്ഷ വികാരത്തിന് എതിര് നില്ക്കാന്‍ ഒരുത്തരെയും അനുവദിക്കില്ല എന്ന ധാര്‍ഷ്ട്യവും. ഇത് ഒരു പ്രത്യേക സംഭവത്തിന് മാത്രം ബാധകമല്ല താനും. ഭൂരിപക്ഷത്തിന്റെ വികാരത്തിന് മുമ്പില്‍ ഭരണകൂടവും, നിയമനിര്‍വഹണസംവിധാനങ്ങളും, കോടതി തന്നെയും അയുക്തികമായി മുട്ടുമടക്കുന്നതിന് നിരവധി തെളിവുകളുണ്ട്. അവയുടെ പശ്ചാത്തലത്തില്‍ വേണം ഇതിനെയും വിലയിരുത്താന്‍.

കൃത്യമായ അന്വേഷണത്തിന്റെയും രേഖകളുടെയും പശ്ചാത്തലത്തില്‍ നിയമം അനുശാസിക്കുന്ന മാനദണ്ഢങ്ങള്‍ അനുസരിച്ച് ആ ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്തുവാന്‍ കഴിയില്ല എന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് ജില്ലാഭരണകൂടം അതിന് അനുമതി നിഷേധിച്ചത്. അതിനും കൃത്യമായ രേഖകള്‍ ഉണ്ട് എന്നിരിക്കെ 'അപ്പോള്‍ പിന്നെ എങ്ങനെ കമ്പം നടന്നു ചങ്ങായി' എന്ന നിലയില്‍ എല്ലാം കണക്കാണെന്ന സാമാന്യവല്‍ക്കരണങ്ങള്‍ നിഷ്‌കളങ്കമല്ല തന്നെ. ഉത്തരവിടുന്ന ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ തന്നെ സ്വന്തം കായബലത്തില്‍ അത് നടപ്പിലാകുന്നു എന്നും ഉറപ്പുവരുത്തണമെങ്കില്‍ നാട്ടിലെ കലക്ടര്‍മാരൊക്കെ 'ദി കിംഗി'ലെ മമ്മൂട്ടി ആയിരിക്കണം! അന്വേഷണം നടത്തി, പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിയമപരമായ മാനദന്ധങ്ങള്‍ പാലിച്ച് മത്സരക്കമ്പം നടത്താന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പിച്ച പോലീസ് രണ്ട് ദിവസം കഴിഞ്ഞ് അത് തിരുത്തി എല്ലാം ഓകെ, അനുമതി നല്‍കൂ എന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ അമ്പലചുറ്റളവ് സ്വയം വികസിച്ചോ? വിശ്വാസബന്ധിയായി അങ്ങനെ സംഭവിക്കില്ല എന്ന് പറയാനാവില്ല എന്ന പരാധീനത സമ്മതിക്കുന്നു. പക്ഷേ വിശ്വാസികളെങ്കിലും ഇപ്പോള്‍ ഇതിന്റെ ഇരകള്‍ കൂടിയായവര്‍ക്ക് ആ ആര്‍ഭാടം താങ്ങാനാകുമോ എന്നറിയില്ല!

പോലീസിന്റെ ന്യായം അനുമതി ലഭിച്ചു എന്ന് അമ്പലക്കമ്മിറ്റി അനൗണ്‍സ് ചെയ്യുന്നത് കേട്ടു എന്ന നിലയിലെ അസംബന്ധമാണ്. ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നത് കുറ്റമല്ല എന്ന് ഇന്ന് കാലത്ത് ഒരു വിധി വന്നു എന്ന തരം ഉടായിപ്പ് പറഞ്ഞാലൊന്നും ചെക്കിങ്ങ് നടത്തുന്ന സാദാപോലീസ് പോലും ആരെയും വിടില്ല. പിന്നെയല്ലേ ഉത്തരവാദിത്വപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍. അതുകൊണ്ട് തഹസില്‍ദാര്‍ വന്നതുകൊണ്ട് അനുമതി ലഭിച്ചെന്ന് ഊഹിച്ചു, ഉച്ചഭാഷിണിയില്‍ പറയുന്നത് കേട്ടു തുടങ്ങിയ ന്യായങ്ങളെ മുഖവിലയ്ക്ക് എടുക്കാനാവില്ല. ഒന്നിനെയും ഉപ്പ് തൊടാതെ വിഴുങ്ങാതിരിക്കാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച പോലീസ് കമ്പത്തിന്റെ കാര്യത്തില്‍ മാത്രം ഏത് അശരീരിയേയും ഉത്തരവ് മരവിപ്പിച്ച ഉത്തരവായി തെറ്റിദ്ധരിക്കുമെന്ന വാദം യഥാര്‍ത്ഥത്തില്‍ നമ്മുടെ സാമാന്യയുക്തിയെ വെല്ലുവിളിക്കുന്ന ഒന്നാണ്. അമ്പലത്തില്‍ ഉച്ചയ്‌ക്കേ കമ്പത്തിന് അനുമതി നേടിത്തന്ന വീരപുരുഷനായ മറ്റൊരു ജനനേതാവിന്റെ പേര് ഉച്ചഭാഷിണിയിലൂടെ നന്ദിസഹിതം വിളംബരം ചെയ്യപ്പെടുന്നുണ്ട്. ഇയാള്‍ എവിടന്ന്, എങ്ങനെ അനുമതി നേടി? അതിനുത്തരം പുള്ളി പറയണ്ടേ? പാടില്ല. ചെയ്യാവുന്നത് ഉറക്കമൊഴിഞ്ഞ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പൊലീസിന്റെയും, പത്തു ലക്ഷവും പതിനായിരവുമൊക്കെ നഷ്ടപരിഹാരം പ്രഖ്യാപിച്ച സര്‍ക്കാരിന്റെയും അപദാനങ്ങള്‍ വാഴ്ത്തുക മാത്രമാണ്! ഈ സംവിധാനങ്ങളുടെ അവധാനതക്കുറവുകൊണ്ട് കൂടിയാണ് ഈ ദുരന്തം സംഭവിച്ചത് എന്ന് പറയാന്‍ പാടില്ല. അത് രാഷ്ട്രീയമാണത്രേ!

നിഷിദ്ധമായ ചോദ്യം
ആരാണിതിനൊക്കെ ഉത്തരവാദി എന്ന ചര്‍ച്ചയും അന്വേഷണങ്ങളുമൊക്കെ നിഷിദ്ധവും മനുഷ്യത്വഹീനവുമാണ്. ആ കാര്യത്തില്‍ അപൂര്‍വ്വം ചിലര്‍ക്കല്ലാതെ ആര്‍ക്കും എതിരഭിപ്രായവുമില്ല. എന്നാല്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജവും, ഔദ്യോഗികവുമായ നിരവധി ഗൂഢാലോചനാസിദ്ധാന്തങ്ങളെക്കുറിച്ച് ആര്‍ക്കും വ്യാകുലതയില്ല. സംഭവശേഷം പ്രസ്തുത അപകടത്തിന് പിന്നില്‍ ചില മുസ്ലിം കമ്യൂണിസ്റ്റുകള്‍ നടത്തിയ സ്‌ഫോടനമാണ് എന്ന് വരെ ചില സന്ദേശങ്ങള്‍ സൈബര്‍ ലോകത്ത് പ്രചരിച്ചിരുന്നു. അവയുടെ കാര്യത്തില്‍ എന്തെങ്കിലും നടപടി ഉണ്ടായോ എന്നറിയില്ല. അവ പക്ഷേ അവിടെ വച്ച് തന്നെ തുറന്നുകാട്ടപ്പെട്ടു. പക്ഷേ പരവൂരിന്റെ പ്രത്യേക ഡെമോഗ്രഫിയും, കരിമരുന്ന് നിറച്ച നിലയില്‍ കണ്ടെടുത്ത കാറുകളില്‍ ഒന്നിന്റെ നമ്പര്‍ വ്യാജമാണെന്നതും ഒക്കെ പരിഗണിച്ച് സംഭവത്തില്‍ സംസ്ഥാനബാഹ്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന പുതിയ സിദ്ധാന്തമോ?

അനുമതി നിഷേധിക്കപ്പെട്ട കമ്പം നിയമബാഹ്യമായ ഒത്തുതീര്‍പ്പിലൂടെയാണ് പരവൂരില്‍ അരങ്ങേറിയത് എന്ന് വ്യക്തം. അമ്പലക്കമ്മിറ്റി നന്ദിപ്രഖ്യാപനത്തിലൂടെ വീരപുരുഷനാക്കിയ ജനനേതാവിന് ഒരു നൂറില്‍പരം ആളുകളെ കൊല്ലണം എന്ന് പൊടുന്നനെ ആഗ്രഹമുണ്ടായതിന്റെ പേരിലല്ല അദ്ദേഹം ഇതിന് വഴിവിട്ട് അനുമതി(?) വാങ്ങിക്കൊടുത്തത്. മത്സരക്കമ്പം കണ്ടില്ല എന്ന് നടിച്ച പോലീസും കുറെ എണ്ണം തുലയുന്നെങ്കില്‍ ആകട്ടെ എന്ന് വിചാരിച്ച് കണ്ണടച്ചതല്ല എന്ന് ഒരു അന്വേഷണവും അഭിമുഖസംഭാഷണവും നടത്താതെ തന്നെ പറയാനാവും. അപ്പോള്‍ പിന്നെ ഇത് ആര്‍ക്ക് വേണ്ടി നടന്നു? മതപരവും, സ്ഥലബന്ധിയും, വിശ്വാസ ബന്ധിയുമായ സ്വത്വബോധത്തിന്റെ സംഘടിതമായ കരുത്തിന് മുമ്പില്‍ ഭരണസംവിധാനങ്ങള്‍ ഒരു ഒത്തുതീര്‍പ്പിന് സന്നദ്ധമാകുന്നതാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഒരു പുറ്റിങ്ങല്‍ കമ്പം അഭിമാനപ്രശ്‌നമാകുന്നത് പീതാംബര കുറുപ്പിന്റെയോ, അവിടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകരുടെയോ വ്യക്തിഗത പ്രശ്‌നമല്ല എന്ന് ഓര്‍ക്കണം.

ഇവിടെയാണ് ഭരണഘടനയുടെ നാലുതൂണുകളെയും സ്വാധീനിക്കാന്‍ പോന്ന ഹെഗമണി എന്ന മുഖമോ ആകൃതിയോ ഇല്ലാത്ത അധികാരകേന്ദ്രം വരുന്നത്. ആ ഹെഗമണിയുടെ പേരാണ് വിശ്വാസം അഥവാ ആചാരം. കേരളത്തിലെങ്കിലും പ്രമുഖ മതങ്ങളെ സംബന്ധിച്ചിടത്തോളം അതില്‍ അമ്പലവും പള്ളിയുമില്ല, കമ്പവും എഴുന്നള്ളത്തുമില്ല, ജാതിയില്ല, മതമില്ല; ആകെയുള്ളത് അത് രൂപീകരിക്കുന്ന പൊതുബോധത്തില്‍ പ്രകടമാകുന്ന അധികാരം മാത്രമാണ്. അതിനെതിരേ നില്ക്കാന്‍ ഭരണഘടനയ്‌ക്കോ ഭരണകൂടത്തിനോ, ജുഡീഷ്യറിക്കോ എക്‌സിക്യൂട്ടീവിനോ ആകില്ല. ഭാഗികമായെങ്കിലും നാലാം തൂണായ മാധ്യമങ്ങള്‍ക്ക് അതിനാകുന്നെങ്കില്‍ അത് പാര്‍ലമെന്ററി പ്രതിനിധാനം കൊണ്ട് നിര്‍ണായകമായില്ലെങ്കിലും അവഗണിക്കാന്‍ പറ്റാത്ത ഒരു പ്രതിഹെഗമണി ഉള്ളതു കൊണ്ടാണ്.നിഷിദ്ധമെങ്കിലും ആരാണിതിനുത്തരവാദി എന്ന ചോദ്യത്തിന് പരിമിതമായ സമ്മതിയെങ്കിലും കിട്ടുന്നത് പ്രശ്‌നാധിഷ്ഠിതമായെങ്കിലും യുക്തിക്ക് സ്ഥാനമില്ലാത്ത കരസ്വത്വം, കമ്പസ്വത്വം, വിശ്വാസിസ്വത്വം തുടങ്ങിയവയ്‌ക്കൊക്കെ പുറത്ത് നിര്‍ത്തപ്പെടുന്ന മനുഷ്യര്‍ ഉണ്ട് എന്ന തിരിച്ചറിവാണ്. പരവൂരില്‍ കിടക്കാന്‍ വീടും കുടിക്കാന്‍ വെള്ളവും ഒക്കെയുണ്ടായിരുന്ന ആളുകള്‍ ഒരു വെളുപ്പാന്‍കാലം കഴിഞ്ഞതോടെ അതൊന്നുമില്ലാത്തവരായിത്തീര്‍ന്നു. യുദ്ധം നടന്നിട്ടല്ല, ആഭ്യന്തര കലാപത്തിനാലും അല്ല. 'ആറ്റിലെക്കച്ചുതാ ചാടല്ലേ, ചാടല്ലേ, വീട്ടിലെ പോയ്കയില്‍ പോയി നീന്താം' എന്ന കവിവചനം കേള്‍ക്കാത്തതുകൊണ്ട് അച്യുതനെ അപകടം പിണഞ്ഞുള്ളു. ഇത് അങ്ങനെയല്ല. പക്ഷേ അതിലേയ്ക്കുള്ള ദുര്‍ബലമായ ശ്രദ്ധ ക്ഷണിക്കലുകള്‍ക്കെതിരേ ആണ് ഇപ്പോള്‍ നാവടപ്പിക്കല്‍ സമരവും.

എപ്പിസ്‌റ്റെമോളജിക്കല്‍ വയലന്‍സ് എന്നൊന്നും പറഞ്ഞ് കേട്ടില്ല. പരവൂര് മുഴുവന്‍ കത്തിയില്ല എന്ന് പറഞ്ഞപോലെ അത് ഭാഗ്യം. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഒരു റിട്ടയേര്‍ഡ് ജഡ്ജി പറഞ്ഞപോലെ ആനയും കമ്പവുമില്ലെങ്കില്‍ എന്ത് തൃശൂര്‍ പൂരം! അതുകൊണ്ട് ചുമ്മാ കോടതി കയറിയിട്ടൊന്നും വലിയ കാര്യമില്ല. നിയമങ്ങള്‍ അനുസരിച്ചേ കമ്പം നടത്താവു എന്ന് വിധി വരും; മുമ്പ് നിയമങ്ങള്‍ അനുസരിക്കാതെ കമ്പം നടത്താം എന്ന് നിയമം ഉണ്ടായിരുന്നു എന്നപോലെ!

അതുകൊണ്ട് ബ്രോ, നിങ്ങ കമ്പം നടത്തിക്കോ. പൊട്ടിത്തെറിക്കുംവരെ ഞങ്ങ ഒരക്ഷരം മിണ്ടില്ല എന്ന് വാക്കാല്‍ ഉറപ്പ് തരുന്നു . പരിഹാസമെങ്കിലും ഒന്ന് മയപ്പെടുത്തിയാല്‍ നന്ദി!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories