TopTop
Begin typing your search above and press return to search.

ആരാണ് ക്രിക്കറ്റ് ദൈവം? ഉന്‍മാദമാകാം, പക്ഷേ കളിയുടെ ചരിത്രം മറക്കരുത്

ആരാണ് ക്രിക്കറ്റ് ദൈവം? ഉന്‍മാദമാകാം, പക്ഷേ കളിയുടെ ചരിത്രം മറക്കരുത്

ടീം അഴിമുഖം

ക്രിക്കറ്റിനെ കുറിച്ചു സംസാരിക്കുമ്പോള്‍ നമുക്ക് ഉന്‍മാദമാണ്. ഒരു കളിയില്‍ ഒന്നു നന്നായി കളിച്ചാല്‍ പിന്നെ ആ കളിക്കാരനെ നമ്മള്‍ പ്രതിഭാവിശേഷണങ്ങളുടെ തൊങ്ങലുകള്‍ ചാര്‍ത്തി ശ്വാസം മുട്ടിക്കും. ഒരു പക്ഷേ തെക്കനേഷ്യയില്‍ സംഘ ശ്രമങ്ങളെക്കാളേറെ വ്യക്തിപരമായ മികവുകളെ കൊണ്ടാടുന്ന ഒരു രീതി ഉള്ളതുകൊണ്ടാകാം ഈ അതിഭാവുകത്വം സംഭവിക്കുന്നത്. പക്ഷേ ഈ ക്രിക്കറ്റ് ജ്വരം നമ്മെ അസന്തുലിതമായ അവസ്ഥയിലേക്ക് എത്തിക്കരുത്. അഥവാ കളിയുടെ കേളികേട്ട ചരിത്രത്തിലെ വസ്തുതകളെ മറന്നാകരുത്.

1920-30കളിലെ ഇംഗ്ലണ്ടുകാരന്‍ ഫാസ്റ്റ് ബൌളര്‍ ഹാരോള്‍ഡ് ലാര്‍വുഡ് ഹെല്‍മറ്റ് വെച്ച ബാറ്റ്സ്മാന്മാരെ ‘ടര്‍ക്കി കോഴികളെപ്പോലെ മൂടിക്കെട്ടിയ’ എന്നാണ് വിശേഷിപ്പിച്ചത്. ‘അവര്‍ ആണുങ്ങളെപ്പോലെ നേരെ നില്‍ക്കണമെന്നും.’

ലാര്‍വുഡ് 1995-ല്‍ അന്തരിച്ചു. എപ്പോഴും തുറന്ന വിക്കറ്റില്‍ കളിച്ച് 99.94 ശരാശരി നേടിയ ഡോണ്‍ ബ്രാഡ്മാനേക്കാള്‍ വലിയ കളിക്കാരനായി കണക്കാക്കുന്നത് ‘ടര്‍ക്കി കോഴിയെപ്പോലെ മൂടിക്കെട്ടിയ’ ഒരാളെയാണെന്ന് കാണാന്‍ അദ്ദേഹം ജീവിച്ചിരുന്നില്ല. 1932-33-ലെ കുപ്രസിദ്ധമായ ബോഡിലൈന്‍ പരമ്പരയില്‍ ബ്രാഡ്മാനെ എറിഞ്ഞുതീര്‍ക്കാന്‍ നിയോഗിക്കപ്പെട്ട ആളായിരുന്നു ലാര്‍വുഡ്. അയാളത് ഭംഗിയായി നിര്‍വഹിച്ചു; ആ 5 കളികളുടെ പരമ്പരയില്‍ ബ്രാഡ്മാന്റെ ശരാശരി ‘കേവലം’ 50-കളിലൊതുങ്ങി.

കളിക്കുന്ന ക്രിക്കറ്റിനെക്കാള്‍ ഉണ്ടാക്കുന്ന പണത്തിന്റെയും വിവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങളുടെയും പേരില്‍ ക്രിക്കറ്റ് കളിക്കാര്‍ അറിയപ്പെടുന്ന ഇക്കാലത്ത് എക്കാലത്തെയും വലിയ ക്രിക്കറ്റ് കളിക്കാരനായി ബ്രാഡ്മാനെ ‘കടത്തിവെട്ടിയ’ കളിക്കാരന്‍ ‘ക്രിക്കറ്റിന്റെ ദൈവം’ എന്നറിയപ്പെട്ടതില്‍ അത്ഭുതമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ അയാളുടെ ശരാശരി 53-54 ആണെങ്കിലും.ശരാശരി ഇതിന്റെ ഒരു വശം മാത്രമാണ്. എഴുപതുകളുടെ പകുതിവരെ ഇന്നത്തെ കളിക്കാര്‍ക്കുള്ള സുരക്ഷാ സന്നാഹങ്ങളൊന്നും ബാറ്റ്സ്മാന്മാര്‍ക്കുണ്ടായിരുന്നില്ല. ഹെല്‍മറ്റ്, ചെസ്റ്റ് ഗാര്‍ഡ്, തൈ ഗാര്‍ഡ്, ഷിന്‍ ഗാര്‍ഡ്, എല്‍ബോ ഗാര്‍ഡ് അങ്ങനെ മധ്യകാല പടയാളികളുടെ സന്നാഹങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ നിരവധി സംഗതികള്‍. മാത്രവുമല്ല നേരത്തെ പറഞ്ഞപോലെ അവര്‍ കളിച്ചിരുന്നത് തുറന്നുകിടന്നിരുന്ന പിച്ചുകളിലായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ 1974-ല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ആന്‍ഡി റോബര്‍റ്റ്സിന്റെ തീ പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ചൂളിയിട്ടുണ്ട്.

ഒടുവിലായി കളിക്കളം ഇന്നത്തെക്കാളും വലുതായിരുന്നു. എല്ലാ ബഹുമാനത്തോടുംകൂടി പറയട്ടെ, സച്ചിന്‍ ടെണ്ടുല്‍ക്കറും പിന്‍ഗാമിയായി വാഴ്ത്തുന്ന വിരാട് കോഹ്ലിയും ആ മൈതാനങ്ങളില്‍ സിക്‍സറടിക്കാന്‍ പാടുപെടും.

കൈക്കുഴ ഒന്നുതിരിച്ചാല്‍ മാത്രം മതിയാകില്ല. സംഭവിച്ചിട്ടുണ്ട്, ഹെല്‍മറ്റ് വെക്കുന്ന കാലത്തും അതില്ലാതെ കളിച്ച വിവിയന്‍ റിച്ചാഡ്സ്. പക്ഷേ റിച്ചാഡ്സ്, റിച്ചാഡ്സാണ്.

ഇതൊക്കെ വെച്ചുനോക്കിയാല്‍ മറ്റെല്ലാവരെയും മാറ്റിനിര്‍ത്തി ഒരാളെ ‘ക്രിക്കറ്റ് ദൈവം’ എന്നു വിളിക്കുന്നത് ശരിയാണോ?

ഹെല്‍മറ്റില്ലാതെ അധികകാലവും കളിച്ച സുനില്‍ ഗവാസ്കര്‍ ‘മഹാന്‍’ എന്ന വിശേഷണത്തിന് അര്‍ഹനാണ്. 1983-ല്‍ 29-ആമത് ശതകം നേടി ബ്രാഡ്മാന്റെ നേട്ടത്തിനൊപ്പം എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം വിനയത്തോടെയായിരുന്നു. “സര്‍ ഡോണ്‍ ഇത്രയും ടെസ്റ്റുകള്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹം 75 ശതകങ്ങള്‍ നേടിയെനെ.” പക്ഷേ അതിനുശേഷം കളിച്ചവരോ?

നാം ചിലരെ മറക്കാന്‍ തീരുമാനിച്ചതിനാലാണ് അവരുടെ മഹത്വം വരുന്നത്.ബ്രാഡ്മാന് പിന്നില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള വിജയ് മര്‍ച്ചന്‍റിനെ ഇന്ന് എത്ര ക്രിക്കറ്റ് പ്രേമികള്‍ക്കറിയാം? രണ്ടാം ലോകമഹായുദ്ധം മൂലം നല്ല നാളുകളില്‍ ക്രിക്കറ്റ് കളിക്കാനാകാതെ 31-ആം വയസില്‍ അരങ്ങേറി ശരാശരി 47 നേടിയ വിജയ് ഹസാരെയെ എത്ര പേര്‍ക്കറിയാം? ഒറ്റക്കണ്ണുമായി പന്തെറിയാം, പക്ഷേ ബാറ്റ് ചെയ്യാനാകുമോ? പട്ടോഡി അങ്ങനെ ചെയ്ത് 6 ശതകങ്ങള്‍ നേടി. തുറന്ന പിച്ചുകളില്‍ ഹെല്‍മറ്റില്ലാതെ.

ടി20 ലോകകപ്പ് സെമിഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ലെന്‍ഡുല്‍ സിമ്മണ്‍സ് ബാറ്റ് ചെയ്തത് നോക്കിയാല്‍ അയാള്‍ എങ്ങനെയാണ് ഏത് ‘മഹാനായ’ ഇന്ത്യന്‍ ബാറ്റ്സമാനേക്കാളും താഴെയാണ് എന്നു പറയാനാവുക? ആവേശം നന്ന്, പക്ഷേ, വസ്തുതകള്‍ മറക്കരുത്.

Next Story

Related Stories