TopTop

മഴയല്ല, ഈ ലോകകപ്പിനെ കൊല്ലുന്നത് ഐസിസിയാണ്

മഴയല്ല, ഈ ലോകകപ്പിനെ കൊല്ലുന്നത് ഐസിസിയാണ്
കളിബാഹ്യമായ കാര്യങ്ങള്‍ മത്സരങ്ങളെ കാര്യമായി ബാധിക്കുന്നു എന്നതാണ് ക്രിക്കറ്റിന്റെ വലിയൊരു തകരാറ്. ഇത്തവണ ലീഗ് റൗണ്ടിന്റെ മൂന്നിലൊന്ന് പിന്നിട്ടപ്പോള്‍ തന്നെ മൂന്ന് മത്സരങ്ങള്‍ മഴ കൊണ്ടുപോയി. ഇന്നലെ ബ്രിസ്‌റ്റോളില്‍ ടോസ് ചെയ്യാന്‍ പോലും അനുവദിക്കാതെ ചന്നംപിന്നം പെയ്ത മഴ, സമീപകാലത്ത് ക്രിക്കറ്റില്‍ അഭൂതപൂര്‍വ വളര്‍ച്ച കൈവരിച്ച ബംഗ്ലാദേശിന്റെ ചങ്കിലാണ് കുത്തിയത്. ശ്രീലങ്കക്കെതിരെ ജയിക്കാമായിരുന്ന ഒരു മത്സരമായിരുന്നു അവര്‍ക്കിത്. ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതിലുള്ള അരിശം ബംഗ്ലാ കോച്ച് സ്റ്റീവ് റോഡ് പ്രകടിപ്പിച്ചത് ഇങ്ങനെയാണ്: 'നമ്മള്‍ മനുഷ്യരെ ചന്ദ്രനിലേക്കുവരെ അയക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ്, ഇത്രദീര്‍ഘമായ ഒരു ടൂര്‍ണമെന്റില്‍ നഷ്ടപ്പെടുന്ന മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം വെക്കാത്തത്?' - റോഡ്‌സും കളിക്കാരും മാത്രമല്ല, കളിപ്രേമികളും ഉത്തരമാഗ്രഹിക്കുന്ന ചോദ്യം.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റ് മഴമേഘങ്ങളെ തുറന്നുവിട്ടപ്പോള്‍, അഞ്ചാംതവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇംഗ്ലണ്ട് ഒരു മോശം റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ച് പോയിന്റുകള്‍ വീതംവെക്കേണ്ടി വന്നത്. ടോസ് പോലും ചെയ്യാനാകാതെ രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യവും. ഇംഗ്ലണ്ട് സ്വതവേ ഒരു 'നനഞ്ഞ' രാജ്യമാണെങ്കിലും, ഇങ്ങനെ മഴപെയ്യുമെന്ന് മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞില്ലെന്ന് ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ കുറ്റസമ്മതം നടത്തുന്നു. നഷ്ടപ്പെടുന്ന മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം വയ്ക്കാതിരിക്കുന്നതിനും ഐ.സി.സിയ്ക്ക് കാരണങ്ങളുണ്ട്. കളിക്കാരുടെയും ഒഫീഷ്യലുകളുടെയും താമസം മുതല്‍ ഗ്രൗണ്ട് പരിചരണവും ടി.വി പ്രക്ഷേപണ സൗകര്യങ്ങളും വരെയുള്ള കാര്യങ്ങള്‍ ഒരുക്കുക എന്നത് വലിയ പണച്ചെലവുള്ള കാര്യമാണ്. ഓരോ മത്സരവും നന്നായി നടക്കാന്‍ 1200-ലധികം പേര്‍ ബാക്ക് റൂമില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഉറപ്പില്ലാത്ത മത്സരദിനങ്ങള്‍ക്കു വേണ്ടി ഇവരെ പിടിച്ചുനിര്‍ത്തുക എന്നത് വലിയ തലവേദനയാണ്. ലോകകപ്പിനെങ്കിലും ഈ തലവേദന സഹിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെ ഈ ഗെയിമും അന്താരാഷ്ട്ര കൗണ്‍സിലുമൊക്കെ എന്തിനാണെന്ന് നമുക്ക് വെറുതെ ചോദിക്കാമെന്നു മാത്രം.

മഴ കളി മുടക്കുന്നത് പതിവായപ്പോള്‍ ആരാധകര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യമാണ് എന്തുകൊണ്ട് സ്‌റ്റേഡിയങ്ങള്‍ക്ക് മേല്‍ക്കൂര പണിതുകൂടാ എന്നത്. മഴ മത്സരദിനങ്ങള്‍ തുടര്‍ച്ചയായി കവര്‍ന്നു തുടങ്ങിയപ്പോഴാണ് ടെന്നിസ് മേല്‍ക്കൂരാ മാര്‍ഗം സ്വീകരിച്ചത്. വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടും മറ്റ് പ്രധാനവേദികളും നീക്കാവുന്ന മേല്‍ക്കൂരയ്ക്കു കീഴിലായതിനാല്‍ മത്സരങ്ങള്‍ തടസ്സപ്പെടുന്നത് ഒഴിവായി. സംഘാടകര്‍ക്കും കളിക്കാര്‍ക്കും ആരാധകര്‍ക്കും ഒരേപോലെ സന്തോഷം. തുറസ്സില്‍ തന്നെ കളിനടത്തണമെന്ന് വാശിപിടിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ ഇപ്പോഴും കാലാവസ്ഥാ പ്രശ്‌നങ്ങളുണ്ട്. ഇത്തവണ റോളണ്ട് ഗാരോയില്‍ നൊവാക് ദ്യോകോവിച്ചും ഡൊമിനിക് തീമും തമ്മിലുള്ള സെമി മത്സരം മഴ കാരണം തടസ്സപ്പെട്ടിരുന്നു.

ടെന്നിസ് പോലെയല്ല ക്രിക്കറ്റ്; മൈതാനങ്ങളുതേ. 24 മീറ്റര്‍ നീളവും ഒമ്പത് മീറ്റര്‍ വീതിയുമുള്ള ടെന്നിസ് കോര്‍ട്ട് പോലെയല്ല 150 മുതല്‍ 170 വാര വരെ വിസ്താരമുള്ള ക്രിക്കറ്റ് മൈതാനം. വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടിലെ സീറ്റിങ് കപ്പാസിറ്റി 15,000-ല്‍ താഴെയാണെങ്കില്‍ നമ്മുടെ ഈഡന്‍ ഗാര്‍ഡന്‍സില്‍ അത് 60,000-നും മുകളിലാണ്. ടെന്നിസ് മൈതാനത്തെയും ക്രിക്കറ്റ് ഗ്രൗണ്ടിലെയും ഇരിപ്പിട വിന്യാസത്തില്‍ വലിയ വ്യത്യാസമുണ്ടെന്നതും ഓര്‍ക്കണം. ടെന്നിസില്‍ പന്ത് ഉയര്‍ത്തിയടിക്കുന്നതിന് സ്വാഭാവിക പരിധിയുണ്ട്; സിക്‌സറുകള്‍ തലങ്ങുംവിലങ്ങും ചീറിപ്പായുന്ന ആധുനിക ക്രിക്കറ്റില്‍ അതല്ല സ്ഥിതി. മെല്‍ബണിലെ മേല്‍ക്കൂരയുള്ള ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഓസ്‌ട്രേലിയയും ലോക ഇലവനും തമ്മില്‍ ക്രിക്കറ്റ് കളിച്ചപ്പോള്‍ മൈക്ക് ഹസ്സിയുടെ ഷോട്ട് മേല്‍ക്കൂരയില്‍ തട്ടിവീണിരുന്നു. അതായത്, ക്രിക്കറ്റ് മൈതാനങ്ങള്‍ക്ക് മേല്‍ക്കൂര പണിയുകയാണെങ്കില്‍ ബാറ്റ് കൊണ്ട് അടിച്ചാല്‍ എത്താത്തത്ര ഉയരത്തില്‍ വേണ്ടിവരുമെന്നര്‍ത്ഥം.

വിംബിള്‍ഡണ്‍ നമ്പര്‍ വണ്‍ കോര്‍ട്ടിന് മേല്‍ക്കൂര പണിയാന്‍ 2017-ല്‍ എടുത്ത ലോണ്‍ 175 ദശലക്ഷം പൗണ്ട് - 1500 കോടി രൂപയിലധികം - ആണ്. ഒരു ശരാശരി ക്രിക്കറ്റ് മൈതാനത്തില്‍ ഇതേ ആവശ്യത്തിനുള്ള ചിലവ് ഏറ്റവും കുറഞ്ഞത് ഇതിന്റെ ഇരട്ടിയെങ്കിലും വരും. ഏതു മാനകമുപയോഗിച്ചായാലും അക്ഷരം തെറ്റാതെ ധൂര്‍ത്ത് എന്നുവിളിക്കാവുന്ന ഭീമന്‍തുക. അതു മാത്രവുമല്ല പ്രശ്‌നം. ക്രിക്കറ്റ് മൈതാനം മൊത്തം കവര്‍ ചെയ്യുന്ന മേല്‍ക്കൂരാ നിര്‍മാണം Architectural Nightmare (വാസ്തുശില്പികളുടെ പേടിസ്വപ്നം) ആയിരിക്കുമെന്നാണ് ഫോര്‍ബ്‌സ് പറയുന്നത്. ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഹെഡിങ്‌ലി സ്റ്റേഡിയത്തിന് മേല്‍ക്കൂര പണിയാനുള്ള ആലോചന 2015-ല്‍ നടത്തിയിരുന്നു. കളിസ്ഥലം മുഴുവന്‍ ഉള്‍പ്പെടുന്ന 'ആള്‍ സ്ലിപ് റൂഫിങ് സിസ്റ്റം' ക്രിക്കറ്റിന് ആദ്യത്തെ മേല്‍ക്കൂര സ്റ്റേഡിയം സമ്മാനിക്കുമെന്ന് കരുതിയിരുന്നെങ്കിലും പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.

റിസര്‍വ് മത്സരങ്ങളോ മേല്‍ക്കൂരയോ മറ്റെന്തോ ആവട്ടെ, ഈ രസംകൊല്ലി ഏര്‍പ്പാടിന് ഒരു തീരുമാനം കാണേണ്ടത് ഐ.സി.സിയാണ്. പോയിന്റ് വീതംവെച്ചു പിരിയുന്നത് മിക്കപ്പോഴും മികച്ച ടീമുകള്‍ നേരിടേണ്ടിവരുന്ന അനീതിയാണ്. ഇത്തവണത്തെ ദുര്‍ബല ടീമുകളിലൊന്നായ ശ്രീലങ്കക്ക് മഴ നല്‍കിയ ആനുകൂല്യം നോക്കുക. രണ്ട് കളികളാണ് അവര്‍ക്ക് മഴയില്‍ നഷ്ടമായത്; പാകിസ്താനും ബംഗ്ലാദേശിനുമെതിരെ. രണ്ടും തോല്‍ക്കാന്‍ നല്ല സാധ്യതയുള്ള മത്സരങ്ങള്‍. എന്നിട്ടും രണ്ടു പോയിന്റ് അവര്‍ പോക്കറ്റിലാക്കി. അഫ്ഗാനിസ്താനെ മാത്രം തോല്‍പ്പിച്ച അവര്‍, നാല് കളിയില്‍ നിന്ന് നാല് പോയിന്റുമായി ടേബിളില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയെ മലര്‍ത്തിയടിച്ച ബംഗ്ലാദേശ് ഏഴും ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച പാകിസ്താന്‍ എട്ടും സ്ഥാനത്താണ്. മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്. മത്സരങ്ങള്‍ ഒലിച്ചുപോകാന്‍ ശക്തമായ സാധ്യതയുണ്ടെന്നര്‍ത്ഥം. പ്രകൃതി സമ്മാനിക്കുന്ന ഈ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഒരു ഫീല്‍ഡ് ഗെയിമിന്റെ അന്തിമഫലങ്ങളെ സ്വാധീനിക്കുന്നത് എത്രമാത്രം അരോചകമാണ്!

read more:ധവാന്‍ ടീമിനൊപ്പം തുടരും; പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല 

Next Story

Related Stories