TopTop
Begin typing your search above and press return to search.

കേരള കാഫ്കെയിൻ പോലീസ് ഭീതി വിതയ്ക്കുമ്പോള്‍

കേരള കാഫ്കെയിൻ പോലീസ് ഭീതി വിതയ്ക്കുമ്പോള്‍
കേരളത്തിൽ കാഫ്കെയിൻ ഭീതി വിതച്ചുകൊണ്ടു പോലീസ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് സംഘ പരിവാർ അജണ്ട ആണെന്ന് ഒടുവിൽ സി പി എം നേതാക്കളും സി പി ഐ നേതാക്കളും സമ്മതിച്ചിരിക്കുന്നു എന്ന് തന്നെയാണ്  പ്രകാശ് കാരാട്ട്, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, ആനി രാജ തുടങ്ങിയവരുടെ അടുത്ത ദിവസങ്ങളിലെ പ്രസ്താവനകളും പ്രതികരണങ്ങളും വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ഒരു പക്ഷെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസ് സേനയിലുള്ള ചിലർക്കും മാത്രമായിരിക്കും. എഴുത്തുകാരൻ കമൽ സി ചവറ, മനുഷ്യാവകാശ പ്രവർത്തകൻ നദീർ എന്നിവരുടെ അറസ്റ്റും മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ എത്തിയ ആദിവാസികള്‍ക്ക് നേർക്കുണ്ടായ പോലീസ് അതിക്രമവും അടക്കം അടുത്ത കാലത്തു അരങ്ങേറിയ പല സംഭവങ്ങളും വ്യക്തമാകുന്നത് ഇത് തന്നെയാണ്.

കേരളത്തിലെ പോലീസ് ശരിയായ ദിശയിൽ അല്ല നീങ്ങുന്നത് എന്നും അവർ പൗരനുമേൽ അടിച്ചേൽപ്പിക്കുന്നത് സംഘപരിവാർ അജണ്ട ആണെന്നുമുള്ള ആക്ഷേപം തന്നെയാണ് ഈ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളൊക്കെ തന്നെ  കമൽ സി ചവറ,  നദീർ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രകടിപ്പിച്ചിരിക്കുന്നത്. വിമർശനത്തിന്റെ  തുടക്കം വി എസ് അച്യുതാനന്ദനിൽ നിന്നായിരുന്നുവെങ്കിൽ പിന്നീട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ഏതാണ്ട് അതെ നാണയത്തിൽ തന്നെയാണ് ആഞ്ഞടിച്ചിരിക്കുന്നതു എന്നത് പോലീസ് വകുപ്പുകൂടി കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയനുള്ള ശക്തമായ മുന്നറിയിപ്പായി തന്നെ വേണം കാണാൻ.

police

ദേശീയ ബോധം അടിച്ചേല്പിക്കപ്പെടേണ്ട ഒന്നല്ലെന്നും ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കാത്തവർക്കെതിരെ യു എ പി എ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം കേരള പോലീസിനെ മനസ്സിലാക്കേണ്ടതുണ്ടെന്നും പാർട്ടി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുമ്പോൾ പൊലീസിന് മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത ആരുടേതാണെന്ന് പകൽ പോലെ വ്യക്തമാണ്. സാമൂഹ്യ -സാംസ്‌കാരിക - രാഷ്ട്രീയ വൈവിധ്യങ്ങളെ ഇല്ലാതാകുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ നാടിന്‍റെ ജനാധിപത്യ - മത നിരപേക്ഷ മൂല്യങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടാണ് പോരാട്ടം നടത്തേണ്ടത് എന്നുകൂടി കാരാട്ട് പറയുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകുന്നു.

സംഘ പരിവാർ അജണ്ട നടപ്പിലാക്കുന്നതിൽ ഏറെ ശുഷ്‌കാന്തി കാണിക്കുന്ന  ഒരു വിഭാഗം കേരളത്തിലെ പോലീസ് സേനയിൽ ഉണ്ടെന്ന കാര്യത്തിൽ മുൻ ആഭ്യന്തര മന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണന് തർക്കമില്ല. സംസ്ഥാന സർക്കാരിന്റെ പോലീസ് നയത്തിനും പോലീസ് ആക്ടിനും വിരുദ്ധമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആണ് കോടിയേരി ആവശ്യപ്പെടുന്നത്.

ഭീതി വിതച്ചു ഭീതി കൊയ്യുന്ന കേരളത്തിലെ പോലീസ് നടപടികളെക്കുറിച്ചു നേരെത്തെ തന്നെ പൊതു സമൂഹം ഉന്നയിച്ച അതേ ആശങ്ക തന്നെയാണ് സി പി എമ്മിന്റെയും സി പി ഐ യുടെയും നേതാക്കളും പങ്കു വെക്കുന്നത്. അങ്ങനെ   വരുമ്പോൾ ഏറെ പ്രതീക്ഷ നൽകി കേരളത്തിൽ അധികാരത്തിൽ വന്ന ഇടതു സർക്കാരിൽ നിന്നും അതിന്റെ പോലീസ് സേനയിൽ നിന്നും എന്ത് നീതിയാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യം ശക്തമാകുന്നു.

കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന തിരിച്ചറിവ് തന്നെയാണ് സി പി എമ്മിന്റെയും സി പി ഐ യുടെയും നേതാക്കളെ കേരള പോലീസിനെതിരെ ആഞ്ഞടിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിൽ തങ്ങൾ അധികാരത്തിൽ വന്നത് എങ്ങനെയാണെന്നും എന്തിനുവേണ്ടിയാണ് ജനങ്ങൾ തങ്ങളെ അധികാരത്തിൽ എത്തിച്ചതെന്നും ഇങ്ങനെ പോയാൽ ഫലം എന്തായിരിക്കുമെന്നും ചുരുങ്ങിയ പക്ഷം അവർക്കെങ്കിലും മനസ്സിലായിട്ടുണ്ട്. ആ തിരിച്ചറിവ് തന്നെയാണ് ഇപ്പോൾ ഇങ്ങനെ പ്രതികരിക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നത് എന്ന് തന്നെ വേണം കരുതാൻ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories