TopTop
Begin typing your search above and press return to search.

ധവാന്‍ ടീമിനൊപ്പം തുടരും; പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല

ധവാന്‍ ടീമിനൊപ്പം തുടരും; പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിനൊപ്പം നിലനിര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചു. ടീമിന്റെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും ധവാന്‍. ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലീഗ് മത്സരത്തില്‍ ഇടതുകൈയുടെ പിന്‍ഭാഗത്തും രണ്ട് വിരലുകളിലുമാണ് ധവാന് പരിക്കേറ്റത്. പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഫിസിയോ പാട്രിക് ഫര്‍ഹത്, ഭരത് അരുണ്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലും ധവാന് പകരക്കാരന്‍ എന്ന ആശയം മുന്നോട്ട് വച്ചിട്ടില്ല. 20-30 മിനുറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ റിഷഭ് പന്തിനെ പകരക്കാരനാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മികച്ച ഫോമില്‍ കളിക്കുന്ന പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

എന്നാല്‍ ഇതൊരിക്കലും പകരം ഉള്‍പ്പെടുത്തലല്ല. അതേസമയം എത്രകാലം ധവാനെ സൈഡ് ബഞ്ചിലിരുത്തുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്ല. ഇന്ത്യയുടെ ന്യൂസിലാന്‍ഡിനും പാകിസ്ഥാനുമെതിരായ മത്സരങ്ങള്‍ ധവാന് നഷ്ടപ്പെടുമെന്ന് മാത്രമാണ് ഇപ്പോള്‍ അറിയുന്നത്. ജൂണ്‍ 16നാണ് പാകിസ്ഥാനുമായുള്ള മത്സരം. ആറ് ദിവസത്തിന് ശേഷം 22നാണ് അഫ്ഗാനുമായുള്ള മത്സരം. അതുവരേയ്ക്കും ധവാന് വിശ്രമത്തിന് 11 ദിവസം ലഭിക്കും. അപ്പോഴും കായികക്ഷമത വീണ്ടെടുക്കാന്‍ ധവാന് സാധിച്ചില്ലെങ്കില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരം നടക്കുന്ന ജൂണ്‍ 27 വരെയുള്ള അഞ്ച് ദിവസം കൂടി അധികമായി ലഭിക്കും.

ഓപ്പണറായി ടീമിലുള്‍പ്പെടുത്തിയ കെ എല്‍ രാഹുല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നാലാം നമ്പരിലാണ് ഇറങ്ങിയത്. രോഹിത് ശര്‍മ്മയ്ക്ക് പങ്കാളിയായി രാഹുല്‍ തിരിച്ചെത്തും. ദിനേഷ് കാര്‍ത്തിക് അല്ലെങ്കില്‍ വിജയ് ശങ്കര്‍ നാലാം നമ്പരിലെത്തും. ഓസ്‌ട്രേലിയയ്‌ക്കെതരായ കളിയിലെ വിജയ ശില്‍പ്പിയായിരുന്നു ധവാന്‍. 109 പന്തില്‍ 117 റണ്‍സാണ് ധവാന്‍ അന്ന് നേടിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന് പരിക്കേറ്റത്. പന്തും അമ്പാട്ടി റായിഡുവും ബിസിസിഐയുടെ സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുണ്ടെങ്കിലും നാലാം നമ്പരിലെ സ്‌പെഷലിസ്റ്റായ ശ്രേയാംസ് അയ്യരുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

read more:മത്തി കേരളതീരം വിടുന്നു, ദാരിദ്ര്യത്തിലും പട്ടിണിയിലും നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍; ‘കേരള സൈന്യ’ത്തെ ആര് കൈപിടിച്ചുയര്‍ത്തും?

Next Story

Related Stories