TopTop
Begin typing your search above and press return to search.

ഒറ്റപ്പെട്ട സംഭവമാണെന്നു കോടിയേരിക്കു തോന്നിയെങ്കില്‍ തെറ്റി, ഇതെല്ലാം ഇവിടെ നടന്നുകൊണ്ടേയിരിക്കുകയാണ്...

ഒറ്റപ്പെട്ട സംഭവമാണെന്നു കോടിയേരിക്കു തോന്നിയെങ്കില്‍ തെറ്റി, ഇതെല്ലാം ഇവിടെ നടന്നുകൊണ്ടേയിരിക്കുകയാണ്...

സജിത മഠത്തില്‍ അവരുടെ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്ന ഭയം ഇതാണ്; പരസ്പരം ഉണ്ടായിരുന്ന ഒരു വിശ്വാസത്തിന്റെ പുറത്ത് രാത്രിയാത്രകളില്‍ പ്രൊഡക്ഷന്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം സഞ്ചരിക്കാന്‍ തയ്യാറായിരുന്നവരില്‍ ഒരു നടിയും ഈ സംഭവത്തിനുശേഷം (കൊച്ചിയില്‍ ഒരു യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം) അങ്ങനെയൊരു യാത്രയ്ക്ക് മുതിരില്ല. ഓരോ വൈകിയുള്ള യാത്രയും വലിയ സാഹസം തന്നെയായി തീര്‍ന്നിരിക്കുന്നുവെന്ന്. അതിനു മുതിരാതിരിക്കുകയാണ് നല്ലതെന്നു സജിതയെ പോലൊരു സ്ത്രീക്കു പറയേണ്ടി വരുന്നതിലെ നിസഹായത ഒന്നാലോചിച്ചു നോക്കൂ.

ഇങ്ങനെ കൂടുതല്‍ ഉള്‍വലിഞ്ഞ പെണ്‍ജീവിതമാണോ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് കെട്ടിഘോഷിക്കുന്ന ഈ കൊച്ചു സംസ്ഥാനം ആഗ്രഹിക്കുന്നത്? സജിത ഇങ്ങനെയൊരു ചോദ്യം കൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഇതില്‍പരം എന്ത് അപമാനമാണ് കേരള സമൂഹം നേരിടാനുള്ളത്?

ഒരു സ്ത്രീ, അവള്‍ സിനിമ താരമോ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയോ, ട്രെയിനിലോ ബസിലോ യാത്ര ചെയ്യുന്നവളോ ആരുമാകട്ടെ- അപകടം വരാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണമെന്നു പറഞ്ഞുവയ്ക്കുന്നതില്‍പ്പരം എന്ത് അപമാനമാണ് ഈ സമൂഹത്തിനു വരുത്തിവയ്ക്കാനുള്ളത്?

ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ടപ്പോഴും പറഞ്ഞത്, അതവള്‍ സ്വയം വരുത്തിവച്ചതല്ലേ എന്നായിരുന്നു. ഇവിടെ, കേരളത്തില്‍ കഴിഞ്ഞ ദിവസം ആ അഭിനേത്രി ആക്രമിക്കപ്പെട്ടപ്പോള്‍ (അപമാനിക്കപ്പെട്ടു എന്നു പറയരുത്, ആ പെണ്‍കുട്ടിയല്ലോ, സ്വയം അപമാനിതരായത് ആ ക്രൂരന്മാരായിരുന്നില്ലേ) പറഞ്ഞത് ഒരു സിനിമനടിയുടെ സദാചാരജീവിതത്തെ കുറിച്ചായിരുന്നു. ഡല്‍ഹിയിലായാലും കേരളത്തിലായാലും രാത്രിയില്‍ ഒരു പെണ്ണു പീഡിപ്പിക്കപ്പെട്ടാല്‍, ആക്രമിക്കപ്പെട്ടാല്‍ അതിനെല്ലാം കാരണം അവളുടെ ധിക്കാരം, എടുത്തു ചാട്ടം (അതേ, രാത്രിയില്‍ ഒരു പെണ്ണ്, മറ്റൊരാള്‍ കൂടെയുണ്ടെങ്കില്‍ക്കൂടി പുറത്തിറങ്ങി നടക്കുന്നത് ധിക്കാരവും എടുത്തു ചാട്ടവും ഒക്കെ തന്നെയാണല്ലോ!) മാത്രമായിട്ടേ കാണാനാകൂ എന്നാണല്ലോ നാം പറയുന്നത്.

ഇതു തന്നെയാണു സജിതയും ചോദിക്കുന്നത്- എത്രത്തോളം ഉള്‍വലിയാന്‍ ഒരു പെണ്‍ജീവിതത്തിനു സാധിക്കുമോ അവളുടെ മാനത്തിനും ജീവിതത്തിനും അത്രയും നല്ലത് എന്നു തന്നെയല്ലേ ദൈവത്തിന്റെ സ്വന്തം നാട് (ആ പരസ്യവാചകത്തിനു തന്നെ എക്‌സപയറി ഡേറ്റ് കഴിഞ്ഞിരിക്കുന്നു) കല്‍പ്പിച്ചു വച്ചിരിക്കുന്നത്.

കേരളത്തിലെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കു നേരെ നടന്ന ആക്രമണങ്ങളുടെ കണക്ക് പരിശോധിക്കണം- 2007ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 500 റേപ്പ് കേസുകള്‍ ആണെങ്കില്‍ 2016ല്‍ അത് 1644 എത്തി. പീഡനക്കേസുകളുടെ എണ്ണം 2007ല്‍ 2604 ആയിരുന്നെങ്കില്‍ പത്തുവര്‍ഷത്തിനിപ്പുറം ആ കണക്ക് 4035 ല്‍ എത്തി. തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, സ്ത്രീധന പീഡനം, ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന പീഡനം തുടങ്ങി എല്ലാ തരത്തിലും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ഈ പത്തുവര്‍ഷത്തിനിടയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചതല്ലാതെ കുറഞ്ഞില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇതേ അക്രമങ്ങള്‍ കാര്യമായ വ്യത്യാസമില്ലാതെ തന്നെ നടന്നു വരുന്നു.

ഈ കണക്കുകള്‍ ഊഹങ്ങളോ അതിഭാവുകത്വം നിറഞ്ഞതോ അല്ല, സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പക്കല്‍ ഉള്ളതാണ്. അതായത് ഭരണസംവിധാനത്തിന് ഈ കണക്കുകളെല്ലാം അറിയാമെന്ന്. എന്നിട്ടും മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്ന തനി രാഷ്ട്രീയം കേള്‍ക്കുമ്പോള്‍, ഇവിടെ കമ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസുകാരനും ബിജെപിക്കാരനുമൊക്കെ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന വിഷയത്തിൽ ഒരേ നിലപാടുകാർ തന്നെ എന്ന് തോന്നിപ്പോവും.

സദാചാരസംരക്ഷകരെ പേടിച്ച് അമ്മയ്ക്കും മകനും പോലും ഒരുമിച്ചൊരിടത്ത് ഇരിക്കാന്‍ പറ്റാതായിരിക്കുന്ന നാടാണ് ഇന്നു കേരളം. അതേ കേരളത്തില്‍ തന്നെയാണ് ഒരു പെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് രാത്രിയില്‍ സഞ്ചരിക്കാന്‍ കഴിയാതെ വരുന്നതെന്നും ചിന്തിക്കണം. ഹിപ്പോക്രസിയുടെ ഇത്രയും ഗുരുതരമായൊരു വേര്‍ഷന്‍ മലയാളിയില്‍ അല്ലാതെ മറ്റൊരിടത്തും കാണാനാകില്ല. ഒരാണിനൊപ്പം നടന്നാലോ കൂടെയിരുന്നാലോ നാളെയത് അവള്‍ക്കു കണ്ണീരുകുടിക്കാനും ജീവിതമൊടുക്കാനും കാരണമാകുമെന്ന് ഉപദേശിക്കുന്ന അതേ 'സംരക്ഷകര്‍' തന്നെയാണ് രാത്രിയില്‍ അവളെ അടിച്ചു വീഴ്ത്താനും കയറി പിടിക്കാനും കാമവറി തീര്‍ക്കാനും നടക്കുന്നതും.

ഈ പറയുന്നതൊന്നും സിനിമാക്കഥയിലെ കാര്യങ്ങളല്ല. കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ്. കണക്കുകള്‍ സഹിതം ഈ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്നിരിക്കേ ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവ് ഒരു മൂന്നാംകിട രാഷ്ട്രീയസംവാദത്തിന്റെ വിഷയമെന്നോണം ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ട വിഷയം നിസാരവത്കരിക്കുമ്പോള്‍ സജിത മഠത്തില്‍ പറയുന്നതുപോലെ- സ്ത്രീകള്‍ രാത്രിയാത്ര എന്ന സാഹസികതയ്ക്കു മുതിരാതിരിക്കുക തന്നെയല്ലേ നല്ലത്? നിങ്ങള്‍ക്ക് സംരക്ഷണം തരാന്‍ ഭരണകൂടത്തിനും കാമക്കൊതിയടക്കാന്‍ 'ആണത്ത'ത്തിനും കഴിയാത്തിടത്തോളം സ്വയം പ്രതിരോധിക്കാന്‍ അശക്തരാണെങ്കില്‍ കഴിയുന്നിടത്തോളം ഉള്‍വലിഞ്ഞു തന്നെ ജീവിക്കുക. ഇതൊന്നും നിങ്ങളുടെ ദുര്‍വിധിയല്ല, ഈ നാടിന്റെ ഗതികേടാണ്.


Next Story

Related Stories